പഴക്കച്ചവടക്കാരൻ പഴനിയാണ്ടി ഒരു ദിവസം തന്റെ പഴക്കൂടയുമായി പഴങ്ങനാട്ടു ചന്തയ്‌ക്കുപോയി.
പഴങ്ങളെല്ലാം വിറ്റു തീർന്നപ്പോൾ ഒഴിഞ്ഞ പഴക്കൂട തൊട്ടടുത്തുളള കുറ്റിക്കാട്ടിൽ ഒളിച്ചുവച്ചിട്ടു പഴനിയാണ്ടി വീട്ടിലേക്കു തിരിച്ചു.
കുറ്റിക്കാട്ടിൽ മനോഹരമായ ഒരു കൂടയിരിക്കുന്നത് അതുവഴിവന്ന ചെണ്ടക്കാരൻ കണ്ടൻ ചുണ്ടെലി കണ്ടു.
ചെണ്ടക്കാരൻ കണ്ടൻ ചുണ്ടെലി തന്റെ ചുണ്ടുകൊണ്ട് കൂടയുടെ പളളയ്‌ക്ക് ഒരു ദ്വാരമുണ്ടാക്കി അതിനകത്തു കയറിപ്പറ്റി.
കൂടയ്‌ക്കകത്തിരുന്നു കണ്ടൻ ചുണ്ടെലി ഉറക്കെ ചെണ്ട കൊട്ടാൻ തുടങ്ങി.
“ഡിണ്ടക ഡിണ്ടക ഡിണ്ടണ്ടം!…..”
ചെണ്ട കൊട്ടുന്ന സ്വരം കേട്ടു കുഴലുകാരൻ കുഞ്ഞൻ തവള ചാടിച്ചാടി അതുവഴിക്കുവന്നു.
കുഞ്ഞൻ തവള തലയുയർത്തി വിളിച്ചു ചോദിച്ചുഃ
“കോക്രോം പോക്രോം!….. കൂടയിലാരാണ്?”
“കൂടയ്‌ക്കകത്ത് ഞാനാണ്! ഞാനെന്നു പറഞ്ഞാൽ ചെണ്ടക്കാരൻ കണ്ടൻ ചുണ്ടെലി!….നീയാരാണ്?”
“ഞാൻ കുഴലുകാരൻ കുഞ്ഞൻ തവളയാണ്. എനിക്കും ഈ കൂടയ്‌ക്കകത്ത് ഒരിടം തരാമോ?” കുഞ്ഞൻ തവള ചോദിച്ചു.
“ഓഹോ, തരാമല്ലോ.” ഓടിച്ചാടി അകത്തു കേറിക്കൊളളിൻ!“ കണ്ടൻ ചുണ്ടെലി കൈകാണിച്ചു.
കുഴലുകാരൻ കുഞ്ഞൻ തവള വേഗം ഓടിച്ചാടി കൂടയ്‌ക്കകത്തു കയറിപ്പറ്റി.
കൂടയ്‌ക്കകത്തിരുന്ന് കുഴലുകാരൻ കുഞ്ഞൻ തവള ഉറക്കെ കുഴലൂതാൻ തുടങ്ങി.
”പെപ്പര പെരപെര പെപ്പെപ്പേ
പെപ്പര പെപ്പര പെപ്പെപ്പേ!…..“
കുഴലൂതുന്ന സ്വരം കേട്ടു താളക്കാരൻ കേളൻ പൂച്ച ഒരു ഇലത്താളവുമായി അതുവഴിക്കു വന്നു.
കേളൻ പൂച്ച തലയുയർത്തി വിളിച്ചു ചോദിച്ചുഃ
”മ്യാവൂ മ്യാവൂ!……കൂടയിലാരാണ്?“
”കൂടയ്‌ക്കകത്തു ഞങ്ങളാണ്! ഞങ്ങളെന്നു പറഞ്ഞാൽ ചെണ്ടക്കാരൻ കണ്ടൻ ചുണ്ടെലിയും കുഴലുകാരൻ കുഞ്ഞൻ തവളയും!…നീയാരാണ്?“ ”ഞാൻ താളക്കാരൻ കേളൻപൂച്ചയാണ്. എനിക്കും ഈ കൂടയ്‌ക്കകത്ത് ഒരിടം തരാമോ?“ കേളൻ പൂച്ച അന്വേഷിച്ചു.
”ഓഹോ, തരാമല്ലോ. പമ്മിപമ്മി അകത്തു കേറിക്കോളിൻ,“ കണ്ടൻ ചുണ്ടെലി കൈകാണിച്ചു.
താളക്കാരൻ കേളൻ പൂച്ച വേഗം പമ്മിപ്പമ്മി കൂടയ്‌ക്കകത്തു കയറിപ്പറ്റി.
കൂടയ്‌ക്കകത്തിരുന്നു താളക്കാരൻ കേളൻ പൂച്ച ഉറക്കെ ഇലത്താളം മുട്ടാൻ തുടങ്ങിഃ
”ജിഞ്ചക ജിഞ്ചക ജീയ്യഞ്ചം
ജിയ്യ ജിഞ്ചക ജീയ്യഞ്ചം!…“
ഇലത്താളം മുട്ടുന്ന സ്വരം കേട്ട് ആട്ടക്കാരൻ കുട്ടൻ കുരങ്ങൻ അതുവഴിക്കു വന്നു.
കുട്ടൻ കുരങ്ങൻ തലയുയർത്തി വിളിച്ചു ചോദിച്ചു.
”ഹോഹോ! ഹോഹോ!…..കൂടയിലാരാണ്?“
”കൂടയ്‌ക്കകത്ത് ഞങ്ങളാണ്. ഞങ്ങളെന്നു പറഞ്ഞാൽ ചെണ്ടക്കാരൻ കണ്ടൻ ചുണ്ടെലിയും കുഴലുകാരൻ കുഞ്ഞൻ തവളയും താളക്കാരൻ കേളൻ പൂച്ചയും!….നീയാരാണ്?“
”ഞാൻ ആട്ടക്കാരൻ കുട്ടൻ കുരങ്ങനാണ്. എനിക്കും ഈ കൂടയ്‌ക്കകത്ത് ഒരിടം തരാമോ?“ കുട്ടൻ കുരങ്ങൻ അന്വേഷിച്ചു.
”ഓഹോ, തരാമല്ലോ. തപ്പിത്തടഞ്ഞ് അകത്തു കയറിക്കോളിൻ,“ കണ്ടൻ ചുണ്ടെലി കൈകാണിച്ചു.
ആട്ടക്കാരൻ കുട്ടൻ കുരങ്ങൻ വേഗം തപ്പിത്തടഞ്ഞു കൂടയ്‌ക്കകത്ത് കയറിപ്പറ്റി.
കുട്ടൻ കുരങ്ങൻ ചങ്ങാതികളോടു പറഞ്ഞുഃ
”നിങ്ങൾ താളവും മേളവും തുടങ്ങിക്കോളൂ. ഞാൻ ഓട്ടൻ തുളളൽ നടത്താം.“
ഇതുകേട്ടു ചെണ്ടക്കാരൻ കണ്ടൻ ചുണ്ടെലി വേഗം ചെണ്ട കൊട്ടാൻ തുടങ്ങി.
”ഡിണ്ടക ഡിണ്ടക ഡിണ്ടണ്ടം
ഡിണ്ടം ഡിണ്ടക ഡിണ്ടണ്ടം!…..“
കുഴലുകാരൻ കുഞ്ഞൻ തവള വേഗം കുഴൽ വിളിക്കാൻ തുടങ്ങി.
”പെപ്പര പെരപെര പെപ്പെപ്പേ
പെപ്പരപെപ്പര പെപ്പെപ്പേ!…..“
താളക്കാരൻ കേളൻ പൂച്ച വേഗം ഇലത്താളം മുട്ടാൻ തുടങ്ങി.
”ജിഞ്ചക ജിഞ്ചക ജീയ്യഞ്ചം
ജീയ്യം ജിഞ്ചക ജീയ്യഞ്ചം!….“
ചെണ്ടകൊട്ടും കുഴൽവിളിയും ഇലത്താളവും കേട്ടപ്പോൾ ആട്ടക്കാരൻ കുട്ടൻ കുരങ്ങൻ പെട്ടെന്ന് ഓട്ടൻതുളളൽ ആരംഭിച്ചു. താളമേളങ്ങൾ പിന്നെയും മുറുകി.
”ഡിണ്ടക ഡിണ്ടക ഡിണ്ടണ്ടം
ഡിണ്ടം ഡിണ്ടക ഡിണ്ടം!…..
പെപ്പരപെരപെരെ പെപ്പെപ്പേ
പെപ്പര പെപ്പര പെപ്പെപ്പേ!….
ജിഞ്ചക ജിഞ്ചക ജീയ്യഞ്ചം
ജീയ്യം ജിഞ്ചക ജീയ്യഞ്ചം!…“
താളമേളങ്ങൾക്കൊപ്പം കുട്ടൻകുരങ്ങ് ആടിപ്പാടി മതിമറന്നു. ആട്ടവും പാട്ടും നടക്കുന്നതിനിടയിൽ പഴക്കച്ചവടക്കാരൻ പഴനിയാണ്ടി തന്റെ ഒഴിഞ്ഞ കൂടയന്വേഷിച്ചു കുറ്റിക്കാടിനടുക്കലെത്തി.
പഴനിയാണ്ടിയുടെ കൂടെ അയാളുടെ കൂട്ടുകാരനായ പുലിവരയൻ വേട്ടപ്പട്ടിയും ഉണ്ടായിരുന്നു.
കൂടയ്‌ക്കുളളിലെ ചെണ്ടകൊട്ടും കുഴൽവിളിയും ഇലത്താളവും കേട്ട് പുലിവരയൻ വേട്ടപ്പട്ടി വിളിച്ചു ചോദിച്ചു.
”ബൗബൗ, ബൗബൗ!….ആരെടാ കൂടയ്‌ക്കകത്ത്?“
പുലിവരയൻ വേട്ടപ്പട്ടിയുടെ കുര കേട്ടു താളവും മേളവും ആട്ടവും പാട്ടുമെല്ലാം പെട്ടെന്നു നിന്നു.
ചെണ്ടക്കാരൻ കണ്ടൻ ചുണ്ടെലി ചെണ്ടയും കൊണ്ടു കണ്ട വഴിയിലൂടെ ഓടി പണ്ടാരപ്പറമ്പിലെ ചാണകക്കുണ്ടിൽ കയറി ഒളിച്ചു.
കുഴലുകാരൻ കുഞ്ഞൻതവള കുഴലുമായി ചാടിച്ചാടി കുട്ടമത്തെ പൊട്ടക്കിണറ്റിൽ മറഞ്ഞു.
താളക്കാരൻ കേളൻപ്പൂച്ച ഇലത്താളവും വലിച്ചെറിഞ്ഞു പുളിയനത്തെ പുളിയൻ മാവിന്റെ മുകളിൽ കയറി തടിതപ്പി.
ആട്ടക്കാരൻ കുട്ടൻ കുരങ്ങൻ ഊട്ടുപുരയിൽ വച്ചിരുന്ന തൈരിൻപാത്രത്തിൽ ചെന്നുചാടി. ഊട്ടുപുരക്കാരൻ ഓടി വന്നു തലമണ്ടയ്‌ക്കു രണ്ടു കൊടുത്തു. കിട്ടിയതും കൊണ്ടു കുട്ടൻ കുരങ്ങൻ ഓടെടാ ഓട്ടം!
ഇതെല്ലാം കണ്ടു ചുണ്ടിൽ ചിരിപരന്ന പഴക്കച്ചവടക്കാരൻ പഴനിയാണ്ടി വീണ്ടും തന്റെ ഒഴിഞ്ഞ പഴക്കൂടയുമായി വാഴത്തോട്ടത്തിലേക്ക് യാത്രയായി.
Generated from archived content: kattukatha_dec18.html Author: sippi_pallipuram