അപ്പനും അമ്മയും മരിച്ചപ്പോൾ പാവം കുഞ്ഞിക്കീരൻ ഒറ്റയ്‌ക്കായി. കുഞ്ഞിക്കീരന്റെ അപ്പൻ പാവപ്പെട്ട ഒരു കൃഷിക്കാരനായിരുന്നു. അപ്പൻ കൃഷിചെയ്തിരുന്ന ഒരു തുണ്ടുപാടം മാത്രമായിരുന്നു അവന്റെ ആകെയുളള സ്വത്ത്.
ഒറ്റയ്‌ക്കാണെങ്കിലും കുഞ്ഞിക്കീരൻ മടിപിടിച്ച് കുടിലിനകത്ത് കുത്തിയിരുന്നില്ല. അവൻ പാടത്തിറങ്ങി, വരമ്പുകീറി; വളമിട്ടു; വെളളം കോരി നനച്ചു. വിത്തു വിതച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ നെൽച്ചെടികൾ മുളച്ചു പൊങ്ങി. ഇനി അവ കതിരണിയാൻ കുറെനാൾ കഴിയണമല്ലോ. അതുവരെ എന്താ ചെയ്‌ക? കുഞ്ഞിക്കീരൻ ആലോചനയായി.
നെല്ലു വിളയുന്നതുവരെ ലോകമൊക്കെ ഒന്നു ചുറ്റിക്കാണാമെന്ന് അവൻ നിശ്ചയിച്ചു. അങ്ങനെ ഒരു ദിവസം കുഞ്ഞിക്കീരൻ ലോകം ചുറ്റാനിറങ്ങി. ലോകം ചുറ്റുന്നതിനിടയിൽ ദിവസങ്ങളും മാസങ്ങളും കടന്നുപോയത് അവനറിഞ്ഞില്ല. നാടായ നാടും കാടായ കാടും പിന്നിട്ട് കുഞ്ഞിക്കീരൻ ഒരു സന്ധ്യയ്‌ക്ക് കടുഞ്ചേരിമലയുടെ താഴ്‌വരയിലെത്തി. അപ്പോൾ അവിടെ മരം കോച്ചുന്ന തണുപ്പായിരുന്നു. തണുപ്പുകൊണ്ടും വിശപ്പുകൊണ്ടും അവൻ വല്ലാതെ വലഞ്ഞു. ഇനി എങ്ങോട്ടാണ് പോവുക? അവൻ നാലുപാടും കണ്ണോടിച്ചു.
അപ്പോഴതാ എവിടെ നിന്നോ ഒരു ചെണ്ടമേളം കേൾക്കുന്നു! കുഞ്ഞിക്കീരൻ വേഗം അങ്ങോട്ടു നടന്നു. കടുഞ്ചേരിമലയിൽ അന്നു മലങ്കാളിയമ്മയുടെ ഉൽസവം നടക്കുകയായിരുന്നു. മലങ്കുറവന്മാരും മലങ്കുറത്തികളും ചേർന്ന് ഒരു വലിയ കാട്ടാടിനെ കൊന്ന് സദ്യ നടത്തുന്ന നേരത്താണ്് കുഞ്ഞിക്കീരൻ അവിടെ എത്തിയത്. ഇതുകണ്ട് അവന് ആർത്തിതോന്നി. അവൻ കൈ നീട്ടിയിട്ടു പറഞ്ഞുഃ
“കുറവന്മാരേ കുറത്തിമാരേ
ചോറും കറിയും തന്നാട്ടെ.
വിശപ്പുകൊണ്ടും തണുപ്പുകൊണ്ടും
തളർന്നുവീഴും ഞാനിപ്പോൾ.”
പക്ഷേ എന്തു ചെയ്യാം? അപ്പോഴേക്കും അവിടത്തെ ചോറും കറിയുമെല്ലാം തീർന്നുകഴിഞ്ഞിരുന്നു. കുഞ്ഞിക്കീരന്റെ വാടിയ മുഖവും തണുത്തു വിറയ്‌ക്കുന്ന ശരീരവും കണ്ടു കുറവന്മാർക്കും കുറത്തിമാർക്കും വളരെ സങ്കടം തോന്നി. അവരുടെ തലവനായ കാട്ടുമൂപ്പൻ പറഞ്ഞുഃ
“ചോറും കറിയും കായും കനിയും
സർവതുമയ്യോ തീർന്നല്ലോ
തണുപ്പുമാറ്റാൻ നിനക്കു നല്ലൊരു
കാട്ടാടിൻ തോൽ നൽകീടാം.”
വിശപ്പിനു പറ്റിയതൊന്നും കിട്ടാത്തതിൽ അവനു സങ്കടം തോന്നി. എങ്കിലും തണുപ്പു മാറ്റാനായി കാട്ടുമൂപ്പൻ നൽകിയ ആട്ടിൻതോല് അവൻ രണ്ടു കൈയും നീട്ടി വാങ്ങിച്ചു. ആട്ടിൻതോൽ പുതച്ചപ്പോൾ കുഞ്ഞിക്കീരന്റെ തണുപ്പും വിറയലുമെല്ലാം പെട്ടെന്നു മാറി. അവൻ ഉൽസാഹത്തോടെ പൊന്തക്കാട്ടിനടുത്തുചെന്ന് പലതരം കായ്‌കനികൾ പറിച്ചുതിന്നു വിശപ്പുമാറ്റി. പിറ്റേന്നു തന്നെ ആട്ടിൻ തോലുമായി കുഞ്ഞിക്കീരൻ തന്റെ കൊച്ചുകുടിലിൽ തിരിച്ചെത്തി. ആട്ടിൻതോൽ കുടിലിന്റെ ഒരു മൂലയിൽ തൂക്കിയിട്ടിട്ട് കുഞ്ഞിക്കീരൻ തന്റെ നെല്ലെല്ലാം വിളഞ്ഞോ എന്നറിയാൻ പാടത്തേക്കുപോയി.
പാടത്ത് പല പണിയും ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് വൈകുന്നേരമാണ് കുഞ്ഞിക്കീരൻ കുടിലിൽ തിരിച്ചെത്തിയത്. അപ്പോഴുണ്ട് ഒരത്ഭുതം! എന്താ? കുഞ്ഞിക്കീരനുവേണ്ട ചോറും കറിയുമെല്ലാം അടുക്കളമുറിയിൽ ആരോ വിളമ്പിവെച്ചിരിക്കുന്നു! അവൻ അത്ഭുതത്തോടെ നാലുപാടും കണ്ണോടിച്ചു. അവിടെയെങ്ങും ആരെയും കണ്ടില്ല. ഒടുവിൽ അവൻ വിളിച്ചുചോദിച്ചുഃ
“ആരാണിങ്ങനെ ചോറും കറിയും
വെച്ചുണ്ടാക്കി വിളമ്പീത്?
ആരെന്നറിയാൻ പാവത്താനാം
കുഞ്ഞിക്കീരനു കൊതിയുണ്ടേ?”
അപ്പോൾ കുടിലിന്റെ മൂലയ്‌ക്കിരിക്കുന്ന ആട്ടിൻതോൽ പറഞ്ഞുഃ
“പേടിക്കരുതേ കുഞ്ഞിക്കീരാ
ചൊല്ലീടാം ഞാൻ കേട്ടോളൂ
ചോറും കറിയും വെച്ചുവിളമ്പിയ-
‘താട്ടിൻതോലിൻ’ പണിയാണേ!”
ഇതുകേട്ടു കുഞ്ഞിക്കീരന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തനിക്കു കിട്ടിയിരിക്കുന്നത് മാന്ത്രികശക്‌തിയുളള ഒരു ആട്ടിൻതോലാണെന്ന് അപ്പോഴാണ് അവനു മനസ്സിലായത്.
കുഞ്ഞിക്കീരന് പിന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇഷ്‌ടം പോലെ തിന്നും കുടിച്ചും പണിയെടുത്തും അവൻ ജീവിച്ചു വന്നു.
ഒരുദിവസം പാടത്തു ചെന്നപ്പോൾ കുറെ നെൽക്കതിരുകൾ ആരോ മുറിച്ചെടുത്തതായി കുഞ്ഞിക്കീരനു തോന്നി. അവൻ അന്നുരാത്രിതന്നെ ഒരു കെണിയുണ്ടാക്കി കൊണ്ടുപോയി പാടത്തു വെച്ചു.
പിറ്റേന്നു രാവിലെ നോക്കിയപ്പോൾ കുരങ്ങന്തറയിലെ കുരങ്ങുണ്ണിയമ്മാവനും ഉണ്ടേക്കടവിലെ കണ്ടൻചുണ്ടെലിയും കെണിക്കകത്ത് കുരുങ്ങിക്കിടക്കുന്നതായാണ് കുഞ്ഞിക്കീരൻ കണ്ടത്.
രണ്ടിനെയും കയറിൽകെട്ടി വെളളത്തിൽ മുക്കിക്കൊല്ലാമെന്നു കുഞ്ഞിക്കീരൻ വിചാരിച്ചു. അപ്പോൾ അവർ കൈകൂപ്പിക്കൊണ്ടു പറഞ്ഞുഃ
“കൊല്ലരുതയ്യോ കുഞ്ഞിക്കീരാ
കൊല്ലരുതയ്യോ ഞങ്ങളെ നീ
വെറുതേ വിട്ടാൽ പകരം ഞങ്ങൾ
പലകുറി നിന്നെ സഹായിക്കാം.”
ഇതുകേട്ടു കുഞ്ഞിക്കീരന് അല്പം അലിവുതോന്നി. അവൻ കുരങ്ങുണ്ണിയമ്മാവനേയും കണ്ടൻ ചുണ്ടെലിയേയും കൊല്ലാതെ വിട്ടയച്ചു. അന്നു വൈകിട്ട് കുഞ്ഞിക്കീരൻ ചൂണ്ടയിടാൻ പോയപ്പോൾ മീനിനുപകരം ഒരു മഞ്ഞത്തവളയാണ് ചൂണ്ടക്കൊളുത്തിൽ കുരുങ്ങിയത്. കുഞ്ഞിക്കീരൻ ദേഷ്യത്തോടെ അതിനെ നിലത്തടിച്ചുകൊല്ലാൻ നോക്കി. അപ്പോൾ തവള കരഞ്ഞുകൊണ്ടു പറഞ്ഞുഃ
“ഞാനൊരു പാവം തവളക്കുട്ടൻ
തളവളയില്ലാത്തൊരുകുട്ടൻ!
വെറുതേ വിട്ടാൽ ചങ്ങാതീ ഞാൻ
പകരം നിന്നെ സഹായിക്കാം.”
ഇതുകേട്ടു കുഞ്ഞിക്കീരന് അലിവു തോന്നി. അവൻ മഞ്ഞത്തവളയെ വെളളത്തിലേക്കു തന്നെ വിട്ടയച്ചു.
ഇതിനിടയിലാണ് ഇടക്കുന്നി മലയിലെ പെരുങ്കണ്ണൻ രാക്ഷസൻ കുഞ്ഞിക്കീരന്റെ മാന്ത്രികത്തോലിനെപ്പറ്റി അറിഞ്ഞത്. രാക്ഷസൻ കുഞ്ഞിക്കീരനെ പിടികൂടി ഒരു മരത്തിൽ കെട്ടിയിട്ടിട്ട് മാന്ത്രികത്തോലും കൊണ്ട് കടന്നുകളഞ്ഞു.
പാവം കുഞ്ഞിക്കീരൻ മരച്ചുവട്ടിൽക്കിടന്നു കരഞ്ഞു. രക്ഷപ്പെടാൻ എന്താണ് ഉപായമെന്ന് അവൻ ചിന്തിച്ചു. അപ്പോഴാണ് തന്നെ സഹായിക്കാമെന്ന് വാക്കു പറഞ്ഞു രക്ഷപ്പെട്ട കുരങ്ങുണ്ണിയമ്മാവന്റെയും കണ്ടൻ ചുണ്ടെലിയുടെയും മഞ്ഞത്തവളയുടെയും കാര്യം ഓർമയിൽ വന്നത്. കുഞ്ഞിക്കീരൻ തന്റെ ചങ്ങാതിമാരെ ഉറക്കെ വിളിച്ചു.
“ഓടിവരൂ നീ കൊച്ചു കുരങ്ങാ
ചാടിവരൂ നീ വേഗത്തിൽ,
ചുണ്ടെലിയണ്ണാ, തവളക്കുട്ടാ
വരുവിൻ വരുവിൻ വേഗത്തിൽ!”
കുഞ്ഞിക്കീരന്റെ ഉറക്കെയുളള വിളികേട്ട് കുരങ്ങുണ്ണിയമ്മാവനും കണ്ടൻ ചുണ്ടെലിയും മഞ്ഞത്തവളയും പാഞ്ഞുവന്നു. അവൻ വിവരമെല്ലാം തന്റെ ചങ്ങാതിമാരോടു പറഞ്ഞുഃ
കുരങ്ങുണ്ണിയമ്മാവൻ അപ്പോൾത്തന്നെ കെട്ടുകളെല്ലാം കടിച്ചുപൊട്ടിച്ച് കുഞ്ഞിക്കീരനെ സ്വതന്ത്രനാക്കി. കുരങ്ങുണ്ണിയമ്മാവൻ കുഞ്ഞിക്കീരനെ സമാധാനിപ്പിച്ചുഃ
“കുഞ്ഞിക്കീരാ ചങ്ങാതി നീ
പേടിക്കാതെയിരുന്നോളൂ
മന്ത്രത്തോലും തിരിച്ചെടുത്തി-
ട്ടെത്താം ഞങ്ങൾ വേഗത്തിൽ!”
കുരങ്ങുണ്ണിയമ്മാവൻ ചുണ്ടെലിയെ എടുത്ത് ഇടതു തോളിലും മഞ്ഞത്തവളയെ എടുത്തു വലതുതോളിലും വെച്ചു. എന്നിട്ട് ഇടക്കുന്നി മലയിലെ പെരുങ്കണ്ണൻ രാക്ഷസന്റെ താവളത്തിലേക്കു കുതിച്ചു.
മാന്ത്രികത്തോൽ ഒരു അയയിൽ തൂക്കിയിട്ടിട്ട് രാക്ഷസൻ അതിനടിയിൽക്കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നതാണ് അവർ കണ്ടത്.
കണ്ടൻ ചുണ്ടെലി ഉടനെ ചെന്ന് അയക്കയർ കരണ്ടുമുറിച്ചു. അയ പൊട്ടി വീണപ്പോൾ കുരങ്ങുണ്ണിയമ്മാവൻ ഒച്ചയുണ്ടാക്കാതെ നടന്നുചെന്നു മാന്ത്രികത്തോൽ കൈയിലാക്കി.
പോരും വഴിക്ക് ഒരു നദി കടക്കുമ്പോൾ അബദ്ധത്തിൽ കുരങ്ങുണ്ണിയമ്മാവന്റെ കൈയിൽനിന്നും മാന്ത്രികത്തോൽ വെളളത്തിൽ വീണുപോയി. എങ്കിലും മഞ്ഞത്തവള വെളളത്തിൽ ചാടിയിറങ്ങി മാന്ത്രികത്തോൽ മുങ്ങിത്തപ്പിയെടുത്തു.
അല്പസമയത്തിനുളളിൽ അവർ കുഞ്ഞിക്കീരന്റെ കുടിലിലെത്തി മാന്ത്രികത്തോൽ തിരികെ ഏല്പിച്ചു.
കുഞ്ഞിക്കീരൻ തോലെടുത്ത് കുടിലിന്റെ മൂലയിൽ തൂക്കി. പെട്ടെന്ന് അതിനിടയിൽ നിന്ന് ഒരു സുന്ദരിയായ രാജകുമാരി പുറത്തുവന്നു. അവൾ പറഞ്ഞുഃ
“കുഞ്ഞിക്കീരാ, ചങ്ങാതി നീ
മന്ത്രത്തോലു കുടഞ്ഞാട്ടെ”
കുഞ്ഞിക്കീരൻ ഉടനെ മന്ത്രത്തോലെടുത്തു കുടഞ്ഞു. അവന്റെ കണ്ണു മഞ്ഞളിച്ചുപോയി. അതിനിടയിൽ നിന്ന് പൊന്നും വെളളിയും വിലപിടിച്ച രത്‌നങ്ങളും പൂ ചിതറും പോലെ ചിതറി വീശാൻ തുടങ്ങി.
കുഞ്ഞിക്കീരന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. മാന്ത്രികത്തോൽ തിരിച്ചെടുത്തു നൽകിയ മൂന്നു ചങ്ങാതിമാരോടും അവൻ നന്ദി പറഞ്ഞുഃ
സുന്ദരിയായ ആ രാജകുമാരിയെ വിവാഹം ചെയ്ത് ഒരു രാജകുമാരനെപ്പോലെ കുഞ്ഞിക്കീരൻ അവിടെ കഴിഞ്ഞു.
Generated from archived content: unni-sept7.html Author: sippi_pallipuram