‘പടപട-ചടപട’ വീടൊട്ടുക്കും
നൂറുപടക്കം പൊട്ടട്ടെ.
‘ടെട്ടെട്ടെട്ടേ’ – നാടൊട്ടുക്കും
ഏറുപടക്കം പൊട്ടട്ടെ!
വിഷു വിഷു-നമ്മുടെ മുറ്റത്തെങ്ങും
പൊൻവിഷു നൃത്തം വയ്‌ക്കട്ടെ.
ലാത്തിരി പൂത്തിരി കത്തിച്ചെങ്ങും
കുട്ടികളാർത്തു ചിരിക്കട്ടെ!
കണി കണി – പൂക്കണി- മേടവിഷുക്കണി
കണ്ണിനു കൗതുകമേകട്ടെ.
മോടിയിലങ്ങനെ മാളോരെല്ലാം
കോടിയുടുത്തു രസിക്കട്ടെ!
കനി കനി – മാങ്കനി-തേങ്കനിയൊത്തിരി
കുട്ടകൾതോറും നിറയട്ടെ.
കൊന്നപ്പൂവും കണിവെളളരിയും
കരളിൽ തേന്മഴ ചൊരിയട്ടെ!
വിഷു വിഷു-നമ്മുടെ മുറ്റത്തെങ്ങും
പൊൻവിഷു നൃത്തം വയ്‌ക്കട്ടെ.
ഐശ്വര്യത്തിൻ പൊന്മയിൽ വീണ്ടും
നീലപ്പീലി വിരുത്തട്ടെ!
Generated from archived content: konnapoov.html Author: sippi_pallipuram