ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണിയുണ്ടായിരുന്നു.
വളരെ പണ്ടൊന്നുമല്ല; അടുത്ത ദിവസം വരെ ഈ കുഞ്ഞുണ്ണി നമ്മോട് ഒപ്പമുണ്ടായിരുന്നു. കുഞ്ഞുങ്ങളോട് കഥ പറഞ്ഞും പാട്ടുപാടിയും മൊഴിമുത്തുകൾ ചൊല്ലിയും മലയാളികൾ പാർക്കുന്നിടത്തെല്ലാം കുഞ്ഞുണ്ണി പാറി നടന്നു. കണങ്കാൽ മറയാത്ത ചെറിയൊരു ഒറ്റമുണ്ടും മുറിക്കൈയ്യൻ പരുത്തിക്കുപ്പായവുമിട്ട് നടന്നുനീങ്ങുന്ന ആ ‘ചെറിയ വലിയ’ മനുഷ്യനെ ആർക്കാണ് മറക്കാനാവുക.
എന്നിട്ട് കുഞ്ഞുണ്ണി എവിടെപ്പോയി?
ഭൂമിയിലെ കുഞ്ഞുങ്ങളെ വിട്ട് അദ്ദേഹം സ്വർഗ്ഗത്തിലെ കുഞ്ഞുങ്ങളെ തേടിപ്പോയി!…. ‘ഹയ്യോ കഷ്ടം’ എന്നു പറഞ്ഞിട്ടെന്താ കാര്യം? അവിടെയും വേണ്ടേ ഒരു കുഞ്ഞുണ്ണി? നമുക്ക് വേണ്ടി അനേകം മയിൽപ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും കുറുംകവിതകളും മിഠായിപ്പാട്ടുകളുമൊക്കെ കരുതിവച്ചിട്ടാണ് കുഞ്ഞുണ്ണി പോയത്!
ഞാൻ നിങ്ങൾക്ക് കുഞ്ഞുണ്ണിയുടെ കഥ പറഞ്ഞു തരാം.
നാറാണത്ത് ഭ്രാന്തന്റെ കഥപോലെ
കടമറ്റത്ത് കത്തനാരുടെ കഥ പോലെ
ഉളിയന്നൂർ പെരുന്തച്ചന്റെ കഥ പോലെ കേൾക്കാൻ കൗതുകവും രസവുമുള്ള കഥ! പക്ഷേ ഇതൊരു ഐതിഹ്യ കഥയല്ല. പിന്നെയോ?
നമ്മോടൊപ്പം ജീവിച്ച നമ്മുടെ സ്വന്തം കുഞ്ഞുണ്ണിയുടെ കഥ. 2006 മാർച്ച് 26ന് ഞായറാഴ്‌ച നമ്മോട് യാത്ര പറഞ്ഞ മലയാളത്തിന്റെ പ്രിയങ്കരനായ കവി കുഞ്ഞുണ്ണിമാസ്‌റ്ററുടെ കഥ. ഇതാ കേട്ടോളൂ…
(തുടരും)
Generated from archived content: kunjunni1.html Author: sippi_pallipuram