അമ്പാട്ടുമലയിൽ ബിംബൻ എന്നു പേരുള്ള ഭയങ്കരനായ ഒരു കടുവ പാർത്തിരുന്നു. കുറുക്കന്മാരെ അവന് കണ്ണെടുത്താൽ കണ്ടുകൂടാ. കാരണമെന്താണെന്നോ? ബിംബന്റെ അച്ഛനെ ഒരു പാതാളക്കുഴിയിൽ ചാടിച്ചു കൊന്നത് ഏതോ ഒരു സൂത്രക്കാരൻ കുറുക്കനായിരുന്നുവത്രെ! അതുകൊണ്ട് ഏതു കുറുക്കനെ കണ്ടാലും ചാടിവീണു കൊല്ലുക ബിംബന്റെ ഒരു വിനോദമായിരുന്നു.
ഒരിക്കൽ ബിംബൻ കടുവ ഇരതേടി ഇഞ്ചക്കാട്ടിലൂടെ വരികയായിരുന്നു. അപ്പോഴാണ് കുഞ്ചുക്കുറുക്കൻ അവന്റെ മുമ്പിൽവന്നു ചാടിയത്. ബിംബൻ മീശ വിറപ്പിച്ചുകൊണ്ടു പറഞ്ഞു ഃ
“ആഹാ! ഇന്നത്തെ കണി അസ്സലായിഃ എടാ കള്ളപ്പയലേ, നിന്നെ ഞാനിപ്പോൾ മാന്തിക്കീറിക്കൊല്ലും!…ഘർർർ….”
കുഞ്ചുക്കുറുക്കൻ നിന്ന നിലയിൽ ഒന്നു നടുങ്ങി. അവന്റെ കണ്ണിലൂടെ പൊന്നീച്ചകൾ പറന്നു. ഹാവൂ!… ഈ ഭയങ്കരന്റെ മുന്നിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുക? കുഞ്ചുക്കുറുക്കൻ നിലനിൽപ്പിൽ വിറച്ചു. എങ്കിലും ധൈര്യം വിടാതെ അവൻ പറഞ്ഞു ഃ
“എടോ കടുവച്ചാരേ, താനെന്നെ കൊല്ലരുത്, തനിക്കതിന് അവകാശമില്ല.”
“ങും എന്താ കാരണം ?” – കടുവ കുറുക്കനെ നോക്കി കണ്ണുരുട്ടി.
“മലങ്കാളിയമ്മ ഇന്നലെ പാതിരാത്രി മുതൽ എന്നെ ഈ കാട്ടിലെ രാജാവായി വാഴിച്ചിരിക്കയാണ്. എന്നെ കൊന്നാൽ മലങ്കാളി നിന്നെ ശപിച്ച് വെറുമൊരു പേപ്പട്ടിയാക്കി മാറ്റും! ഇതു സത്യം സത്യം സത്യം!” – കുഞ്ചുക്കുറുക്കൻ ഉറച്ച സ്വരത്തിൽ അറിയിച്ചു.
“എന്ത്? നിന്നെ മലങ്കാളി ഇവിടത്തെ രാജാവാക്കിയെന്നോ? എനിക്കിത് വിശ്വസിക്കാനേ കഴിയുന്നില്ല”. – ബിംബൻ പറഞ്ഞു.
“ങ്‌ഹാഹാ; സംശയമുണ്ടെങ്കിൽ കുറച്ചുനേരം എന്റെ കൂടെ നടന്നു നോക്കൂ. രാജാവായ എന്നെ പേടിച്ച് മൃഗങ്ങളെല്ലാം വാലും ചുരുട്ടി ഓടുന്ന കാഴ്‌ച നിന്നെ ഞാൻ കാട്ടിത്തരാം…” – കുഞ്ചുക്കുറുക്കൻ വലിയ ഗമയിൽ തട്ടിവിട്ടു.
“എങ്കിൽ ഞാനിപ്പോൾ നിന്റെ കൂടെ വരാം. നീ പറയുന്നത് സത്യമാണെങ്കിൽ നിന്നെ ഞാൻ കൊല്ലാതെ വിട്ടയക്കാം. അല്ലെങ്കിൽ നിന്നെ ‘കറുമുറാ’ കടിച്ചു കീറും” – ബിംബൻ മുന്നറിയിപ്പു നൽകി.
“ശരി; എങ്കിൽ ഒട്ടും നേരം കളയേണ്ട; നമുക്കു വേഗം പുറപ്പെടാം”- കുഞ്ചുക്കുറുക്കൻ കടുവയെ ക്ഷണിച്ചു.
അപ്പോൾ തന്നെ ബിംബൻ കടുവയും കുഞ്ചുക്കുറുക്കനും കൂടി കാട്ടുപാതയിലൂടെ യാത്ര തുടങ്ങി. കുറുക്കന്റെ ഒത്താശയോടെ കടുവ തങ്ങളെ വേട്ടയാടാൻ വരികയാണെന്ന് പാവം മൃഗങ്ങൾ കരുതി. അവർ പേടിച്ച് നാലുപാടും ഓടാൻ തുടങ്ങി. ഈ ഓട്ടം കണ്ടപ്പോൾ കുഞ്ചു പറഞ്ഞത് സത്യമാണെന്ന് മണ്ടൻ കടുവ വിശ്വസിച്ചു. അവൻ പറഞ്ഞു ഃ
“കുഞ്ചൂ നീ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. രാജാവായ നിന്നെ കണ്ടിട്ടാണ് ഈ മൃഗങ്ങളെല്ലാം പേടിച്ചോടുന്നത്. എന്റെ സംശയമെല്ലാം തീർന്നു. നിന്നെ ഞാൻ കൊല്ലുന്നില്ല. നീ നിന്റെ വഴിയ്‌ക്കു പൊയ്‌ക്കോളൂ”.
ഇതു കേൾക്കേണ്ട താമസം; തിരിച്ചു കിട്ടിയ പ്രാണനും കൊണ്ട് കുഞ്ചുക്കുറുക്കൻ ശരംവിട്ടപോലെ ‘ശർർർ’ എന്നൊരു പാച്ചിൽ!
Generated from archived content: kattukatha1_mar11_08.html Author: sippi_pallipuram