കുഞ്ഞുണ്ണി ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലം. നാടു ചുറ്റുന്ന കാക്കാലത്തി ഒരു ദിവസം വീട്ടിൽ വന്നു. ഒരു ചെറിയ കല്ലെടുത്ത് അവർ കുഞ്ഞുണ്ണി കാൺകെ ഇടത്തേ കൈവെള്ളയിൽ വച്ചു. എന്നിട്ടത് സാവകാശം മടക്കിപ്പിടിച്ചു. മടക്കിയ കൈ വലതുകൈകൊണ്ട് ഒന്നു തലോടി. പിന്നെ “ഓംക്രീം…! കിക്ക്രീം…!” എന്നൊക്കെ മന്ത്രവാക്കുകൾ ചൊല്ലി. പിന്നെ തള്ളവിരലും ചൂണ്ടുവിരലും അല്പമൊന്നു വിടർത്തി കുഴൽപോലെയാക്കി. “ജൂമ്പകജം…! ജൂമ്പകജം…! എന്ന് പ്രത്യേക താളത്തിൽ ഒരു ശബ്ദമുണ്ടാക്കി. അപ്പോൾ കൈവിരൽപ്പഴുതിലൂടെ തലയും നീട്ടി അതാ വരുന്നു ഒരു പക്ഷി! കുഞ്ഞുണ്ണിയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. കുഞ്ഞുണ്ണി ജീവിതത്തിൽ ആദ്യമായി ഒരു ജാലവിദ്യ കാണുകയായിരുന്നു.
ഒരിക്കൽ കുഞ്ഞുണ്ണി ചെപ്പും പന്തും കളിയിൽ കുടുങ്ങി. ഇത് യഥാർത്ഥത്തിൽ ഒരു തട്ടിപ്പ് കളിയാണ്. കുറച്ചുനേരം നോക്കി നിന്നാൽ ആരും ഈ കളിയിൽ അറിയാതെ വീണുപോകും.
കുഞ്ഞുണ്ണി തൃപ്രയാർ അമ്പലത്തിൽ തൊഴാൻപോയി മടങ്ങുമ്പോഴാണ് വഴിവക്കിലുള്ള എങ്ങൂര് രാവുണ്ണിമാഷുടെ സ്‌കൂളിനു മുന്നിൽ ഒരാൾക്കൂട്ടം കണ്ടത്. എന്താണാവോ? കുഞ്ഞുണ്ണി തലയെത്തിച്ചു നോക്കി.
അതിന്റെ നടുവിൽ നിന്ന് പ്രായം ചെന്ന ഒരു കാക്കാലൻ ‘ചെപ്പും പന്തും’ കളിക്കുകയാണ്. അയാളുടെ കയ്യിൽ രണ്ടു ചെപ്പും ഒരു പന്തുമുണ്ട്. കൊട്ടത്തേങ്ങയുടെ ഒതുക്കമുള്ള ചിരട്ടകൾ ചെത്തിമിനുക്കി ഉണ്ടാക്കിയതാണ് ചെപ്പ്. തീരെ ചെറിയ ഒരു നാരങ്ങയോളം വലിപ്പമുള്ള പന്ത്!
കാക്കാലൻ എന്തൊക്കെയോ മന്ത്രതന്ത്രാദികൾ ഉരുവിട്ടുകൊണ്ട് എല്ലാവരും കാൺകെ പന്ത് ഒരു ചെപ്പിനടിയിൽ വച്ചു രണ്ടു കൈകളും തുറന്നുകാണിച്ച് തന്റെ കയ്യിൽ പന്തില്ലെന്ന് അയാൾ കാണികളെ ബോധ്യപ്പെടുത്തുന്നു.
”എവിടെയാണ് പന്ത്? ഇടത്തേ ചെപ്പിലോ അതോ വലത്തെ ചെപ്പിലോ? പറഞ്ഞാട്ടെ?“
പന്ത് ഇടത്തേ ചെപ്പിലാണെന്ന് പറഞ്ഞ് ചിലർ അവിടെ കാശുവെയ്‌ക്കുന്നു. മറ്റു ചിലർ വലത്തേ ചെപ്പിലാണെന്ന് പറഞ്ഞ് വലതുവശത്ത് കാശ് വെയ്‌ക്കുന്നു. കുറേക്കഴിഞ്ഞ് കാക്കാലൻ ചെപ്പു നിവർത്തുന്നു. വലത്തേ ചെപ്പിലാണ് പന്തെങ്കിൽ അവിടെ കാശു വെച്ചവർക്ക് അയാൾ ഇരട്ടിപണം കൊടുക്കും. ഇടത്തേ ചെപ്പിലാണെങ്കിൽ ആ വശത്തു കാശുവെച്ചവർക്ക് ഇരട്ടി കിട്ടും. ഇതാണ് ചെപ്പും പന്തും കളിയിലെ സൂത്രം!
പക്ഷേ ഇതിനിടയിൽ കാക്കാലൻ എന്തുചെയ്യുമെന്നോ? പന്ത് രണ്ടു ചെപ്പിലും വയ്‌ക്കാതെ ഉള്ളം കയ്യിൽ അടക്കിപ്പിടിച്ചെന്നു വരും. ‘കയ്യടക്ക്’ എന്നാണ് ഈ വിദ്യയ്‌ക്കു പറയാറ്! അങ്ങനെ വന്നാൽ ചെപ്പുതുറക്കുമ്പോൾ ഒരിടത്തും പന്ത് കാണില്ല. അപ്പോൾ മുഴുവൻ പണവും കാക്കാലന്റെ മടിശ്ശീലയിലാകും.
ആദ്യമൊക്കെ കാക്കാലൻ ആളുകളെ ആകർഷിക്കാൻ ചെപ്പിനടിയിൽ പന്തുവെയ്‌ക്കും. പലർക്കും വച്ചതിന്റെ ഇരട്ടി പണം കിട്ടുകയും ചെയ്യും. ഇതു കണ്ട് വെളിച്ചം കണ്ട ഈയാംപാറ്റകളെപ്പോലെ ധാരാളം പേർ കാശുമായി കാക്കാലന്റെ ചുറ്റും കൂടും. കൂടുതൽ പണം വരുമ്പോൾ കാക്കാലൻ കയ്യടക്കുവിദ്യ പ്രയോഗിക്കും. എല്ലാവരുടേയും കാശു നഷ്ടപ്പെടും. കാക്കാലനു മാത്രം ലാഭം.
പലർക്കും കാശുകിട്ടുന്നതു കണ്ടപ്പോൾ കുഞ്ഞുണ്ണിക്കും ‘ചെപ്പും പന്തും’ കളിക്കണമെന്ന് ഒരു പൂതി! കുഞ്ഞുണ്ണി പോക്കറ്റിൽ കിടന്ന രണ്ടണ ചെപ്പിനരികിൽ വച്ചു. ചെപ്പു തുറന്നപ്പോൾ രണ്ടണ പോയി. ഇതോടെ കുഞ്ഞുണ്ണിക്കു വാശിയായി. അടുത്തപ്രാവശ്യം വളരെ ശ്രദ്ധിച്ചു നിന്ന് രണ്ടണ കൂടിവെച്ചു. കഷ്ടം! അതും പോയവഴിയില്ല.
കുഞ്ഞുണ്ണി കാശുവെച്ച് വാശിയിൽ ചെപ്പും പന്തും കളിക്കുന്നത് പരിചയക്കാരായ ചില മുതിർന്നവർ കണ്ടു. അവർ കുഞ്ഞുണ്ണിയെ അവിടെനിന്ന് പിന്തിരിപ്പിച്ചു. ”കുട്ടാ, ഇക്കളി വേണ്ടാട്ടോ! ഇത് കാശുപോണ കളിയാ. വേഗം വീട്ടിലേക്ക് പൊക്കോളൂ.“
കുഞ്ഞുണ്ണി അണ്ടിപോയ അണ്ണാനെപ്പോലെ വീട്ടിലേക്ക് നടന്നു. പിന്നെ ഒരിക്കലും ഇത്തരത്തിലുള്ള കാശുവെച്ചുള്ള കളികളിൽ പങ്കെടുത്തിട്ടില്ല. മുച്ചീട്ടുകളിയും ആനമയിലൊട്ടകവും ഒക്കെ കണ്ടാൽ മുഖം തിരിച്ച് നടന്നുപോകും.
Generated from archived content: kunjunni4.html Author: sippi_pallipuram