സീതച്ചേച്ചി തന്നെയാണ് കവിതയെഴുത്തിലും കുഞ്ഞുണ്ണിക്ക് അറിഞ്ഞോ അറിയാതെയോ തുണയായി മാറിയത്. ഒരിക്കൽ ചേച്ചി ഒരു ‘കോളേജ് മാഗസിൻ’ വീട്ടിൽ കൊണ്ട് വന്നു. ചേച്ചി പഠിച്ചിരുന്ന സാമൂതിരികോളേജിലെ കുമാരികുമാരന്മാർ ചേർന്ന് രൂപം നൽകിയതായിരുന്നു ആ മാഗസിൻ. അതിൽ ധാരാളം കൊച്ചുകൊച്ചു കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ സ്ഥാനം പിടിച്ചിരുന്നു. അതിൽ ഒരു കവിത കുഞ്ഞുണ്ണിയെ വല്ലാതെ ആകർഷിച്ചു. അതേ രീതിയിൽ മറ്റൊരു കവിത കുത്തിക്കുറിക്കണമെന്ന് കുഞ്ഞുണ്ണിക്ക് തോന്നി. അങ്ങനെ എഴുതിയതാണ് ‘പാളയും ഇല്ലിക്കോലും’.
ഈ പേരിൽ കവിത എഴുതാൻ ഒരു കാരണമുണ്ടായിരുന്നു. കുഞ്ഞുണ്ണിയുടെ വീട്ടിൽ കുട്ടിക്കാലത്ത് ഒരു ഭ്രാന്തി വരാറുണ്ടായിരുന്നു. ആഴ്‌ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ ആണ് അവർ വന്നിരുന്നത്. ആണും പെണ്ണുമല്ലാത്ത ഒരു കോലം! വരുമ്പോൾ അവരുടെ കൈയിൽ ഒരു പാളയും ഇല്ലിക്കോലും കാണുമായിരുന്നു.
ഭ്രാന്തിക്ക് അമ്മ ദോശയോ ചോറോ എന്തെങ്കിലും കൊടുക്കും. അതൊക്കെ കഴിച്ച് അവർ സന്തോഷത്തോടെ മടങ്ങും. അവരുടെ കൈയിലെ പാളയെക്കുറിച്ചും ഇല്ലിക്കോലിനെക്കുറിച്ചുമാണ് കുഞ്ഞുണ്ണി കവിത രചിച്ചത്.
“വീശാം ഇരിക്കാം
കുടയായ് പിടിക്കാം‘
ഇനി വേണ്ടി വന്നാൽ
കാശിക്ക് പോകാൻ
ഒരു പാത്രമാക്കാം”
കുഞ്ഞുണ്ണിയുടെ ആദ്യത്തെ കവിത ഇതായിരുന്നു. അന്ന് ആറാം ക്ലാസ്സിലായിരുന്നു ഈ കുട്ടി പഠിച്ചിരുന്നത്. കവിത ക്ലാസ് ടീച്ചറെ കാണിച്ചപ്പോൾ “ഇതിന് പ്രാസമില്ലല്ലോ കുട്ടാ” എന്ന് കമന്റ് പറയുകയും ചെയ്‌തു.
അൽപ്പം അനുകരണച്ചുവ ഉണ്ടായിരുന്നെങ്കിലും തുടർന്ന് ധാരാളം കവിതകളെഴുതാൻ ഈ സംഭവം പ്രേരണയായി. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ. ഇതിനൊക്കെ കാരണഭൂതയായ സീതച്ചേച്ചി പത്തിരുപത്തിരണ്ട് വയസ്സായപ്പോഴേയ്‌ക്കും അകാലത്തിൽ ഒരു നക്ഷത്രം പോലെ പൊലിഞ്ഞുപോയി.
കുഞ്ഞുണ്ണി രചിച്ച ആദ്യത്തെ കവിത ’പാളയും ഇല്ലിക്കോലും‘ ആണെങ്കിലും അത് പുറത്തെങ്ങും വെളിച്ചം കണ്ടില്ല. ആദ്യമായി അദ്ദേഹത്തിന്റെ ഒരു കവിത അച്ചടിച്ച് വന്നത് കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ’പ്രതാപം‘ പത്രത്തിലാണ്.
അന്നൊരിക്കൽ കുഞ്ഞുണ്ണിയുടെ വീട്ടിൽ പാൽ വാങ്ങാൻ വന്ന ഒരു കൂട്ടുകാരൻ പറഞ്ഞാണ് ഇക്കാര്യം കുഞ്ഞുണ്ണി അറിഞ്ഞത്. അവൻ ചോദിച്ചു.
“എടാ കുട്ടാ, നിന്റെ കവിത ’പ്രതാപം‘ പത്രത്തിൽ അച്ചടിച്ചു വന്നിട്ടുണ്ടല്ലോ. കണ്ടില്ലേ?”
“എന്ത്! എന്റെ കവിത പത്രത്തിലുണ്ടെന്നോ!” – കുഞ്ഞുണ്ണി സന്തോഷം കൊണ്ട് തുളളിപ്പോയി.
“എന്റെ വീട്ടില് വന്നാ കാണിച്ചുതരാം” കൂട്ടുകാരൻ പറഞ്ഞു.
– പക്ഷേ അപ്പോൾ അവന്റെ കൂടെ പോകാൻ കഴിഞ്ഞില്ല. വീട്ടിൽ അമ്മാവൻ മരിച്ചതിന്റെ അടിയന്തിരം നടക്കുന്ന ദിവസമായിരുന്നു. എങ്കിലും എല്ലാവരും കർമ്മങ്ങൾ ചെയ്യുന്ന തക്കം നോക്കി കുഞ്ഞുണ്ണി ചങ്ങാതിയുടെ വീട്ടിലേക്ക് ഒളിച്ചോടി. അവിടെ ചെന്ന് പത്രം നോക്കിയപ്പോൾ മനസ്സിൽ ആനന്ദം തിരതല്ലി.
നിന്ന നിൽപ്പിൽ പത്തുതവണയെങ്കിലും കുഞ്ഞുണ്ണി ആ കവിത വായിച്ചു. കുഞ്ഞുണ്ണിയുടെ സന്തോഷം കണ്ടപ്പോൾ കൂട്ടുകാരന്റെ അച്‌ഛൻ പറഞ്ഞു.
“കുട്ടാ, ഈ പത്രം നീ കൊണ്ടു പൊക്കോളൂ. തിരിച്ചു തരേണ്ട.”
കുഞ്ഞുണ്ണി പത്രവുമായി വീട്ടിലേക്കോടി. കവിത അച്ചടിച്ചു വന്ന കാര്യം പലരോടും പറഞ്ഞെങ്കിലും മരണവീടായതു കൊണ്ട് ആരും ഒന്നും മിണ്ടിയില്ല. എങ്കിലും കിടക്കാൻ നേരത്ത് കുഞ്ഞുണ്ണി ആ പത്രം ഒന്നുകൂടി നിവർത്തി വീണ്ടും വീണ്ടും തന്റെ കവിത ആവർത്തിച്ചു വായിച്ചു.
പത്രത്തിൽ കവിത അച്ചടിച്ച് വന്നതോടെ കൂടുതൽ എഴുതണമെന്ന മോഹം കുഞ്ഞുണ്ണിയുടെ മനസ്സിൽ മൊട്ടിട്ടു.
ഒരു ദിവസം കുഞ്ഞുണ്ണി വീടിന്റെ പൂമുഖത്ത് ഏകാകിയായിരുന്ന് കവിത കുത്തിക്കുറിക്കുകയായിരുന്നു. അതുവഴി കടന്നുവന്ന അമ്മ അതു കാണാനിടയായി. “എന്താ കുട്ടാ ഇത്? പഠിക്കേണ്ട നേരോക്കെ വെറുതെ അതുമിതും കുത്തിക്കുറിച്ച് പാഴാക്വേ?”
അമ്മയുടെ ശകാരം കേട്ട കുഞ്ഞുണ്ണി പൂമുഖത്തു നിന്ന് അകത്തളത്തിലേക്ക് ഒരൊട്ടം! പക്ഷേ പിന്നാലെ എത്തിയ അമ്മ കവിത കുത്തിക്കുറിച്ച കടലാസ് കൈക്കലാക്കി. എന്തെന്നറിയാൻ അമ്മ അതു വായിച്ചുനോക്കി. അപ്പോഴോ? മരിച്ചുപോയ അമ്മാവനെക്കുറിച്ചുളള കുഞ്ഞുണ്ണിയുടെ വേദനകളും ഓർമ്മകളുമായിരുന്നു ആ കവിതയിൽ. “എന്തിനാ കുട്ടാ, ഇങ്ങനെ ഓരോന്ന് എഴുതണത്?” അമ്മയുടെ കണ്ണുകൾ നിറയുന്നത് കുഞ്ഞുണ്ണി കണ്ടു. ജീവിതത്തിൽ രണ്ടു വിലാപഗാനങ്ങളേ കുഞ്ഞുണ്ണി രചിച്ചിട്ടുളളു. ഒന്ന് സീതച്ചേച്ചി മരിച്ചപ്പോൾ. മറ്റൊന്ന് അമ്മാമ മരിച്ചപ്പോൾ.
Generated from archived content: kunjunni7.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English