മീട്ടാമോട്ടി

മോട്ടിലാലിന്‌ ഒരു ഓട്ടോറിക്ഷാ ഉണ്ടായിരുന്നു. ‘മീട്ടാമോട്ടീ’ എന്നായിരുന്നു അവന്റെ പേര്‌. മോട്ടിലാലിനു മീട്ടാമോട്ടിയോടു വലിയ സ്നേഹമായിരുന്നു. മോട്ടിലാൽ എന്നും രാവിലെ ഉണർന്നു മീട്ടാമോട്ടിയെ കുളിപ്പിക്കും. പിന്നെ നെറ്റിയിൽ ചന്ദനംകൊണ്ടു ഭംഗിയായി ഒരു പൊട്ടുംകുത്തും. അതുകഴിഞ്ഞാൽ അവനെ ഓടിച്ചുകൊണ്ട്‌ അയാൾ പട്ടണത്തിലെ മിഠായിത്തെരുവിലേക്ക്‌ പോകും. ഇതായിരുന്നു പതിവ്‌.

പക്ഷേ മീട്ടാമോട്ടി മഹാ ‘ഗുലുമാലു’കാരനായിരുന്നു. മോട്ടിലാലിന്റെ ഇഷ്ടംപോലെയൊന്നുമല്ല അവൻ പ്രവർത്തിച്ചിരുന്നത്‌. ഇതിലേ പോകാൻ പറഞ്ഞാൽ അതിലേ പോകുന്നതായിരുന്നു അവന്റെ സ്വഭാവം.

ഒരിക്കൽ മീട്ടാമോട്ടി വഴിവക്കത്തുളള അമ്മൻകോവിലിന്റെ ആൽത്തറ ഇടിച്ചുപൊളിച്ചു. നെറ്റിത്തടം മുഴുവൻ തകർന്നിട്ടും അവന്‌ യാതൊരു കൂസലുമുണ്ടായില്ല. പിന്നെ ഇട്ടൂപ്പു മെക്കാനിക്കിന്റെ ആശുപത്രിയിൽ കൊണ്ടുപോയി രണ്ടുപകലും രണ്ടുരാത്രിയും കിടത്തി ചികിത്സിച്ച ശേഷമാണ്‌ മീട്ടാമോട്ടിയുടെ കേടുപാടുകൾ മാറിയത്‌.

മറ്റൊരിക്കൽ മീട്ടാമോട്ടി ഒരു കല്ലുവെട്ടാങ്കുഴിയിൽ ചെന്നുചാടി. അവൻ മൂന്നു ചക്രവും മേലോട്ടാക്കി കിടന്നു മുക്കറയിട്ടു. കൂടെയുണ്ടായിരുന്ന മോട്ടിലാലിന്റെ മൂക്കിന്റെ പാലം കണ്ടിച്ചിട്ടും അവനു യാതൊരു കൂസലും ഉണ്ടായില്ല.

ഇത്തരം തെമ്മാടിത്തരങ്ങൾ പലവട്ടം ആവർത്തിച്ചപ്പോൾ മോട്ടിലാൽ മീട്ടാമോട്ടിയെ ശകാരിക്കാൻ തുടങ്ങിഃ

“ശകടകുമാരാ, വികടകുമാരാ

കുണ്ടാമണ്ടികൾ കാട്ടരുതേ

കുണ്ടാമണ്ടികൾ കാണിച്ചെന്നാൽ

കിട്ടിയകാശിനു വിൽക്കും ഞാൻ!”

പക്ഷേ എത്ര ശകാരിച്ചിട്ടും മീട്ടാമോട്ടി അവന്റെ കുസൃതിത്തരങ്ങൾ കുറച്ചില്ല. ഒരു ദിവസം പതിവുപോലെ മോട്ടിലാൽ മീട്ടാമോട്ടിയെ കുളിപ്പിച്ചു കുറി തൊടുവിച്ചശേഷം തൊട്ടടുത്തുളള പട്ടരച്ചന്റെ ചായക്കടയിൽ പ്രാതൽ കഴിക്കാൻ പോയി. ഈ തക്കം നോക്കി മീട്ടാമോട്ടി നാട്ടുവഴിയിലൂടെ ഞരങ്ങി ഞരങ്ങി ഒരോട്ടം!….

മോട്ടിലാലിനെ കൂടാതെ മീട്ടാമോട്ടി തനിയെ ഓടിപ്പോകുന്നതു കണ്ടു വഴിവക്കത്തുളള ആളുകൾ അമ്പരന്നു നിന്നു.

നാൽക്കവലയിലെത്തിയപ്പോൾ ചട്ടുകാലൻ ചട്ടമ്പിപ്പരമു മീട്ടാമോട്ടിയെ തടഞ്ഞുനിർത്താൻ ശ്രമിച്ചു.

“നില്ലെട നില്ലെട മീട്ടാമോട്ടീ

വല്ലവഴിക്കും പോവാതെ!

ഒറ്റയ്‌ക്കിങ്ങനെ മണ്ടിനടന്നാൽ

കുണ്ടിൽച്ചാടും തിരുമാലീ!”

പക്ഷേ ചട്ടമ്പിപ്പരമുവിനെ പറ്റിച്ചു മീട്ടാമോട്ടി കുണ്ടനിടവഴിയിലൂടെ മുന്നോട്ടു നീങ്ങി.

ഇടവഴിയിൽ ഒരിടത്ത്‌ കുറെ ചെളിവെളളം കെട്ടിക്കിടപ്പുണ്ടായിരുന്നു. മീട്ടാമോട്ടി ചെളിവെളളത്തിലൂടെ ഇരമ്പിപ്പാഞ്ഞു.

ചെളിവെളളം തെറിച്ച്‌ അതുവഴി വന്ന പത്രാസുകാരി കത്രീനാമ്മയുടെ പളപളെ മിന്നുന്ന വെളളസാരിയിൽ വീണു.

കത്രീനാമ്മ ദേഷ്യത്തോടെ ഓടിച്ചെന്നു മീട്ടാമോട്ടിയുടെ മുതുകിനു നോക്കി ഒരിടി കൊടുത്തു. ഇടികൊണ്ടിട്ടും അവൻ യാതൊരു കൂസലുമില്ലാതെ മുന്നോട്ടു നീങ്ങി. ഓടിപ്പോകുന്ന മീട്ടാമോട്ടിയെ നോക്കി കത്രീനാമ്മ ഉറക്കെ പ്രാകിഃ

“പളപള മിന്നും സാരിയിലെങ്ങും

ചെളിതേച്ചവനേ തെമ്മാടീ

മൂളും വണ്ടീ മുരളും വണ്ടീ

മുടിഞ്ഞുപോകും നീ ചണ്ടീ!”

മീട്ടാമോട്ടി ഓടിക്കിതച്ച്‌ അമ്പലപ്പുഴ അമ്പലത്തിന്റെ അരികിലെത്തി. അവിടെ ഒരു അമ്പലകാള അലഞ്ഞു നടക്കുന്നുണ്ടായിരുന്നു. മീട്ടാമോട്ടി കരുതിക്കൂട്ടി ആ അമ്പലക്കാളയുടെ പിന്നിൽ ചെന്നിടിച്ചു.

അമ്പലക്കാള ഉറക്കെ അമറിക്കൊണ്ടു മീട്ടാമോട്ടിയുടെ നടുവിനു നോക്കി ഒരു കുത്തുകൊടുത്തു. കുത്തുകൊണ്ടിട്ടും മീട്ടാമോട്ടിക്കുണ്ടോ വല്ല കൂസലും? അവൻ ഇഴഞ്ഞുനീങ്ങി. അമ്പലക്കാള കൊമ്പുകുലുക്കിക്കൊണ്ടു പറഞ്ഞു.

“മുച്ചക്രത്തിൽ പാഞ്ഞുനടക്കും

മുക്കറവണ്ടീ മൂശേട്ടേ,

വമ്പും കാണിച്ചിനിയും വന്നാൽ

കൊമ്പിൽ കോർത്തു കളിക്കും ഞാൻ!”

മീട്ടാമോട്ടി ആർക്കും പിടികൊടുക്കാതേ ഉരുണ്ടും പിരണ്ടും പട്ടണക്കാട്ടങ്ങാടിയിലെത്തി. അവിടെ ഒരു മുറിവാലൻ പട്ടി കുരച്ചുകൊണ്ടു നടക്കുന്നുണ്ടായിരുന്നു.

മീട്ടാമോട്ടി പാഞ്ഞുചെന്നു മുറിവാലൻ പട്ടിയുടെ ദേഹത്തിടിച്ചു. അവന്റെ പിൻകാല്‌ ഒടിഞ്ഞുപോയി.

മുറിവാലൻ പട്ടി ഉറക്കെ മോങ്ങിക്കൊണ്ടു മീട്ടാമോട്ടിയുടെ പിന്നാലെ പാഞ്ഞു. പക്ഷേ മീട്ടാമോട്ടി യാതൊരു കൂസലുമില്ലാതെ മൂളിയും ഞരങ്ങിയും മുന്നോട്ടുനീങ്ങി. മുറിവാലൻ പട്ടി പല്ലുഞ്ഞെരിച്ചുകൊണ്ടു പറഞ്ഞുഃ

“ഒറ്റക്കണ്ണാ വട്ടക്കണ്ണാ

നിന്നെപ്പിന്നെ കണ്ടോളാം.

തണ്ടും കാണിച്ചിനിയും വന്നാൽ

തുണ്ടായ്‌ നിന്നെ നുറുക്കും ഞാൻ.”

മീട്ടാമോട്ടി ഇതൊന്നും ശ്രദ്ധിക്കാതെ പട്ടണത്തിലെത്തി. കാറും ബസ്സും ചീറിപ്പായുന്ന റോഡിലൂടെ അവൻ കുതിച്ചും കിതച്ചും മുന്നോട്ടു നീങ്ങി.

അതുവഴിവന്ന ഒരു മോട്ടോർകാറിന്റെ ഡിക്കി അവൻ ഇടിച്ചു തകർത്തു. വേദനകൊണ്ടു പുളഞ്ഞ മോട്ടോർകാർ ഉറക്കെ അലറിഃ

“ചഡുഗുഡുവണ്ടി, കുണ്ടാമണ്ടി

വെക്കം മണ്ടി മറഞ്ഞോളൂ

കണ്ണിൻവെട്ടത്തിനിയും കണ്ടാൽ

മണ്ടപൊളിക്കും സൂക്ഷിച്ചോ!”

ആരെന്തുപറഞ്ഞിട്ടും മീട്ടാമോട്ടി കുലുങ്ങിയില്ല. കുസൃതിത്തരങ്ങൾ കാണിച്ചുകൊണ്ടു പിന്നെയും അവൻ മുന്നോട്ടു നീങ്ങി. കുറച്ചുദൂരം ചെന്നപ്പോൾ അവൻ പട്ടണത്തിലെ ഏറ്റവും തിരക്കുകൂടിയ നാൽക്കവലയിലെത്തി. നാൽക്കവലയുടെ നടുവിലായി ഒരു ട്രാഫിക്‌ പോലീസുകാരൻ നിന്നു കയ്യും കലാശവും കാണിക്കുന്നത്‌ മീട്ടാമോട്ടി കണ്ടു. എന്നാൽ മീട്ടാമോട്ടി അതൊന്നും കണ്ടതായി നടിച്ചില്ല.

മീട്ടാമോട്ടി നേരെ പാഞ്ഞുചെന്നു ട്രാഫിക്‌ പോലീസുകാരൻ നിന്നിരുന്ന സിമന്റ്‌ കുട ഇടിച്ചു താഴെ ഇട്ടു. എന്നിട്ട്‌ ‘ഒന്നുമറിഞ്ഞീല രാമനാരായണ’എന്ന മട്ടിൽ ഓടിപ്പോകാൻ ശ്രമിച്ചു. ഭ്രാന്തുപിടിച്ചതുപോലെ പാഞ്ഞുവരുന്ന മീട്ടാമോട്ടിയെ കണ്ടു വണ്ടികളെല്ലാം പെട്ടെന്നു നിശ്ചലമായി. കാറും ബസ്സും ട്രക്കറും ലോറിയുമെല്ലാം നിരനിരയായി നീണ്ടുകിടന്നു.

അതിനിടയിലൂടെ മുന്നോട്ടു നീങ്ങാൻ മീട്ടാമോട്ടിക്കു കഴിഞ്ഞില്ല. ഈ തക്കം നോക്കി ഒരു ട്രാഫിക്‌ പോലീസുകാരൻ സ്‌കൂട്ടറിൽ പാഞ്ഞുവന്നു മീട്ടാമോട്ടിയെ പിടികൂടി.

മീട്ടാമോട്ടിയെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയശേഷമാണ്‌ വണ്ടികൾ വീണ്ടും നീങ്ങിത്തുടങ്ങിയത്‌.

പിറ്റേന്നു രാവിലെ പത്രത്തിൽ വാർത്ത കണ്ടപ്പോഴാണ്‌ മീട്ടാമോട്ടി പോലീസ്‌ കസ്‌റ്റഡിയിലായ വിവരം മോട്ടിലാൽ അറിഞ്ഞത്‌.

കേട്ടപാതി കേൾക്കാത്തപാതി മോട്ടിലാൽ സ്‌റ്റേഷനിലേക്കോടി. അവിടെ ചെന്നപ്പോൾ അവശനായ മീട്ടാമോട്ടിയെ ഒരു ചങ്ങലകൊണ്ടു പൂട്ടിയിട്ടിരിക്കുന്നതാണ്‌ മോട്ടിലാൽ കണ്ടത്‌.

മീട്ടാമോട്ടിയുടെ നെറ്റി വല്ലാതെ പൊട്ടിയിരുന്നു. ടയറുകൾ മൂന്നും പഞ്ചറായിരുന്നു. നടുവിനും മുതുകിനും ചതവു പറ്റിയിരുന്നു.

യജമാനനെ കണ്ട്‌ അവന്റെ കണ്ണു വല്ലാതെ നിറഞ്ഞു.

ഇതുകണ്ടു മോട്ടിലാലും പൊട്ടിക്കരയാൻ തുടങ്ങി. അയാൾ പൊലീസുകാരോടു മാപ്പുപറഞ്ഞശേഷം മീട്ടാമോട്ടിയെ ജാമ്യത്തിലെടുത്തു വീട്ടിലേക്ക്‌ കൊണ്ടുപോയി.

Generated from archived content: meetamoti.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമരമായി മാറിയ പെൺകുട്ടി
Next articleമിന്നാമിനുങ്ങേ
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here