എന്തുതിരക്കാണമ്പോ! ബസ്സിൽ
ഉന്തും തളളും കശപിശയും!
“ചെല്ലാനത്തേക്കുളളവരെല്ലാം
ചില്ലറ വേഗമെടുത്താട്ടെ”
മീശചുരുട്ടിക്കണ്ണുമുരുട്ടി-
ക്കണ്ടക്ടർസാറെത്തുന്നൂ
‘ചില്ലറ നൽകാനില്ലെട കൂവേ
എന്താ നോട്ടിനു വിലയില്ലേ?“
ആളുകൾ പലരും ചൂടാകുന്നു
കണ്ടക്ടർസാർ ’ചമ്മു‘ന്നൂ
എന്തുതിരക്കാണമ്പോ! ബസ്സിൽ
ഉന്തും തളളും കശപിശയും!
”സ്ര്തീകൾ ഞങ്ങടെ സീറ്റിലിരിക്കും
പുരുഷന്മാരേ മാറ്യാട്ടെ“
പേരുക്കുട്ടിയുമായിക്കയറിയ
കത്രീനാമ്മ കയർക്കുന്നു!
”കുടകൊണ്ടാരോ മുതുകിനുനോക്കി-
ക്കുത്തുന്നല്ലോ കർത്താവേ!“
കൊച്ചീക്കാരൻ കൊച്ചവറാച്ചൻ
തലയിൽ കൈവെച്ചമറുന്നൂ!
എന്തുതിരക്കാണമ്പോ! ബസ്സിൽ
ഉന്തും തളളും കശപിശയും!
എന്തൊരുകഷ്ടം ”മാത്തുക്കുട്ടീ
സീറ്റിലിതെന്തൊരു മൂട്ടകടി“!
-ഗൾഫിൽ നിന്നും ലീവിൽപ്പോരും
മൂസ്സാൻ ചാടിയെണീക്കുന്നൂ
”സീറ്റിലിരിക്കാൻ വയ്യെങ്കിൽ നീ
സീറ്റിനു കീഴെയിരുന്നോളൂ!“
മാത്തുക്കുട്ടിയുമന്തോണീസും
ഫലിതമടിച്ചു കലക്കുന്നൂ!
എന്തുതിരക്കാണമ്പോ! ബസ്സിൽ
ഉന്തും തളളും കശപിശയും!
ഒന്നുകുതിച്ചും നിന്നുകിതച്ചും
ബസ്സോടുന്നൂ മടിയാതെ
കമ്പികൾതോറും തൂങ്ങുന്നല്ലോ
വാഴക്കുലപോൽ യാത്രക്കാർ!
കിളിയുടെ ശല്യം; മണിയടിശല്യം!
’സൈഡി‘ലിരുന്നാൽ പൊടിശല്യം!
സ്‌റ്റോപ്പിൽ വണ്ടി നിറുത്തുന്നേരം
പലരും പലതും പറയുന്നു.
Generated from archived content: nursery_aug6.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English