നാട്ടിൽ പട്ടിണിയും ദാരിദ്ര്യവും നടമായിയിരുന്ന കാലമായിരുന്നു കുഞ്ഞുണ്ണിയുടെ കുട്ടിക്കാലം.
“ഒരു കായിനുപ്പ്, ഒരു കായിന് മൊളക്, ഒരു കായിന് മല്ലീം മഞ്ഞളും” എന്നു പറഞ്ഞാണ് കൂലിവേലക്കാർ കടകളിൽ നിന്ന് അക്കാലത്ത് സാധനങ്ങൾ വാങ്ങിയിരുന്നത്. “ദിവസത്തിലൊരു നേരമേ അരി വെപ്പുളളൂ. അതും നാഴിയരി. ഏറിയാൽ നാഴൂരിയരി.‘ അയില, ചാള, ചെമ്മീൻ തുടങ്ങിയ മേത്തരം മത്സ്യങ്ങളൊന്നും കൂലിവേലക്കാരൻ സാധാരണ ദിവസങ്ങളിൽ വാങ്ങാറില്ലത്രെ. അല്ലറ ചില്ലറ പൊടിമീനായിരിക്കും വാങ്ങുക.”“വെറ്റിലടയ്‌ക്ക മുറുക്കുന്നവർ വെറ്റിലയും അടക്കയും പൊകലയും കൂടി കാലണയ്‌ക്കു വാങ്ങും”-തന്റെ കുട്ടിക്കാലത്തെ സാധാരണക്കാരുടെ ജീവിതത്തെ പറ്റി കുഞ്ഞുണ്ണി ’കൈയെഴുത്തും തലേലെഴുത്തും‘ എന്ന പുസ്‌തകത്തിൽ ഇങ്ങനെയാണ് സൂചിപ്പിച്ചിരിക്കുന്നത്.
“മിഥുനം-കർക്കടക മാസങ്ങളിലെ സ്ഥിതി മഹാ കഷ്‌ടമാണ്. മൂടിപ്പിടിച്ച മഴ. പുറത്തിറങ്ങാൻ കൂടി പറ്റില്ല. കുടിലിൽ തീ പുകയില്ല. മുഴുപ്പട്ടിണി! എന്നാലും കളവധികമില്ല. കാരണം കക്കാൻ ധൈര്യമില്ല പലർക്കും. കട്ടാൽ പിടിക്കും. പോലീസല്ല ജന്മി. പിടിച്ചാൽ തെങ്ങിന്മേൽ കെട്ടിയിട്ടു തല്ലും; തല്ലിക്കും. കൂരിത്തേങ്ങകൊണ്ട് നെഞ്ചത്തിടിപ്പിക്കും. ചോദിക്കാനും പറയാനും ആളില്ല. യൂണിയനില്ലാത്തകാലം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലാത്ത കാലം. ഹൗ! അന്നത്തെ കൂലിവേലക്കാരുടെ ദാരിദ്ര്യമായിരുന്നു ദാരിദ്ര്യം. അന്നത്തെ ദുരിതമായിരുന്നു ദുരിതം”. പാവപ്പെട്ടവന്റെ അക്കാലത്തെ ദുരവസ്ഥയെക്കുറിച്ച് കുഞ്ഞുണ്ണി തന്നെ എത്ര ഹൃദയസ്‌പൃക്കായിട്ടാണ് എഴുതിയിട്ടുളളത്!
അലിവുളള ഒരു മനസ്സായിരുന്നു കുഞ്ഞുണ്ണിയുടേത്. സുഖമില്ലാതെ കിടന്നിരുന്ന വലിയമ്മാവനെ ഊണുകഴിക്കാൻ തെക്കേ അകത്തുനിന്ന് കൈപിടിച്ച് തളത്തിലേക്ക് കൊണ്ടുവന്നിരുന്നത് കുഞ്ഞുണ്ണിയാണ്. മുതിർന്നവരോടുളള സ്‌നേഹവും ബഹുമാനവും അക്കാലത്തുതന്നെ ഈ കുട്ടിയുടെ മനസ്സിൽ മൊട്ടിട്ടുനിന്നിരുന്നു. അമ്മാവൻ ഊണുകഴിച്ചു തീരുമ്പോൾ ഒരു ഉരുളച്ചോറ് കുഞ്ഞുണ്ണിക്ക് വേണ്ടി മാറ്റിവെയ്‌ക്കും. അമ്മാവൻ നീട്ടിത്തരുന്ന ആ ഉരുള വളരെ താൽപ്പര്യത്തോടെയാണ്, പ്രസാദം പോലെയാണ് കുഞ്ഞുണ്ണി കഴിച്ചിരുന്നത്.
അമ്മാവന് ക്ഷയമായിരുന്നതിനാൽ ഊണിന് കൂട്ടാനായി മത്തിക്കറിയും കുമ്പളങ്ങാക്കറിയും നിത്യേന ഉണ്ടാക്കിയിരുന്നു. ഒരിക്കൽ ഉരുള കൊടുത്തപ്പോൾ തിരിച്ചറിവില്ലാത്ത കുഞ്ഞുണ്ണി അത് മത്തിക്കറിയുടെ ചാറിൽ മുക്കാൻ ശ്രമിച്ചു. ഇത് അമ്മയുടെ കണ്ണിൽപ്പെട്ടു.
“വെക്കവിടെ. അത് മത്തിക്കറിയാണെന്നറിഞ്ഞൂടെ?” അമ്മ ദേഷ്യഭാവത്തിൽ കുഞ്ഞുണ്ണിയെ നോക്കി. അതിനുശേഷം ഒരിക്കൽപോലും കുഞ്ഞുണ്ണി മത്സ്യമോ മാംസമോ തൊട്ടിട്ടില്ല. എന്തിനു പറയുന്നു; മുട്ടക്കറിപോലും പിന്നീട് കഴിച്ചിട്ടില്ല. തനി സസ്യാഹാരം മാത്രം കഴിച്ചു വളർന്നു. കപ്പപ്പുഴുക്കും പുട്ടും ഇഡ്‌ഢലിയും ദോശയുമൊക്കെ കുഞ്ഞുണ്ണിക്ക് കൂടുതൽ ഇഷ്‌ടപ്പെട്ട വിഭവങ്ങളായിരുന്നു.
പ്രൈമറി വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത് ഉച്ചയ്‌ക്ക് ചോറിന് പകരം ഇഡ്‌ഢലിയാണ് ഒരു പാത്രത്തിലാക്കി കൊണ്ടുപോയിരുന്നത്. പിടിപ്പാത്രത്തിന്റെ ഒരു തട്ടിൽ ഇഡ്‌ഢലിയും മറ്റേത്തട്ടിൽ ചായയും. ചെറിയ പാത്രമായിരുന്നതുകൊണ്ട്, അതിന്റെ തട്ടിലൊതുങ്ങാൻ ഇഡ്‌ഢലിയുടെ വക്ക് അൽപ്പം അടർത്തിയാണ് വച്ചിരുന്നത്.
കുറച്ചു വലുതായപ്പോൾ കുഞ്ഞുണ്ണി ഉച്ചയൂണിന് വീട്ടിലേക്ക് വന്നുതുടങ്ങി. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. പക്ഷേ ഉച്ചയ്‌ക്ക് കുളിക്കാത്തതിനാൽ വീടിന്റെ അകത്തല്ല; വടക്കേ കോലായിലാണ് ചോറു വിളമ്പുക. പുറത്തുപോയാൽ കുളിച്ചിട്ട് മാത്രമേ വീടിനകത്തു കയറാവു എന്നായിരുന്നു അന്നത്തെ കർശനനിയമം.
ഊണ് കഴിഞ്ഞാൽ പാത്രം കഴുകി കമഴ്‌ത്തി വെയ്‌ക്കണം; അതുമാത്രം പോര. ഊണു കഴിച്ച സ്ഥലം അടിച്ചു വെടിപ്പാക്കി ചാണകം മെഴുകുകയും വേണം.
കുട്ടിക്കാലത്ത് ചായ കുടിക്കുമ്പോൾ അമ്മ എന്തെങ്കിലും പലഹാരം തിന്നാൻ കൊടുക്കും. അതു കുറവാണെങ്കിൽ മറ്റന്നാളത്തേക്ക് ഒന്നുമില്ലല്ലോ എന്നു പറഞ്ഞ് ഈ കുട്ടി കരയുമായിരുന്നത്രെ!
കുഞ്ഞുണ്ണിയുടെ അച്ഛൻ നീലകണ്‌ഠൻ മൂസ്സത് നല്ലൊരു സംസ്‌കൃത പണ്‌ഡിതനും വൈദ്യനും മാത്രമായിരുന്നില്ല. പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, നമ്പൂതിരിഫലിതങ്ങൾ എന്നിവ ശേഖരിക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും നല്ല താൽപ്പര്യമുളള ഒരാൾ കൂടിയായിരുന്നു അദ്ദേഹം.
വീട്ടിലെ അരിപ്പെട്ടിമേലിരുന്ന് അച്‌ഛൻ കുഞ്ഞുണ്ണിക്ക് ഇതെല്ലാം കുറേശ്ശെയായി പങ്കുവെച്ചുകൊടുത്തു. അച്‌ഛൻ പറഞ്ഞുകൊടുത്ത നാടോടിക്കഥകൾ കേട്ടും പഴംപുരാണങ്ങൾ ഉരുവിട്ടും നാടൻ പാട്ടുകൾ പാടിയും കുഞ്ഞുണ്ണി വളർന്നു. ആദ്യമായി സംസ്‌കൃതം പഠിപ്പിച്ചതും അച്ഛൻ തന്നെ.
അത്താഴത്തിനു മുമ്പുളള കുഞ്ഞുണ്ണിയുടെ വായനമുഴുവൻ തളത്തിൽ വെച്ചായിരുന്നു. വീട്ടിലെ എല്ലാവർക്കും സൗഹൃദം പങ്കുവെയ്‌ക്കാനും കഴിവുകൾ പ്രകടിപ്പിക്കാനുമുളള ഒരു വേദിയായിരുന്നു ഈ തളം.
പിറന്നാളുകൾ വരുമ്പോഴും ഓണം വരുമ്പോഴും വിഷു വരുമ്പോഴും തിരുവാതിര വരുമ്പോഴും എല്ലാവരും ഒരുമിച്ച് ഇല വച്ചുണ്ടിരുന്നതും ഈ തളത്തിനകത്താണ്.
ഒരിക്കൽ തളത്തിൽ ഒരു നാടകം അരങ്ങേറി. കുഞ്ഞുണ്ണിയുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്. നാടകത്തിന്റെ അണിയറശില്‌പിയും സംവിധായികയുമെല്ലാം സീതച്ചേച്ചിയായിരുന്നു. കുഞ്ഞുണ്ണിക്ക് സീതച്ചേച്ചി ജീവനായിരുന്നു. കൂടുതൽ ഇഷ്‌ടമായിരുന്നത് കൊണ്ട് സീതചേച്ചി എന്നു പോലും തികച്ചുവിളിച്ചിരുന്നില്ല; സീച്ചേച്ചി എന്ന ഓമനപ്പേരാണ് കുഞ്ഞുണ്ണി വിളിച്ചിരുന്നത്.
കുഞ്ഞുണ്ണിയുടെ വീട്ടിൽ നിന്ന് ആദ്യമായി കോളേജിൽ പോയി പഠിച്ചതും സീതച്ചേച്ചിയായിരുന്നു. ചെറുപ്പത്തിൽ ഈ ചേച്ചി നന്നായി കവിതകളെഴുതിയിരുന്നു. ഒരു സർവ്വകലാവല്ലഭയെപ്പോലെയാണ് സീതച്ചേച്ചി വീട്ടിൽ ഓടിച്ചാടി നടന്നിരുന്നത്.
സീതച്ചേച്ചിയുടെ നേതൃത്വത്തിൽ നാടകം അരങ്ങേറിയത് ഒരു അഷ്‌ടമിരോഹിണി നാളിലാണ്. വീട്ടിലെ ചേച്ചിമാരും, അയൽപ്പക്കത്തെ ചേച്ചിമാരും ചേർന്നാണ് നാടകം കളിച്ചത്. ’ബാലഗോപാലം‘ എന്നായിരുന്നു നാടകത്തിന്റെ പേര്.
പുതപ്പുകൊണ്ടുളള തിരശ്ശീല. സാരികൊണ്ടുളള പിൻകർട്ടൻ, നീലം കൊണ്ടും അരിപ്പൊടികൊണ്ടും മഞ്ഞളുകൊണ്ടും പച്ചിലച്ചാറു കൊണ്ടുമുളള മേക്കപ്പ്, കട്ടിക്കടലാസുകൊണ്ടുണ്ടാക്കിയ ചമയങ്ങൾ.
നാടകം പൊടിപൊടിപ്പനായിരുന്നു. ചേച്ചിമാർ അവതരിപ്പിച്ച ഈ നാടകം കുഞ്ഞുണ്ണി ആദ്യാവസാനംവരെ ശ്രദ്ധിച്ചിരുന്നു കണ്ടു. നാടകത്തിൽ പ്രധാന വേഷമണിഞ്ഞതും സീതച്ചേച്ചിയായിരുന്നുു. ബാലഗോപാലന്റെ വേഷത്തിൽ ചേച്ചി നന്നായി തിളങ്ങി. ആ നാടകത്തിലെ കഥാപാത്രങ്ങൾ വളരെക്കാലം കുഞ്ഞുണ്ണിയുടെ കുഞ്ഞുമനസ്സിൽ ജീവിച്ചു.
Generated from archived content: kunjunni6.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English