കുറുക്കന്തറയിൽ കൗശലൻ എന്നു പേരുളള ഒരു കുറുക്കനുണ്ടായിരുന്നു. ഒരിക്കൽ അവൻ ഇരതേടി കാട്ടിലൂടെ നടക്കുമ്പോൾ പെട്ടെന്നു കാലുതെറ്റി ഒരു പൊട്ടക്കിണറ്റിൽ വീണു. എന്തു ചെയ്‌തിട്ടും കിണറ്റിൽ നിന്നു കരകയറാൻ പറ്റിയില്ല.
ഇനി എന്താണൊരു വഴി? എങ്ങനെയാണ് ഈ പാതാളത്തിൽ നിന്ന് രക്ഷപ്പെടുക? കൗശലൻ കുറുക്കൻ ആലോചനയായി.
അപ്പോഴാണ് പുറത്ത് “ഹുംബേ…….ഹുംബേ…….” എന്നൊരു കരച്ചിൽ കേട്ടത്. ആരാണാവോ? കൗശലൻ കുറുക്കൻ ചെവിയോർത്തുഃ ഓഹോ !…….മണിയൻ കോലാട്! അവനെ സൂത്രത്തിൽ കിണറ്റിലേക്കു ക്ഷണിക്കുക തന്നെ!
കൗശലൻ കുറുക്കൻ മേലോട്ടു നോക്കി ഉറക്കെ വിളിച്ചു ഃ
“മണിയൻ ചേട്ടാ, മണിയൻ ചേട്ടാ, ഒന്നിങ്ങുവാ. ഇതു ഞാനാണ് കൗശലൻ !”
“എന്ത് ? കൗശലനോ? നീയെന്താ ഈ കിണറ്റിലിറങ്ങി നിൽക്കുന്നത്?” മണിയൻ കോലാട് കിണറ്റിലേയ്‌ക്ക് നോക്കി ചോദിച്ചു.
“ഹായ്‌ഹായ്! ഈ കിണറ്റിൽ നിറയെ ‘സർബത്താണ്’. എന്തൊരു രസം! എന്തൊരു മധുരം!……… ഇങ്ങോട്ടൊന്നു ചാടിയാട്ടെ!…….കൗശലൻ മണിയൻ കോലാടിനെ സന്തോഷപൂർവ്വം ക്ഷണിച്ചു.
”ഓഹോ, ഞാനിതാ വരുന്നു. എനിക്കു കൊതിതീരെ മധുരസർബത്ത് കുടിക്കണം“ മണിയൻ കോലാട് കിണറ്റിലേക്ക് ആഞ്ഞൊരു ചാട്ടം!
ഈ തക്കം നോക്കി കൗശലൻ കുറുക്കൻ ആടിന്റെ പുറത്തു ചാടിക്കയറി. എന്നിട്ടു പറഞ്ഞുഃ
”എടോ മണിയൻചേട്ടാ, താനിവിടെ നിന്നോളൂ. ഞാനിപ്പം വരാം. ഈ സർബത്തിനിത്തിരി മധുരം കുറഞ്ഞിട്ടുണ്ട്. ഞാൻ ചന്തയിൽ ചെന്ന് രണ്ടുകിലോ പഞ്ചസാര വാങ്ങീട്ട് ഉടനെ തിരിച്ചുവരാം “
കൗശലൻ കുറുക്കൻ മണിയനാടിനെ കോണിയാക്കി നിറുത്തിയിട്ട് കിണറിന്റെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ഒന്നും മനസിലാകാതെ വിഡ്‌ഢിയായ മണിയനോട് കിണറ്റിനകത്തു നിന്ന് ഉറക്കെ കരഞ്ഞുഃ ”ഹുംബേ…….ഹുംബേ……..ഹുംബേ……“ പക്ഷേ എന്തുഫലം? കൗശലൻ പിന്നീടൊരിക്കലും അതുവഴി വന്നതേയില്ല.
Generated from archived content: kattukatha1_jan23_07.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English