കീരൻ കുറുക്കനും ചീരപ്പനാമയും ഉറ്റ ചങ്ങാതിമാരായിരുന്നു. ചെമ്പകശ്ശേരി അമ്പലത്തിന്റെ പിന്നിലുളള പൊന്തക്കാട്ടിലാണ് കീരൻകുറുക്കൻ പാത്തിരുന്നത്. തൊട്ടടുത്തുളള അമ്പലക്കുളത്തിലായിരുന്നു ചീരപ്പനാമയുടെ താമസം.
കീരൻകുറുക്കന് എന്തെങ്കിലും തീറ്റ കിട്ടിയാൽ അതിൽപ്പാതി കൊണ്ടുവന്ന് ആമച്ചാർക്ക് കൊടുക്കും. ആമയ്‌ക്കു കിട്ടുന്നതിൽ കൂടുതൽ പങ്കും കീരനുവേണ്ടി സൂക്ഷിച്ചുവയ്‌ക്കും.
കീരൻകുറുക്കനും ചീരപ്പനാമയും ഒന്നിച്ചാണ് എവിടെയും പോകാറുളളത്. ഒരുദിവസം ആ ചങ്ങാതികൾ രണ്ടുംകൂടി ആറന്മുളയിൽ വളളംകളി കാണാൻ പുറപ്പെട്ടു. പുഴവക്കത്തുളള ഒരു പൊന്തക്കാട്ടിൽ പതുങ്ങിയിരുന്ന് അവർ വാശിയേറിയ വളളംകളി കണ്ടു. വളളക്കാരുടെ കൂത്തും പാട്ടും കുഴൽവിളിയുമൊക്കെ അവർക്കു വളരെ ഇഷ്‌ടമായി. വൈകുന്നേരം രണ്ടുപേരും കൂടി പുലിയന്നൂർ കാട്ടിലൂടെ പാത്തും പതുങ്ങിയും യാത്രയായി. നടന്നുനടന്നു കാലു തളർന്നപ്പോൾ അവർ ഒരു കാട്ടുചെമ്പകത്തിന്റെ ചുവട്ടിലിരുന്നു.
കീരൻകുറുക്കൻ തന്റെ വെറ്റിലച്ചെല്ലത്തിൽനിന്ന് ഒരു വെറ്റിലയെടുത്ത് അതിൽ ചുണ്ണാമ്പു തേക്കാൻ തുടങ്ങി.
പെട്ടെന്നാണ് ഇടിമുഴങ്ങുംപോലെ ഒരലർച്ച കേട്ടത്. അവർ ഞെട്ടിത്തിരിഞ്ഞ് നാലുപാടും നോക്കി.
തൊട്ടടുത്തുളള ഇല്ലിക്കാട്ടിൽ നിന്ന് ഭയങ്കരനായ ഒരു പുലിയമ്മാവൻ വായും പിളർന്ന് ഓടി വരുന്നതാണ് അവർ കണ്ടത്.
ചങ്ങാതിമാർ രണ്ടുപേരും പേടിച്ചുവിറച്ചു. തങ്ങളുടെ കഥ ഇതോടെ തീരുമെന്ന് അവർ കരുതി. കീരൻ കുറുക്കൻ ആമയോടു പറഞ്ഞുഃ “ഓടിയ്‌ക്കോ ചങ്ങാതീ; ഓടിയ്‌ക്കോ!”
രണ്ടുപേരും വേഗത്തിൽ ഓടി. കീരൻ കുറുക്കൻ തൊട്ടടുത്തുകണ്ട ഒരു ആഞ്ഞിലിപ്പൊത്തിൽ കയറി ഒളിച്ചു. എന്നാൽ ചീരപ്പനാമയ്‌ക്ക് വേഗത്തിൽ ഇഴഞ്ഞുനീങ്ങാൻ കഴിഞ്ഞില്ല.
പിന്നാലെ പാഞ്ഞുവന്ന പുലിയമ്മാവൻ ആമയെ പിടികൂടി. പക്ഷേ ആമ ഇതിനകം തന്നെ തന്റെ തല അകത്തേക്ക് വലിച്ചുകഴിഞ്ഞിരുന്നു.
പുലിയമ്മാവൻ ചീരപ്പനാമയെ തിരിച്ചിട്ടും മറിച്ചിട്ടും കടിച്ചുനോക്കി. പക്ഷേ എന്തു കാര്യം? ആമത്തോടുണ്ടോ പൊളിയുന്നു! പല്ലിളകിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.
ഈ സമയത്ത് കീരൻകുറുക്കൻ ആഞ്ഞിലിപ്പൊത്തിൽ നിന്ന് മെല്ലെ പുറത്തുവന്നു. അവൻ ചിരിച്ചുകൊണ്ട് പുലിയമ്മാവനോടു പറഞ്ഞു.
“പുലിയൻചേട്ടാ, പുലിയൻചേട്ടാ, ആമയെ ഇങ്ങനെ കടിച്ചതുകൊണ്ടു ഫലമില്ല. അവനെ കടിച്ചെടുത്ത് കാട്ടുപുഴയിൽ കൊണ്ടുപോയി മുക്കിയിടണം. കുറേനേരം കഴിയുമ്പോൾ ആമത്തോട് നന്നായി കുതിർന്നുകിട്ടും. പിന്നെ തോടുപൊളിച്ച് ചൂടുളള ഇറച്ചിത്തിന്നാം.”
കീരൻകുറുക്കന്റെ ഉപദേശം പുലിയമ്മാവന് വളരെ ഇഷ്‌ടമായി. പുലിയമ്മാവൻ വേഗം ചീരപ്പനാമയെ കടിച്ചെടുത്ത് കാട്ടുപുഴയിലേക്കു കൊണ്ടുപോയി. കീരൻകുറുക്കൻ പങ്ങിപ്പതുങ്ങി പിന്നാലെ ചെന്നു.
പുലിയമ്മാവൻ ആമയെ പൊക്കിയെടുത്ത് കാട്ടുപുഴയിലേക്കിട്ടു. ആമ ആ നിമിഷത്തിൽതന്നെ ജീവനും കൊണ്ട് പമ്പകടന്നു!
വിഡ്‌ഢിയായ പുലിയമ്മാവൻ അന്തിമയങ്ങുന്നതുവരെ പുഴവക്കിൽ കാവലിരുന്നു. പക്ഷേ ആമയുണ്ടോ പൊങ്ങിവരുന്നു? കാത്തിരുന്ന് കണ്ണു കഴച്ചപ്പോൾ പുലിയമ്മാവൻ തലയും താഴ്‌ത്തി മെല്ലെ നടന്നു. അതുകണ്ട് കീരൻകുറുക്കൻ ഉറക്കെ കൂക്കിവിളിച്ചു.
Generated from archived content: kattukatha1_apr5_08.html Author: sippi_pallipuram