തേൻമുരുകനും ഭൂതങ്ങളും

തേൻമുരുകൻ എന്നും രാവിലെ കാട്ടിൽപ്പോയി ഈറ്റത്തണ്ടും മുളയും മുറിച്ചു കൊണ്ടുവരും. തേൻമുരുകന്റെ അമ്മ അതുകൊണ്ടു കുട്ടയും വട്ടിയും മുറവും മറ്റും നെയ്തുണ്ടാക്കും. തേൻമുരുകൻ കുട്ടയും വട്ടിയും കെട്ടിച്ചുമന്നു കോട്ടപ്പുറം ചന്തയിലേക്കോ കോട്ടയ്‌ക്കലങ്ങാടിയിലേക്കോ പോകും. അവൻ ഉറക്കെ വിളിച്ചു പറയുന്നതു കേൾക്കാൻ നല്ല രസമാണ്‌ഃ

“കുട്ട വേണോ നല്ല കുട്ട വേണോ

കോഴിയെ മൂടുന്ന കുട്ട വേണോ?

വട്ടി വേണോ നല്ല വട്ടിവേണോ

കണ്ടാൽ കൊതിക്കുന്ന വട്ടി വേണോ?

പുതുമുറം പൂമുറം പലതുവേണോ

പൂനുളളാൻ പറ്റിയ കൂട വേണോ?

കുട്ടിയെ ചാഞ്ചാട്ടും തൊട്ടിൽ വേണോ

ചേലെഴും ചാഞ്ചാട്ടു തൊട്ടിൽ വേണോ?”

തേൻമുരുകന്റെ പാട്ടു കേട്ടാൽ നാട്ടാരെല്ലാം വട്ടം കൂടും. കുട്ടയും തൊട്ടിയും മുറവുമൊക്കെ ഇത്തിരി നേരം കൊണ്ടു വിറ്റുതീരും. ഇതായിരുന്നു പതിവ്‌.

കുറെനാൾ കഴിഞ്ഞപ്പോൾ കാട്ടിലെ ഈറ്റയും മുളയുമെല്ലാം തീർന്നു. കുട്ടയും വട്ടിയും നെയ്യാൻ കഴിയാതെ തേൻമുരുകനും അമ്മയും പട്ടിണിയായി.

ഒരുദിവസം തേൻമുരുകൻ അമ്മയോടു പറഞ്ഞുഃ

“ദൂരത്തു ദൂരത്തു താഴ്‌വരയിൽ

ഈറ്റ വളരുന്ന കാടു കാണും

അവിടെ ഞാൻ പോയിട്ടു വന്നിടാമേ.”

ഇതുകേട്ട്‌ അമ്മ സങ്കടത്തോടെ പറഞ്ഞുഃ

“അവിടേക്കു പോകേണ്ട പൊന്മകനേ

പുലിയെങ്ങാൻ നിന്നെ വിഴുങ്ങിയാലോ?

അകലത്തു പോകേണ്ട പൊന്മകനേ

ഭൂതങ്ങൾ നിന്നെ വിഴുങ്ങിയാലോ?”

പുലി വരുമെന്നു കേട്ടിട്ടും ഭൂതം വിഴുങ്ങുമെന്നു കേട്ടിട്ടും തേൻമുരുകനു പേടി തോന്നിയില്ല. അവൻ അമ്മയെ ധൈര്യപ്പെടുത്തി.

“പുലിയെങ്ങാൻ വായും പിളർന്നു വന്നാൽ

തലവെട്ടി കാട്ടിലെറിഞ്ഞിടാം ഞാൻ

ഭൂതങ്ങളെങ്ങാനും പാഞ്ഞുവന്നാൽ

കുഴികുത്തിയാഴത്തിൽ മൂടിടാം ഞാൻ!”

തേൻമുരുകന്റെ ചുണയും ധൈര്യവും കണ്ട്‌ അമ്മ അവനെ ഈറ്റവെട്ടാൻ പോകാൻ അനുവദിച്ചു.

കാച്ചിമിനുക്കിയ കോടാലിയുമായി പിറ്റേന്നു രാവിലെ തേൻമുരുകൻ അകലെയുളള താഴ്‌വരയിലേക്കു യാത്രയായി. പോകുമ്പോൾ ഇടയ്‌ക്കു കൊറിക്കാനായി കുറെ പുളിങ്കുരുവറുത്തതും അമ്മ അവന്റെ കീശയിലിട്ടു കൊടുത്തു.

കാട്ടാറുകളുടെ പാട്ടുകേട്ടും കാട്ടുകിളികളുടെ കൊഞ്ചൽകേട്ടും അവൻ വൈകുന്നേരമായപ്പോഴേക്കും അകലെയുളള ഈറ്റക്കാടിന്റെ അരികിലെത്തി. അവിടെ ധാരാളം മഞ്ഞമുളകളും ഈറ്റച്ചെടികളും തിങ്ങിനിറഞ്ഞു നിന്നിരുന്നു.

തേൻമുരുകൻ വേഗത്തിൽ കുറെ ഈറ്റത്തണ്ടും മുളന്തണ്ടും വെട്ടിയെടുത്തു കെട്ടിവച്ചു. പക്ഷേ അപ്പോഴേക്കും നേരം സന്ധ്യയായിക്കഴിഞ്ഞിരുന്നു.

എങ്കിലും കെട്ടു തലയിലേറ്റിക്കൊണ്ട്‌ തേൻമുരുകൻ കാട്ടുവഴിയിലൂടെ കുറെദൂരം നടന്നു. പിന്നെ മുന്നോട്ടു പോകാൻ വിഷമമായി. എങ്ങും കൂരിരുട്ട്‌!

ഇനി യാത്ര തുടരുന്നത്‌ നല്ലതല്ലെന്നു തേൻമുരുകനു തോന്നി. അവൻ തൊട്ടടുത്തുകണ്ട ഒരു പഴകിപ്പൊളിഞ്ഞ വീടിനുളളിൽ കയറി തട്ടിൻപുറത്ത്‌ ഒളിച്ചു.

പാതിരയായപ്പോൾ വീടിനകത്തേക്ക്‌ ആരൊക്കെയോ വരുന്നതായി തേൻമുരുകനു തോന്നി. അവൻ പതുക്കെ തലയെത്തിച്ചു നോക്കി. വെളുത്ത കൊമ്പുളള അഞ്ചു കരിംഭൂതങ്ങളായിരുന്നു അവിടേക്കു വന്നത്‌.

അതിൽ ഒരു ഭൂതത്തിന്റെ തലയിൽ ഒരു സ്വർണ്ണക്കിരീടമുണ്ടായിരുന്നു. അതു ഭൂതത്തലവനാണെന്നു തേൻമുരുകൻ മനസ്സിലാക്കി.

ഭൂതങ്ങൾ ലോകസഞ്ചാരം കഴിഞ്ഞു വന്നു വിശ്രമിക്കുന്ന ഒരു താവളമായിരുന്നു അത്‌. അവർ താഴെ വട്ടമിട്ടിരുന്ന്‌ ഓരോരോ തമാശകൾ പറഞ്ഞ്‌ ചിരിക്കാൻ തുടങ്ങി. അപ്പോൾ ഒരു കുട്ടിഭൂതം പറഞ്ഞുഃ

“നേരം വെളുക്കാറായ്‌ തമ്പുരാനേ

ഏറെ വിശക്കുന്നു തമ്പുരാനേ

വല്ലതും തിന്നാനൊരുക്കിയാട്ടെ

വേണ്ടതു നന്നായൊരുക്കിയാട്ടെ.”

ഇതുകേട്ടു ഭൂതത്തലവൻ തന്റെ അരയിൽ കൊളുത്തിയിട്ടിരുന്ന ഒരു താക്കോൽക്കൂട്ടമെടുത്ത്‌ കുലുക്കിയിട്ടു പറഞ്ഞുഃ

“ഓംകിരി കീങ്കിരി താക്കോലേ!..

ചോറുതാ ചോറുതാ താക്കോലേ!….

കാംകൃതി കൂംകൃതി താക്കോലേ

കറിയും കൊണ്ടോടിവാ താക്കോലേ!…..”

ഇതു പറഞ്ഞയുടനെ അവരുടെ മുന്നിൽ അഞ്ചു വലിയ തളികകൾ നിറയെ ചോറും പലതരം കറികളും നിരന്നിരിക്കുന്നതാണു തേൻമുരുകൻ കണ്ടത്‌. അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു.

ഭൂതങ്ങൾ ആർത്തിയോടെ ചോറും കറികളും വാരിത്തിന്നാൻ തുടങ്ങി. ഇതുകണ്ടു തേൻമുരുകന്റെ വായിൽ വെളളം നിറഞ്ഞു.

തനിക്കു തിന്നാൻ ഒന്നുമില്ലല്ലോ എന്നോർത്ത്‌ അവനു സങ്കടം തോന്നി. അപ്പോഴാണ്‌ അമ്മ തന്റെ കീശയിൽ ഇട്ടിരുന്ന പുളിങ്കുരുവിന്റെ കാര്യം അവന്‌ ഓർമവന്നത്‌. അവൻ തന്റെ കീശയിൽ നിന്ന്‌ അഞ്ചാറു പുളിങ്കുരുവെടുത്തു വായിലിട്ടു ‘കടുമുടാ’യെന്നു കടിക്കാൻ തുടങ്ങി.

ഓർക്കാപ്പുറത്തുളള ‘കടുമുടാ“ശബ്‌ദം കേട്ടു ഭൂതങ്ങൾ ഞെട്ടിവിറച്ചു. ഭൂതത്തലവൻ പറഞ്ഞുഃ

”മേൽക്കൂര വീഴുന്നേ കൂട്ടുകാരേ

ഓടി മറഞ്ഞോളൂ കൂട്ടുകാരേ

ചങ്കു പൊടിയുന്നേ കൂട്ടുകാരേ

വെക്കം കടന്നോളൂ കൂട്ടുകാരേ!“

ഇതു കേട്ടപാടെ ഭൂതങ്ങൾ ’അയ്യോ ചത്തേ അയ്യപ്പൻ ചത്തേ‘ എന്ന്‌ ഉറക്കെ കരഞ്ഞുകൊണ്ടു വാലും ചുരുട്ടി ’ധടുപടു‘വെന്നൊരോട്ടം!……

ഇതുകണ്ടു തേൻമുരുകൻ ചിരിച്ചു. അവൻ താഴെയിറങ്ങി. അപ്പോഴാണ്‌ ഭൂതത്തലവന്റെ കൈയിലിരുന്ന താക്കോൽക്കൂട്ടം താഴെക്കിടന്നു ചിരിക്കുന്നത്‌ അവൻ കണ്ടത്‌.

തേൻമുരുകൻ അതു കൈയിലെടുത്തു കിലുക്കിയിട്ടു പറഞ്ഞുഃ

”ഓംകിരി കീങ്കിരി താക്കോലേ

ഒരു പട്ടുടുപ്പുതാ താക്കോലേ

കാംകൃതി കുംകൃതി താക്കോലേ

ഒരു ജോടി ’ഷൂസു‘താ താക്കോലേ!…“

ഇതു പറഞ്ഞു തീരേണ്ട താമസം തേൻമുരുകനു ’പളപളെ‘ മിന്നുന്ന ഒരു പട്ടുടുപ്പും മിനുമിനെ മിന്നുന്ന ഒരു ജോടി ഷൂസും കിട്ടി.

പിറ്റേന്നു രാവിലെ തേൻമുരുകൻ ഒരു രാജകുമാരന്റെ ഗമയിൽ തന്റെ കുടിലിലേക്കു യാത്രയായി.

തലേന്നു കാട്ടിലേക്കു പോയ പുന്നാരമകനെ കാണാതെ അമ്മ വിഷമിച്ചിരിക്കുകയായിരുന്നു. അവൻ വല്ല പുലിവായിലും കുടുങ്ങിയോ എന്നു ഭയന്ന്‌ ആ പാവം വാവിട്ടു കരഞ്ഞു.

ഈ സമയത്താണു പളപളാ മിന്നുന്ന പട്ടുടുപ്പുമിട്ടു മകൻ സന്തോഷത്തോടെ തിരിച്ചു വരുന്നത്‌ അവർ കണ്ടത്‌. ആദ്യം അവർക്കു മകനെ തിരിച്ചറിയാൻ തന്നെ കഴിഞ്ഞില്ല.

തന്റെ മകനു വന്നിരിക്കുന്ന മാറ്റം അമ്മയെ അത്ഭുതപ്പെടുത്തി. ഉണ്ടായ സംഭവങ്ങളെല്ലാം തേൻമുരുകൻ അമ്മയെ പറഞ്ഞുകേൾപ്പിച്ചു. അമ്മയ്‌ക്കും അതിരറ്റ സന്തോഷമുണ്ടായി. തേൻമുരുകനു മന്ത്രശക്തിയുളള താക്കോൽക്കൂട്ടം കിട്ടിയ വിവരം അന്നുതന്നെ നാടൊട്ടുക്കും പരന്നു. തേൻമുരുകന്റെ അയൽവാസിയായ തുപ്രന്‌ അതുപോലൊരു മാന്ത്രികത്താക്കോൽ കൈക്കലാക്കണമെന്നു മോഹം തോന്നി. അവൻ എല്ലാ വിവരവും തേൻമുരുകനോടു ചോദിച്ചു മനസ്സിലാക്കി.

ഒരു കോടാലിയുമായി തുപ്രൻ പിറ്റേന്നുതന്നെ അകലെയുളള കാട്ടിലെത്തി. വളരെ വേഗത്തിൽ ഈറ്റവെട്ടി ഒരു കെട്ടാക്കിയിട്ട്‌ രാത്രിയായപ്പോൾ അവൻ പഴയ പുരയിൽ വന്നു തട്ടിൽക്കയറി ഒളിച്ചു.

പാതിരായ്‌ക്കു പഴയ ഭൂതങ്ങൾ പതിവുപോലെ വന്നു ശാപ്പാടു തുടങ്ങി. ഈ സമയത്തു തുപ്രൻ കീശയിൽ കരുതിവച്ചിരുന്ന പുളിങ്കുരുവെടുത്തു ’കടുമുടാ” കടിക്കാൻ തുടങ്ങി. ഇതുകേട്ടു ഭൂതങ്ങൾക്കു സംശയം തോന്നി.

അവർ തട്ടിൻപുറത്തേക്കു പാഞ്ഞുകയറി. അപ്പോൾ മുകളിൽ പതുങ്ങിയിരുന്നു വിറയ്‌ക്കുന്ന തുപ്രനെയാണു കണ്ടത്‌.

ഭൂതങ്ങൾ തുപ്രനെ പിടികൂടി. ഇവൻ തന്നെയാണു കഴിഞ്ഞദിവസം തങ്ങളെ പറ്റിച്ചതെന്ന്‌ അവർ വിചാരിച്ചു. അവനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ ഭൂതങ്ങൾ നിശ്ചയിച്ചു. ഭൂതത്തലവന്റെ നിർദ്ദേശപ്രകാരം അവർ തുപ്രന്റെ നാവ്‌ ആറടി നീളത്തിൽ വലിച്ചുനീട്ടി.

നിലത്തു കിടന്നിഴയുന്ന നാവുമായി അതിമോഹിയായ തുപ്രൻ നാട്ടിൽ തിരിച്ചെത്തി. ആളുകളെല്ലാം വിചിത്രമായ ഈ കാഴ്‌ച കാണാൻ തിങ്ങിക്കൂടി.

നാണക്കേടും മാനക്കേടും സഹിക്കാനാവാതെ പാവം തുപ്രൻ വീട്ടിൽ ഒരു മുറിയിൽ ഒളിച്ചിരിപ്പായി.

ഇതെല്ലാം അറിഞ്ഞു തേൻമുരുകന്‌ തുപ്രനോട്‌ വലിയ സഹതാപം തോന്നി. അവൻ തന്റെ താക്കോൽക്കൂട്ടവുമായി തുപ്രന്റെ അരികിലെത്തി.

തേൻമുരുകൻ താക്കോൽക്കൂട്ടം കിലുക്കിക്കൊണ്ടു പറഞ്ഞുഃ

“ഓംകിരി കീങ്കിരി താക്കോലേ

തുപ്രനെ രക്ഷിക്കൂ താക്കോലേ

കാംകൃതി കൂംകൃതി താക്കോലേ

നാവു ചെറുതാക്കൂ താക്കോലേ!….”

പെട്ടെന്നു തുപ്രന്റെ നാവു പഴയതുപോലെയായി. എങ്കിലും മാനക്കേടുകൊണ്ടു പിന്നെ അവനു പുറത്തിറങ്ങാൻപോലും കഴിഞ്ഞില്ല.

Generated from archived content: kattukatha_nov26.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൂങ്ങയുടെ അതിമോഹം
Next articleകിട്ടൻ കീരിയുടെ അന്ത്യം
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here