പപ്പടം പഴം കൂട്ടിക്കലർത്തി
പപ്പനിന്നലെ പായസം മോന്തി
അച്ഛനുള്ളതും മുക്കിക്കുടിച്ചു
കൊച്ചിനുള്ളതും നക്കിത്തുടച്ചു!
കപ്പ ചുട്ടതും ചക്കയും തിന്നു;
അപ്പമഞ്ചാറു വേറെയും തിന്നു.
കൊച്ചുപപ്പന്റെ കുഞ്ഞിക്കുടന്ത
കൊച്ചുമത്തങ്ങപോലവേ നിന്നു!
അന്തിയുണ്ണാതുറങ്ങാൻ കിടന്നു
അന്നു ചെക്കൻ പതിവിലും മുമ്പേ
അങ്ങുമിങ്ങും തിരിഞ്ഞും മറിഞ്ഞു
ഏറെ നേരമപ്പാവം കിടന്നു!
തപ്പുമേളം തുടങ്ങീ വയറ്റിൽ
കപ്പലോട്ടമോ കാവടിച്ചിന്തോ?
നൊമ്പരംകൊണ്ടു വയ്യാതെ പപ്പൻ
അമ്പരന്നു നിലവിളിയായി!
കൊച്ചുപപ്പൻ കരഞ്ഞുകൊണ്ടോതി
“അച്ചു വൈദ്യനെക്കാണണം വേഗം”
അച്ഛനോടീ പരിഭ്രമത്തോടെ
കൊച്ചു പപ്പനോ സംഭ്രമം തന്നെ!
കൊച്ചു പെട്ടിയുമേന്തി വന്നെത്തീ
അച്ചുവൈദ്യൻ ഞൊടിയിടയ്‌ക്കുള്ളിൽ
രോഗലക്ഷണം കണ്ടറിഞ്ഞപ്പോൾ
അച്ചുവൈദ്യൻ ചിരിച്ചുകൊണ്ടോതിഃ
“ആർത്തി കാണിച്ചു കിട്ടിയതെല്ലാം
വെട്ടിവെട്ടി വിഴുങ്ങൊലാ നിങ്ങൾ
ആർത്തിമൂത്തതുകൊണ്ടല്ലി പാവം
പപ്പനീവിധം കേഴുന്നു കഷ്ടം!”
Generated from archived content: nursery1_feb4_08.html Author: sippi_pallipuram