ഉണ്ണിഞ്ഞാപ്പക്ഷിയും തൊണ്ണിച്ചിക്കാക്കയും ചങ്ങാതിമാരായിരുന്നു. ഉണ്ണിഞ്ഞാപ്പക്ഷി കണ്ണാടിപ്പുഴയുടെ വക്കത്ത് മെഴുകുകൊണ്ട് അഴകുളള ഒരു വീടുവച്ചു. അതുകണ്ട് അസൂയ മൂത്ത തൊണ്ണിച്ചിക്കാക്ക കണ്ണാരംകാട്ടിൽ ചാണകം കൊണ്ട് ചന്തമുളള ഒരു വീടുവച്ചു.
മഴ വന്നപ്പോൾ തൊണ്ണിച്ചിക്കാക്കയുടെ ചന്തമുളള ചാണകവീട് മഴവെളളത്തിൽ ഒഴുകിപ്പോയി. തൊണ്ണിച്ചിക്കാക്ക വലിയ വായിൽ കരഞ്ഞുകൊണ്ട് ഉണ്ണിഞ്ഞാപ്പക്ഷിയുടെ വീട്ടുവാതിൽക്കലെത്തി. വാതിലിൽ മുട്ടിയിട്ട് തൊണ്ണിച്ചിക്കാക്ക പറഞ്ഞു.
“ഉണ്ണിഞ്ഞാപ്പക്ഷീ, ഉണ്ണിഞ്ഞാപ്പക്ഷീ എന്റെ ചാണകവീട് മഴവെളളത്തിൽ ഒഴുകിപ്പോയി. വാതിൽ തുറന്ന് എന്നെയൊന്ന് അകത്തു കയറ്റാമോ?”“
”ഞാൻ കുഞ്ഞുങ്ങളെ കുളിപ്പിക്കുകയാണ്. അതുകഴിഞ്ഞിട്ടു തുറക്കാം.“ അകത്തുനിന്ന് ഉണ്ണിഞ്ഞാപ്പക്ഷി അറിയിച്ചു.
കുറെ കഴിഞ്ഞപ്പോൾ തൊണ്ണിച്ചിക്കാക്ക പിന്നെയും വാതിലിൽ മുട്ടി.
തൊണ്ണിച്ചിക്കാക്ക പറഞ്ഞുഃ
”ഉണ്ണിഞ്ഞാപ്പക്ഷീ, ഉണ്ണിഞ്ഞാപ്പക്ഷീ കുഞ്ഞുങ്ങളെ കുളിപ്പിച്ചു കഴിഞ്ഞെങ്കിൽ വേഗം വാതിൽ തുറക്ക്…!“
”ഞാൻ കുഞ്ഞുങ്ങൾക്ക് പാലും പഴവും വിളമ്പുകയാണ്. അതു കഴിഞ്ഞിട്ടു തുറക്കാം.“ ഉണ്ണിഞ്ഞാപ്പക്ഷി അറിയിച്ചു.
കുറെ കഴിഞ്ഞപ്പോൾ തൊണ്ണിച്ചിക്കാക്ക പിന്നെയും വാതിലിൽ മുട്ടി.
തൊണ്ണിച്ചിക്കാക്ക പറഞ്ഞുഃ
”ഉണ്ണിഞ്ഞാപ്പക്ഷീ, ഉണ്ണിഞ്ഞാപ്പക്ഷീ കുഞ്ഞുങ്ങൾക്ക് പാലും പഴവും വിളമ്പിക്കഴിഞ്ഞെങ്കിൽ വേഗം വാതിൽ തുറക്ക്…!“
”ഞാൻ കുഞ്ഞുങ്ങളെ തൊട്ടിലിൽ കിടത്തി ഉറക്കുകയാണ്. അതു കഴിഞ്ഞിട്ട് തുറക്കാം.“ ഉണ്ണിഞ്ഞാപ്പക്ഷി അറിയിച്ചു.
കുറെ കഴിഞ്ഞപ്പോൾ തൊണ്ണിച്ചിക്കാക്ക പിന്നെയും വാതിലിൽ മുട്ടി. തൊണ്ണിച്ചിക്കാക്ക പറഞ്ഞുഃ
”ഉണ്ണിഞ്ഞാപ്പക്ഷീ, ഉണ്ണിഞ്ഞാപ്പക്ഷീ കുഞ്ഞുങ്ങളെല്ലാരും ഉറക്കമായെങ്കിൽ വേഗം വാതിൽ തുറക്ക്…!“
ഉണ്ണിഞ്ഞാപ്പക്ഷി വേഗം വന്ന് വാതിൽ തുറന്നു. തൊണ്ണിച്ചിക്കാക്ക അകത്തു കടന്നു.
തൊണ്ണിച്ചിക്കാക്ക സങ്കടത്തോടെ ചോദിച്ചു.
”ഉണ്ണിഞ്ഞാപ്പക്ഷീ, ഉണ്ണിഞ്ഞാപ്പക്ഷീ എനിക്ക് വല്ലാതെ ഉറക്കം വരുന്നു. കിടക്കാൻ ഒരിടം തരാമോ?“
”അതിനെന്താ? അടുക്കളയിൽ പായ വിരിച്ചു തരാം.“ ഉണ്ണിഞ്ഞാപ്പക്ഷി അറിയിച്ചു.
”അയ്യോ! അടുക്കളയിൽ വേണ്ട; അടുക്കള പൊളിഞ്ഞ് എന്റെ ദേഹത്തു വീണാലോ?“ തൊണ്ണിച്ചിക്കാക്ക സങ്കടത്തോടെ ഉണ്ണിഞ്ഞാപ്പക്ഷിയെ നോക്കി.
”എങ്കിൽ കട്ടിലിൽ പായ വിരിച്ചു തരാം.“ ഉണ്ണിഞ്ഞാപ്പക്ഷി അറിയിച്ചു.
”അയ്യോ!….കട്ടിലിൽ വേണ്ട; കട്ടിലൊടിഞ്ഞ് ഞാൻ താഴെ വീണാലോ?“ തൊണ്ണിച്ചിക്കാക്ക സങ്കടത്തോടെ ഉണ്ണിഞ്ഞാപ്പക്ഷിയെ നോക്കി.
”എങ്കിൽ തൊട്ടിലിന്റെ താഴെ പായ വിരിച്ചു തരാം.“ ഉണ്ണിഞ്ഞാപ്പക്ഷി അറിയിച്ചു.
”അയ്യോ! തൊട്ടിലിന്റെ താഴെ വേണ്ട. തൊട്ടിലെങ്ങാൻ താഴെ വീണാലോ?“ തൊണ്ണിച്ചിക്കാക്ക സങ്കടത്തോടെ ഉണ്ണിഞ്ഞാപ്പക്ഷിയെ നോക്കി.
”എങ്കിൽ തൊട്ടിലിന്റെ ഒരു മൂലയ്‌ക്ക് പായ വിരിച്ചു തരാം.“ ഉണ്ണിഞ്ഞാപ്പക്ഷി അറിയിച്ചു.
”അതുമതി“യെന്ന് തൊണ്ണിച്ചിക്കാക്ക സമ്മതിച്ചു.
ഉണ്ണിഞ്ഞാപ്പക്ഷി മെത്തപ്പായ വിരിച്ച് തൊണ്ണിച്ചിക്കാക്കയെ തൊട്ടിലിന്റെ മൂലയ്‌ക്കു കിടത്തി. വിളക്കണച്ച് ഉണ്ണിഞ്ഞാപ്പക്ഷിയും ഉറങ്ങാൻ കിടന്നു.
കുറെനേരം കഴിഞ്ഞപ്പോൾ ‘കറുമുറാ’യെന്ന് ഒരു സ്വരം കേട്ട് ഉണ്ണിഞ്ഞാപ്പക്ഷി വിളിച്ചു ചോദിച്ചു.
”തൊണ്ണിച്ചിക്കാക്കേ, തൊണ്ണിച്ചിക്കാക്കേ എന്താണൊരു കറുമുറാ ശബ്ദം കേട്ടത്?“
”അതു ഞാൻ കടലമണി കൊറിച്ചതാണ്.“ തൊണ്ണിച്ചിക്കാക്ക മറുപടി പറഞ്ഞു.
കുറെകഴിഞ്ഞ് വീണ്ടും കറുമുറായെന്ന് സ്വരം കേട്ട് ഉണ്ണിഞ്ഞാപ്പക്ഷി വിളിച്ചു ചോദിച്ചു.
”തൊണ്ണിച്ചിക്കാക്കേ, തൊണ്ണിച്ചിക്കാക്കേ എന്താണു പിന്നെയും കറുമുറാ ശബ്ദം കേട്ടത്?“
”അതു ഞാൻ നെന്മണി കൊറിച്ചതാണ്.“ തൊണ്ണിച്ചിക്കാക്ക മറുപടി പറഞ്ഞു.
കുറെകഴിഞ്ഞ് പിന്നെയും കറുമുറായെന്ന് സ്വരം കേട്ട് ഉണ്ണിഞ്ഞാപ്പക്ഷി വിളിച്ചു ചോദിച്ചു.
”തൊണ്ണിച്ചിക്കാക്കേ, തൊണ്ണിച്ചിക്കാക്കേ ഇപ്പോഴും എന്താണൊരു കറുമുറാ ശബ്ദം കേട്ടത്?“
”അതു ഞാൻ വെറ്റില മുറുക്കിയതാണ്“, തൊണ്ണിച്ചിക്കാക്ക മറുപടി പറഞ്ഞു. പിന്നെ ശബ്ദമൊന്നും കേട്ടില്ല.
നേരം വെളുക്കുന്നതിനു മുമ്പേ തൊണ്ണിച്ചിക്കാക്ക യാത്രപറഞ്ഞ് തിരിച്ചുപോയി.
നേരം വെളുത്തു നോക്കിയപ്പോൾ തൊട്ടിൽ ഒഴിഞ്ഞു കിടന്നിരുന്നു. അപ്പോഴാണ് തന്റെ മൂന്നു കുഞ്ഞുങ്ങളെയും തൊണ്ണിച്ചിക്കാക്ക തിന്നു മുടിച്ച വിവരം ഉണ്ണിഞ്ഞാപ്പക്ഷിക്കു മനസ്സിലായത്.
ഉണ്ണിഞ്ഞാപ്പക്ഷി സങ്കടം സഹിക്കാതെ കൂട്ടിലിരുന്നു കരഞ്ഞു. എങ്കിലും അവൾ തന്റെ സങ്കടം പുറത്തു കാണിച്ചില്ല.
തൊണ്ണിച്ചിക്കാക്കയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവൾ മനസ്സിൽ കരുതി.
ഒരു ദിവസം ഉണ്ണിഞ്ഞാപ്പക്ഷി വളരെ സ്നേഹത്തോടെ തൊണ്ണിച്ചിക്കാക്കയെ ഒരു വിരുന്നിനു ക്ഷണിച്ചു.
ഉണ്ണിഞ്ഞാപ്പക്ഷി ഒരു വലിയ ഉരുളി നിറയെ പാൽപ്പായസമുണ്ടാക്കി.
തൊണ്ണിച്ചിക്കാക്ക വന്നപ്പോൾ ഉണ്ണിഞ്ഞാപ്പക്ഷി വയറു നിറയെ പാൽപ്പായസം വിളമ്പിക്കൊടുത്തു.
മധുരമുളള പാൽപ്പായസം തൊണ്ണിച്ചിക്കാക്ക നല്ലവണ്ണം തട്ടിവിട്ടു. വയറ് മത്തങ്ങാപോലെ വീർത്തു. എന്നിട്ടും ഉണ്ണിഞ്ഞാപ്പക്ഷി വിളമ്പു നിർത്തിയില്ല.
പാൽപ്പായസം കുടിച്ചു നടക്കാനാവാതെ തൊണ്ണിച്ചിക്കാക്ക ഉണ്ണിഞ്ഞാപ്പക്ഷിയുടെ വീടിന്റെ ഇറയത്ത് പുല്ലുപായും വിരിച്ച് കിടപ്പായി.
ഈ തക്കംനോക്കി ഉണ്ണിഞ്ഞാപ്പക്ഷി ഒരു വലിയ ചട്ടുകം അടുപ്പിലിട്ടു പഴുപ്പിച്ചു കൊണ്ടുവന്ന് തൊണ്ണിച്ചിക്കാക്കയുടെ മത്തങ്ങാവയറിന്മേൽവെച്ച് നന്നായി അമർത്തി.
പൊളളലേറ്റ് തൊണ്ണിച്ചിക്കാക്ക അവിടെക്കിടന്നു ചത്തു.
ചങ്ങാതിമാരെ ചതിച്ചാൽ ചതിക്കു ചതി തന്നെ തിരിച്ചു കിട്ടും, തീർച്ച.
Generated from archived content: kattukatha_june26.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English