അനിയൻഃ- മാനത്തുണ്ടൊരു പൂന്തളിക
മിനുമിനെമിന്നും പൊൻതളിക!
അനിയത്തിഃ- തളികയ്‌ക്കകമേയെന്താണ്?
തെളിനീരാണോ തേനാണോ?
അനിയൻഃ- തെളിനീരല്ല; തേനല്ല;
തളികയ്‌ക്കകമേ തൈരല്ല
അനിയത്തിഃ- നറുനെയ്യോ,
നൽപ്പൊൻതരിയോ?
കുറുമൊഴി മുല്ലപ്പൂവുകളോ?
അനിയൻഃ- നറുനെയ്യല്ലാ; പൊന്നല്ല;
കുറുമൊഴി മുല്ലപ്പൂവല്ല,
തളികയ്‌ക്കകമേ പാലാണ്
ഒന്നരനാഴിപ്പാലാണ്
ആർക്കും വിറ്റാൽ തീരില്ല;
എന്നും വിറ്റാലൊഴിയില്ല
അന്തിക്കെന്നും കച്ചവടം
അരമാസത്തെ കച്ചവടം!
ഏട്ടൻഃ- തെറ്റിപ്പോയീ കുഞ്ഞനുജാ
തെറ്റു പറഞ്ഞിതു രണ്ടാളും
ഭൂമിയ്‌ക്കെന്നുമുപഗ്രഹമീ-
ച്ചന്ദ്രൻ; നിങ്ങൾക്കറിയില്ലേ?
സ്വയമേയൊന്നു പ്രകാശിക്കാൻ
കഴിവില്ലാത്തൊരു ചെറുഗോളം!
സൂര്യൻ ചൊരിയും പൂവെട്ടം
ചന്ദ്രനുമീതെ പതിയുമ്പോൾ,
ചന്ദ്രൻനിന്നു ചിരിക്കുവതായ്
മാനവർ നമ്മൾ ധരിക്കുന്നൂ
ഇന്നലെ നമ്മുടെയേട്ടന്മാർ
ചന്ദ്രതലത്തിൽ കാൽകുത്തി
നാളെ നമുക്കും പോയീടാം
ശാസ്ര്തം നമ്മുടെ വഴികാട്ടി!
Generated from archived content: kuttinadan_june12.html Author: sippi_pallipuram