വെണ്ണിക്കുളത്തെ ഉണ്ണിത്തിരിയമ്മാവനു നോക്കിയാൽ നോട്ടമെത്താത്ത ഒരു പൊക്കാളിപ്പാടമുണ്ടായിരുന്നു. പൊക്കാളിപ്പാടത്തിനു ചുറ്റുമായി പലതരം പക്ഷികൾ വീടുവച്ചു പാർത്തിരുന്നു. തത്തയും മാടത്തയും മയിലമ്മയും കുയിലമ്മയും കുരുവിയും കൂരിയാറ്റക്കിളിയുമെല്ലാമുണ്ട്, അവിടെ.
ഉണ്ണിത്തിരിയമ്മാവന്റെ പൊക്കാളിക്കൃഷി മുഴുവൻ പക്ഷികൾ കൂട്ടംകൂട്ടമായി വന്നു തിന്നുമുടിക്കാൻ തുടങ്ങി. പല്ലിളിച്ചുകാട്ടിയിട്ടും കല്ലെടുത്തു വീക്കിയിട്ടും പക്ഷികൾക്കു പേടി തോന്നിയില്ല. വടിയെടുത്തു കാട്ടിയിട്ടും വലയെടുത്ത് വീശിയിട്ടും പക്ഷികൾ പറന്നു പോയില്ല.
പക്ഷിശല്യം മൂത്തപ്പോൾ ഉണ്ണിത്തിരിയമ്മാവൻ വൈക്കോലുകൊണ്ട് ഒരു നോക്കുകുത്തിയുണ്ടാക്കി പാടത്തിന്റെ ഒത്ത നടുക്ക് ഉറപ്പിച്ചുനിർത്തി. ഒത്ത മനുഷ്യന്റെ വലിപ്പമുളള നോക്കുകുത്തി കണ്ടു പക്ഷി വീരന്മാർ ഞെട്ടിവിറച്ചു. ഉണ്ടത്തലയും ഉണ്ടക്കണ്ണുമുളള നോക്കുകുത്തിയെപ്പേടിച്ച് അവർ വീട്ടിൽനിന്നു പുറത്തിറങ്ങാതായി. ഒരു നെന്മണിപോലും കിട്ടാതെ അവർ പട്ടിണികിടന്നു നട്ടം തിരിഞ്ഞു.
അപ്പോൾ ഒരു തിത്തിരിത്തത്ത അൽപം ധൈര്യം കാണിച്ചു മുന്നോട്ടുവന്നു. അവൻ ചങ്ങാതിമാരോടു പറഞ്ഞുഃ
“പേടിച്ചു കൂട്ടിലൊളിച്ചിരുന്നാൽ
പട്ടിണികൊണ്ടു നാം ചത്തുവിഴും
നോക്കൂത്തിമാമനെ പാട്ടിലാക്കാൻ
കൂട്ടരേ ഞാനൊന്നു പോയ്‌വരട്ടെ.”
ഇതുകേട്ട് മറ്റു പക്ഷികൾ അവനെ വിലക്കി. അവർ പറഞ്ഞു.
“അങ്ങോട്ടു പോവല്ലേ കൊച്ചുതത്തേ
പ്രാണൻ മുടിക്കല്ലേ പൊന്നുതത്തേ
നോക്കൂത്തി കണ്ണൊന്നുരുട്ടിയാലോ
നോക്കൂത്തി നിന്നെ വിഴുങ്ങിയാലോ?”
പക്ഷേ അവരുടെ തടസ്സമൊന്നും തിത്തിരിത്തത്ത കൂട്ടാക്കിയില്ല. അവൻ മെല്ലെ പറന്നു പറന്നു നോക്കുകുത്തിയുടെ അരികിലെത്തി.
നോക്കുകുത്തിക്ക് അവനെ കണ്ടപ്പോൾ വല്ലാത്ത കോപം വന്നു. നോക്കുകുത്തി കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞുഃ
“വെക്കം കടന്നോളൂ കൊച്ചുകളളാ
നെന്മണി കക്കുവാൻ വന്ന കളളാ
കണ്ണിന്റെ വെട്ടത്തു കണ്ടുപോയാൽ
ഒറ്റയടിക്കു ഞാൻ താഴെവീഴ്‌ത്തും!”
ഇതു കേട്ടിട്ടും തിത്തിരിത്തത്തയ്‌ക്കു പേടിയൊന്നും തോന്നിയില്ല. അവൻ പച്ചിലകൊണ്ടു ഭംഗിയുളള ഒരു കിരീടമുണ്ടാക്കി നോക്കുകുത്തിയുടെ തലയിൽ വച്ചുകൊടുത്തു. തലയിൽ കിരീടം വന്നപ്പോൾ താനൊരു രാജാവായി മാറിയെന്നു നോക്കുകുത്തിക്കു തോന്നി. അതോടെ നോക്കുകുത്തിക്കു തിത്തിരിത്തത്തയെ വലിയ ഇഷ്‌ടമായി. നോക്കുകുത്തി സന്തോഷത്തോടെ പറഞ്ഞുഃ
“തിത്തിരി, നീയെന്റെ കൂട്ടുകാരൻ
പച്ചയുടുപ്പിട്ട പാട്ടുകാരൻ!
നീയെന്റെ തോളത്തിരുന്നുകൊളളൂ
പുത്തരി കൊത്തിക്കൊറിച്ചുകൊളളൂ.”
ഈ പറച്ചിൽ കേട്ടു തിത്തിരിത്തത്ത വേഗം നോക്കുകുത്തിയുടെ തോളിൽ കയറിയിരുന്നു. അവൻ മറ്റു പക്ഷികൾ കേൾക്കത്തക്കവണ്ണം ഉറക്കെ പാടാൻ തുടങ്ങിഃ
“വന്നോളിൻ വന്നോളിൻ കൂട്ടുകാരേ
നോക്കൂത്തി നമ്മുടെ തോഴനാണേ!
നെന്മണി തിന്നോളിൻ കൂട്ടുകാരേ
നോക്കൂത്തി നല്ലൊരു പാവമാണേ!”
തിത്തിരിത്തത്ത വിളിച്ചുകൂവിയിട്ടും പക്ഷികൾ കൂട്ടിൽനിന്നു പുറത്തു വന്നില്ല. എന്നാൽ ഒരു തുന്നാരൻകിളി പയ്യെപ്പയ്യെ അവിടേക്കു പറന്നുവന്നു.
തുന്നാരൻകിളി മിനുമിനുത്ത പട്ടുനൂൽകൊണ്ടു നോക്കുകുത്തിയുടെ പിന്നിപ്പോയ കുപ്പായം ഭംഗിയായി തുന്നിക്കൊടുത്തു. കുപ്പായത്തിനു മിനുമിനുപ്പു വന്നപ്പോൾ താൻ ഒരു സുന്ദരക്കുട്ടനായെന്നു നോക്കുകുത്തിക്കു തോന്നി.
നോക്കുകുത്തിക്കു തുന്നാരൻകിളിയോടും എന്തന്നില്ലാത്ത സ്‌നേഹമുണ്ടായി. നോക്കുകുത്തി സന്തോഷത്തോടെ പറഞ്ഞുഃ
“കിളിയേ, നീ കേമനാം തുന്നുകാരൻ
കിലുകിലെ പാടും വിരുന്നുകാരൻ
പാടത്തു പാറി നടന്നുകൊളളൂ
പുത്തരി തിന്നു രസിച്ചുകൊളളൂ.”
ഇതുകേട്ടു തുന്നാരൻകിളി വേഗം പൊക്കാളിപ്പാടത്തു പറന്നുനടന്നു നെന്മണി കൊത്തിത്തിന്നു വിശപ്പുതീർത്തു. അവൻ മറ്റു പക്ഷികൾ കേൾക്കത്തക്കവണ്ണം ഉറക്കെ പാടാൻ തുടങ്ങിഃ
“കൂട്ടിലിരിക്കുന്ന കൂട്ടുകാരേ
കൂടുവിട്ടിങ്ങോട്ടു പോന്നുകൊളളൂ
നോക്കൂത്തി നമ്മെ വിരട്ടുകില്ല
നോക്കെത്താപ്പാടത്തു വന്നുകൊളളൂ.”
തുന്നാരൻകിളി പലവട്ടം ക്ഷണിച്ചിട്ടും പക്ഷികൾ കൂടുവിട്ടു പുറത്തുവന്നില്ല. എന്നാൽ ഒരു മയിലമ്മ പാത്തും പതുങ്ങിയും അവിടേക്കു നടന്നുവന്നു.
മയിലമ്മ കണ്ണഞ്ചിപ്പിക്കുന്ന ഒരു മയിൽപ്പീലിയെടുത്തു നോക്കുകുത്തിയുടെ കിരീടത്തിന്മേൽ കുത്തിക്കൊടുത്തു. കിരീടത്തിൽ പീലികൂടി വന്നപ്പോൾ താനൊരു ദേവൻതന്നെ ആയെന്നു നോക്കുകുത്തിക്കു തോന്നി.
നോക്കുകുത്തിക്കു മയിലമ്മയോടും അതിരറ്റ സ്‌നേഹമുണ്ടായി. നോക്കുകുത്തി സന്തോഷത്തോടെ പറഞ്ഞുഃ
“ഏഴഴകുളെളാരു മയിലമ്മേ
എൻമുന്നിലാടിക്കളിച്ചുകൊളളൂ
നെന്മണി തിന്നു രസിച്ചുകൊളളൂ
പീലിവിടർത്തി മദിച്ചുകൊളളൂ.”
ഇതുകേട്ടു മയിലമ്മ വേഗം പാടവരമ്പിൽ കേറിനിന്നു. പീലിവിടർത്തി ആടിക്കളിച്ചു. അവൾ മറ്റു പക്ഷികൾ കേൾക്കത്തക്കവണ്ണം ഉറക്കെ പാടാൻ തുടങ്ങിഃ
“ശങ്കിച്ചു നിൽക്കാതെ വന്നുകൊളളൂ
തിന്നുവാൻ നെന്മണി വേണ്ടതുണ്ട്
നോക്കൂത്തി നമ്മെ തടുക്കുകില്ലാ
പേടിച്ചൊളിക്കാതെ വന്നുകൊളളൂ.”
മയിലമ്മയുടെ വിളികൂടി കേട്ടപ്പോൾ പക്ഷികളെല്ലാവരും നോക്കുകുത്തിയുടെ അടുത്തേക്കു പറന്നെത്തി.
വിശപ്പുകൊണ്ടു പൊറുതിമുട്ടിയിരുന്ന പക്ഷികൾ ഒട്ടും ഭയപ്പെടാതെ പൊക്കാളിപ്പാടത്തു വന്നുനിന്നു നെന്മണി കൊത്തിത്തിന്നാൻ തുടങ്ങി.
ഈ കാഴ്‌ച കണ്ടുകൊണ്ടു പാടത്തിന്റെ ഉടമസ്ഥനായ ഉണ്ണിത്തിരിയമ്മാവൻ അവിടേക്കു പാഞ്ഞുവന്നു. അയാൾക്കു തീരാത്ത ദേഷ്യം തോന്നി. അയാൾ പറഞ്ഞുഃ
“നന്ദിയില്ലാത്തൊരു നോക്കുകുത്തീ
ഏമാനെപ്പറ്റിച്ച നോക്കുകുത്തീ
എണ്ണയൊഴിച്ചു ഞാനിന്നു നിന്നെ
കത്തിച്ചുവേവിച്ചു ചാമ്പലാക്കും.”
ഉണ്ണിത്തിരിയമ്മാവൻ നോക്കുകുത്തിയെ പൊക്കിയെടുത്ത് ഒരു പാറപ്പുറത്തു കൊണ്ടുപോയി വച്ചു. എന്നിട്ട് എണ്ണയും തീയും കൊണ്ടുവരാനായി വീട്ടിലേക്കു പോയി.
പാവം നോക്കുകുത്തി രക്ഷപ്പെടാൻ വഴികാണാതെ പാറപ്പുറത്തിരുന്നു വിങ്ങിവിങ്ങിക്കരഞ്ഞു.
നോക്കുകുത്തിയുടെ കരച്ചിൽ കേട്ടു പൊക്കാളിപ്പാടത്തിരുന്ന പക്ഷികളെല്ലാം കൂട്ടംകൂട്ടമായി അവിടേക്കു പറന്നെത്തി. പക്ഷികൾ ചോദിച്ചുഃ
“എന്തേ കരയുന്നു കൂട്ടുകാരാ
എന്താണു കാരണം ചൊല്ലിയാലും
ഏമാനൻ വന്നു പിണങ്ങിയിട്ടോ
കണ്ടവരാരാനും തല്ലിയിട്ടോ?”
ഇതുകേട്ടു നോക്കുകുത്തി കരഞ്ഞുകൊണ്ടു പറഞ്ഞുഃ
“നിങ്ങളെ സ്‌നേഹിച്ച കാരണത്താൽ
ഏമാനിന്നെന്നെ ചാമ്പലാക്കും
എണ്ണയും തീയുമെടുക്കുവാനായ്
വീട്ടിലേക്കദ്ദേഹം പൊയ്‌ക്കഴിഞ്ഞു.”
നോക്കുകുത്തിയുടെ സങ്കടം കണ്ടു പക്ഷികൾക്കു സങ്കടം തോന്നി. തങ്ങളോടു സ്‌നേഹം കാണിച്ച ഈ നോക്കുകുത്തിയെ രക്ഷിക്കേണ്ടതു തങ്ങളുടെ കടമയാണെന്ന് അവർ വിചാരിച്ചു.
പക്ഷികളെല്ലാവരും ഒത്തുചേർന്നു പാറപ്പുറത്തിരുന്ന നോക്കുകുത്തിയെ മെല്ലെ പൊക്കിയെടുത്ത് അവരുടെ താവളത്തിനു നേർക്കു പറന്നു നീങ്ങി.
എണ്ണയും തീയുമായി ഓടിവന്ന ഉണ്ണിത്തിരിയമ്മാവൻ ഈ കാഴ്‌ച കണ്ട് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ വായും പൊളിച്ചു നിന്നു!
Generated from archived content: kattukatha_aug6.html Author: sippi_pallipuram