ഉണ്ണിപ്പൂവാലിയും കോലുനാരായണനും

അണ്ണാൻ കീരന്റെ മകൾ ഉണ്ണിപ്പൂവാലി കണ്ണാടി നോക്കി മുഖം മിനുക്കി. കരിമഷികൊണ്ട്‌ കണ്ണെഴുതി ഉണ്ണിപ്പൂവാല്‌ കോതി മിനുക്കി. തലയിൽ കണ്ണാന്തളിപ്പൂ ചൂടി. എന്നിട്ട്‌ ഉണ്ണായിവാര്യത്തെ കൽക്കണ്ടമാവിന്റെ ഉണ്ണിക്കൊമ്പിൽ കയറിയിരുന്ന്‌ ഉണ്ണിമാങ്ങ പറിച്ച്‌ കറുമുറെ തിന്നാൻ തുടങ്ങി.

അപ്പോൾ തക്കാളി വില്‌പനക്കാരൻ പോക്കറുകാക്ക ഒരു കൊട്ട തക്കാളിപ്പഴവുമായി അതുവഴി വന്നു.

പോക്കറുകാക്ക ഉണ്ണിപ്പൂവാലിയോട്‌ ചോദിച്ചുഃ

“ഉണ്ണിപ്പൂവാലി, ഉണ്ണിപ്പൂവാലി

കണ്ണാന്തളി പൂത്തിട്ടും കൽക്കണ്ടമാവു

പൂത്തിട്ടും നീയെന്താ പെറാത്തത്‌?”

“ഒരു കുമ്പിൾ തക്കാളി തന്നാൽ നാളെത്തന്നെ ഞാൻ പെറാം.” ഉണ്ണിപ്പൂവാലി ചിരിച്ചുകൊണ്ടു പറഞ്ഞു.

പോക്കറുകാക്ക വേഗം തക്കാളിക്കൊട്ടയിൽനിന്ന്‌ ഒരു കുമ്പിൾ തക്കാളിപ്പഴമെടുത്ത്‌ ഉണ്ണിപ്പൂവാലിക്ക്‌ കൊടുത്തിട്ട്‌ തെക്കേ വഴിക്കു നടന്നുപോയി.

പോക്കറുകാക്ക പൊയ്‌ക്കഴിഞ്ഞപ്പോൾ ചക്കരവില്‌പനക്കാരി കൊച്ചു ചക്കരച്ചി ഒരു വട്ടി പനഞ്ചക്കരയുമായി അതുവഴി നടന്നുവന്നു. കൊച്ചു ചക്കരച്ചി ഉണ്ണിപ്പൂവാലിയോട്‌ ചോദിച്ചുഃ

“ഉണ്ണിപ്പൂവാലീ, ഉണ്ണിപ്പൂവാലീ,

കണ്ണാന്തളി പൂത്തിട്ടും കൽക്കണ്ടമാവു

പൂത്തിട്ടും നീയെന്താ പെറാത്തത്‌?”

“പത്തുകൂടു പനംചക്കര തന്നാൽ നാളെത്തന്നെ ഞാൻ പെറാം.” ഉണ്ണിപ്പൂവാലി കൊഞ്ചിക്കുഴഞ്ഞുകൊണ്ടു പറഞ്ഞു.

കൊച്ചു ചക്കരച്ചി വേഗം ചക്കരവട്ടിയിൽനിന്നു പത്തുകൂട്‌ പനംചക്കരയെടുത്ത്‌ ഉണ്ണിപ്പൂവാലിക്ക്‌ കൊടുത്തിട്ട്‌ വടക്കേ വഴിക്കു നടന്നുപോയി. കൊച്ചു ചക്കരച്ചി പൊയ്‌ക്കഴിഞ്ഞപ്പോൾ വാഴപ്പഴംവില്‌പനക്കാരൻ വാറുണ്ണിമൂപ്പീന്ന്‌ ഒരു കുല വാഴപ്പഴവും തൂക്കി അതുവഴി നടന്നുവന്നു.

വാറുണ്ണിമൂപ്പീന്ന്‌ ഉണ്ണിപ്പൂവാലിയോട്‌ ചോദിച്ചുഃ

“ഉണ്ണിപ്പൂവാലീ, ഉണ്ണിപ്പൂവാലീ,

കണ്ണാന്തളി പൂത്തിട്ടും കൽക്കണ്ടമാവു

പൂത്തിട്ടും നീയെന്താ പെറാത്തത്‌?”

“ഒരു പടല പഴം തന്നാൽ നാളെത്തന്നെ ഞാൻ പെറാം.” ഉണ്ണിപ്പൂവാലി വാലു കുലുക്കികൊണ്ട്‌ പറഞ്ഞു.

വാറുണ്ണി മൂപ്പീന്ന്‌ വേഗം പഴക്കുലയിൽനിന്ന്‌ ഒരു പടല പഴമെടുത്ത്‌ ഉണ്ണിപ്പൂവാലിക്ക്‌ കൊടുത്ത്‌ പടിഞ്ഞാറേ വഴിക്കു നടന്നുപോയി. വാറുണ്ണിമൂപ്പീന്ന്‌ നടന്നുപോയപ്പോൾ ചീരക്കാരൻ ചീരാമൻ ഒരു കെട്ട്‌ ചീരയുമായി അതു വഴി നടന്നുവന്നു.

ചീരാമൻ ഉണ്ണിപ്പൂവാലിയോട്‌ ചോദിച്ചുഃ

“ഉണ്ണിപ്പൂവാലീ, ഉണ്ണിപ്പൂവാലീ,

കണ്ണാന്തളി പൂത്തിട്ടും കൽക്കണ്ടമാവു

പൂത്തിട്ടും നീയെന്താ പെറാത്തത്‌?”

“ഒരുകെട്ടു ചീര തന്നാൽ നാളെത്തന്നെ ഞാൻ പെറാം.” ഉണ്ണിപ്പൂവാലി മീശ മിനുക്കികൊണ്ട്‌ പറഞ്ഞു.

ചീരാമൻ വേഗം ഒരു കെട്ട്‌ ചീരയെടുത്ത്‌ ഉണ്ണിപ്പൂവാലിക്ക്‌ കൊടുത്തിട്ട്‌ കിഴക്കേ വഴിക്കു നടന്നുപോയി. ചീരാമൻ പോയിക്കഴിഞ്ഞപ്പോൾ പട്ടുവില്‌പനക്കാരൻ കുട്ടിപ്പട്ടര്‌ കുറെ പട്ടുതുണികളുമായി അതുവഴി നടന്നുവന്നു. കുട്ടിപ്പട്ടര്‌ ഉണ്ണിപ്പൂവാലിയോട്‌ ചോദിച്ചുഃ

“ഉണ്ണിപ്പൂവാലീ, ഉണ്ണിപ്പൂവാലീ,

കണ്ണാന്തളി പൂത്തിട്ടും കൽക്കണ്ടമാവു

പൂത്തിട്ടും നീയെന്താ പെറാത്തത്‌?”

“പത്തുമുഴം പട്ടുതന്നാൽ നാളെത്തന്നെ ഞാൻ പെറാം.” ഉണ്ണിപ്പൂവാലി നാണം കുണുങ്ങികൊണ്ട്‌ പറഞ്ഞു.

കുട്ടിപ്പട്ടര്‌ വേഗം പട്ടുതുണിയിൽനിന്ന്‌ പത്തുമുഴം പട്ടളന്ന്‌ ഉണ്ണിപ്പൂവാലിക്കു കൊടുത്തിട്ട്‌ കോട്ടയ്‌ക്കലങ്ങാടിയിലേക്ക്‌ നടന്നുപോയി.

കുട്ടിപ്പട്ടര്‌ പോയ്‌ക്കഴിഞ്ഞപ്പോൾ പാലുവില്‌പനക്കാരൻ മലവേലാണ്ടി പാൽക്കുടവുമായി അതുവഴി നടന്നുവരുന്നു. മലവേലാണ്ടി ഉണ്ണിപ്പൂവാലിയോട്‌ ചോദിച്ചുഃ

“ഉണ്ണിപ്പൂവാലീ, ഉണ്ണിപ്പൂവാലീ,

കണ്ണാന്തളി പൂത്തിട്ടും കൽക്കണ്ടമാവു

പൂത്തിട്ടും നീയെന്താ പെറാത്തത്‌?”

“ഇരുനാഴി പാലു തന്നാൽ നാളെത്തന്നെ ഞാൻ പെറാം.” ഉണ്ണിപ്പൂവാലി ഉണ്ണിവയറു തടവിക്കൊണ്ടു പറഞ്ഞു. മലവേലാണ്ടി വേഗം പാൽകുടത്തിൽനിന്ന്‌ ഇരുനാഴി പാൽ അളന്ന്‌ ഉണ്ണിപ്പൂവാലിക്കു കൊടുത്തിട്ട്‌ മലയിറങ്ങി നടന്നുപോയി.

പെറ്റുകിടക്കാനുളള എല്ലാ ഇനങ്ങളും ഉണ്ണിപ്പൂവാലിക്കു ഒത്തുകഴിഞ്ഞിരുന്നു. എല്ലാം ഒത്തുകഴിഞ്ഞപ്പോൾ ഉണ്ണിപ്പൂവാലി തനിക്കു പെറ്റു കിടക്കാനായി ഒരു ഉണ്ണിക്കുടിൽ കെട്ടിയുണ്ടാക്കാൻ തുടങ്ങി.

വാഴപ്പഴംകൊണ്ട്‌ തൂണിട്ടു. തക്കാളിപ്പഴംകൊണ്ട്‌ ചുമര്‌ പണിഞ്ഞു. ചീരത്തണ്ടുകൊണ്ട്‌ മോന്തായം കെട്ടി. പനംചക്കരകൊണ്ട്‌ കുടിലുമേഞ്ഞു. ഉണ്ണിക്കുടിലിന്റെ പടി തീർന്നപ്പോൾ പട്ടുതുണി നീർത്തിവിരിച്ച്‌ ഉണ്ണിപ്പൂവാലി, അതിനകത്ത്‌ അഞ്ചു അണ്ണാക്കുട്ടന്മാരെ പെറ്റു. ഒന്നാമൻ ഓറ്റക്കാലൻ, രണ്ടാമൻ ചുണ്ടേപ്പാണ്ടൻ, മൂന്നാമൻ മുതുകേവരയൻ, നാലാമൻ വാലേക്കണ്ണൻ, അഞ്ചാമൻ നെഞ്ചേപ്പൂവൻ.

അണ്ണാക്കുട്ടൻമാരഞ്ചുപേരും കൊഞ്ചിക്കുഴഞ്ഞു വളർന്നു. ഒരു ദിവസം അഞ്ചുപേരെയും ഉണ്ണിക്കുടിലിൽ തനിച്ചാക്കിയിട്ട്‌ ഉണ്ണിപ്പൂവാലി കണ്ണെത്താദൂരത്ത്‌ തീറ്റ തേടാൻ പോയി. ആരുവന്നാലും വാതിലിന്റെ കതകു തുറക്കരുതെന്ന്‌ പറഞ്ഞിട്ടാണ്‌ ഉണ്ണിപ്പൂവാലി പോയത്‌. ഉണ്ണിപ്പൂവാലി പോയ തക്കം നോക്കി ആലിങ്കപ്പൊത്തിലെ കോലുനാരായണൻ വായ്‌നിറയെ കൊതിയുംകൊണ്ട്‌ ഉണ്ണിപ്പൂവാലിയുടെ ഉണ്ണിക്കുടിലിന്റെ അരികിലേക്ക്‌ ഇഴഞ്ഞുചെന്നു.

കോലുനാരായണൻ പത്തി വിരുത്തിപ്പിടിച്ചിട്ട്‌ അകത്തേക്ക്‌ നോക്കി കളളസ്വരത്തിൽ വിളിച്ചു പറഞ്ഞുഃ

“ഒന്നാമനുണ്ണീ ഒറ്റക്കാലുണ്ണീ

വാതിൽ തുറക്കെടോ പൊന്നുണ്ണീ…!

ചുണ്ടത്തു പാണ്ടുളള രണ്ടാമനുണ്ണീ

വാതിൽ തുറക്കെടോ പൊന്നുണ്ണീ…!

മുതുകത്തു വരയുളള മൂന്നാമനുണ്ണീ

വാതിൽ തുറക്കെടോ പൊന്നുണ്ണീ…!

വാലിമ്മേക്കണ്ണുളള നാലാമനുണ്ണീ

വാതിൽ തുറക്കെടോ പൊന്നുണ്ണീ…!

നെഞ്ചത്തു പൂവുളള അഞ്ചാമനുണ്ണീ

വാതിൽ തുറക്കെടോ പൊന്നുണ്ണീ…!

ഉണ്ണിപ്പൂവാലി തീറ്റയുംകൊണ്ട്‌ വന്നതാണെന്ന്‌ കരുതി അണ്ണാക്കുട്ടൻമാർ ഓടിച്ചെന്ന്‌ വാതിൽ തുറന്നു.

പെട്ടെന്ന്‌ കോലുനാരായണൻ പാഞ്ഞുകയറി അണ്ണാക്കുട്ടൻമാർ അഞ്ചുപേരെയും വലിയവായേ വിഴുങ്ങി. അഞ്ചിനെയും വിഴുങ്ങിയപ്പോൾ കോലുനാരായണന്‌ അവിടെനിന്നും ഇഴഞ്ഞു നീങ്ങാൻ കഴിഞ്ഞില്ല. അവൻ അവിടെത്തന്നെ കിടന്നു. ഉണ്ണിപ്പൂവാലി തിരിച്ചുവന്നപ്പോൾ ആലിങ്കപ്പൊത്തിലെ കോലുനാരായണൻ വയറും വീർപ്പിച്ച്‌ ഉണ്ണിക്കുടിലിന്റെ മുറ്റത്ത്‌ വല്ലാതെ കിടക്കുന്നത്‌ കണ്ടു. അണ്ണാക്കുട്ടൻമാരെ കോലുനാരായണൻ വിഴുങ്ങിയെന്ന്‌ ഉണ്ണിപ്പൂവാലിക്കു മനസ്സിലായി.

ഉണ്ണിപ്പൂവാലി ഒന്നുമറിയാത്തതുപോലെ ഉണ്ണിക്കുടിലിൽ കയറി. അവൾ വേഗം ഒരു വലിയ ഉരുളിയെടുത്ത്‌ അടുപ്പത്തുവെച്ചു. ഇരുനാഴി പാലെടുത്ത്‌ കുടുകുടാന്ന്‌ തിളപ്പിച്ചു. എന്നിട്ട്‌ കോലുനാരായണനോട്‌ ഇണക്കത്തിൽ ചോദിച്ചു;

”കോലുനാരായണാ, കോലുനാരായണാ, നിനക്ക്‌ വല്ലാതെ ദാഹിക്കുന്നുണ്ടല്ലോ! ദാഹത്തിന്‌ പാലുവേണോ, പാൽക്കഞ്ഞിവേണോ?“

”എനിക്ക്‌ പാലുമതി.“ കോലുനാരായണൻ അറിയിച്ചു.

ഉണ്ണിപ്പൂവാലി വേഗം പാലുരുളി പൊക്കിക്കൊണ്ടു വന്ന്‌ തിളച്ച പാൽ മുഴുവനും കോലുനാരായണന്റെ മുഖത്തേയ്‌ക്കൊഴിച്ചു.

കോലുനാരായണൻ പൊളളലേറ്റു പിടഞ്ഞുചത്തു.

ഉണ്ണിപ്പൂവാലി ഒരു കത്തി കൊണ്ടുവന്ന്‌ കോലുനാരായണന്റെ വയറു നെടുകെ മുറിച്ച്‌ അഞ്ച്‌ അണ്ണാക്കുട്ടൻമാരെയും പുറത്തെടുത്തു. അണ്ണാക്കുട്ടൻമാർ അഞ്ചുപേരും ‘ചിൽ ചിൽ’ എന്നു ചിലച്ചുകൊണ്ട്‌ ഉണ്ണിപ്പൂവാലിയുടെ തോളത്തു കയറിയിരുന്ന്‌ ചാഞ്ചക്കം ചാഞ്ചക്കം എന്നു പറഞ്ഞു ചാഞ്ചടിക്കളിച്ചു.

Generated from archived content: kattukatha_july12.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകുട്ടത്തിക്കോഴിയും കുഞ്ഞുമക്കളും
Next articleവെളളപ്പന്റെ കൗശലം
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English