പുലിയന്നൂരമ്പലത്തിലെ ഊട്ടുപുരയിൽ ഒരു പുലിവാലൻ പൂച്ചയും ഒരായിരം എലികളും പാർത്തിരുന്നു.
പുലിവാലൻ പൂച്ചയുടെ പുലിവാലു കാരണം ഒരൊറ്റ എലിക്കുപോലും പുറത്തിറങ്ങി നടക്കാൻ പറ്റാതായി.
ഒരു ദിവസം തലയനെലിയും കൂട്ടുകാരും കൂടി പുലിവാലൻ പൂച്ചയുടെ അടുക്കലെത്തി.
തലയനെലി പുലിവാലൻ പൂച്ചയോട് ചോദിച്ചുഃ
“പുലിവാലാ, പുലിവാലാ, നീ എന്തിനാ ദിവസവും ഞങ്ങളെ പിടിച്ചു തിന്നുന്നത്? നിനക്കു വേറെയെന്തെങ്കിലും സാപ്പിട്ടാൽ പോരെ?”
“ഓഹോ, അതുമതി. ദിവസവും രാവിലെ വടക്കേടത്തു മനയ്‌ക്കലെ തിരുമേനിയുടെ കുഞ്ഞിക്കാളിപ്പശുവിന്റെ ഇരുനാഴിപ്പാലു വീതം കിട്ടിയാൽ ഞാൻ നിങ്ങളെ വെറുതെ വിടാം.” പുലിവാലൻ പൂച്ച അറിയിച്ചു.
ഇതു കേട്ട് തലയനെലിയും കൂട്ടുകാരും കൂടി വേഗം പാലന്വേഷിച്ച് കുഞ്ഞിക്കാളിപ്പശുവിന്റെ അടുക്കലേക്ക് പുറപ്പെട്ടു.
തലയനെലി കുഞ്ഞിക്കാളിപ്പശുവിനോടു ചോദിച്ചുഃ
“കുഞ്ഞിക്കാളീ, കുഞ്ഞിക്കാളീ, നീ ഞങ്ങൾക്കൊരു സഹായം ചെയ്യാമോ?”
“എന്താണാവോ, കേൾക്കട്ടെ?”
കുഞ്ഞിക്കാളിപ്പശു തലയനെലിയെ നോക്കി.
തലയനെലി പറഞ്ഞുഃ
“നീ ഞങ്ങൾക്ക് ദിവസവും രാവിലെ ഇരുനാഴിപ്പാലുവീതം തരാമോ? ഇരുനാഴിപ്പാലു കൊടുത്താൽ ആ പുലിവാലൻ പൂച്ച ഞങ്ങളെ വെറുതെ വിടും!”
“ഇരുനാഴിപ്പാലു വീതം തരാം. പക്ഷേ, അതിനു പകരം എനിക്ക് രണ്ടിടങ്ങഴി തവിട് കൊണ്ടുവന്നു തരണം.” കുഞ്ഞിക്കാളിപ്പശു അറിയിച്ചു.
ഇതുകേട്ട് തലയനെലിയും കൂട്ടുകാരും കൂടി വേഗം തവിടന്വേഷിച്ച് ശിങ്കാരിക്കോഴിയുടെ അടുക്കലേക്ക് പുറപ്പെട്ടു.
തലയനെലി ശിങ്കാരിക്കോഴിയോട് ചോദിച്ചുഃ
“ശിങ്കാരിക്കോഴീ, ശിങ്കാരിക്കോഴീ, നീ ഞങ്ങൾക്ക് ഒരു സഹായം ചെയ്യാമോ?”
“എന്താണാവോ, കേൾക്കട്ടെ?”
ശിങ്കാരിക്കോഴി തലയനെലിയെ നോക്കി.
തലയനെലി പറഞ്ഞുഃ
“നീ ഞങ്ങൾക്ക് ദിവസവും രാവിലെ രണ്ടിടങ്ങഴി തവിടു വീതം തരാമോ? രണ്ടിടങ്ങഴി തവിട് കൊണ്ടുചെന്നു കൊടുത്താൽ കുഞ്ഞിക്കാളിപ്പശു ഇരുനാഴിപ്പാലു തരും. ഇരുനാഴിപ്പാലു കൊണ്ടുചെന്നു കൊടുത്താൽ ആ പുലിവാലൻ പൂച്ച ഞങ്ങളെ വെറുതെ വിടും!”
“രണ്ടിടങ്ങഴി തവിടു തരാം. പക്ഷേ, അതിനു പകരം എനിക്ക് രണ്ടു കെട്ട് കതിർക്കുല തരണം.” ശിങ്കാരിക്കോഴി അറിയിച്ചു.
ഇതുകേട്ട് തലയനെലിയും കൂട്ടുകാരും കൂടി കതിർക്കുലയന്വേഷിച്ച് കുഞ്ഞാറ്റപ്പൈങ്കിളിയുടെ അടുക്കലേക്കു പുറപ്പെട്ടു.
കുഞ്ഞാറ്റപ്പൈങ്കിളി വല്ലാതെ സങ്കടപ്പെട്ട് കരഞ്ഞുകൊണ്ട് പാടവരമ്പത്തിരിക്കുകയായിരുന്നു.
തലയനെലി കുഞ്ഞാറ്റപ്പൈങ്കിളിയോടു പറഞ്ഞുഃ
“കുഞ്ഞാറ്റപ്പൈങ്കിളീ, കുഞ്ഞാറ്റപ്പൈങ്കിളീ, നീ ഞങ്ങൾക്ക് ഒരു സഹായം ചെയ്യാമോ?”
“എന്താണാവോ, കേൾക്കട്ടെ?”
“നീ ഞങ്ങൾക്ക് ദിവസവും രാവിലെ രണ്ടു കെട്ട് കതിർക്കുല വീതം തരാമോ? രണ്ടു കെട്ട് കതിർക്കുല കൊണ്ടു ചെന്നു കൊടുത്താൽ ശിങ്കാരിക്കോഴി ഞങ്ങൾക്ക് രണ്ടിടങ്ങഴി തവിട് തരും. രണ്ടിടങ്ങഴി തവിട് കൊണ്ടുചെന്നു കൊടുത്താൽ കുഞ്ഞിക്കാളിപ്പശു ഇരുനാഴിപ്പാലു തരും. ഇരുനാഴിപ്പാലു കൊണ്ടുചെന്നു കൊടുത്താൽ ആ പുലിവാലൻ പൂച്ച ഞങ്ങളെ വെറുതെ വിടും!”
“രണ്ടു കെട്ടോ, രണ്ടായിരം കെട്ടോ കതിർക്കുല ഞാൻ തരാം. പക്ഷേ, ആ പുലിവാലൻ പൂച്ചയുടെ പുലിവാലും തലയും വെട്ടിക്കൊണ്ടുവന്നു തരണം. പുലിവാലൻ പൂച്ച എന്റെ പൊന്നുമക്കളെയെല്ലാം കൊന്നു തിന്നിട്ട് പോയിരിക്കുകയാണ്. അതാണ് ഞാനിങ്ങനെ കരഞ്ഞുകൊണ്ടിരിക്കുന്നത്.”
ഇതുകേട്ട് തലയനെലിയും കൂട്ടുകാരും മുഖത്തോടു മുഖം നോക്കി പറഞ്ഞുഃ
“പുലിവാലൻ പൂച്ചയ്‌ക്കു പാൽ കൊടുക്കാൻ
പുലിതന്നെ വന്നാലും പറ്റുകില്ല!
പാലും തിരക്കിയലഞ്ഞിടാതെ
മാളത്തിലെങ്ങാനും പോയൊളിക്കാം.”
തലയനെലിയും കൂട്ടുകാരും പുലിയന്നൂരമ്പലത്തിലെ ഊട്ടുപുരയിലേക്കുതന്നെ തിരിച്ചുപോയി. പിന്നെ ഒരിക്കലും പുലിവാലൻ പൂച്ചയ്‌ക്ക് പാൽ കൊടുക്കുന്ന കാര്യം എലികൾ ചിന്തിച്ചിട്ടേയില്ല.
Generated from archived content: kattukatha_dec10.html Author: sippi_pallipuram