കിട്ടപ്പനൊട്ടകത്തിന്റെ ഇളയ മകനായിരുന്നു കോലപ്പനുണ്ണി. കോലുപോലെ നീണ്ട കഴുത്തും തോട്ടിപോലെ നീണ്ട കാലുകളുമുണ്ടായിരുന്നതുകൊണ്ടാണ് അവന് നാട്ടുകാരും വീട്ടുകാരും കോലപ്പനുണ്ണി എന്നു പേരിട്ടത്.
കോലപ്പനുണ്ണി വലിയ പൊങ്ങച്ചക്കാരനും പോക്കിരിയുമായിരുന്നു. കാട്ടിലെ ഏറ്റവും വലിയ മൃഗം താനാണെന്ന് അവൻ അഹങ്കരിച്ചു. മൃഗരാജാവായ കേസരിത്തമ്പുരാനും കരിമലപോലെ കറുത്തു തടിച്ച കാട്ടുകൊമ്പനുമെല്ലാം തന്റെ വേലക്കാർ മാത്രമാണെന്ന് അവൻ വീമ്പടിച്ചു നടന്നു.
കാടുവാഴുന്ന കേസരിത്തമ്പുരാൻ ഒരു ദിവസം അവന്റെ വീടിന്റെ സമീപത്തുകൂടി കടന്നുപോയി. അപ്പോൾ കോലപ്പനുണ്ണി പുച്ഛത്തോടെ പറഞ്ഞുഃ
“എടാ സിംഹപ്പയലേ, എന്റെ കാലു നക്കാനുളള യോഗ്യത നിനക്കില്ല. ഇനിമേൽ നീയല്ല; ഞാനാണിവിടത്തെ മഹാരാജാവ്!”
“പോടാ കോലുനാരായണാ!….കോലുപോലെ കഴുത്തുണ്ടെന്നു വച്ച് നീയെങ്ങനെ മഹാരാജാവാകും? മണ്ടൂസൻ; മരമണ്ടൂസൻ!”
കേസരിത്തമ്പുരാൻ ഗമയിൽ നടന്നുനീങ്ങി.
കാടുകുലുക്കുന്ന ഒറ്റക്കൊമ്പൻ കുട്ടിത്തേവൻ ഒരു ദിവസം അവന്റെ മേച്ചിൽ സ്ഥലത്തുകൂടി കടന്നുപോയി. അപ്പോൾ കോലപ്പനുണ്ണി പുച്ഛത്തോടെ പറഞ്ഞുഃ
“എടാ കാട്ടുകറുമ്പാ, എന്റെ വാലിൽ കെട്ടാനുളള യോഗ്യത നിനക്കില്ല. ഇനിമേൽ നീയല്ല; ഞാനാണ് ഇവിടത്തെ ഏറ്റവും വലിയ മൃഗം!”
“പോടാ പൊങ്ങച്ചക്കാരാ!……തോട്ടിപോലെ കാലുണ്ടെന്നു വച്ച് നീയെങ്ങനെ ഏറ്റവും വലിയ മൃഗമാകും? പോക്കിരി; ഗജപോക്കിരി!” കുട്ടിത്തേവൻ കൊമ്പുംകുലുക്കി നടന്നു നീങ്ങി.
നീളൻ കഴുത്തുളള ജിറാഫമ്മാവൻ ഒരു ദിവസം അവന്റെ കളിസ്ഥലത്തുകൂടി നടന്നുപോയി. അപ്പോൾ കോലപ്പനുണ്ണി പുച്ഛത്തോടെ പറഞ്ഞുഃ
“എടാ കോലംകെട്ടവനേ, എന്റെ തോളൊപ്പം നിൽക്കാനുളള യോഗ്യത നിനക്കില്ല. ഇനിമേൽ നീയല്ല; ഞാനാണ് ഏറ്റവും പൊക്കം കൂടിയ മൃഗം!”
“പോടാ കോഴിക്കാലാ, പാമ്പുപോലെ കഴുത്തുണ്ടെന്നു വച്ച് നീയെങ്ങനെ പൊക്കംകൂടിയ മൃഗമാവും? വിഡ്‌ഢീ, സുന്ദരവിഡ്‌ഢീ!”ജിറാഫമ്മാവൻ കൂസലില്ലാതെ നടന്നുനീങ്ങി.
ഇതെല്ലാം കേട്ടപ്പോൾ തനിക്കിനിയും പൊക്കംപോരെന്ന് കോലപ്പനുണ്ണിക്ക് തോന്നി. ആകാശംമുട്ടുന്ന പൊക്കമുണ്ടെങ്കിൽ തന്നെ എല്ലാവരും ഭയപ്പെടുമെന്നും രാജാവാക്കുമെന്നും അവൻ മോഹിച്ചു.
ആകാശത്തോളം പൊക്കമുണ്ടാകുവാൻ കോലപ്പനുണ്ണി ആരിയങ്കാവിലെ മലങ്കാളിയപ്പന്റെ തിരുനടയിൽ ചെന്നു പ്രാർത്ഥിച്ചുഃ
“മലങ്കാളിയപ്പാ, പെരുങ്കാളിയപ്പാ അടിയന്റെ മുന്നിൽ തൃക്കണ്ണു തുറക്കണേ.”
പെട്ടെന്ന് മലങ്കാളിയപ്പൻ പ്രത്യക്ഷപ്പെട്ടു. കോലപ്പനുണ്ണി മലങ്കാളിയപ്പന്റെ തൃപ്പാദങ്ങളിൽ കെട്ടിവീണു. അവന്റെ കവിളിൽ തഴുകിക്കൊണ്ട് മലങ്കാളിയപ്പൻ ചോദിച്ചുഃ
“കോലപ്പനുണ്ണീ ചെറുമകനേ!….നിനക്ക് എന്താണാവശ്യം?”
“അടിയന്റെ കഴുത്തിനു നീളം പോരാ. ആകാശംമുട്ടെ പൊക്കമുണ്ടെങ്കിൽ അടിയനെ എല്ലാ മൃഗങ്ങളും കൂടുതൽ ഇഷ്‌ടപ്പെടും.” കോലപ്പനുണ്ണി അറിയിച്ചുഃ
“മകനേ, മണ്ടച്ചാരേ, തലപ്പൊക്കം കൊണ്ടു യാതൊരു കാര്യവുമില്ല. പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടുമാണ് മറ്റുളളവർ നമ്മെ ഇഷ്‌ടപ്പെടുന്നത്.” മലങ്കാളിയപ്പൻ ഉപദേശിച്ചു.
പക്ഷേ ഉപദേശംകൊണ്ടൊന്നും കോലപ്പനുണ്ണി അടങ്ങിയില്ല. തനിക്ക് ആകാശത്തോളം ഉയരമുണ്ടാവണമെന്ന് അവൻ വീണ്ടും നിർബന്ധിച്ചു. അപ്പോൾ മലങ്കാളിയപ്പൻ ഊറിച്ചിരിച്ചു.
“ശരി, നിന്റെ ആഗ്രഹം സാധിക്കട്ടെ. നിന്റെ കഴുത്ത് ആകാശംമുട്ടെ വളർന്നു വലുതാവട്ടെ!” മലങ്കാളിയപ്പൻ അവന്റെ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചു.
പിറ്റേന്നു മുതൽ കോലപ്പനുണ്ണിയുടെ കഴുത്ത് നീളാൻ തുടങ്ങി. കുറെ ദിവസം കൊണ്ട് അത് ആകാശംമുട്ടെ വളർന്നു.
കോലപ്പനുണ്ണി സന്തോഷംകൊണ്ടു തുളളിച്ചാടി. അവന്റെ അഹങ്കാരം ഒന്നുകൂടി വർദ്ധിച്ചു. എല്ലാ കാട്ടുമൃഗങ്ങളും ഇനിമേൽ തന്നെ ഭയപ്പെട്ടു ജീവിച്ചുകൊളളുമെന്ന് അവനു തോന്നി.
നീണ്ട കഴുത്തു കിട്ടിയതോടെ കോലപ്പനുണ്ണി കാട്ടിലെ സാധുമൃഗങ്ങളെയെല്ലാം ഭയപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി.
കാട്ടിൽ പുല്ല് തിന്നാൻ വന്ന ചെമ്പൻ കാട്ടുപോത്തിനെ കോലപ്പനുണ്ണി കാലുകൊണ്ട് തട്ടിയെറിഞ്ഞു.
കാട്ടുപുഴയിൽ വെളളം കുടിക്കാൻ വന്ന മാത്തൻ കുതിരയെ അവൻ കഴുത്തുകൊണ്ടു തട്ടി വെളളത്തിലേക്കിട്ടു.
ചുമടും ചുമന്ന് വഴിയെപോയ പങ്കൻ കഴുതയുടെ ചെവി രണ്ടും അവൻ കടിച്ചെടുത്തു.
ഇതോടെ മൃഗങ്ങളെല്ലാം പേടിച്ചു വീടുകളിൽനിന്ന് പുറത്തിറങ്ങാതായി. വമ്പനും കൊമ്പനുമായ കാട്ടാനപോലും കാട്ടുപൊന്തയിൽ ഒളിച്ചുകഴിഞ്ഞു. സാക്ഷാൽ കേസരിത്തമ്പുരാൻപോലും കൊട്ടാരത്തിനു വെളിയിലിറങ്ങാൻ ഭയപ്പെട്ടു.
കാട്ടിലെ മഹാരാജാവ് താനാണെന്നും ഇനിമേൽ തന്നെ എല്ലാവരും വണങ്ങിക്കൊളളണമെന്നും കോലപ്പനുണ്ണി അറിയിച്ചു. കാട്ടിലെങ്ങും ആട്ടവും അനക്കവും ഇല്ലാതായി. കോലപ്പനുണ്ണിയുടെ ഉപദ്രവംകൊണ്ടു മൃഗങ്ങൾക്കെല്ലാം പൊറുതിമുട്ടി.
പെട്ടെന്നാണ് മഴക്കാലം വന്നത്. തുടികൊട്ടുംപോലെ ഇടിമുഴങ്ങി. കണ്ണു മയക്കുംപോലെ ഇടിവാൾ മിന്നി. ‘ശർറോ’യെന്ന് മഴ പെയ്യാൻ തുടങ്ങി.
കോരിച്ചൊരിയുന്ന പെരുംമഴ സഹിക്കാനാവാതെ ആടും മാടും മാനും മുയലും കുതിരയും കഴുതയും ആനയും പുലിയും സിംഹവുമെല്ലാം അവരവരുടെ വീടുകളിൽ വാതിലടച്ചു കഴിഞ്ഞുകൂടി.
എന്നാൽ കോലപ്പനുണ്ണിക്ക് കയറിയിരിക്കാൻ പറ്റിയ ഒരൊറ്റ വീടുപോലും അവിടെ ഉണ്ടായിരുന്നില്ല. മഴകൊണ്ട് അവൻ നനഞ്ഞു വിറയ്‌ക്കാൻ തുടങ്ങി.
എവിടെയെങ്കിലും വേഗം കയറിപ്പറ്റിയില്ലെങ്കിൽ താൻ തണുത്തു വിറച്ചു ചാകുമെന്ന് കോലപ്പനുണ്ണിക്ക് മനസ്സിലായി. പക്ഷേ, ആകാശത്തോളം പൊക്കമുളള തനിക്ക് എവിടെയാണ് കയറിയിരിക്കാൻ കഴിയുക? അവൻ വല്ലാതെ കുഴങ്ങി.
കാടായ കാടും മലയായ മലയും മുഴുവൻ അലഞ്ഞുതിരിഞ്ഞു. പറ്റിയ ഒരിടംപോലും അവന് കണ്ടെത്താൻ കഴിഞ്ഞില്ല.
തന്റെ പഴയ പൊക്കം തിരിച്ചുകിട്ടിയെങ്കിൽ എത്ര നന്നായിരുന്നുവെന്ന് കോലപ്പനുണ്ണിക്കു തോന്നി. അവൻ സങ്കടംകൊണ്ട് മോങ്ങാൻ തുടങ്ങി.
ഒടുവിൽ നരിനിരങ്ങിമലയുടെ ഒരു ഭാഗത്തായി ആഴമുളള ഒരു ഗുഹ അവൻ കണ്ടുപിടിച്ചു. പക്ഷേ അതിൽ കഴുത്തു മാത്രമേ ഒതുങ്ങുകയുളളുവെന്ന് അവന് ബോദ്ധ്യമായി.
കഴുത്തുമാത്രം ഗുഹയിൽ കടത്തി ബാക്കിഭാഗം വെളിക്കുവെക്കാമെന്ന് കോലപ്പനുണ്ണി വിചാരിച്ചു.
തണുത്തു മരവിച്ച തലയും കഴുത്തും കോലപ്പനുണ്ണി വെപ്രാളത്തോടെ ഗുഹയ്‌ക്കകത്തേക്കു തിരുകിവെച്ചു. ശരീരം മുഴുവൻ ഗുഹയ്‌ക്കു പുറത്തുവച്ച് അവൻ വീർപ്പുമുട്ടി കിടന്നു.
രണ്ടുമൂന്നു ദിവസത്തിനകം മഴ നിൽക്കുമെന്നും അപ്പോൾ മാളത്തിൽ നിന്നും തല പുറത്തേക്കു വലിക്കാമെന്നുമായിരുന്നു കോലപ്പനുണ്ണിയുടെ കണക്കുകൂട്ടൽ.
എന്നാൽ ആ ഗുഹയ്‌ക്കകത്ത് ചെന്നായ്‌ക്കളുടെ രാജാവായ കിടുങ്ങൻചെന്നായ പാർക്കുന്നുണ്ടായിരുന്നു. തീറ്റയൊന്നും കിട്ടാതെ അവൻ ഗുഹയിൽ വിശന്നു പൊരിഞ്ഞ് കഴിഞ്ഞുകൂടുകയായിരുന്നു.
അപ്പോഴാണ് ഏതോ ഒരു വലിയ ജീവിയുടെ തല തന്റെ മാളത്തിൽ കടന്നിരിക്കുന്നതായി അവൻ കണ്ടത്. ആദ്യം കിടുങ്ങൻ ചെന്നായ്‌ക്ക് വലിയ ഭയം തോന്നി. എങ്കിലും സൂക്ഷിച്ചുനോക്കിയപ്പോൾ അത് കോലപ്പനുണ്ണിയുടെ തലയാണെന്ന് അവന് ഉറപ്പായി.
ഇതുതന്നെ തക്കമെന്നു കണ്ട് കിടുങ്ങൻ ചെന്നായ പങ്ങിപ്പങ്ങി ചെന്ന് കോലപ്പനുണ്ണിയുടെ തല കടിച്ചു വലിക്കാൻ തുടങ്ങി. കടിയേറ്റ് കോലപ്പനുണ്ണി വല്ലാതെ പുളഞ്ഞു. എങ്കിലും മാളത്തിൽ നിന്ന് എളുപ്പത്തിൽ തല പുറത്തേക്കു വലിക്കാൻ കഴിഞ്ഞില്ല.
കുറെ സമയംകൊണ്ട് കിടുങ്ങൻ ചെന്നായ കോലപ്പനുണ്ണിയുടെ തലയും കഴുത്തും മുഴുവൻ കടിച്ചു തിന്ന് തീർത്തു.
മഴമാറി പുറത്തിറങ്ങിയ മൃഗങ്ങൾ ചത്തു മലച്ചു കിടക്കുന്ന കോലപ്പനുണ്ണിയെയാണ് കണ്ടത്. അവർ തമ്മിൽ തമ്മിൽ പറഞ്ഞുഃ
“പൊക്കവും പൊങ്ങച്ചവും വരുത്തിവെച്ച വിന!……..അഹങ്കാരത്തിന് കൂമ്പില്ല!…..”
Generated from archived content: kattukatha_sep24.html Author: sippi_pallipuram