പണ്ടു പണ്ട് കാട്ടിൽ ഒരു വയസ്സൻ സിംഹമുണ്ടായിരുന്നു. കേസരിയപ്പൂപ്പൻ എന്നായിരുന്നു ആ സിംഹത്തിന്റെ പേര്. കേസരിയപ്പൂപ്പൻ ഒരു ദിവസം കാട്ടിൽ വേട്ടയാടാനിറങ്ങി. മൂപ്പീന്ന് നടന്നുനടന്നു കുറ്റാലത്തെ കുറ്റിക്കാട്ടിലെത്തി.
അപ്പോഴാണ് ഒരു മാൻകുഞ്ഞ് പേടിച്ചു വിറച്ചു പുറത്തേക്കു പായുന്നതു കണ്ടത്. കേസരിയപ്പൂപ്പൻ വായും പിളർന്നുകൊണ്ട് അതിന്റെ പിന്നാലെ ഓടി.
പക്ഷേ, മാൻകുഞ്ഞ് കണ്ണു വെട്ടിച്ച് എവിടെയോ ഓടി ഒളിച്ചു കളഞ്ഞു. കേസരിയപ്പൂപ്പൻ നാണിച്ചു പോയി.
കേസരിയപ്പൂപ്പൻ പിന്നെയും നടന്ന് ഒരു ഗുഹയുടെ അരികിലെത്തി. വിശപ്പു മൂത്ത് കണ്ണു കാണാതായ കേസരിയപ്പൂപ്പൻ ആർത്തിയോടെ അതിനകത്തേക്ക് ഓടിക്കയറി. പക്ഷേ, എന്തു ഫലം? ഗുഹയ്‌ക്കകത്ത് ഒരു എറുമ്പുപോലും ഉണ്ടായിരുന്നില്ല. കേസരിയപ്പൂപ്പൻ തന്നെത്താനെ പറഞ്ഞുഃ
“ഇന്ന് ആരെയാണോ കണികണ്ടത്! സാരമില്ല. ഇവിടെത്തന്നെ ഒളിച്ചിരിക്കാം. ഇതിൽ താമസിക്കുന്നവൻ ഏതു കൊലകൊമ്പനായാലും ഇന്ന് ഞാൻ വായിലാക്കും!…..”
കേസരിയപ്പൂപ്പൻ ഗുഹയുടെ ഒരു മൂലയ്‌ക്കു ചെന്നു പതുങ്ങിയിരുന്നു.
കൊതിച്ചുകൊതിച്ചു വെളളമിറക്കിക്കൊണ്ടു കുറെ നേരം കാത്തിരുന്നിട്ടും ആരും ഗുഹയിലേക്കു കടന്നുവന്നില്ല.
അപ്പോഴാണു ഗുഹയിൽ താമസിക്കുന്ന കൊലുമ്പൻ കുറുക്കൻ മൂളിപ്പാട്ടും പാടി അതുവഴിയെ വന്നത്. കൊലുമ്പൻ കുറുക്കൻ സകല സൂത്രങ്ങളും പഠിച്ച ഒരു വിരുതനായിരുന്നു.
ഗുഹയിലേക്കു കടക്കുംമുമ്പ് അവൻ വാതിൽപ്പടിയിൽ സൂക്ഷിച്ചുനോക്കി. അപ്പോൾ വാതിൽക്കൽ ഏതോ വലിയൊരു മൃഗത്തിന്റെ കാല്‌പാടുകൾ തെളിഞ്ഞുകണ്ടു.
തന്നെ കുടുക്കിലാക്കാൻ ആരോ ഗുഹയ്‌ക്കകത്തു കയറിയിട്ടുണ്ടെന്നു കൊലുമ്പൻ കുറുക്കനു സംശയം തോന്നി. ഏതായാലും അവനാരെന്നു കണ്ടുപിടിക്കണം!
കൊലുമ്പൻ കുറുക്കൻ ഒരു ചെറിയ സൂത്രം പ്രയോഗിച്ചു. അവൻ ഗുഹയിലേക്ക് നോക്കിക്കൊണ്ട് ഇങ്ങനെ വിളിച്ചു ചോദിച്ചു.
“ഗുഹയമ്മാവാ, ഗുഹയമ്മാവാ, എന്തുണ്ട് വിശേഷം?”
ഗുഹയിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. കൊലുമ്പൻ കുറുക്കൻ പിന്നെയും ചോദിച്ചു.
“ഗുഹയമ്മാവാ, ഗുഹയമ്മാവാ, എന്താ എന്നോട് വഴക്കാണോ? എല്ലാ ദിവസവും ഞാൻ വിളിച്ചാൽ മറുപടി പറയുന്നതാണല്ലോ? ഇന്നെന്താ മിണ്ടാത്തത്?”
എന്നിട്ടും ഒരു മറുപടിയും ഉണ്ടായില്ല. കുറച്ചു കഴിഞ്ഞു കൊലുമ്പൻ കുറുക്കൻ പറഞ്ഞുഃ
“ഗുഹയമ്മാവാ, ഗുഹയമ്മാവാ, അമ്മാവൻ ഒന്നും മിണ്ടുന്നില്ലെങ്കിൽ ഞാൻ അകത്തേക്കു വരുന്നില്ല. തിരിച്ചു വേറെയേതെങ്കിലും ഗുഹയിലേക്കു പോവുകയാണ്…”
ഒരു മറുപടിയും പറയാതിരുന്നാൽ കുറുക്കച്ചൻ ഗുഹയ്‌ക്കകത്തു കയറാതെ സ്ഥലംവിട്ടാലോ? പിന്നെ തന്റെ കാത്തിരിപ്പു വെറുതെയാവും! അതുകൊണ്ടു മറുപടി പറയുന്നതാണു ബുദ്ധിയെന്നു കേസരിയപ്പൂപ്പനു തോന്നി.
കേസരിയപ്പൂപ്പൻ ഉറക്കെ പറഞ്ഞുഃ
“കുറുക്കച്ചാരേ, കൂട്ടുകാരാ, ഞാൻ കുറച്ചുനേരം ഉറങ്ങിപ്പോയി. അതുകൊണ്ടാ മിണ്ടാതിരുന്നത്. വേഗം അകത്തേക്കു വന്നാട്ടെ…”
ഇതുകേട്ടു കൊലുമ്പൻ കുറുക്കൻ ഞെട്ടിപ്പോയി. സിംഹത്തിന്റെ ശബ്ദമാണു ഗുഹയിൽ നിന്നു കേൾക്കുന്നതെന്ന് അവനു മനസ്സിലായി.
കൊതിമൂത്തു കാത്തിരിക്കുന്ന സിംഹം പുറത്തേക്കു കടന്നാൽ തന്നെ ഒറ്റ വിഴുങ്ങിന് അകത്താക്കുമെന്ന് കൊലുമ്പൻ കുറുക്കനു നന്നായി അറിയാമായിരുന്നു. അവൻ വാലും പൊക്കിപ്പിടിച്ച് തിരിഞ്ഞുനോക്കാതെ ഓടി. ഓടുന്നതിന്നിടയിൽ അവൻ ഉറക്കെ ഇങ്ങനെ പാടിക്കൊണ്ടിരുന്നു.
“സിംഹത്തപ്പാ മണ്ടച്ചാരേ
മണ്ടയിലെന്താ കണിമണ്ണോ?
കൊതിയുംകൊണ്ട് കടന്നോളൂ നീ
എന്നെത്തിന്നാൻ നോക്കേണ്ട…”
കേസരിയപ്പൂപ്പൻ അതുകേട്ടു നാണിച്ചു പോയി. ഓടിപ്പോകുന്ന കൊലുമ്പനെയും നോക്കി കേസരിയപ്പൂപ്പൻ കൊതിയോടെ നിന്നു.
ബുദ്ധിമാനായ കുറുക്കച്ചൻ പിന്നെ ആ വഴിക്കെങ്ങും വന്നതേയില്ല!
Generated from archived content: kattu_may17.html Author: sippi_pallipuram