കുറിഞ്ഞിപ്പാടത്തിന്റെ അരികിലായിരുന്നു കുഞ്ഞാലൻ കുറുക്കന്റെ താമസം. കോഴിപിടിത്തത്തിൽ അവനെ ജയിക്കാൻ മറ്റാരുമുണ്ടായിരുന്നില്ല.
ഒരിക്കൽ കുഞ്ഞാലൻ കുറുക്കൻ കോഴിശ്ശേരി ഗ്രാമത്തിൽ കോഴി പിടിക്കാനിറങ്ങി. അവിടെ ഓരോ വീട്ടിലും നിരവധി കോഴികളുണ്ടായിരുന്നു.
“ഒരാഴ്‌ച ഇവിടെ താമസിച്ചാൽ ഒരു നഷ്ടവും വരാനില്ല. പത്തുമുപ്പതു കോഴികളെയെങ്കിലും അകത്താക്കാം” കുഞ്ഞാലൻ കുറുക്കൻ മനസ്സിൽ കരുതി.
പിറ്റേ ദിവസം മുതൽ അവൻ കോഴിക്കൊയ്‌ത്തുതുടങ്ങി. കോഴിശ്ശേരിയിലെ വീട്ടുകാരാകെ വിഷമത്തിലായി. നായ്‌ക്കളെ അഴിച്ചുവിട്ടിട്ടും കെണിയൊരുക്കി വച്ചിട്ടും കുറുക്കനെ പിടികൂടാൻ കഴിഞ്ഞില്ല.
“ഈ കള്ളക്കുറുക്കന്റെ കഥകഴിക്കാൻ എന്താണൊരു വഴി?” – അവർ തമ്മിൽ തമ്മിൽ ആലോചനയായി.
ഇതിനിടയിലാണ് പുലികേശനപ്പൂപ്പൻ രംഗത്തുവന്നത്. അപ്പൂപ്പൻ പറഞ്ഞുഃ
“എന്നെ നിങ്ങൾക്കറിഞ്ഞൂടാ. നാടുവിറപ്പിച്ച പുള്ളിപ്പുലിയെ ഒറ്റരാത്രികൊണ്ട് പിടികൂടിയവനാ ഞാൻ. ഈ കുറുക്കനെ ഞാൻ നിഷ്‌പ്രയാസം അടിച്ചുകൊല്ലാം”
“അതെങ്ങനെ? വടികണ്ടാൽ അവൻ അടുക്കില്ലല്ലൊ” ഒരാൾ സംശയിച്ചു.
“അതൊന്നും സാരമില്ല. ഞാനൊരു വടിയുമായി കോഴികൂടിനരികിൽ ചത്തതുപോലെ കിടക്കും!”
“എന്നിട്ടെന്തിനാ?” ആളുകൾ ചോദിച്ചു.
“കുറുക്കൻ അടുത്തെത്തുമ്പോൾ ചാടിയെണീറ്റ് ഒറ്റയടികൊടുക്കും! അതോടെ അവന്റെ കഥ തീർന്നതു തന്നെ! ഹി ഹി ഹി!” -പുലികേശനപ്പൂപ്പൻ പല്ലില്ലാത്ത മോണ കാട്ടി ഉറക്കെ ചിരിച്ചു.
“ഭേഷ്! ബലേഭേഷ്! ഉഗ്രൻ ഐഡിയ – ആളുകൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി.
പിറ്റേദിവസം സന്ധ്യയ്‌ക്കുമുമ്പായി പുലികേശനപ്പൂപ്പൻ കയ്യിൽ ഒരു വലിയ ചൂരൽ വടിയുമായി കോഴിക്കൂടിനരികിൽ ചെന്ന് ചത്തതുപോലെ കിടന്നു.
ഈ സമയത്താണ് കുഞ്ഞാലൻ കുറുക്കൻ കോഴിക്കൂട്ടിൽ കണ്ണുംനട്ട് പങ്ങിപ്പതുങ്ങി അതുവഴി വന്നത്. കൂടിനരികിലായി ഒരപ്പൂപ്പൻ ചത്തുകിടക്കുന്നതു കണ്ടപ്പോൾ കുറുക്കനു ബലമായ സംശയം തോന്നി. ഹമ്പട! ഇയാൾ മരിച്ച ലക്ഷണമില്ലല്ലൊ; ഏതായാലും ഒന്നു പരീക്ഷിക്കുകതന്നെ. അവൻ ഉറക്കെ പറഞ്ഞുഃ
”ചത്തുകിടക്കുന്നവരേയും ചാകാതെകിടക്കുന്നവരെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ വടിയും കുത്തിപ്പിടിച്ചു ചത്തയാളെ ഞാനിന്ന് ആദ്യമായിട്ടാണ് കാണുന്നത്!“
ഇതു കേട്ടതോടെ പുലികേശനപ്പൂപ്പൻ കിടന്നകിടപ്പിൽ പൊട്ടിച്ചിരിച്ചുപോയി. ചിരി കേട്ടതോടെ കുറുക്കന് ആപത്തു മനസ്സിലായി. ഉറക്കെ കൂക്കി വിളിച്ചുകൊണ്ട് അവൻ അവിടെനിന്നും ഓടി രക്ഷപ്പെട്ടു.
Generated from archived content: kattukatha1_oct10_07.html Author: sippi_pallipuram