തടിമിടുക്കുളളവൻ
—————
തടി പിടിക്കുന്നവൻ
പൊടികൊണ്ടുനിത്യവും
കുളിനടത്തുന്നവൻ.
ചൂലും മുറങ്ങളും
പേറി നടപ്പവൻ
ചുറുചുറുക്കോടെ
നടന്നു നീങ്ങുന്നവൻ.
മലപോലെയുളളവൻ
മലയിൽപ്പിറന്നവൻ.
മലയിളക്കുന്നവൻ
ഞാനാര് ചൊല്ലുമോ?
—-ഉത്തരംഃ ആന—-
മുണ്ടനമ്മാവൻ
————-
മണ്ടരണ്ടുളളവൻ
മുണ്ടനായുളളവൻ
മണ്ടയ്‌ക്കുനിത്യവും
കൊട്ടുകൊളളുന്നവൻ.
മണ്ടയ്‌ക്കുകൊട്ടിയാൽ
തൊണ്ടതുറക്കുന്ന
മുണ്ടനമ്മാവന്റെ
പേരെന്തു കൂട്ടരേ?
—ഉത്തരംഃ ചെണ്ട—-
കൊച്ചുകളളൻ
————-
താഴെയും തട്ടുണ്ട്
മേലെയും തട്ടുണ്ട്
തട്ടിനകത്തൊരു കൊച്ചുകളളൻ!
തട്ടും ചുമന്നിട്ട്
താളത്തിലങ്ങനെ
മെല്ലെ വരുന്നല്ലോ കൊച്ചുകളളൻ!
നീന്തീം നിരങ്ങിയും
പാത്തും പതുങ്ങിയും
എത്തുമീക്കളളന്റെ പേരുചൊല്ലൂ?
—-ഉത്തരം ഃ ആമ—-
Generated from archived content: nanaru.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English