കൊതുകു പട്ടാളം

അണ്ണാൻകീരൻ ഒരു ദിവസം കണ്ണാരംകടവത്തെ കാളിമുത്താരിയുടെ അറപ്പുരയിൽ നെല്ലു വാങ്ങാൻ പോയി. നെല്ലും ചുമന്നു കല്ലും ചവിട്ടി കൊല്ലപ്പണിക്കന്റെ മുറ്റത്തുകൂടി പോരുമ്പോൾ അണ്ണാൻകീരന്റെ കുഞ്ഞിക്കാലിൽ ഒരു മൊട്ടുസൂചി തറഞ്ഞുകയറി.

അണ്ണാൻകീരൻ ഉറക്കെ കരഞ്ഞുകൊണ്ടു തയ്യൽക്കാരൻ കുഞ്ഞോനാച്ചന്റെ തയ്യൽക്കടയുടെ മുന്നിലെത്തി. മൊട്ടുസൂചി കയറിയ കുഞ്ഞിക്കാലു കാണിച്ചിട്ട്‌ അണ്ണാൻ കീരൻ കുഞ്ഞോനാച്ചനോടു ചോദിച്ചുഃ

“കുഞ്ഞോനാച്ചാ പൊന്നങ്ങുന്നേ

കാലിൽ സൂചി തറച്ചല്ലോ.

സൂചിയെടുത്തു തരാമോ, നീയെൻ

സങ്കടമയ്യോ! മാറ്റാമോ?”

കുഞ്ഞോനാച്ചൻ അതത്ര കാര്യമാക്കിയില്ല. അയാൾ തയ്യൽ ചക്രം തിരിച്ചുകൊണ്ടു പറഞ്ഞുഃ

“ഇല്ലില്ല. എനിക്കു സൂചിയെടുക്കാനും തൂമ്പയെടുക്കാനുമൊന്നും നേരമില്ല. ഞാൻ നാടുവാഴുന്ന പൊന്നുതിരുമേനിക്ക്‌ ഒരു പൊന്നുടുപ്പു തുന്നിക്കൊണ്ടിരിക്കയാണ്‌. നീ വല്ല വൈദ്യശാലയിലോ ആശുപത്രിയിലോ ചെല്ല്‌.”

ഇതുകേട്ട്‌ അണ്ണാൻകീരനു വല്ലാത്ത ദേഷ്യം തോന്നി. അണ്ണാൻ കീരൻ പറഞ്ഞുഃ

“സൂചിയെടുക്കാൻ വയ്യെന്നാകിൽ

നിന്നെപ്പിന്നെ കണ്ടോളാം.”

അണ്ണാൻകീരൻ വാലും കുലുക്കിക്കൊണ്ടു നാടുവാഴുന്ന പൊന്നുതിരുമേനിയുടെ പളളിയരമനയിലെത്തി. അണ്ണാൻകീരൻ പൊന്നുതിരുമേനിയോടു ചോദിച്ചുഃ

“നാടുഭരിക്കും പൊൻതിരുമേനീ

എന്നോടല്പം കനിയാമോ

തയ്യൽക്കാരൻ കുഞ്ഞോനാച്ചനെ

വേഗം ജയിലിലടയ്‌ക്കാമോ?”

പൊന്നുതിരുമേനി അതത്ര കാര്യമാക്കിയില്ല. അദ്ദേഹം കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞുഃ

“ഇല്ലില്ല. എനിക്കു തയ്യൽക്കാരനെയും വയ്യാവേലിക്കാരെയും ജയിലിലടയ്‌ക്കാൻ മനസ്സില്ല. ഞാൻ കൊട്ടാരക്കെട്ടിലിരുന്നു പകിടകളിക്കാൻ പോകയാണ്‌. നീ വല്ല കച്ചേരിയിലോ കോടതിയിലോ ചെല്ല്‌.”

ഇതുകേട്ട്‌ അണ്ണാൻകീരനു വല്ലാത്ത മാനക്കേടു തോന്നി. അണ്ണാൻ കീരൻ പറഞ്ഞുഃ

“ജയിലിലടയ്‌ക്കാൻ മനസ്സില്ലെങ്കിൽ

മനസ്സുണ്ടാക്കാം വൈകാതെ.”

അണ്ണാൻകീരൻ മീശയും വിറപ്പിച്ചുകൊണ്ട്‌ ഉണ്ടക്കണ്ണൻ ചുണ്ടെലിമാമന്റെ മാളത്തിനു മുന്നിലെത്തി. അണ്ണാൻകീരൻ ചുണ്ടെലിമാമനോടു ചോദിച്ചുഃ

“ഉണ്ടക്കണ്ണൻ ചുണ്ടെലിമാമാ

എന്നോടല്പം കനിയാമോ?

പൊൻതിരുമേനിയുറങ്ങുന്നേരം

വയറുകടിച്ചു തുളയ്‌ക്കാമോ?”

ഉണ്ടക്കണ്ണൻ ചുണ്ടെലി അതത്ര കാര്യമാക്കിയില്ല. അവൻ മുളളങ്കി കരണ്ടുതിന്നുകൊണ്ടു പറഞ്ഞുഃ

“ഇല്ലില്ല. എനിക്കു പൊന്നുതിരുമേനിയുടെ വയറു തുളയ്‌ക്കാനും മുതുകു പൊളിക്കാനുമൊന്നും നേരമില്ല. ഞാൻ പപ്പുണ്ണി നായരുടെ ചായക്കടയിൽ പപ്പടം മോഷ്‌ടിക്കാൻ പോകയാണ്‌. നീ വല്ല കൊല്ലക്കുടിയിലോ പണിയാലയിലോ ചെല്ല്‌.”

ഇതുകേട്ട്‌ അണ്ണാൻകീരനു വല്ലാത്ത നിരാശതോന്നി. അണ്ണാൻകീരൻ ഇങ്ങനെ പറഞ്ഞുഃ

“വയറുതുളയ്‌ക്കാൻ വയ്യെന്നാകിൽ

വഴിയുണ്ടാക്കാം പൊയ്‌ക്കോളൂ.”

അണ്ണാൻകീരൻ പല്ലും കടിച്ചുകൊണ്ടു നീരാട്ടുകടവിലെ നീർക്കോലിപ്പുളവന്റെ അടുക്കലെത്തി. അണ്ണാൻ കീരൻ നീർക്കോലിപ്പുളവനോടു ചോദിച്ചു.

“വളവാ പുളവാ നീർക്കോലി നീ

എന്നോടല്പം കനിയാമോ?

ഉണ്ടക്കണ്ണൻ ചുണ്ടെലി തന്നുടെ

വാലു കടിച്ചു മുറിക്കാമോ?”

നീർക്കോലിപ്പുളവൻ അതത്ര കാര്യമാക്കിയില്ല. അവൻ വളഞ്ഞുപുളഞ്ഞു കൊണ്ടു പറഞ്ഞുഃ

“ഇല്ലില്ല. എനിക്ക്‌ എലിവാലു കടിക്കാനും പുലിവാലു പിടിക്കാനുമൊന്നും നേരമില്ല. ഞാൻ മാക്രിക്കുണ്ടിൽ തവളവേട്ടയ്‌ക്കു പോകയാണ്‌. നീ വല്ല പൂച്ചക്കുറിഞ്ഞ്യാരുടെ വീട്ടിലോ നായ്‌ക്കൂട്ടത്തിലോ ചെല്ല്‌.”

ഇതുകേട്ട്‌ അണ്ണാൻകീരനു വല്ലാത്ത മനഃപ്രയാസം തോന്നി. അണ്ണാൻ കീരൻ പറഞ്ഞുഃ

“വാലുകടിക്കാൻ മടി കാണിച്ചാൽ

ആപത്താണേ സൂക്ഷിച്ചോ”

അണ്ണാൻകീരൻ മൂക്കും വിറപ്പിച്ചുകൊണ്ടു ചെറുചുളളിക്കാട്ടിലെ ചൂരൽവടിയുടെ അടുത്തുചെന്നു. അണ്ണാൻകീരൻ ചൂരൽവടിയോടു ചോദിച്ചുഃ

“ചൂരൽവടിയേ, ചൂരൽവടിയേ

എന്നോടല്പം കനിയാമോ?

പുളവൻ വളവൻ നീർക്കോലിക്കൊരു

നല്ലടി നടുവിനു നല്‌കാമോ?”

ചൂരൽവടി അതത്ര കാര്യമാക്കിയില്ല. ചൂരൽവടി ചാഞ്ചാടിക്കൊണ്ടു പറഞ്ഞുഃ

“ഇല്ലില്ല. എനിക്ക്‌ ആരെയും അടിക്കാനും തൊഴിക്കാനും നേരമില്ല. ഞാൻ കാട്ടുപാലമരത്തിന്മേൽ ചുറ്റിക്കയറാൻ പോവുകയാണ്‌. നീ വല്ല മുച്ചാൺവടിയുടെ പക്കലോ മുണ്ടൻവടിയുടെ പക്കലോ ചെല്ല്‌.”

ഇതുകേട്ട്‌ അണ്ണാൻകീരനു വല്ലാത്ത വെറുപ്പുതോന്നി. അണ്ണാൻകീരൻ പറഞ്ഞുഃ

“അടി നല്‌കീടാൻ മടി കാണിച്ചാൽ

പകരം വീട്ടു ചങ്ങാതീ.”

അണ്ണാൻകീരൻ പിറുപിറുത്തുകൊണ്ടു മാഞ്ചോലക്കാട്ടിലെ കാട്ടുതീയുടെ പക്കലെത്തി. അണ്ണാൻകീരൻ കാട്ടുതീയോടു ചോദിച്ചുഃ

“ആളിക്കത്തും തീയമ്മാവാ

എന്നോടല്പം കനിയാമോ?

ചൂരൽവടിയെ ചുട്ടുകരിക്കാൻ

തെല്ലൊരു ധൈര്യം കാട്ടാമോ?”

കാട്ടുതീ അതത്ര കാര്യമാക്കിയില്ല. കാട്ടുതീ ആളിക്കത്തിക്കൊണ്ടു പറഞ്ഞുഃ

“ഇല്ലില്ല. എനിക്കു ചൂരൽവടിയെ ചുട്ടുകരിക്കാനും കണ്ടിടത്തൊക്കെ തീ കൊളുത്താനും സാധ്യമല്ല. നീ വല്ല തീപ്പെട്ടിയുടെ പക്കലോ ഉമിത്തീയുടെ പക്കലോ ചെല്ല്‌.”

ഇതുകേട്ട്‌ അണ്ണാൻകീരനു വല്ലാത്ത കോപം തോന്നി. അണ്ണാൻകീരൻ പറഞ്ഞുഃ

“വടിയെ ചുട്ടുകരിച്ചില്ലെങ്കിൽ

തടികേടാകും നോക്കിക്കോ.”

അണ്ണാൻകീരൻ തലവെട്ടിച്ചുകൊണ്ടു പൊന്നാനിപ്പുഴയുടെ അടുക്കലെത്തി. അണ്ണാൻകീരൻ പൊന്നാനിപ്പുഴയോടു ചോദിച്ചുഃ

“പുഴയമ്മാവാ പുഴയമ്മാവാ

എന്നോടല്‌പം കനിയാമോ?

കാട്ടിൽക്കത്തിപ്പടരും തീയുടെ

കഥ നീയൊന്നു കഴിക്കാമോ?”

പൊന്നാനിപ്പുഴ അതത്ര കാര്യമാക്കിയില്ല. പുഴ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞുഃ

“ഇല്ലില്ല. എനിക്കു കാട്ടുതീ കെടുത്താനും വീട്ടുതീ കെടുത്താനുമൊന്നും നേരമില്ല. ഞാൻ അറബിക്കടലിൽ ഒരു സമ്മേളനത്തിനു പോകയാണ്‌. നീ വല്ല കാട്ടുകുളത്തിന്റെ പക്കലോ പൊട്ടക്കിണറിന്റെ പക്കലോ ചെല്ല്‌.”

ഇതുകേട്ട്‌ അണ്ണാൻകീരനു വല്ലാത്ത കോപം തോന്നി. അണ്ണാൻകീരൻ പറഞ്ഞുഃ

“തീയ്‌ കെടുത്താൻ വയ്യെന്നാകിൽ

വരച്ച വരയിൽ നിർത്തും ഞാൻ.”

അണ്ണാൻകീരൻ ചാടിക്കുതിച്ചുകൊണ്ടു തൃക്കോട്ടൂർ മനയ്‌ക്കലെ കൊച്ചുകറുമ്പനാനയുടെ അടുക്കലെത്തി. അണ്ണാൻകീരൻ കൊച്ചു കറുമ്പനാനയോടു ചോദിച്ചുഃ

“കൊമ്പാ വമ്പാ കൊച്ചുകറുമ്പാ

എന്നോടല്‌പം കനിയാമോ?

പൊന്നാനിപ്പുഴ വേഗത്തിൽ നീ

കുത്തിമറിച്ചു കലക്കാമോ?”

കൊച്ചുകറുമ്പൻ കൊമ്പു കുലുക്കിക്കൊണ്ടു പറഞ്ഞുഃ

“ഇല്ലില്ല. എനിക്കു പുഴ കലക്കാനും തോടു കലക്കാനുമൊന്നും നേരമില്ല. ഞാൻ കരിമ്പനക്കാട്ടിൽ കരിമ്പുതിന്നാൻ പോകയാണ്‌. നീ വല്ല കാട്ടുപോത്തിന്റെയോ കാട്ടുപന്നിയുടേയോ പക്കൽ ചെല്ല്‌.”

ഇതുകേട്ട്‌ അണ്ണാൻകീരന്റെ കോപം ഇരട്ടിച്ചു. അണ്ണാൻ കീരൻ പറഞ്ഞുഃ

“കൊമ്പാ വമ്പാ കൊച്ചുകറുമ്പാ

നിന്നുടെ വമ്പു കുറയ്‌ക്കും ഞാൻ.”

അണ്ണാൻകീരൻ തലയും നിവർത്തിപ്പിടിച്ചുകൊണ്ടു കൊതുകുകളുടെ അമ്മമഹാറാണിയായ മൂളിയലങ്കാരിയുടെ കൊട്ടാരത്തിലേക്കു ചെന്നു. അണ്ണാൻകീരൻ മൂളിയലങ്കാരിയോടു ചോദിച്ചുഃ

“മൂളും കൊതുകേ, മുരളും കൊതുകേ

എന്നോടല്‌പം കനിയാമോ?

കൊച്ചുകറുമ്പൻ കൊമ്പച്ചാരുടെ

വമ്പു കുറച്ചുതരാമോ നീ?”

മൂളിയലങ്കാരി മൂളിക്കൊണ്ടു പറഞ്ഞുഃ

“അതിനെന്താ കീരൻചേട്ടാ, തന്നെ ഞാൻ സഹായിക്കാം. കൊച്ചുകറുമ്പന്റെ പക്കലേക്കു ഞാനെന്റെ കൊതുകുപട്ടാളത്തെ അയയ്‌ക്കാം. അവർ അവനെ കൊമ്പുകുത്തിക്കും.”

മൂളിയലങ്കാരി വേഗം തന്റെ കൊട്ടാരത്തിന്റെ നിലവറ തുറന്ന്‌ ഒരു കോടി കൊതുകുപട്ടാളത്തെ തൃക്കോട്ടൂർ മനയ്‌ക്കലെ കൊച്ചു കറുമ്പനാനയുടെ സമീപത്തേക്കു പറഞ്ഞയച്ചു.

കൊതുകുപട്ടാളം വീറോടെ പാട്ടുപാടി അങ്ങോട്ടു പാഞ്ഞുചെന്നു. കൊതുകുപട്ടാളത്തിന്റെ ചിറകടി മൂലം പെട്ടെന്ന്‌ ഒരു കൊടുങ്കാറ്റുണ്ടായി. കൊടുങ്കാറ്റിൽപെട്ടു മരങ്ങളും വീടുകളും ‘ചടപടാ’യെന്നു നിലംപൊത്തി.

കൊതുകുപട്ടാളം മൂളിവരുന്നതുകണ്ടു കൊച്ചുകറുമ്പനാന വാലും ചുരുട്ടി ഓടാൻതുടങ്ങി. കൊതുകുപട്ടാളം പിന്നാലെ പാഞ്ഞുചെന്നു കൊച്ചുകറുമ്പന്റെ മൂക്കിലും വായിലും കണ്ണിലും കാതിലും മുതുകിലും വയറിലുമെല്ലാം കുത്താനാരംഭിച്ചുഃ

കൊതുകുപട്ടാളത്തിന്റെ കുത്തേറ്റു ചോരയും നീരും വാർന്നുപോയ കൊച്ചുകറുമ്പൻ കൊമ്പുകുത്തിക്കൊണ്ടു പറഞ്ഞുഃ

“കൊതുകന്മാരെ കൊതുകച്ചന്മാരേ, കുത്തല്ലേ കൊല്ലല്ലേ കൊല്ലാക്കൊല ചെയ്യല്ലേ. ഞാൻ വേഗം ചെന്നു പൊന്നാനിപ്പുഴയെ കുത്തിക്കലക്കാം.”

ഇതുകേട്ട പൊന്നാനിപ്പുഴ പേടിച്ചോടി മലഞ്ചോലക്കാട്ടിലെ കാട്ടുതീയെ കെടുത്താൻ ശ്രമിച്ചു. പൊന്നാനിപ്പുഴ ഇരച്ചു പാഞ്ഞു വരുന്നതുകണ്ടു കാട്ടുതീ പാഞ്ഞുചെന്നു ചൂരൽവടിയെ കത്തിക്കാനൊരുങ്ങി.

ഇതു കണ്ട്‌ ചൂരൽവടി കരഞ്ഞുകൊണ്ട്‌ ഓടിച്ചെന്നു നീർക്കോലിപ്പുളവനെ അടിക്കാൻ തുടങ്ങി. അടികൊണ്ടു പേടിച്ച നീർക്കോലിപ്പുളവൻ വേഗം ഇഴഞ്ഞുചെന്ന്‌ ഉണ്ടക്കണ്ണൻ ചുണ്ടെലിയുടെ വാലിൽ കടിക്കാൻ വട്ടംകൂട്ടി.

ഇതുകണ്ട്‌ ഉണ്ടക്കണ്ണൻ ചുണ്ടെലി ഓടിച്ചെന്നു പളളിയരമനയിൽ ഉറങ്ങിക്കിടന്ന പൊന്നുതിരുമേനിയുടെ വയറിനു കടിക്കാൻ തുടങ്ങി.

പൊന്നുതിരുമേനി പേടിച്ചോടിച്ചെന്നു തയ്യൽക്കാരൻ കുഞ്ഞോനാച്ചനെ പിടിച്ചുകെട്ടി കൊണ്ടുവന്നു ജയിലിലടയ്‌ക്കാൻ നോക്കി.

അപ്പോൾ കുഞ്ഞോനാച്ചൻ കരഞ്ഞുകൊണ്ടു പറഞ്ഞുഃ“അന്നദാതാവായ പൊന്നുതിരുമേനീ, അവിടുന്ന്‌ എന്നെ ജയിലിലടയ്‌ക്കരുത്‌. ഞാൻ വേഗം ചെന്ന്‌ അണ്ണാൻകീരന്റെ കുഞ്ഞിക്കാലിലെ മൊട്ടുസൂചി എടുത്തുകളയാം.”

“ശരി, ഉടനെയാവട്ടെ.” പൊന്നുതിരുമേനി കല്‌പിച്ചു.

തയ്യൽക്കാരൻ കുഞ്ഞോനാച്ചൻ ഓടിച്ചെന്ന്‌ അണ്ണാൻകീരന്റെ കുഞ്ഞിക്കാലിലെ മൊട്ടുസൂചി എടുത്തുകളഞ്ഞു. അണ്ണാൻകീരനു വലിയ സന്തോഷവും ആശ്വാസവും തോന്നി.

അണ്ണാൻകീരൻ നല്ലവളായ മൂളിയലങ്കാരിയോടും കൊതുകുപട്ടാളത്തോടും നന്ദിപറഞ്ഞു. കൊതുകുപട്ടാളം മൂളിയലങ്കാരിയുടെ കൊട്ടാരത്തിലെ നിലവറയിലേക്കു തിരിച്ചുപോയി.

അണ്ണാൻകീരൻ വാലുമുയർത്തിപ്പിടിച്ച്‌ ആനന്ദത്തോടെ ‘ചിൽ ചിൽ, ചിൽ ചിൽ’എന്നു ചിലച്ചുകൊണ്ട്‌ മരച്ചില്ലകളിലൂടെ തത്തിച്ചാടി തന്റെ കൊച്ചുവീട്ടിലേക്കു യാത്രയായി.

Generated from archived content: kattukatha_apr30.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമുന്താണി മൂക്കൻ
Next articleയജമാനനെ പറ്റിച്ച നോക്കുകുത്തി
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here