തത്തമ്മയും കതിർക്കുലയും

പണ്ടുപണ്ടൊരിക്കൽ ഒരിടത്ത്‌ ഒരു തത്തമ്മയുണ്ടായിരുന്നു. ഒരു ദിവസം തത്തമ്മ ഒരു കതിർക്കുല കൊത്തിയെടുത്ത്‌ ഒരു മരപ്പൊത്തിൽ കൊണ്ടുചെന്നുവച്ചു. മരപ്പൊത്തു പൊളിഞ്ഞ്‌ കതിർക്കുല ‘തിത്തെയ്യാ’ എന്നു താഴെ വീണു.

അപ്പോൾ ആ വഴിക്ക്‌ ഒരു മൂത്താശാരി വന്നു. തത്തമ്മ മൂത്താശാരിയോടു ചോദിച്ചു.

“മൂത്താശാരീ, മൂത്താശാരീ, താഴത്തുവീണ കതിർക്കുലയൊന്ന്‌ എടുത്തു തരാമോ?”

“എനിക്കു വയ്യേ വയ്യ.” അതും പറഞ്ഞു മൂത്താശാരി നടന്നുപോയി. മൂത്താശാരി പോയപ്പോൾ ഒരെലിയമ്മാവൻ അതുവഴി വന്നു. തത്തമ്മ എലിയമ്മാവനോടു ചോദിച്ചു.

“എലിയമ്മാവാ, എലിയമ്മാവാ തത്തമ്മേടെ കതിർക്കുല എടുത്തു തരാത്ത മൂത്താശാരിയുടെ മുഴക്കോല്‌ ഒന്നു കരളാമോ?”

“എനിക്കു വയ്യേ വയ്യ,” എലിയമ്മാവൻ പറഞ്ഞു. എന്നിട്ടു സ്ഥലം വിട്ടു. എലിയമ്മാവന്റെ പിന്നാലെ ഒരു പൂച്ചക്കുറിഞ്ഞി വന്നു. തത്തമ്മ പൂച്ചക്കുറിഞ്ഞിയോടു ചോദിച്ചു.

“പൂച്ചക്കുറിഞ്ഞീ, പൂച്ചക്കുറിഞ്ഞീ,

തത്തമ്മേടെ കതിർക്കുല എടുത്തുതരാത്ത

മൂത്താശാരീടെ മുഴക്കോല്‌ കരളാത്ത

എലിയമ്മാവനെ ഒന്നു പിടിക്കാമോ?”

“എനിക്കു വയ്യേ വയ്യ,” അതും പറഞ്ഞു പൂച്ചക്കുറിഞ്ഞി ‘മ്യാവൂ മ്യാവൂ’ എന്നു മൂളിക്കൊണ്ടു കടന്നുപോയി.

പൂച്ചക്കുറിഞ്ഞിപോയ ഉടനെ ഒരു മുറിവാലൻ പട്ടി അതുവഴി വന്നു. തത്തമ്മ മുറിവാലൻ പട്ടിയോടു ചോദിച്ചു.

“മുറിവാലൻ പട്ടീ, മുറിവാലൻ പട്ടീ,

തത്തമ്മേടെ കതിർക്കുല എടുത്തുതരാത്ത

മൂത്താശാരീടെ മുഴക്കോലുകരളാത്ത

എലിയമ്മാവനെ പിടിക്കാത്ത

പൂച്ചക്കുറിഞ്ഞ്യാരെ ഒന്നു കടിക്കാമോ?”

“എനിക്കു വയ്യേ വയ്യ.” മുറിവാലൻ പട്ടി; ‘ബൗബൗ’ എന്നു കുരച്ചുകൊണ്ടു പമ്പകടന്നു.

അപ്പോഴാണു മീശക്കാരൻ ഉണ്ണിയാശാൻ അതുവഴി വന്നത്‌. തത്തമ്മ ഉണ്ണിയാശാനോട്‌ ചോദിച്ചുഃ

“ഉണ്ണിയാശാനേ, ഉണ്ണിയാശാനേ,

തത്തമ്മേടെ കതിർക്കുല എടുത്തുതരാത്ത

മൂത്താശാരീടെ മുഴക്കോലു കരളാത്ത

എലിയമ്മാവനെ പിടിക്കാത്ത

പൂച്ചക്കുറിഞ്ഞ്യാരെ കടിക്കാത്ത

മുറിവാലൻ പട്ടിക്ക്‌ ഒരേറു കൊടുക്കാമോ?”

അതുകേട്ട്‌ ഉണ്ണിയാശാൻ പറഞ്ഞുഃ “എനിക്കു വയ്യേ വയ്യ!”

ഉണ്ണിയാശാൻ പോയപ്പോഴാണ്‌ തത്തമ്മ തൊട്ടടുത്തു കിടന്നു പുകയുന്ന തീക്കനലിനെ കണ്ടത്‌. തത്തമ്മ തീക്കനലിനോടു ചോദിച്ചുഃ

“തീക്കനലേ, തീക്കനലേ

തത്തമ്മേടെ കതിർക്കുല എടുത്തുതരാത്ത

മൂത്താശാരീടെ മുഴക്കോലു കരളാത്ത

എലിയമ്മാവനെ പിടിക്കാത്ത

പൂച്ചക്കുറിഞ്ഞ്യാരെ കടിക്കാത്ത

മുറിവാലൻ പട്ടിയെ എറിയാത്ത

ഉണ്ണിയാശാന്റെ മീശയൊന്നു

കരിച്ചു കളയാമോ?”

അതുകേട്ടു തീക്കനൽ പറഞ്ഞുഃ “എനിക്കു വയ്യേ വയ്യ!”

അപ്പോൾ തത്തമ്മ കാട്ടരുവിയെ സമീപിച്ചു. കാട്ടരുവിയോടു തത്തമ്മ ചോദിച്ചു.

“കാട്ടരുവീ, കാട്ടരുവീ,

തത്തമ്മേടെ കതിർക്കുല എടുത്തുതരാത്ത

മൂത്താശാരീടെ മുഴക്കോലു കരളാത്ത

എലിയമ്മാവനെ പിടിക്കാത്ത

പൂച്ചക്കുറിഞ്ഞ്യാരെ കടിക്കാത്ത

മുറിവാലൻ പട്ടിയെ എറിയാത്ത

ഉണ്ണിയാശാന്റെ മീശകരിക്കാത്ത

തീക്കനലിനെ നനച്ചു കളയാമോ?”

അപ്പോൾ കാട്ടരുവീ പറഞ്ഞുഃ ‘അതിനെന്താ, ഞാനിപ്പോൾത്തന്നെ നനച്ചു കളയാമല്ലോ!“ എന്നിട്ടു കാട്ടരുവി തീക്കനലിനെ നനച്ചുകളയാൻ പാഞ്ഞുചെന്നു.

തീക്കനൽ പേടിച്ച്‌ ഉണ്ണിയാശാന്റെ മീശകരിക്കാൻ ഭാവിച്ചു.

അതുകണ്ട്‌ ഉണ്ണിയാശാൻ പേടിയോടെ മുറിവാലൻ പട്ടിക്ക്‌ ഒരു കല്ലെടുത്ത്‌ ഒറ്റയേറു കൊടുത്തു.

മുറിവാലൻ പട്ടി ഏറു വരുന്നതുകണ്ടു പൂച്ചക്കുറിഞ്ഞ്യാരെ കടിച്ചു.

പൂച്ചക്കുറിഞ്ഞ്യാർ എലിയമ്മാവനെ പിടിക്കാൻ പാഞ്ഞു ചെന്നു.

അതുകണ്ടു പേടിച്ച്‌ എലിയമ്മാവൻ മൂത്താശാരിയുടെ മുഴക്കോലു കരണ്ടു.

മൂത്താശാരി ചെന്നു തത്തമ്മയുടെ കതിർക്കുല എടുത്തു കൊടുത്തു.

തത്തമ്മയ്‌ക്കു സന്തോഷമായി. അത്‌ കതിർക്കുല കൊത്തിക്കൊണ്ടു തത്തിതത്തി നൃത്തം വച്ചു തൊട്ടടുത്തുളള അത്തിപ്പൊത്തിലേക്കു കയറിപ്പോയി.

Generated from archived content: kattu_may31.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസംസാരിക്കുന്ന ഗുഹ
Next articleചെങ്കീരിയമ്മയും പുന്നാരമക്കളും
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here