കൊക്കരം കൊക്കരം കോഴിക്കുഞ്ഞ്
——————————
കൊച്ചീൽ കുഴിച്ചിട്ടു
കൊടുങ്ങല്ലൂർ വേരോടി
കൊല്ലത്തു മുളച്ചൊരു ചെഞ്ചീര!
ചെഞ്ചീരനുളളുവാൻ
ഞാനവിടെ ചെന്നപ്പം
കണ്ടതു നീല വഴുതനങ്ങ!
പറിച്ചപ്പോൾ പാവയ്‌ക്ക
അരിഞ്ഞപ്പോൾ കോവയ്‌ക്ക
ചട്ടിയിലിട്ടപ്പം കൊത്തച്ചക്ക!
ചക്കമുറിക്കുവാൻ
ഞാനവിടെ ചെന്നപ്പം
കൊണ്ടോന്നു വച്ചതു ചാമക്കഞ്ഞി!
കഞ്ഞി കുടിച്ചങ്ങ്
കുമ്പ നിറഞ്ഞപ്പം
വായിൽത്തടഞ്ഞതു കട്ടുറുമ്പ്!
കട്ടുറമ്പേത്തട്ടി
കൊട്ടയിലിട്ടപ്പം
കൊക്കരം കൊക്കരം
കോഴിക്കുഞ്ഞ്!
ആ അരിവാൾ എവിടെപ്പോയെടി
—————————
ആ അരിവാളെവിടെപ്പോയെടി
മരുതങ്കോടിപ്പൊന്നമ്മേ?
ആ അരിവാളല്ലേയിന്നലെ
ചാമ കൊയ്യാൻ പോയീത്
ആ ചാമയെവിടെപ്പൊയെടി
മരിതങ്കോടിപ്പൊന്നമ്മേ?
ആ ചാമയല്ലേയിന്നലെ
കുത്തിക്കഞ്ഞി വച്ചീത്
ആ കഞ്ഞിയെവിടെപ്പോയെടി
മരുതങ്കോടിപ്പൊന്നമ്മേ?
ആ കഞ്ഞിയല്ലേയിന്നലെ
കൂളൻകുട്ടി കുടിച്ചത്
ആ കൂളനെവിടെപ്പോയെടി
മരുതങ്കോടിപ്പൊന്നമ്മേ?
ആ കൂളനല്ലേയിന്നലെ
തൂറ്റിപ്പാറ്റിച്ചത്തീത്
ആ ചാണകമെവിടെപ്പോയെടി
മരുതങ്കോടിപ്പൊന്നമ്മേ?
ആ ചാണകമല്ലേയിന്നലെ
അമ്പലമുറ്റം മെഴുകീത്
ആ അരിവാളെവിടെപ്പോയെടി
മരുതങ്കോടിപ്പൊന്നമ്മേ?
ആ അരിവാളല്ലേയിന്നലെ
ചാമകൊയ്യാൻ പോയീത്
Generated from archived content: kokkaram.html Author: sippi_pallipuram