പൂശകൻ ഭാഗവതർ

പൂച്ചാക്കലങ്ങാടിയിൽ ഒരു പൂശകൻ ചട്ടമ്പി പാർത്തിരുന്നു. പുലിക്കണ്ണും പുലിമീശയും പുലിവാലുമുളള പൂശകൻ ചട്ടമ്പിയെ പൂച്ചാക്കലങ്ങാടിയിലെ ജന്തുക്കൾക്കെല്ലാം വലിയ പേടിയായിരുന്നു.

പൂശകൻ ചട്ടമ്പി ഒരു ദിവസം രാവിലെ തലയിലൊരു ചട്ടമ്പിക്കെട്ടും കെട്ടി പൊൻമുടിക്കവലയിലെ മുടിവെട്ടുകാരൻ മുത്തുരാമന്റെ മുടിവെട്ടു കടയിലേക്ക്‌ കയറിച്ചെന്നു.

പുലരാൻകാലത്ത്‌ ഒരു പുലിവാലൻ പൂച്ച കടയിലേക്ക്‌ കയറിവരുന്നതു കണ്ട്‌ മുത്തുരാമൻ പേടിച്ചു വിറച്ചുകൊണ്ട്‌ ചോദിച്ചു.

“നീളൻവാലു മുറിക്കാനോ

തലമുടി വെട്ടിമിനുക്കാനോ

എന്തിനു വന്നെൻ ചങ്ങാതീ

വേണ്ടതു വേഗം ചൊന്നോളൂ.”

“പുലിവാലും പുലിമീശയും വെട്ടി എന്നെ ഒരു സുന്ദരക്കുട്ടനാക്കണം. അതിനാ ഞാൻ വന്നത്‌.” പൂശകൻ ചട്ടമ്പി വലിയ ഗമയിൽ അറിയിച്ചു.

ഇതുകേട്ട്‌ മുത്തുരാമൻ വേഗം തന്റെ കത്രികയെടുത്ത്‌ പൂശകൻ ചട്ടമ്പിയുടെ പുലിവാലും പുലിമീശയും മുറിച്ചുകളഞ്ഞു.

വാലുമുറിച്ച്‌ കോലോത്തുംകടവിലെത്തിയപ്പോൾ വഴിവക്കിൽ നിന്നവർ ‘വാലില്ലാ പൂച്ചയ്‌ക്ക്‌ ചേലില്ല’ എന്ന്‌ പറഞ്ഞ്‌ കളിയാക്കാൻ തുടങ്ങി.

ഇതുകേട്ട്‌ പൂശകൻ ചട്ടമ്പിക്ക്‌ വലിയ ദേഷ്യം തോന്നി. അവൻ തന്റെ പുലിവാലു തിരിച്ചുവാങ്ങാനായി വീണ്ടും മുത്തുരാമന്റെ കടയിലേക്ക്‌ തിരിച്ചു. അവൻ മുത്തുരാമനോട്‌ പറഞ്ഞു.

“മുടിവെട്ടുകാരാ, മുടിവെട്ടുകാരാ – നീയെന്നെ മുടിച്ചുകളഞ്ഞല്ലോ. വാലും മീശയും മുറിച്ചതുകൊണ്ട്‌ എനിക്കിപ്പോൾ പുറത്തിറങ്ങി നടക്കാൻ വയ്യാതായി. എന്റെ പുലിവാലിങ്ങു തിരിച്ചു തരണം.”

“അയ്യോ ചങ്ങാതീ, മുറിച്ചിട്ട വാലുംകൊണ്ട്‌ മണിയൻ പട്ടി പോയല്ലോ. ഇനി എന്താ ചെയ്‌ക?” മുത്തുരാമൻ കൈമലർത്തി.

“എങ്കിൽ നിന്റെ കത്രിക എനിക്കു തരണം; അല്ലെങ്കിൽ എന്റെ കളി മാറും!” പൂശകൻ ചട്ടമ്പി പുലിക്കണ്ണുരുട്ടി പേടിപ്പിച്ചു.

ഇതുകേട്ട്‌ മുത്തുരാമൻ പേടിച്ച്‌ വേഗം തന്റെ കത്രികയെടുത്ത്‌ പൂശകൻ ചട്ടമ്പിക്ക്‌ കൊടുത്തു.

പൂശകൻ ചട്ടമ്പി നല്ലൊരു കത്രികയുമായി നടന്നുനീങ്ങുന്നത്‌ പൊന്നാരിമംഗലത്തെ തുന്നൽക്കാരി പൊന്നിയമ്മൂമ്മ കണ്ടു.

തുണി മുറിക്കാൻ കത്രികയ്‌ക്ക്‌ മൂർച്ചയില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ്‌ അമ്മൂമ്മ ഈ കാഴ്‌ച കണ്ടത്‌. പൊന്നിയമ്മൂമ്മ തന്ത്രത്തിൽ പൂശകൻ ചട്ടമ്പിയോട്‌ ചോദിച്ചുഃ

“കണ്ടാമിണ്ടാ കടിപിടിയാ

കത്രികയിങ്ങു തരാമോ നീ?

കത്രിക തന്നാൽ പകരം ഞാൻ

ചക്കമുറിക്കും കത്തി തരാം.”

ചക്ക മുറിക്കുന്ന കത്തി കിട്ടുമെന്ന്‌ കേട്ട്‌ പൂശകൻ ചട്ടമ്പിക്ക്‌ സന്തോഷമായി. അവൻ വേഗം കത്രിക കൊടുത്തിട്ട്‌ പകരം മൂർച്ചയുളള ഒരു കത്തിയുമായി നടക്കുനീങ്ങുന്നത്‌ മീഞ്ചന്തയിലെ മീൻ വിൽപനക്കാരി കൊച്ചുമീനാക്ഷി കണ്ടു.

ഒരു വലിയ കടൽപ്പന്നിയെ മുറിക്കാൻ കത്തിയില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ്‌ അവൾ ഈ കാഴ്‌ച കണ്ടത്‌. കൊച്ചു മീനാക്ഷി കൊഞ്ചിക്കുഴഞ്ഞുകൊണ്ട്‌ അവനോട്‌ ചോദിച്ചു.

“കാടൻ പൂച്ചേ മുറിവാലാ

കത്തിയെനിക്കു തരാമോ നീ?

കത്തിക്കായി പകരം ഞാൻ

വലിയൊരു പന്നിത്തല നൽകാം.”

വലിയൊരു പന്നിത്തല കിട്ടുമെന്ന്‌ കേട്ട്‌ പൂശകൻ ചട്ടമ്പിക്ക്‌ കൊതി മൂത്തു. അവൻ വേഗം കത്തി കൊടുത്തിട്ട്‌ പകരം കടൽപ്പന്നിയുടെ തല വാങ്ങി.

പൂശകൻ ചട്ടമ്പി കടൽപ്പന്നിയുടെ തലയും ചുമന്ന്‌ നടന്നു നീങ്ങുന്നത്‌ ഇട്ടിക്കുന്നത്തെ റൊട്ടിക്കച്ചവടക്കാരൻ കുട്ടിമാത്തു കണ്ടു. കറിക്ക്‌ ഇറച്ചിയും മീനുമൊന്നും കിട്ടാതെ നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ്‌ അയാൾ ഈ കാഴ്‌ച കണ്ടത്‌. കുട്ടിമാത്തു പച്ചച്ചിരി ചിരിച്ചുകൊണ്ട്‌ അവനോട്‌ ചോദിച്ചു.

“പൂശകവീരാ മൂശേട്ടാ

പന്നിത്തലയിതു നൽകാമോ?

പന്നിത്തല നീ തന്നെന്നാൽ

പകരം റൊട്ടികളെട്ടു തരാം.”

എട്ടു റൊട്ടികൾ കിട്ടുമെന്ന്‌ കേട്ട്‌ പൂശകൻ ചട്ടമ്പിക്ക്‌ താത്‌പര്യമായി. അവൻ വേഗം പന്നിത്തല കൊടുത്തിട്ട്‌ പകരം എട്ട്‌ റൊട്ടികൾ വാങ്ങി.

പൂശകൻ ചട്ടമ്പി റൊട്ടിയുംകൊണ്ട്‌ നേരെ ചെന്നത്‌ പളളിത്താഴത്തെ പിളേളച്ചനാശാന്റെ പളളിക്കൂടത്തിലേക്കാണ്‌.

റൊട്ടിയുമായി ഒരു പൂച്ച കടന്നുവരുന്നത്‌ കണ്ട ഉച്ചപ്പട്ടിണിക്കാരായ പിളേളച്ചനാശാനും പിളേളർക്കും സന്തോഷമായി. പിളേളച്ചനാശാൻ പൂശകൻ ചട്ടമ്പിയോട്‌ ചോദിച്ചുഃ

“പുലിയേപ്പോലെ വരുന്നവനേ

തലയിൽ കെട്ടി വരുന്നവനേ

വയറുവിശക്കും ഞങ്ങൾക്കീ

റൊട്ടി പകുത്തു തരാമോ നീ?”

ഇതുകേട്ട്‌ പൂശകൻ ചട്ടമ്പി വേഗം കൈയിലിരുന്ന എട്ടു റൊട്ടികളും പകുത്തു പിളേളച്ചനാശാനും പിളേളർക്കും തിന്നാൻ കൊടുത്തു.

ഇതിനിടയിൽ പൂശകൻ ചട്ടമ്പി ഒരു കുട്ടിയേയും തട്ടിയെടുത്തുകൊണ്ട്‌ അവിടെനിന്നും കടന്നു.

വഴിക്കുവെച്ച്‌ അവൻ ആലുംകടവിലെ അലക്കുകാരി ചെല്ലമ്മയെ കണ്ടുമുട്ടി. അവൾ വിഴുപ്പുകെട്ടും തലയിലേറ്റി വിഷമിച്ച്‌ നടന്നു നീങ്ങുകയായിരുന്നു.

ചെല്ലമ്മ പൂശകൻ ചട്ടമ്പിയോട്‌ ചോദിച്ചുഃ

“വിഴുപ്പുകെട്ടു ചുമന്നീടാൻ

കുട്ടിയെ വിട്ടുതരാമോ നീ?

കുട്ടിയെ വിട്ടുതരാമെങ്കിൽ

പകരം പട്ടുടയാട തരാം.”

പട്ടുടയാട കിട്ടുമെന്ന്‌ കേട്ട്‌ പൂശകൻ ചട്ടമ്പിക്ക്‌ വലിയ ആനന്ദമായി. അവൻ വേഗം കുട്ടിയെ കൊടുത്തിട്ട്‌ പകരം പട്ടുടയാട വാങ്ങി.

പട്ടുടയാടയും തലയിൽക്കെട്ടുമായപ്പോൾ പൂശകൻ ചട്ടമ്പി ഒരു സുന്ദരക്കുട്ടനായി മാറിക്കഴിഞ്ഞിരുന്നു. അവൻ വലിയ ഗൗരവത്തോടെ പട്ടത്താനത്തെ കിട്ടപ്പാ ഭാഗവതരുടെ വീട്ടിലേക്ക്‌ കയറിച്ചെന്നു.

പട്ടുടുപ്പും തലയിൽക്കെട്ടുമായി ഒരു പൂച്ച കടന്നു വരുന്നത്‌ കണ്ട്‌ ഇറയത്തിരുന്ന്‌ വീണമീട്ടി പാടിക്കൊണ്ടിരുന്ന കിട്ടപ്പാ ഭാഗവതർ അമ്പരപ്പോടെ ചോദിച്ചുഃ

“മിണ്ടാപ്പൂച്ചേ കരിമുണ്ടാ

മിണ്ടാതെന്തിനു വന്നു നീ?

ചൂരലെടുത്തു തൊഴിക്കും ഞാൻ;

കാര്യം വേഗം ചൊന്നോളൂ.”

“ഞാൻ മിണ്ടാപ്പൂച്ചയും തെണ്ടിപ്പൂച്ചയുമൊന്നുമല്ല. ഞാനാണ്‌ പൂച്ചക്കലങ്ങാടിയിലെ പൂശകൻ ചട്ടമ്പി!… കൈയിലിരിക്കുന്ന വീണ വേഗം എനിക്കു തന്നോളൂ. അല്ലെങ്കിൽ തന്റെ കഥ ഞാൻ കഴിക്കും.” പൂശകൻ ചട്ടമ്പി പുലിക്കണ്ണുരുട്ടി കിട്ടപ്പാ ഭാഗവതരെ ഭയപ്പെടുത്തി.

കിട്ടപ്പാ ഭാഗവതർ പേടിച്ച്‌ തന്റെ മടിയിലിരുന്ന മണിവീണയെടുത്ത്‌ വേഗം പൂശകൻ ചട്ടമ്പിയുടെ കാല്‌ക്കൽ വെച്ചുകൊടുത്തു.

പൂശകൻ ചട്ടമ്പി സന്തോഷത്തോടെ മണിവീണയും മീട്ടി കാട്ടിലൂടെ പൂച്ചക്കലങ്ങാടിയിലേക്ക്‌ യാത്രയായി.

പൂശകൻ ചട്ടമ്പിയുടെ വീണവായന കേട്ട്‌ കാട്ടിലുളള ജന്തുക്കളെല്ലാം പിന്നാലെ കൂടി. അവർ മധുരപലഹാരങ്ങളും പൈസാത്തുട്ടുകളും എറിഞ്ഞുകൊടുത്തു.

അന്നു മുതൽ ജന്തുക്കളെല്ലാം അവനെ പൂശകൻ ഭാഗവതർ എന്നു വിളിക്കാൻ തുടങ്ങി.

Generated from archived content: kattukatha_june12.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസംസർഗ്ഗ ഗുണം
Next articleശക്തി
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here