ചിഞ്ചുക്കുറുക്കൻ മഹാസൂത്രക്കാരനായിരുന്നു. ഒരിക്കൽ കാട്ടിനുള്ളിൽ ഇര തേടാനിറങ്ങി. പാത്തും പതുങ്ങിയും നടക്കുന്നതിനിടയിൽ അവൻ കാട്ടിലെ ചട്ടമ്പിയായ തണ്ടൻ കടുവയുടെ മുന്നിൽ ചെന്നു ചാടി.
പേടിച്ചുവിറച്ച ചിഞ്ചുക്കുറുക്കൻ ജീവനുംകൊണ്ട് ഓടെടാ ഓട്ടം! ഓടിയോടി ചെന്നെത്തിയത് ഒരു വലിയ പാതാളക്കുഴിയുടെ അരികിലാണ്. ആഴമേറിയ ആ കുഴിയിൽ വീണാൽ കഥ തീർന്നതു തന്നെ! തണ്ടൻ കടുവയാണെങ്കിൽ അതാ, തൊട്ടുപിന്നാലെ എത്തിക്കഴിഞ്ഞു.
“മലങ്കാളീ മഹാകാളീ ഇനി എന്താ ചെയ്‌ക?” -ചിഞ്ചുക്കുറുക്കൻ നിന്നനിൽപിൽ ഒന്നു വട്ടം കറങ്ങി. പിന്നെ അവിടെയുള്ള ഒരു കരിമ്പാറയ്‌ക്കു മുകളിൽ കയറിയിരുന്ന് “ങീ…ങീ…” എന്ന് ഉറക്കെ കരയാൻ തുടങ്ങി.
“എന്തെടാ കള്ളക്കുറുക്കാ നീ കരയുന്നത്”? കരഞ്ഞും പിഴിഞ്ഞും എന്നെ പറ്റിക്കാമെന്ന് കരുതേണ്ട“ – പിന്നാലെ പാഞ്ഞുവന്ന തണ്ടൻ കടുവ കോപത്തോടെ പറഞ്ഞു.
”എന്റെ പൊന്നു കടുവച്ചാരേ, പറ്റിക്കാനുള്ള ഒരു വിദ്യയും എനിക്കറിഞ്ഞൂടാ. തന്നെ കണ്ടപ്പോൾ ഞാൻ മിടുമിടുക്കനായ തന്റെ അച്ഛനെക്കുറിച്ചോർത്തുപോയി. അതുകൊണ്ട് കരഞ്ഞതാ“ – ചിഞ്ചുക്കുറുക്കൻ സൂത്രത്തിൽ തട്ടിവിട്ടു.
”എന്തായിരുന്നു എന്റെ അച്ഛന്റെ പ്രത്യേകത?“ തണ്ടൻ കടുവയ്‌ക്ക് അതറിയാൻ തിടുക്കമായി.
”താങ്കളുടെ അച്ഛൻ കാട്ടിലെ പേരുകേട്ട ചാട്ടക്കാരനായിരുന്നു. ഇതുപോലുള്ള പാതാളക്കുഴികളൊക്കെ മൂപ്പിലാൻ ‘ടപ്പെ’ന്ന് ചാടിക്കടക്കും!“ കുറുക്കൻ അതിശയത്തോടെ പറഞ്ഞു.
”എന്ത്! നേരോ? എന്റച്ഛൻ അത്ര കേമനായിരുന്നോ?“ കടുവയ്‌ക്ക് അതറിയാൻ തിടുക്കമായി.
”പിന്നില്ലേ? അതു പലപ്പോഴും കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ചാട്ടം കാണാനുള്ള ഭാഗ്യം നമുക്കില്ലാതായല്ലോ “ഹീ….ഹീ….ഹീ…” ചിഞ്ചുക്കുറുക്കൻ ഈണത്തിൽ മോങ്ങാൻ തുടങ്ങി.
ഇതു കേട്ടതോടെ തണ്ടൻ കടുവയുടെ ശൗര്യം ഉണർന്നു. അവൻ പറഞ്ഞുഃ “എടാ ചിഞ്ചൂ, നീ എന്തു വിചാരിച്ചു? ഞാനും ആ അച്ഛന്റെ മകൻ തന്നെയാ! അച്ഛനേക്കാൾ ഉയരത്തിൽ ചാടാൻ എനിക്കു കഴിയും. ഇതാ കണ്ടോളൂ” തണ്ടൻ കടുവ വാലും പൊക്കി പാതാളക്കുഴിയുടെ മുകളിലൂടെ ആഞ്ഞൊരു ചാട്ടം! “പ്‌ധും!”
ചാട്ടം നന്നായെങ്കിലും അവൻ പാതാളക്കുഴിയുടെ അടിത്തട്ടിലാണ് ചെന്നുവീണത്. കഷ്ടം! നട്ടെല്ലൊടിഞ്ഞ് ആ മണ്ടൂസന്റെ കഥ കഴിഞ്ഞു! തന്റെ പ്രാണൻ രക്ഷപ്പെട്ടല്ലൊ എന്ന ആശ്വാസത്തോടെ ചിഞ്ചുക്കുറുക്കൻ മെല്ലെ അവിടെനിന്നും നടന്നുനീങ്ങി.
Generated from archived content: kattukatha_mar15_07.html Author: sippi_pallipuram