തെങ്ങുകൾക്കൊപ്പം മാവും പ്ലാവും കുടപ്പുളിയും അയനിയും കാഞ്ഞിരവുമെല്ലാം തിങ്ങിനിൽക്കുന്ന വലപ്പാട്ടെ അതിമനോഹരമായ ഒരു വളപ്പ്! അതിന്റെ നടുവിൽ മൂന്നുമുറികളും മൂന്ന് ഇടനാഴിയും തളവും അടുക്കളയും രണ്ടിറയവുമുള്ള ഓല മേഞ്ഞ ഒരു വീട്!… അവിടെ 1927 മെയ് 10ന് ഒരു പൊന്നുണ്ണി പിറന്നു; തീരെ വലിപ്പം കുറഞ്ഞ ഒരു കുഞ്ഞുണ്ണി!.
ഉണ്ണിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽക്കാരും ബന്ധുക്കളും പറഞ്ഞുഃ “ഇത്തിരിയില്ലാത്ത ഒരു കുഞ്ഞ്! കരച്ചിൽ കേട്ടിട്ട് മിടുക്കനാണെന്നാ തോന്നുന്നേ”
ഞായപ്പിള്ളി ഇല്ലത്ത് നീലകണ്‌ഠൻ മൂസ്സതായിരുന്നു കുഞ്ഞുണ്ണിയുടെ അച്ഛൻ. അമ്മയോ? അതിയാരത്ത് തേറമ്പിൽ നാരായണി അമ്മ.
അച്ഛൻ നീലകണ്‌ഠൻ മൂസ്സത് പേരുകേട്ട ഒരു സംസ്‌കൃത പണ്ഡിതനും അറിയപ്പെടുന്ന ഒരു നാട്ടുവൈദ്യനുമായിരുന്നു.
തന്റെ ജന്മദേശമായ വലപ്പാടിന്റെ കിടപ്പ് എവിടെയാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കുഞ്ഞുണ്ണി തന്നെ കൃത്യമായി സൂചന നൽകിയിട്ടുണ്ട്… “തൃശൂരിൽ നിന്ന് പതിന്നാലു നാഴിക പടിഞ്ഞാറ്, കൊടുങ്ങല്ലൂരിൽ നിന്ന് പതിന്നാലു നാഴിക വടക്ക്, ഗുരുവായൂരിൽ നിന്ന് പതിന്നാലു നാഴിക തെക്ക് – അവിടെയാണ് ഞാൻ പിറന്നുവീണത്.”
താൻ പിറന്നുവീണ വീടിനെക്കുറിച്ചു പറയാനും കുഞ്ഞുണ്ണി മറന്നിട്ടില്ല. അദ്ദേഹം പറയുന്നു. “ഞാൻ ജനിച്ചു വളർന്നത് തട്ടും ചുമരുമുള്ള ഓലമേഞ്ഞ ഒരിടത്തരം വീട്ടിലാണ്. വലിയ ആധാരപ്പെട്ടിയും ചെറിയ എഴുത്തുപെട്ടിയും നാലുകുഞ്ഞിക്കാലുമുള്ള മുണ്ടുപെട്ടിയും വലിയൊരു പുസ്തക അലമാരിയും തട്ടിൻപുറത്തേക്ക് കയറാൻ മുളംകോണിയുമുള്ള ചെറിയ വീട്!”
ഐശ്വര്യമുള്ള നല്ലൊരു വീടായിരുന്നു അത്. വീടിന്റെ കിഴക്കേമുറ്റത്ത് ഒരു അശോകമരവും കൂവളവും ഒന്നിച്ചു നിൽക്കുന്നുണ്ടായിരുന്നു. അശോകമരത്തിൽ കുലകുലയായി തൂങ്ങിക്കിടക്കുന്ന അശോകത്തളിരുകളിലേക്ക് നോക്കി കുഞ്ഞുണ്ണി ആ ഇളം പ്രായത്തിലും നിർന്നിമേഷനായി നിൽക്കുമായിരുന്നത്രെ. പിറന്നുവീണതിന്റെ ഇരുപത്തിയെട്ടാം ദിവസം അമ്മ കുഞ്ഞുണ്ണിയെ കുളിപ്പിച്ച് തോർത്തി. തേനും വയമ്പും കുഞ്ഞുനാവിൽ തേച്ച് വിദ്യാദേവതയെ ധ്യാനിച്ച്, നിലവിളക്കിനു മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്ന ഇളയമ്മാവന്റെ മടിയിൽ ഇരുത്തി. കൃഷ്ണനെന്നായിരുന്നു ആ അമ്മാവന്റെ പേര്.
കൃഷ്ണമ്മാവൻ ഉണ്ണിയെ കെട്ടിപ്പുണർന്നുകൊണ്ട് പറഞ്ഞു. “നമ്മുടെ വലിയമ്മാവനായ കുഞ്ഞുണ്ണി മാമനെപ്പോലെ ഈ ഇളം പൈതലും മിടുമിടുക്കനായ ഒരു വൈദ്യനായിത്തീരും”. പിന്നെ അദ്ദേഹം ഒരു നിമിഷം പ്രാർത്ഥനയിൽ മുഴുകി. എന്നിട്ടു പറഞ്ഞു. “ഈ ഉണ്ണിക്ക് ഞാൻ വലിയമ്മാവന്റെ പേര് തന്നെ നൽകുന്നുഃ കുഞ്ഞുണ്ണി! ഇവനിത് നന്നായി ചേരും!”
അങ്ങനെയാണ് ആ ഇത്തിരിക്കുഞ്ഞന് ‘കുഞ്ഞുണ്ണി എന്ന പേര് കൈവന്നത്. ആറ്റുനോറ്റുണ്ടായ മകൻ ’പൊട്ട‘നായിപ്പോയല്ലേ എന്ന് അമ്മ സങ്കടപ്പെട്ടിരുന്നത്രെ.
കുഞ്ഞുണ്ണിക്ക് നാലു സഹോദരിമാരും ഒരനുജനുമാണുണ്ടായിരുന്നത്. മൂത്തത് മാധവി ഓപ്പോൾ. പിന്നെ ഭാർഗ്ഗവി ഓപ്പോൾ. അടുത്തത് സീതചേച്ചി, അനുജത്തി രാധ, അനുജൻ രാമൻ. ഇതിൽ കുഞ്ഞുണ്ണിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മാധവി ഓപ്പോളേം സീതചേച്ചിയേയും ആയിരുന്നു.
Generated from archived content: kunjunni2.html Author: sippi_pallipuram