തുഞ്ചന്റെ കാകളിപ്പാട്ടു കേട്ടും
കുഞ്ചന്റെ കിങ്ങിണിയൊച്ച കേട്ടും
കൊഞ്ചിക്കുഴഞ്ഞു വളർന്ന നാടേ
മഞ്ജുളനാടേ നമിച്ചിടുന്നേൻ!
‘കൃഷ്ണഗീത’ത്തിലലിഞ്ഞ നാടേ
‘കൃഷ്ണനാട്ട’ത്തിന്റെ ജന്മനാടേ
വെണ്മണിപ്പാട്ടുകൾ കേട്ട നാടേ
കണ്മണീ കണ്മണീ കൈതൊഴുന്നേൻ!
ഭട്ടതിരിയുടെ ഭക്തിഗാനം
ചിട്ടയിലെങ്ങും പരന്ന നാടേ
‘പൂന്താനപ്പാന’ നുകർന്ന നാടേ
നിൻ തിരുപാദം നമിച്ചിടുന്നേൻ!
രാമപുരത്തിൻ കുചേലവൃത്തം
ഗ്രാമങ്ങൾതോറും പകർന്ന നാടേ
കാവ്യഗന്ധർവ്വരെ പെറ്റ നാടേ
കാവ്യസങ്കേതമേ കൈതൊഴുന്നേൻ!
Generated from archived content: kuttinadan1_dec5_07.html Author: sippi_pallipuram