കീരി-കീരി-കിണ്ണം താ
കീരി കീരി കിണ്ണം താ
കിണ്ണത്തിലിട്ട് കിലുക്കിത്താ!…
കല്ലും മുളളും നീക്കിത്താ
കല്ലായിപ്പാലം കടത്തിത്താ!…
മുല്ലപ്പൂക്കള് നുളളിത്താ
മല്ലിപ്പൂക്കള് ചൂടിത്താ
പാക്കഞ്ഞിയിത്തിരി കോരിത്താ
തേങ്ങാപ്പൂളു നുറുക്കിത്താ!
നുറുക്കിത്താ!.. നുറുക്കിത്താ!..
ചക്കക്കുരുവിന്റെ ഗതികേട്
ചങ്കരൻ പിളളയ്‌ക്കു
മക്കളില്ലാഞ്ഞിട്ട്
ചക്കക്കുരുവിനെ ദത്തെടുത്തു
ചങ്കരൻ പിളളയ്‌ക്കു
മക്കളുണ്ടായപ്പം
ചക്കക്കുരുവിനെ ചുട്ടുതിന്നു!
കൊക്കരം കൊക്കരം കോഴിക്കുഞ്ഞ്
കൊച്ചീൽ കുഴിച്ചിട്ടു
കൊടുങ്ങല്ലൂർ വേരോടി
കൊല്ലത്തു മുളച്ചൊരു ചെഞ്ചീര!
ചെഞ്ചീരനുളളുവാൻ
ഞാനവിടെ ചെന്നപ്പം
കണ്ടതു നീല വഴുതനങ്ങ!
പറിച്ചപ്പോൾ പാവയ്‌ക്ക
അരിഞ്ഞപ്പോൾ കോവയ്‌ക്ക
ചട്ടിയിലിട്ടപ്പം കൊത്തച്ചക്ക!
ചക്കമുറിക്കുവാൻ
ഞാനവിടെ ചെന്നപ്പം
കൊണ്ടോന്നു വച്ചതു ചാമക്കഞ്ഞി!
കഞ്ഞി കുടിച്ചങ്ങ്
കുമ്പ നിറഞ്ഞപ്പം
വായിൽത്തടഞ്ഞതു കട്ടുറുമ്പ്!
കട്ടുറമ്പേത്തട്ടി
കൊട്ടയിലിട്ടപ്പം
കൊക്കരം കൊക്കരം
കോഴിക്കുഞ്ഞ്!
Generated from archived content: keeri_keeri.html Author: sippi_pallipuram
ഞങ്ങൾക്ക് ക്ലാസ്സ് മുറികളിൽ കഥകൾ പറഞ്ഞു തന്ന ഗുരുനാഥൻ. പിന്നീട് എഴുത്തിലേക്ക് ഞാൻ കടന്നു വന്നതിൻ്റെയും വേരുകൾ സിപ്പിസാറിൻ്റെ ക്ലാസ്സ് മുറികളിൽ നിന്നായിരിക്കും.
സ്നേഹം മാഷേ ..