ഒരിടത്ത് ഒരച്ഛൻ കരടിയും അമ്മക്കരടിയും ഒരു കുഞ്ഞിക്കരടിയും ഉണ്ടായിരുന്നു. കാട്ടിലുളള ഒരു കൊച്ചു വീട്ടിലാണ് അവർ താമസിച്ചിരുന്നത്. അച്ഛൻ കരടിക്ക് ഒരാനയുടെ പൊക്കമുണ്ടായിരുന്നു. അമ്മക്കരടിക്ക് ഒരു പോത്തിന്റെ പൊക്കമുണ്ടായിരുന്നു. എന്നാൽ കുഞ്ഞിക്കരടിക്ക് ഒരാടിന്റെ പൊക്കമേ ഉണ്ടായിരുന്നുളളൂ.
ഒരു ദിവസം അമ്മക്കരടി ഒരു കലം നെയ്‌പായസമുണ്ടാക്കി. അമ്മക്കരടി നെയ്‌പായസം മൂന്നു പാത്രത്തിൽ വിളമ്പിവച്ചു.
അച്ഛൻ കരടിക്ക് ഒരു വട്ടക്കിണ്ണം നിറയെ. അമ്മക്കരടിക്ക് ഒരു ചെറുകിണ്ണം നിറയെ. കുഞ്ഞിക്കരടിക്ക് ഒരു കുഞ്ഞിക്കിണ്ണം നിറയെ.
മൂന്നു കരടികളും കൂടി കുളിക്കാൻ പോയി.
ഈ സമയത്ത് കുഞ്ഞിക്കോത എന്നൊരു കൊച്ചു പെൺകുട്ടി അതുവഴി വന്നു. കാട്ടിൽ വിറകു പെറുക്കാൻ വന്നതായിരുന്നു കുഞ്ഞിക്കോത.
വിറകു പെറുക്കുന്നതിനിടയിൽ കുഞ്ഞിക്കോത കരടികളുടെ വീടിനടുത്തെത്തി. വീടു തുറന്നു കിടക്കുന്നതുകണ്ട് അവൾ അകത്തു കയറി നോക്കി. ഹയ്യടാ! നല്ല പായസം! കുഞ്ഞിക്കോതയ്‌ക്കു കൊതിയായി.
കുഞ്ഞിക്കോത വേഗം കുഞ്ഞിക്കിണ്ണത്തിലെ പായസമെടുത്ത് ഒറ്റവലിക്കു കുടിച്ചു തീർത്തു.
വയറു നിറഞ്ഞപ്പോൾ കുഞ്ഞിക്കോതയ്‌ക്ക് അല്പം ഇരിക്കണമെന്നു തോന്നി. അവിടെ മൂന്നു കസേരകൾ നിരന്നു കിടക്കുന്നത് കുഞ്ഞിക്കോത കണ്ടു. ഒന്നൊരു വലിയ കസേര! പിന്നെയൊരു ഇടത്തരം കസേര! ഒടുവിലൊരു കുഞ്ഞിക്കസേര!
കുഞ്ഞിക്കോത വേഗം കുഞ്ഞിക്കസേരയിൽ കയറി ഇരുന്നു. എന്നാൽ അവളുടെ ഭാരം താങ്ങാനാവാതെ കുഞ്ഞിക്കസേര ചടുപടെയെന്ന് ഒടിഞ്ഞു താഴെ വീണു!
അല്പം കൂടി കഴിഞ്ഞപ്പോൾ കുഞ്ഞിക്കോതയ്‌ക്ക് ഒന്നു കിടക്കണമെന്നുതോന്നി. കുഞ്ഞിക്കോത വേഗം അവരുടെ കിടപ്പു മുറിയിലേക്കു ചെന്നു. അവിടെ മൂന്നു കട്ടിലുകൾ നിരന്നു കിടക്കുന്നത് കുഞ്ഞിക്കോത കണ്ടു. ഒന്നൊരു വലിയ കട്ടിൽ! പിന്നെയൊരു ഇടത്തരം കട്ടിൽ ! ഒടുവിലൊരു കുഞ്ഞിക്കട്ടിൽ!
കുഞ്ഞിക്കോത സന്തോഷത്തോടെ കുഞ്ഞിക്കട്ടിലിൽ കയറി കിടന്നു. അല്പനേരം കൊണ്ട് അവൾ കൂർക്കം വലിച്ച് ഉറങ്ങിപ്പോയി. ഈ സമയത്ത് അച്ഛൻ കരടിയും അമ്മക്കരടിയും കുഞ്ഞിക്കരടിയും കുളികഴിഞ്ഞു തിരിച്ചെത്തി!
കുഞ്ഞിക്കിണ്ണത്തിൽ നോക്കിയിട്ട് കുഞ്ഞിക്കരടി കുഞ്ഞു സ്വരത്തിൽ ചോദിച്ചു.
“ആരാണെന്റെ കുഞ്ഞിക്കിണ്ണം നക്കിത്തുടച്ചത്? പട്ടിയോ കുട്ടിയോ പട്ടാണിപ്പാച്ചനോ?”
സങ്കടം കൊണ്ട് കുഞ്ഞിക്കരടി കുഞ്ഞിസ്വരത്തിൽ കരയാൻ തുടങ്ങി. അപ്പോഴാണ് കസേരകളെല്ലാം ചിതറിക്കിടക്കുന്നത് അച്ഛൻ കരടി കണ്ടത്!
കുഞ്ഞിക്കസേരയിൽ നോക്കിയിട്ട് കുഞ്ഞിസ്വരത്തിൽ ചോദിച്ചു.“ആരാണെന്റെ കുഞ്ഞിക്കസേര ഒടിച്ചു താഴെ ഇട്ടത്? മാത്തനോ ചാത്തനോ കോത്തായി രാമനോ?”
സങ്കടം കൊണ്ട് കുഞ്ഞിക്കരടി കുഞ്ഞുസ്വരത്തിൽ കരയാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞ് അച്ഛൻ കരടിയും അമ്മക്കരടിയും അരുമക്കരടിയും കൂടി കിടപ്പു മുറിയിലേക്കു ചെന്നു.
കുഞ്ഞിക്കട്ടിലിലേക്കു നോക്കിയിട്ട് കുഞ്ഞിക്കരടി കുഞ്ഞുസ്വരത്തിൽ പറഞ്ഞുഃ “എന്റെ കുഞ്ഞിക്കിണ്ണത്തിലെ നെയ്‌പായസവും മോന്തി എന്റെ കുഞ്ഞിക്കസേരയും ഒടിച്ച് എന്റെ കുഞ്ഞിക്കട്ടിലിൽ കയറിക്കിടന്ന് ഇതാ ഒരു കുറുമ്പിപ്പെണ്ണ് കൂർക്കം വലിച്ചുറങ്ങുന്നു!”
ഇതുകേട്ട് അച്ഛൻ കരടി വലിയസ്വരത്തിൽ അലറി. അമ്മക്കരടി ഇടറിയ സ്വരത്തിൽ അലറി. കുഞ്ഞിക്കരടി കുഞ്ഞുസ്വരത്തിൽ അലറി!
അലർച്ച കേട്ട് കട്ടിലിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിക്കോത ഞെട്ടിയുണർന്നു.
മൂന്നു കരടികൾ മുന്നിൽ കണ്ണും മിഴിച്ചു നിൽക്കുന്നതു കണ്ട് കുഞ്ഞിക്കോത പിടഞ്ഞെണീറ്റ് ജനലിൽക്കൂടി പുറത്തു ചാടി കാട്ടിലൂടെ ഓടി!
അച്ഛൻ കരടിയും അമ്മക്കരടിയും കുഞ്ഞിക്കരടിയും പുറത്തു കടന്നപ്പോഴേക്കും കുഞ്ഞിക്കോത ജീവനും കൊണ്ടു പമ്പകടന്നു കഴിഞ്ഞിരുന്നു.!
പിന്നെയൊരിക്കലും ആ കരടികൾ കുഞ്ഞിക്കോതയെ കണ്ടിട്ടേയില്ല!
Generated from archived content: kattu_june25.html Author: sippi_pallipuram