സുന്ദരവനത്തിലെ സംഗീതമൽസരം

മയിലാടുംകുന്നിന്റെ താഴ്‌വരയിൽ വസന്തകാലം വന്നെത്തി. എങ്ങും വസന്തോൽസവത്തിന്റെ തിരക്കാണ്‌. വസന്തോൽസവം പ്രമാണിച്ചു കാട്ടിൽ പക്ഷികളുടെ സംഗീതമൽസരം നടത്തുക പതിവാണ്‌. മൽസരത്തിന്‌ ഇനി ഒരൊറ്റദിവസമേ ബാക്കിയുളളു.

സംഗീതമൽസരത്തിൽ ഇതുവരെ ‘ഗാനകോകിലപ്പട്ടം’ നേടിയിട്ടുളളതു സുന്ദരവനത്തിലെ ശിങ്കാരിക്കുയിലമ്മയാണ്‌. പക്ഷേ ഇത്തവണ ശിങ്കാരിക്കുയിലമ്മ വല്ലാതെ പേടിച്ചിരിക്കയാണ്‌. എന്താണെന്നോ? കുഞ്ഞുങ്ങളെ താരാട്ടുപാടി അവളുടെ മധുരമായ സ്വരം തീരെ ഇല്ലാതായി. ഇനി എന്തു ചെയ്യും?

ശിങ്കാരിക്കുയിലമ്മ തന്റെ കൂട്ടുകാരനായ ശിങ്കാരൻ കുയിലിനോടു ചോദിച്ചുഃ

“ഇക്കുറി സംഗീതമൽസരത്തിൽ

എങ്ങനെ ഞാനൊരു പാട്ടുപാടും?

‘കോകിലപ്പട്ട’വും പോകുമല്ലോ

പേരും പെരുമയും പോകുമല്ലോ.”

കൂട്ടുകാരിയുടെ ചോദ്യം കേട്ട്‌ ശിങ്കാരൻകുയിലിനും സങ്കടമായി. മൽസരത്തിൽ ശിങ്കാരിക്കുയിലമ്മ തോറ്റുപോയാൽപിന്നെ തനിക്കും തലനിവർത്തിനടക്കാൻ കഴിയാതെവരും. എന്തെങ്കിലും ഒരു പോംവഴി കണ്ടുപിടിക്കാതെ നിവൃത്തിയില്ല.

ശിങ്കാരൻകുയിൽ ഉടനെ കൂമന്തറയിലെ കൂമൻ ഡോക്‌ടറുടെ വീട്ടിലേക്കു പറന്നു. ഡോക്‌ടറെ കണ്ടിട്ടു പറഞ്ഞുഃ

“കാട്ടിലെ പേരെഴും പാട്ടുകാരി

എന്നുടെ പുന്നാരക്കൂട്ടുകാരി

ശബ്‌ദമില്ലാതെ വലഞ്ഞിടുന്നു

എന്തു ചികിൽസ ഞാൻ ചെയ്തിടേണ്ടൂ?”

കൂമൻ ഡോക്‌ടർ കുറെ നേരം ചിന്തിച്ചിരുന്നു. പിന്നെ ഒരു കുപ്പി മരുന്നു കൊണ്ടുവന്ന്‌ ശിങ്കാരൻ കുയിലിനെ ഏൽപ്പിച്ചിട്ടു പറഞ്ഞുഃ

“ഓരോരോ തുളളിയായ്‌ മൂന്നുനേരം

മൂന്നുദിവസങ്ങൾ നൽകിയെന്നാൽ

പൊയ്‌പ്പോയ ശബ്‌ദം തിരിച്ചുകിട്ടും

മധുരമായ്‌ പാടുവാൻ ശേഷികിട്ടും.!”

പക്ഷേ, അതുകൊണ്ടെന്തു പ്രയോജനം? നാളെയല്ലേ സംഗീതമൽസരം നടക്കുന്നത്‌! നാളെ പാടേണ്ട ശബ്‌ദം മൂന്നു ദിവസം കഴിഞ്ഞു തിരിച്ചുകിട്ടിയാൽ മതിയോ? ശിങ്കാരൻകുയിൽ സങ്കടത്തോടെ പറഞ്ഞുഃ

“മൂന്നു ദിവസങ്ങൾ കാത്തിരിക്കാൻ

അയ്യയ്യോ! വയ്യല്ലോ പൊന്നുസാറേ

സംഗീതമൽസരം നാളെയല്ലോ

നാളെയ്‌ക്കു പാടുവാൻ എന്തു ചെയ്യും?”

ശിങ്കാരൻകുയിലിന്റെ ചോദ്യം കേട്ടു കൂമൻ ഡോക്‌ടറും വിഷമത്തിലായി. എങ്കിലും അദ്ദേഹം ഒരു പോംവഴി ഉപദേശിച്ചുകൊടുത്തു.

“വെളളിമൺകാട്ടിലെപ്പൂങ്കുളത്തിൽ

പാടുന്ന പൊന്നരയന്നമുണ്ട്‌

അതിനൊരു മാന്ത്രികശക്തിയുണ്ട്‌

അങ്ങോട്ടു പോകുവിൻ വൈകിടാതെ!”

പക്ഷേ, വെളളിമൺകാട്ടിലേക്കുളള വഴി ശിങ്കാരൻകുയിലിന്‌ അറിഞ്ഞുകൂടായിരുന്നു. അവൻ ചോദിച്ചുഃ

“ഏതു വഴിക്കു ഞാൻ പോയിടേണ്ടു

ചേലെഴും വെളളിമൺകാട്ടിലെത്താൻ?

ഒട്ടുമേ നേരം കളഞ്ഞിടാതെ

ഡോക്‌ടറെ പെട്ടെന്നു ചൊല്ലിയാലും.”

അതുകേട്ട്‌ കൂമൻ ഡോക്‌ടർ പറഞ്ഞുഃ

“ഏഴുമലകൾ കടന്നുപോയാൽ

ഏഴു നദികൾ കടന്നുപോയാൽ

ചേലെഴും വെളളിമൺകാട്ടിലെത്താം

പൊന്നരയന്നത്തെ കണ്ടുമുട്ടാം.”

ഇതുകേട്ടു ശിങ്കാരൻകുയിൽ വേഗം വെളളിമൺകാടന്വേഷിച്ചു യാത്രയായി.

പറന്നുപറന്നു ശിങ്കാരൻകുയിൽ ഏഴു മലകളും കടന്നു. അപ്പോൾ ഒരു തെക്കൻകാറ്റു പാഞ്ഞുവന്നു വഴിതെറ്റിക്കാൻ നോക്കി. എങ്കിലും അവൻ തളരാതെ മുന്നോട്ടു നീങ്ങി.

താമസിയാതെ ശിങ്കാരൻകുയിൽ ഏഴു നദികളും കടന്നു. അപ്പോൾ ഒരുമൂടൽമഞ്ഞു പാഞ്ഞുവന്ന്‌ അവനെ പിൻതിരിപ്പിക്കാൻ നോക്കി. എങ്കിലും ശിങ്കാരൻകുയിൽ തപ്പിയും തടഞ്ഞും മുന്നോട്ടു നീങ്ങി. ഒടുവിൽ അവൻ ഒരു മഞ്ഞണിക്കുന്നിന്റെ താഴ്‌വരയിലെത്തി. തണുപ്പുകൊണ്ട്‌ അവൻ ‘കിടുകിടാ’ വിറയ്‌ക്കാൻ തുടങ്ങി. വെളളിമൺകാട്‌ എവിടെയാണെന്ന്‌ അവൻ നാലുപാടും അന്വേഷിച്ചു. പക്ഷേ, അവിടെയെങ്ങും കണ്ടില്ല.

അപ്പോൾ ഒരു കൂട്ടം പെൻഗ്വിൻപക്ഷികൾ അതുവഴിയെ ആടിപ്പാടി വരുന്നതു ശിങ്കാരൻകുയിൽ കണ്ടു. അവൻ പെൻഗ്വിൻ പക്ഷികളോടു ചോദിച്ചുഃ

“ചേലെഴും വെളളിമൺകാടുതേടി

വന്നൊരു പാവമാം പൂങ്കുയിൽ ഞാൻ.

പൊന്നരയന്നത്തെ കണ്ടുമുട്ടാൻ

വഴിയെന്തു ചൊല്ലുമോ കൂട്ടുകാരേ?”

ഇതുകേട്ടു പെൻഗ്വിൻപക്ഷികൾ പറഞ്ഞു.

“മഞ്ഞണിക്കുന്നിന്റെയപ്പുറത്തായ്‌

‘പേരില്ലാമര’മൊന്നു നിൽപ്പതുണ്ടേ

അതിനോടു ചോദിച്ചാൽ കൂട്ടുകാരാ

നേർവഴി കാണിച്ചുതന്നുകൊളളും.”

പെൻഗ്വിൻ പക്ഷികൾ പറഞ്ഞതനുസരിച്ചു ശിങ്കാരൻകുയിൽ ‘പേരില്ലാമര’ത്തിന്റെ അടുത്തെത്തി വഴി അന്വേഷിച്ചു.

പേരില്ലാമരം സന്തോഷത്തോടെ പറഞ്ഞുഃ

“വെളളിമൺകാട്ടിലെ പൂങ്കുളത്തിൽ

എത്തണമെങ്കിൽ നീ പൂങ്കുയിലേ

എന്നുടെ ചില്ലയിൽനിന്നു വേഗം

പഴമൊന്നു നല്ലതു തിന്നുകൊളളു.”

പേരില്ലാമരം ഉടനെ തന്റെ ചില്ലക്കൊമ്പു താഴ്‌ത്തിക്കൊടുത്തു. ശിങ്കാരൻകുയിൽ ഒരു നല്ല പഴംനോക്കി കൊത്തിത്തിന്നു. പഴം കൊത്തിത്തിന്ന ഉടനെ കുയിൽ ഒന്നുകൂടി മെലിഞ്ഞു ചെറുതായി.

പേരില്ലാമരം ശിങ്കാരൻകുയിലിനു വഴി പറഞ്ഞുകൊടുത്തു. വെളളിമൺകാട്ടിലെത്താൻ ഏഴു ചെറിയ ഇടവഴികൾ കടക്കണമായിരുന്നു.

ഒന്നാംവഴി കടന്നപ്പോൾ ശിങ്കാരൻകുയിലിനെ ഒരു പൊന്നീച്ച കടിച്ചു. രണ്ടാംവഴി കടന്നപ്പോൾ ഞണ്ട്‌ ഇറുക്കി. മൂന്നാംവഴി കടന്നപ്പോൾ മൂങ്ങ കൊത്തി. നാലാം വഴി കടന്നപ്പോൾ നായ്‌ക്കുട്ടി മാന്തി. അഞ്ചാംവഴി കടന്നപ്പോൾ കൊഞ്ചുമുളളുകൊണ്ടു. ആറാംവഴി കടന്നപ്പോൾ ആരാണ്ട്‌ തോണ്ടി. ഏഴാംവഴി കടന്നപ്പോൾ കുഴിയാന കുത്തി.

എല്ലാം സഹിച്ച്‌ ശിങ്കാരൻകുയിൽ ഒടുവിൽ വെളളിമൺകാട്ടിലെ പൊന്നരയന്നത്തിന്റെ അരികിലെത്തി. ശിങ്കാരൻകുയിലിനെ കണ്ടപ്പോൾ പൊന്നരയന്നം പുന്നാരപ്പാട്ടും പാടി നീന്തിത്തുഴഞ്ഞ്‌ അങ്ങോട്ടു ചെന്നു.

ശിങ്കാരൻകുയിൽ കൂപ്പുകൈയോടെ പൊന്നരയന്നത്തോട്‌ അപേക്ഷിച്ചു.

“പൊന്നരയന്നമേ പാട്ടുകാരാ

നിന്നുടെ മാന്ത്രികശക്തിയാലേ

എന്നോമലാൾക്കൊരു പാട്ടു പാടാൻ

വേണ്ടുന്ന ശബ്‌ദം നീ നൽകിയാലും.”

ശിങ്കാരൻകുയിലിന്റെ അപേക്ഷകേട്ടപ്പോൾ അവനെ ഒന്നു പരീക്ഷിക്കാൻതന്നെ പൊന്നരയന്നം തീരുമാനിച്ചു. പൊന്നരയന്നം പറഞ്ഞുഃ

“നിന്നോമലാൾക്കൊരു പാട്ടുപാടാൻ

വേണ്ടുന്ന ശബ്‌ദം ഞാൻ നൽകിടാമേ.

പകരമായ്‌ നിന്നുടെ കണ്ണു രണ്ടും

മടിയാതെനിക്കു നീ തന്നിടേണം.”

ശബ്‌ദത്തിനു പകരം തന്റെ കണ്ണു രണ്ടും കൊടുക്കണമെന്നു കേട്ടപ്പോൾ ശിങ്കാരൻകുയിൽ ആദ്യമൊന്നുഞ്ഞെട്ടി. എങ്കിലും കണ്ണു പോയാലും കൂട്ടുകാരിയുടെ ‘ഗാനകോകിലപ്പട്ടം’നിലനിർത്തണമെന്ന്‌ അവൻ തീരുമാനിച്ചു.

ശിങ്കാരൻകുയിൽ തന്റെ കണ്ണുകൾ രണ്ടും ചൂഴ്‌ന്നെടുക്കാനായി കാലുയർത്തി. പെട്ടെന്നു പൊന്നരയന്നം അവനെ തടഞ്ഞിട്ടു പറഞ്ഞുഃ

“പെൺകിളിയോടുളള നിന്റെ സ്‌നേഹം

കണ്ടു ഞാൻ കോരിത്തരിച്ചുപോയി!

കണ്ണു നീ നൽകേണ്ട കൂട്ടുകാരാ

ശബ്‌ദം നിനക്കു ഞാൻ തന്നുകൊളളാം.”

പൊന്നരയന്നത്തിന്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പെൺകുയിലിനുവേണ്ടി സ്വന്തം കണ്ണുപോലും നഷ്‌ടമാക്കാൻ മടിയില്ലാത്ത നല്ലവനായ ഈ ആൺകുയിലിനെ സഹായിക്കേണ്ടതു തന്റെ കടമയാണെന്നു പൊന്നരയന്നം വിചാരിച്ചു.

പൊന്നരയന്നം തന്റെ മാന്ത്രികശക്തിയുളള കൂടത്തിൽനിന്നു കുറെ മധുരത്തേനെടുത്തു ശിങ്കാരൻകുയിലിനു സമ്മാനിച്ചു.

നേരം വളരെ വൈകിയിരുന്നു. ശിങ്കാരൻകുയിൽ ആ മാന്ത്രികത്തേനുമായി അതിവേഗത്തിൽ മയിലാടുംകുന്നിന്റെ താഴ്‌വരയിലേക്കു പറന്നു.

അവിടെ എത്തിയപ്പോൾ സംഗീതമൽസരം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇമ്പവും ഈണവുമുളള സ്വരത്തിൽ പലരും വേദിയിൽ വന്നു പാടി. പാവം ശിങ്കാരിക്കുയിലമ്മ സങ്കടപ്പെട്ടുനിൽക്കുകയാണ്‌. ശബ്‌ദം നഷ്‌ടപ്പെട്ട അവൾ ഇത്തവണ തോറ്റു തുന്നംപാടുമെന്ന്‌ എല്ലാവരും കണക്കുകൂട്ടി. അവളുടെ പാട്ടു മോശമായാൽ ഒരുമിച്ചു കൂവണമെന്നും ചിലർ തീരുമാനിച്ചിരുന്നു.

പൊന്നരയന്നം സമ്മാനിച്ച മധുരതേൻ ശിങ്കാരൻകുയിൽ മറ്റാരും കാണാതെ ശിങ്കാരിക്കുയിലമ്മയുടെ വായിലേക്കു പകർന്നു.

ശിങ്കാരിക്കുയിലമ്മയ്‌ക്കു പാട്ടുപാടേണ്ട ഊഴമായി. മൈക്കിലൂടെ അവളുടെ പേരുവിളിച്ചു. അവൾ തന്റേടത്തോടെ വേദിയിലേക്കു കയറി. പലരും പരിഹാസഭാവത്തോടെ അവളെ നോക്കി. എങ്കിലും അവൾ പാടാൻ തുടങ്ങിയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. അത്രയ്‌ക്കു മധുരമേറിയ പാട്ട്‌ അവരാരും അതിനു മുമ്പു കേട്ടിരുന്നില്ല.

മൽസരത്തിൽ വീണ്ടും ശിങ്കാരിക്കുയിലമ്മതന്നെ ഗാനകോകിലപ്പട്ടം നേടി. അവളെ കൂവിവിളിക്കാൻ വന്നവർ നാണം കെട്ടു. അവൾ തോൽക്കുമെന്നു പന്തയം വെച്ച വിരുതന്മാർ ആരും കാണാതെ തടിതപ്പി.

തലയിൽ പുഷ്‌പകിരീടവുമായി സന്തോഷത്തോടെ വീട്ടിലേക്കു കടന്നുവന്ന ശിങ്കാരിക്കുയിലമ്മയെ ശിങ്കാരൻകുയിലും കുഞ്ഞുമക്കളും കൂടി മാലയിട്ടു സ്വീകരിച്ചു.

Generated from archived content: kattukatha_nov12.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതെറ്റിന്റെ ഫലം
Next articleതേൻമുരുകനും ഭൂതങ്ങളും
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here