മുന്താണിമൂക്കൻ ഒരു എട്ടും പൊട്ടും തിരിയാത്ത കാണ്ടാമൃഗക്കുട്ടിയായിരുന്നു. കണ്ടതിനൊക്കെ വാശിപിടിക്കുക അവന്റെ ഒരു സ്വഭാവമായിരുന്നു.
മുന്താണിമൂക്കനു മൂന്നര വയസ്സായപ്പോൾ അമ്മച്ചിക്കാണ്ടാമൃഗവും അച്ഛൻ കാണ്ടാമൃഗവുംകൂടി അവനെ കൊണ്ടുപോയി കുട്ടായി സാറിന്റെ പളളിക്കൂടത്തിൽ പഠിക്കാൻ ചേർത്തു.
മുന്താണിമൂക്കൻ പതിവുപോലെ ഒരു ദിവസം കുട്ടായി സാറിന്റെ പളളിക്കൂടത്തിലേക്കു യാത്രയായി.
നടന്നു നടന്നു പൂഞ്ചോലക്കടവിലെത്തിയപ്പോൾ ഒരു സുന്ദരിപ്പൂമ്പാറ്റ അതുവഴി പറന്നുവരുന്നതു മുന്താണിമൂക്കൻ കണ്ടു.
മുന്താണിമൂക്കൻ അതിനുമുമ്പു പൂമ്പാറ്റയെ കണ്ടിട്ടുണ്ടായിരുന്നില്ല. മനോഹരമായ രണ്ടു ചിറകുകളും വീശി ആകാശത്തുകൂടി പറന്നു വരുന്ന സുന്ദരിപ്പൂമ്പാറ്റയെ അവൻ അതിശയത്തോടെ നോക്കിനിന്നു.
മുന്താണിമൂക്കൻ സുന്ദരിപ്പൂമ്പാറ്റയോടു ചോദിച്ചുഃ
“സുന്ദരിയാകും കുഞ്ഞിപ്പറവേ
എവിടെന്നോടി വരുന്നൂ നീ?
എന്തിനു നീയീച്ചിറകുകൾ രണ്ടും
മോടിയിൽ വെച്ചു പിടിപ്പിച്ചൂ?”
ഇതുകേട്ടു സുന്ദരിപ്പൂമ്പാറ്റ തൊട്ടടുത്തുളള പൂച്ചെടിയിൽ വന്നിരുന്നു ചിറകാട്ടിക്കൊണ്ടു പറഞ്ഞുഃ
“പൊന്നിൻ ചിറകുകളുണ്ടെന്നാകിൽ
പാറിനടക്കാം മാനത്ത്
പൂന്തേനുണ്ണാം പൂമ്പൊടിയുണ്ണാം
പൂവുകൾ തോറും കളിയാടാം.”
ഇതുകേട്ടപ്പോൾ തനിക്കും രണ്ടു ചിറകുകളുണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നുവെന്ന് മുന്താണിമൂക്കൻ ആശിച്ചു.
മുന്താണിമൂക്കൻ സുന്ദരിപ്പൂമ്പാറ്റയോടു ചോദിച്ചുഃ
“എങ്ങനെ കിട്ടും പൊന്നിൻകുടമേ
പൊന്നിൻ ചിറകുകൾ രണ്ടെണ്ണം?
തുന്നൽക്കടയിൽ ചെന്നാലിപ്പോൾ
തുന്നിത്തരുമോ, ചൊന്നാട്ടെ?”
സുന്ദരിപ്പൂമ്പാറ്റ ഇതുകേട്ടു ചിരിച്ചുകൊണ്ടു പറഞ്ഞുഃ
“ചിറകുകൾ കിട്ടിയതെങ്ങനെയാണെ
ന്നറിയില്ലല്ലോ ചങ്ങാതീ.
അന്വേഷിപ്പിൻ കണ്ടെത്തും നീ
കാണ്ടാമൃഗമേ പോയാലും.”
ഇത്രയും പറഞ്ഞിട്ടു സുന്ദരിപ്പൂമ്പാറ്റ ആടിപ്പാടി ഏതോ വഴിക്കുപറന്നുപോയി.
അന്നു മുന്താണിമൂക്കൻ കുട്ടായിസാറിന്റെ പളളിക്കൂടത്തിലേക്കു പോയില്ല.
മുന്താണിമൂക്കൻ നേരേ വീട്ടിൽ ചെന്ന് അമ്മച്ചിക്കാണ്ടാമൃഗത്തോടും അച്ഛൻകാണ്ടാമൃഗത്തോടും ദേഷ്യപ്പെട്ടു. അവൻ അവരോടു പറഞ്ഞുഃ
“എനിക്കു പാറിനടക്കാൻ ചിറകുകൾ
വാങ്ങിത്തരണം രണ്ടെണ്ണം
അല്ലെന്നാകിൽ തോട്ടം മുഴുവൻ
കുത്തിയിളക്കി മറിക്കും ഞാൻ.”
ഇതുകേട്ട് അമ്മച്ചിക്കാണ്ടാമൃഗവും അച്ഛൻ കാണ്ടാമൃഗവും വല്ലാതെ പേടിച്ചു. അവർ മുന്താണി മൂക്കനെ ഉപദേശിച്ചു.
“കുഞ്ഞേ നമുക്കൊരു കാലത്തും
ചിറകുമുളയ്‌ക്കില്ലതുപോലെ
നമ്മൾക്കോടിച്ചാടി നടക്കാൻ
കാലുണ്ടല്ലോ നാലെണ്ണം.”
ഇതുകേട്ടു മുന്താണിമൂക്കനു മൂക്കത്തു ദേഷ്യം വന്നു. അവൻ അവരുടെ വീട്ടുവളപ്പിലെ തോട്ടം മുഴുവൻ കുത്തിമറിച്ചു നശിപ്പിച്ചു. എന്നിട്ടു നാടും വീടും വിട്ട് ഓടിപ്പോയി.
ഓടിയോടി കരിമ്പിൻക്കാട്ടിലെത്തിയപ്പോൾ ഒരു ഓലേഞ്ഞാലിപ്പക്ഷി പനയോലത്തുമ്പിൽ തൂങ്ങിക്കിടന്നു ചാഞ്ചാടി രസിക്കുന്നത് മുന്താണിമൂക്കൻ കണ്ടു.
മുന്താണിമൂക്കൻ ഓലേഞ്ഞാലിപ്പക്ഷിയോടു ചോദിച്ചുഃ
“ഓലത്തുമ്പിൽ ചാഞ്ചാടുന്നൊരു
ചേലേറും ചെറു പൈങ്കിളിയേ
നിന്നുടെ കുഞ്ഞിച്ചിറകുകൾ രണ്ടും
വിലയ്‌ക്കുതരുമോ പൊൻമണിയേ?”
ഇതുകേട്ട് ഓലേഞ്ഞാലിപ്പക്ഷി മുന്താണിമൂക്കന്റെ മൂക്കത്തു പറന്നുവന്നിരുന്നു കൊക്കു മിനുക്കിക്കൊണ്ടു പറഞ്ഞുഃ
“മണ്ടച്ചാരേ, കാണ്ടാമൃഗമേ
മിണ്ടാതോടിപ്പൊയ്‌ക്കൊളളൂ
ചിറകുകൾ രണ്ടും തന്നാൽ പിന്നെ-
പാറിനടക്കുവതെങ്ങനെ ഞാൻ?”
ഓലേഞ്ഞാലിപ്പക്ഷിയുടെ പിണക്കം കേട്ടു മുന്താണിമൂക്കനു കരച്ചിൽ വന്നു.
മുന്താണിമൂക്കൻ ഓലേഞ്ഞാലിയോടു പിന്നെയും ചോദിച്ചുഃ
“ചിറകുകൾ രണ്ടു മുളയ്‌ക്കാനുളെളാരു
വിദ്യ പറഞ്ഞു തരാമോ നീ?
ചിറകു വിരുത്തിപ്പാറി നടക്കാൻ
വലിയൊരു മോഹം മനതാരിൽ.”
മുന്താണിമൂക്കന്റെ സങ്കടം കണ്ട് ഓലേഞ്ഞാലിപ്പക്ഷി ഒരു വിദ്യ പറഞ്ഞുകൊടുത്തു.
“കാട്ടിനകത്തൊരു പൊൻമലയുണ്ടേ
പൊൻമലമേലൊരു കാവുണ്ടേ
കാവിനു മുന്നിൽ മുപ്പതു നാൾ നീ
തപസ്സു ചെയ്യുക വേഗം പോയ്.”
ഇതുകേട്ട് മുന്താണിമൂക്കൻ സന്തോഷത്തോടെ കാട്ടിനകത്തെ പൊൻമല അന്വേഷിച്ചു യാത്രയായി. നടന്നുനടന്നു മുന്താണിമൂക്കൻ പൊൻമലയുടെ അരികിലെത്തി. പിന്നെ നീന്തിയും നിരങ്ങിയും ഉരുണ്ടും പിരണ്ടും ഒരു കണക്കിനു പൊൻമലയുടെ മുകളിലുളള കാവിനു മുന്നിലെത്തി.
കൈ രണ്ടും കൂപ്പി, കണ്ണു രണ്ടും അടച്ച് ഊണും ഉറക്കവുമില്ലാതെ മുന്താണിമൂക്കൻ മുപ്പതു രാവും മുപ്പതു പകലും രണ്ടു കാലിൽ നിന്നു തപസ്സുചെയ്തു.
മുപ്പത്തൊന്നാം ദിവസം പുലർച്ചയ്‌ക്ക് മലങ്കാവിലെ മഹാകാളി പ്രത്യക്ഷപ്പെട്ടു. മഹാകാളി ചോദിച്ചു.
“മകനേ മുന്താണിമൂക്കാ, നിനക്ക് എന്താണ് വേണ്ടത്? നിന്റെ ആശ സാധിച്ചുതരാനാണ് നാം വന്നിരിക്കുന്നത്!…”
മഹാകാളിയുടെ മുന്നിൽ കൈകൂപ്പി നിന്ന് കണ്ണീരൊഴുക്കിക്കൊണ്ട് മുന്താണിമൂക്കൻ പറഞ്ഞുഃ
“കരുണക്കടലേ കനിയേണം നീ
കാട്ടിനകത്തെ മഹാകാളീ,
അടിയനു പാറി നടക്കാൻ പൊന്നിൻ-
ചിറകുതരേണം രണ്ടെണ്ണം! ”
ഇതുകേട്ട് മഹാകാളി കൈകളുയർത്തി അവനെ അനുഗ്രഹിച്ചു.
പെട്ടെന്ന് മൂന്താണിമൂക്കന്റെ ഇരുവശങ്ങളിലുമായി രണ്ടു പൊന്നിൻ ചിറകുകൾ മുളച്ചു വന്നു. മുന്താണിമൂക്കൻ സന്തോഷംകൊണ്ട് തുളളിച്ചാടി.
മഹാകാളി മറഞ്ഞുപോയ ഉടനെ മുന്താണിമൂക്കൻ തന്റെ പൊന്നിൻ ചിറകുകൾ വീശി ആകാശത്തേക്കുയർന്നു. അവൻ സന്തോഷത്തോടെ മേഘങ്ങൾക്കിടയിലൂടെ പറന്നു നീങ്ങി.
രാവിലെ തീറ്റതേടിയിറങ്ങിയ പക്ഷികളും പൂമ്പാറ്റകളും ആകാശത്തിലൂടെ പറന്നുവരുന്ന പുതിയ ഭീകരജന്തുവിനെ കണ്ടു പേടിച്ചു വിറച്ച് ഓടിയൊളിക്കാൻ തുടങ്ങി.
മുന്താണിമൂക്കൻ കുറെ ദൂരം പറന്ന് ഒരു വലിയ അരയാൽ മരത്തിന്റെ മുകളിലെത്തി. അവിടെ ഒരു പച്ചപ്പനങ്കിളി പാട്ടും പാടിയിരിക്കുന്നത് അവൻ കണ്ടു.
മുന്താണിമൂക്കൻ പച്ചപ്പനങ്കിളിയെ കളിയാക്കിക്കൊണ്ടു പറഞ്ഞുഃ
“എന്തിനു കൊളളാം നിന്നുടെ ചിറകും
നിന്നുടെ കൊക്കും ചെറുകിളിയേ,
എന്നുടെ പൊന്നിൻ ചിറകുകൾ രണ്ടും
മിന്നീടുന്നതു കണ്ടില്ലേ?”
ഇത്രയും പറഞ്ഞിട്ട് മുന്താണിമൂക്കൻ അരയാൽ മരത്തിന്റെ കൊമ്പത്തു പറന്നിരുന്നു.
അവന്റെ ഭാരംകൊണ്ട് മരക്കൊമ്പൊടിഞ്ഞ് ‘പൊത്തോ’യെന്നു താഴെവീണു. മുന്താണിമൂക്കൻ മൂക്കുംകുത്തി ‘തിത്തോം’ എന്ന് അതിന്റെ മേൽ വീണു. ഇതു കണ്ടു പേടിച്ചുവിറച്ച പച്ചപ്പനങ്കിളി പ്രണനുംകൊണ്ടു പറന്നകന്നു.
മുന്താണിമൂക്കൻ താഴത്തുനിന്നു തട്ടിപ്പിടഞ്ഞെഴുന്നേറ്റു പിന്നെയും ഉയരത്തിലേക്കു പറന്നു. ചിറകു കുഴഞ്ഞപ്പോൾ അവൻ ഒരു പൊന്തക്കാട്ടിനു മുകളിൽ വിശ്രമിക്കാനിരുന്നു. അവന്റെ ഭാരംകൊണ്ട് കാട് അപ്പാടെ നിലംപൊത്തി. അതിനിടയിൽപ്പെട്ടു കുഞ്ഞൻമുയലിന്റെ കാലൊടിഞ്ഞു. മണിയനണ്ണാന്റെ വാലൊടിഞ്ഞു.
ഇതുകണ്ടു കോപംപൂണ്ട മുയലുകളും അണ്ണാറക്കണ്ണൻമാരും കല്ലും മണ്ണും വാരി മുന്താണിമൂക്കനെ എറിഞ്ഞു. പക്ഷികൾ കൂട്ടമായി പറന്നുവന്ന് അവന്റെ മൂക്കിലും കണ്ണിലും മുതുകിലും കൊത്തി.
മുന്താണിമൂക്കൻ ഉറക്കെ അമറിക്കൊണ്ട് ആകാശത്തേക്കു പറന്നുയർന്നു. എങ്കിലും ക്ഷീണവും തളർച്ചയുംകൊണ്ട് അവനു തീരെ പറക്കാൻ കഴിഞ്ഞില്ല.
മുന്താണിമൂക്കനു പഴയതുപോലെ നിലത്തിറങ്ങി നടക്കാൻ കൊതിതോന്നി. അവൻ പയ്യെപ്പയ്യെ താഴോട്ടിറങ്ങി. എന്നാൽ അവൻ ചെന്നിറങ്ങിയത് ഒരു എറുമ്പുമടയുടെ മുകളിലായിരുന്നു.
എറുമ്പുമട തകർന്നു കട്ടെറുമ്പുകൾ ഇളകി. കട്ടെറുമ്പുകൾ ദേഷ്യത്തോടെ പാഞ്ഞുചെന്ന് മുന്താണിമൂക്കന്റെ കണ്ണിലും മൂക്കിലും വായിലും വയറിലുമെല്ലാം കടിക്കാൻ തുടങ്ങി.
മുന്താണിമൂക്കൻ ഉറക്കെ കരഞ്ഞുകൊണ്ടു ചിറകു വിരുത്തി ആകാശത്തേക്കു പറന്നുയർന്നു. കുറെനേരം പറന്നപ്പോൾ വീണ്ടും അവൻ കുഴഞ്ഞു. ക്ഷീണവും തളർച്ചയുകൊണ്ട് അവന് ഒട്ടും പറക്കാൻ കഴിയാതായി.
മുന്താണിമൂക്കൻ പയ്യെപ്പയ്യെ താഴോട്ടിറങ്ങി. അൽപസമയംകൊണ്ട് അവൻ ഒരു പുഴവക്കത്തു ചെന്നിറങ്ങി.
എന്നാൽ ഒന്നു വിശ്രമിക്കാൻപോലും കഴിയുംമുമ്പ് ഒരു വലിയ മുതലയമ്മാച്ചൻ വായും പിളർന്നുകൊണ്ട് അവനെ വിഴുങ്ങാനായി ഓടിയടുത്തു.
മുന്താണിമൂക്കൻ ഉറക്കെ കരഞ്ഞുകൊണ്ടു ചിറകു വിരുത്തി ആകാശത്തേക്കു പറന്നുയർന്നു. കുറെനേരം പറന്നപ്പോൾ വീണ്ടും അവൻ കുഴഞ്ഞു. ക്ഷീണവും തളർച്ചയുംകൊണ്ട് അവനു പറക്കാൻ കഴിയാതായി.
ചിറകുകൾ തനിക്ക് ഒരു വലിയ ഭാരമാണെന്നു മുന്താണി മൂക്കനു തോന്നി. ചിറകുകൾ കിട്ടിയതുകൊണ്ടു തനിക്കു ഭൂമിയിലും ആകാശത്തിലും ഇടമില്ലാതായെന്ന് അവനു ബോദ്ധ്യമായി.
മുന്താണിമൂക്കൻ കണ്ണീരൊഴുക്കിക്കൊണ്ടു വീണ്ടും കാട്ടിനകത്തെ പൊൻമലയിലേക്കു യാത്രയായി.
പറന്നുപറന്നു സന്ധ്യയ്‌ക്കുമുമ്പായി മുന്താണിമൂക്കൻ പൊൻമലയുടെ മുകളിലുളള കാവിനു മുന്നിലെത്തി. കൈ രണ്ടും കൂപ്പി, കണ്ണു രണ്ടുമടച്ച് ഊണും ഉറക്കവുമില്ലാതെ മുന്താണിമൂക്കൻ മുപ്പതുരാവും മുപ്പതു പകലും രണ്ടുകാലിൽ നിന്നു തപസ്സുചെയ്തു.
മുപ്പത്തൊന്നാം ദിവസം പുലർച്ചയ്‌ക്കു മലങ്കാവിലെ മഹാകാളി പ്രത്യക്ഷപ്പെട്ടു. മഹാകാളി ചോദിച്ചുഃ
“മകനേ മുന്താണിമൂക്കാ, നിനക്ക് എന്താണുവേണ്ടത്? നിന്റെ ആശ സാധിച്ചുതരാനാണു നാം വന്നിരിക്കുന്നത്.”
മഹാകാളിയുടെ മുന്നിൽ കൈ കൂപ്പിനിന്നു കണ്ണീരൊഴുക്കിക്കൊണ്ടു മുന്താണിമൂക്കൻ പറഞ്ഞുഃ
“കരുണക്കടലേ, കനിയേണം നീ
കാട്ടിനകത്തെ മഹാകാളീ
അടിയനു നല്‌കിയ ചിറകുകൾ രണ്ടും
നീക്കിത്തരണേ പൊന്നമ്മേ…….”
ഇതുകേട്ട് മഹാകാളി ഒന്നു ചിരിച്ചു. മഹാകാളി പറഞ്ഞു.
“മകനേ മുന്താണിമൂക്കാ, അതിമോഹം ആപത്താണ്. ഭൂമിയിൽ സുഖമായി ജീവിക്കാൻ വേണ്ടതെല്ലാം നിനക്കുണ്ടായിരുന്നു. എന്നിട്ടും രണ്ടു ചിറകുകൾകൂടി വേണമെന്നു നീ ചിന്തിച്ചത് അതിമോഹമാണ്. ഏതായാലും ഇത്തവണ നാം നിന്നോടു ക്ഷമിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഇതാവർത്തിക്കരുത്.”
മഹാകാളി കൈകളുയർത്തി അവനെ അനുഗ്രഹിച്ചു. പെട്ടെന്ന് അവന്റെ ചിറകുകൾ രണ്ടും ഇല്ലാതായി. എന്തോ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ അവനു തോന്നി. അവൻ സന്തോഷംകൊണ്ടു തുളളിച്ചാടി.
മഹാകാളി മറഞ്ഞുപോയ ഉടനെ മുന്താണിമൂക്കൻ തന്റെ വീട്ടിലേക്കോടി.
അമ്മച്ചിക്കാണ്ടാമൃഗവും അച്ഛൻകാണ്ടാമൃഗവും അവനെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു. അവൻ അവരുടെ കാല്‌ക്കൽ കെട്ടിവീണു കരഞ്ഞുകൊണ്ടു പറഞ്ഞുഃ
“അമ്മയുമച്ഛനുമെന്നോടൊട്ടും
കോപിക്കരുതേ ദയവായി.
അതിമോഹത്താൽ തെറ്റുകൾ പലതും
അറിയാതയ്യോ, ചെയ്തൂ ഞാൻ.”
ഇതുകേട്ട് അമ്മച്ചിക്കാണ്ടാമൃഗവും അച്ഛൻ കാണ്ടാമൃഗവും സന്തോഷത്തോടെ അവനെ കെട്ടിപ്പുണർന്നു.
Generated from archived content: kattukatha_apr16.html Author: sippi_pallipuram