ഒരിക്കൽ പച്ചക്കറി കച്ചവടക്കാരൻ പാച്ചൻ മുയൽ ഒരു ഉന്തുവണ്ടി നിറയെ പച്ചക്കറിയുമായി നാടു ചുറ്റുകയായിരുന്നു.
കുറച്ചു ദൂരം ചെന്നപ്പോൾ പെട്ടെന്നൊരു മഴ വന്നു. ‘ടെട്ടെട്ടേ’ എന്ന് ഇടിവെട്ടി. ‘ശൂശൂശൂ’ എന്നു കാറ്റൂതി.
മഴ പെയ്‌തപ്പോൾ വഴി മുഴുവൻ കുഴകുഴയായി. പാച്ചൻ മുയൽ വലിച്ചിട്ടും പച്ചക്കറി വണ്ടി ഒരടിപോലും മുന്നോട്ടു നീങ്ങിയില്ല. നേരമാണെങ്കിൽ സന്ധ്യയുമായി.
കുറച്ചു കഴിഞ്ഞപ്പോൾ ചേനപ്പറമ്പിലെ ചേനത്തണ്ടൻ പാമ്പച്ചൻ നാവും നീട്ടി അതുവഴിയേ ഇഴഞ്ഞുവന്നു.
പാച്ചൻ മുയൽ കരഞ്ഞുകൊണ്ടു ചേനത്തണ്ടൻ പാമ്പച്ചനോടു ചോദിച്ചുഃ
“ചേലേറുന്നൊരു ചേനത്തണ്ടാ
നീങ്ങുന്നില്ലെൻ ചെറുവണ്ടി
ഉന്തിത്തരുവാൻ ചങ്ങാതി നീ
ഇത്തിരി നേരം നിൽക്കാമോ?”
ചേനത്തണ്ടൻ കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞുഃ
“പയ്യൻ മുയലേ കളളപ്പയലേ
നിൽക്കാൻ നേരമെനിക്കില്ലാ
കീരിയുമായി പോരാട്ടത്തിനു
തയ്യാറായിപ്പോണൂ ഞാൻ…”
ഇതുകേട്ടു പാച്ചൻമുയൽ ഉറക്കെ പൊട്ടിക്കരഞ്ഞു.
അപ്പോഴാണു മരത്തലയൻ കുഞ്ഞൻ മാക്രി ‘പോക്രോം പോക്രോം’ എന്നു കരഞ്ഞുകൊണ്ട് അതുവഴിയേ ചാടിച്ചാടി വന്നത്.
പാച്ചൻമുയൽ കൈകൂപ്പിക്കൊണ്ടു കുഞ്ഞൻ മാക്രിയോടു ചോദിച്ചു.
“മഞ്ഞത്തലയാ, കുഞ്ഞൻമാക്രീ
നീങ്ങുന്നില്ലെൻ ചെറുവണ്ടീ,
ഉന്തിത്തരുവാൻ ചങ്ങാതീ നീ
ഇത്തിരിനേരം നിൽക്കാമോ?”
കുഞ്ഞൻമാക്രി തിരിഞ്ഞുനോക്കാതെ പറഞ്ഞുഃ
“അയ്യൊട മുയലേ വയ്യെട മുയലേ
നിൽക്കാൻ നേരമെനിക്കില്ല.
കുണ്ടുകുളത്തിലെ മാക്രിപ്പെണ്ണിൻ
കല്യാണത്തിനു പോണൂ ഞാൻ!…”
അതുകേട്ടു പാച്ചൻ മുയലിനു സങ്കടം തോന്നി. ഇനി ആരാ വരിക? പാച്ചൻ മുയൽ വണ്ടിക്കരികിൽ തളർന്നിരുന്നു.
അപ്പോഴാണ് പരോപകാരി ചുണ്ടെലിയമ്മ അവിടെ എത്തിയത്.
ചുണ്ടെലിയമ്മ ചോദിച്ചുഃ
“എന്തിനു മുയലേ കരയുന്നൂ നീ?
എന്തെന്നെന്നോടു ചൊന്നാട്ടെ?
ഇടിയും മഴയും വന്നിട്ടാണോ
പേടിക്കാതെ പറഞ്ഞോളൂ?”
പാച്ചൻമുയൽ പറഞ്ഞുഃ
“ചുണ്ടെലിയമ്മേ ചുണ്ടെലിയമ്മേ
നീങ്ങുന്നില്ലെൻ ചെറുവണ്ടി.
പലരോടും ഞാൻ പലപലവട്ടം
കാലുപിടിച്ചു പറഞ്ഞിട്ടും
ഉന്തിത്തരുവാൻ നിന്നില്ലാരും
എന്തൊരു കഷ്ടം! നിർഭാഗ്യം!”
അപ്പോൾ ചുണ്ടെലിയമ്മ അവനെ ആശ്വസിപ്പിച്ചു.
“കരയാതെന്നുടെ പൊൻമുയലേ നീ
കണ്ണീരൊന്നു തുടച്ചാട്ടെ.
നിന്നുടെ വീട്ടിൽ ചെല്ലുംവരെയും
വണ്ടിയിതുന്താൻ ഞാനുണ്ട്!”
ഇതുകേട്ട് പാച്ചൻ മുയൽ പച്ചക്കറിയെല്ലാം വണ്ടിയിൽ തന്നെ ഇട്ടിട്ടു മുന്നിൽ കയറി നിന്നു വണ്ടി വലിക്കാൻ തുടങ്ങി.
ചുണ്ടെലിയമ്മ പിന്നിൽ നിന്ന് തളളിഃ
“ഏലേലം തക ഏലേലം തക
ഏലോം വണ്ടി മുന്നോട്ട്!”
പെട്ടെന്നു വണ്ടി ‘കറകറാ’യെന്നു മുന്നോട്ടു നീങ്ങി. ഇത്തിരി നേരംകൊണ്ടു പച്ചക്കറി വണ്ടി പാച്ചൻ മുയലിന്റെ വീട്ടുപടിക്കലെത്തി.
അന്തിയായിട്ടും പാച്ചൻ മുയലിനെ കാണാതെ കെട്ടിയവൾ പാച്ചമ്മ വീട്ടുപടിക്കൽത്തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
വണ്ടി വീട്ടിലെത്തിയപ്പോൾ പാച്ചൻ മുയലിനുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.
പാച്ചൻ മുയൽ ഒരു കെട്ടു കാരറ്റും ഒരു കെട്ടു ചെഞ്ചീരയും അരമുറി തേങ്ങയുമെടുത്തു ചുണ്ടെലിയമ്മയ്‌ക്കു കൊടുത്തു.
ചുണ്ടെലിയമ്മ ഒരു കാരറ്റെടുത്തു കടിച്ചുകൊണ്ടു മൂളിപ്പാട്ടും പാടി വീട്ടിലേക്കു മടങ്ങി.
“ഏലേലോം തക ഏലേലോം തക
പരോപകാരം ചെയ്യേണം!
ഏലേലം തക ഏലേലം തക
എങ്കിൽ നമ്മൾക്കാനന്ദം!”
Generated from archived content: kattukatha_may17.html Author: sippi_pallipuram