പാച്ചിയമ്മൂമ്മ തന്റെ പേരക്കുട്ടിക്കു കൊടുക്കാനായി അരീപ്പാലത്തുനിന്ന് ഒരു അരിയുണ്ട വാങ്ങി. അരിയുണ്ടയും കൈയിൽവച്ചു പാച്ചിയമ്മൂമ്മ ‘പ്രാഞ്ചിപ്രാഞ്ചി’ പോകുന്നതു വഴിവക്കത്തെ കുപ്പത്തൊട്ടിയുടെ മുകളിലിരുന്ന തട്ടിപ്പുകാരൻ ചിണ്ടൻകാക്ക കണ്ടു.
ചിണ്ടൻകാക്ക പാത്തും പതുങ്ങിയും വന്ന് അമ്മൂമ്മയുടെ കൈയിൽനിന്ന് അരിയുണ്ടയും റാഞ്ചികൊണ്ടു പറന്നുകളഞ്ഞു. പാവം പാച്ചിയമ്മൂമ്മ സങ്കടത്തോടെ ചിണ്ടൻകാക്കയുടെ പിന്നാലെ പാഞ്ഞു. പാച്ചിയമ്മൂമ്മ കരഞ്ഞുകൊണ്ടു ചിണ്ടൻകാക്കയോടു പറഞ്ഞുഃ
“ഉണ്ടക്കൊതിയാ ചിണ്ടൻകാക്കേ, അരിയുണ്ട എന്റെ പേരക്കുട്ടിക്ക് കൊടുക്കാനുളളതാണ്. അതിങ്ങു തിരിച്ചുതന്നേക്കൂ.”
“ഇല്ലെടീ മുതുക്കിത്തളേള, ഈ അരിയുണ്ട ഞാൻ തിരിച്ചു തരില്ല. ഇതു ഞാൻ കൂട്ടിൽ കൊണ്ടുപോയി വച്ചു കൊത്തിത്തിന്നാൻ പോകയാണ്.” ചിണ്ടൻകാക്ക പറഞ്ഞു. അവൻ അരിയുണ്ടയും കൊത്തിക്കൊണ്ട് അമ്പലമുറ്റത്തെ ചെന്തെങ്ങിന്റെ മണ്ടയിലുളള കാക്കക്കൂട്ടിനകത്തു കയറി വാതിലങ്ങടച്ചു.
ഇതുകണ്ടു പാച്ചിയമ്മൂമ്മ ചെന്തെങ്ങിനെ സമീപിച്ചു. അവർ തൊഴുകൈയോടെ ചെന്തെങ്ങിനോട് അപേക്ഷിച്ചുഃ
“ചെന്തെങ്ങേ, പൊൻതെങ്ങേ – എന്റെ പേരക്കുട്ടിക്കു കൊടുക്കാനുളള അരിയുണ്ട ചിണ്ടൻകാക്ക തട്ടിയെടുത്തു. അവന്റെ കൂട് നീയൊന്ന് താഴെ വീഴ്‌ത്താമോ? എങ്കിൽ എനിക്കെന്റെ അരിയുണ്ട തിരിച്ചുകിട്ടും.”
“അയ്യയ്യേ, ചിണ്ടൻകാക്ക എന്റെ കൂട്ടുകാരനാണ്. അപ്പോൾ ഞാൻ എങ്ങനെ അവന്റെ കൂടു താഴെ വീഴ്‌ത്തും?” ചെന്തെങ്ങു പറഞ്ഞു.
പാച്ചിയമ്മൂമ്മ കരഞ്ഞുകൊണ്ടു മരംവെട്ടുകാരൻ മാരിമുത്തുവിന്റെ അടുക്കലെത്തി. അവർ മാരിമുത്തുവിനോടു ചോദിച്ചുഃ
“മാരിമുത്തൂ, മാരിമുത്തൂ – എന്റെ പേരക്കുട്ടിക്കു കൊടുക്കാനുളള അരിയുണ്ട ചിണ്ടൻകാക്ക തട്ടിയെടുത്തു. ആ കരിങ്കളളന്റെ കൂടു താഴെയിടാൻ പറഞ്ഞിട്ടു ചെന്തെങ്ങ് അനുസരിക്കുന്നില്ല. അനുസരണയില്ലാത്ത ചെന്തെങ്ങിനെ നീ കോടാലികൊണ്ടു വെട്ടിവീഴ്‌ത്താമോ?”
“അയ്യയ്യോ, ചെന്തെങ്ങ് എനിക്കു ഇളനീരും തണലും തന്ന് സഹായിക്കാറുളളതാണ്. അപ്പോൾ ഞാനെങ്ങനെ അതിനെ വെട്ടിവീഴ്‌ത്തും?” മാരിമുത്തു കൈയൊഴിഞ്ഞു.
പാച്ചിയമ്മൂമ്മ കരഞ്ഞുകൊണ്ടു മാളയങ്ങാടിയിലെ കേളൻചുണ്ടെലിയെ സമീപിച്ചു. അവർ കേളൻ ചുണ്ടെലിയോടു പറഞ്ഞുഃ
“ചുണ്ടെലിമാമാ, എന്റെ പേരക്കുട്ടിക്കു കൊടുക്കാനുളള അരിയുണ്ട ചിണ്ടൻകാക്ക തട്ടിയെടുത്തു. അവൻ അതുംകൊണ്ട് അമ്പലമുറ്റത്തെ ചെന്തെങ്ങിന്റെ മുകളിലുളള കാക്കക്കൂട്ടിൽ ഒളിച്ചിരിക്കയാണ്. അവന്റെ കൂടു താഴെയിടാൻ പറഞ്ഞിട്ടു ചെന്തെങ്ങ് അനുസരിക്കുന്നില്ല. അനുസരണയില്ലാത്ത ചെന്തെങ്ങിനെ വെട്ടിവീഴ്‌ത്താൻ ഞാൻ മരംവെട്ടുകാരൻ മാരിമുത്തുവിനോട് അപേക്ഷിച്ചു. അവനും വല്ലാത്ത ഗമ! ചുണ്ടെലിമാമൻ ചെന്ന് ആ മാരിമുത്തുവിന്റെ കോടാലിക്കൈ ഒന്നു കരണ്ടു തിന്നാമോ?”
“അയ്യയ്യോ, മാരിമുത്തു എന്നെ പൂജിക്കുന്നവനാണ്. അവന്റെ കോടാലിക്കൈ കരണ്ടുതിന്നാൻ ഞാനില്ല.” കേളൻ ചുണ്ടെലി പറഞ്ഞു.
പാച്ചിയമ്മൂമ്മ കരഞ്ഞുകൊണ്ടു കൊച്ചിക്കാരൻ കൊച്ചുപൂച്ചയുടെ അടുക്കലെത്തി. അവർ കൊച്ചുപൂച്ചയോടു പറഞ്ഞുഃ
“കൊച്ചുപൂച്ചേ, കൊച്ചീക്കാരാ – എന്റെ പേരക്കുട്ടിക്കു കൊടുക്കാനുളള അരിയുണ്ട ചിണ്ടൻകാക്ക തട്ടിയെടുത്തു. ആ കരിങ്കളളന്റെ കൂടു താഴെ വീഴ്‌ത്താത്ത ചെന്തെങ്ങിനെ വെട്ടിമുറിക്കാത്ത മാരിമുത്തുവിന്റെ കോടാലിക്കൈ കരളാത്ത കേളൻ ചുണ്ടെലിയെ നീ പിടിച്ചു വിഴുങ്ങാമോ?”
“അയ്യയ്യോ! കേളൻചുണ്ടെലി വല്ലാത്ത പഹയനാണ്. അവനെ പിടിച്ചു വിഴുങ്ങിയാൽ എന്റെ വയറു മുഴുവൻ കടിച്ചു മുറിക്കും.” കൊച്ചുപൂച്ച ‘മ്യാവൂ മ്യാവൂ’ എന്നു മോങ്ങിക്കൊണ്ട് ഓടിപ്പോയി.
പാച്ചിയമ്മൂമ്മ പിന്നെയും കരഞ്ഞുകൊണ്ട് അമ്പാട്ടെ കാവൽക്കാരൻ കണ്ണൻപട്ടിയുടെ അരികിലെത്തി. അവർ കണ്ണൻ പട്ടിയോടു പറഞ്ഞുഃ “കണ്ണൻപട്ടീ, കാവൽവീരാ, എന്റെ പേരക്കുട്ടിക്കു കൊടുക്കാനുളള അരിയുണ്ട തട്ടിപ്പുകാരൻ ചിണ്ടൻകാക്ക തട്ടിയെടുത്തു. ആ കരിങ്കളളന്റെ കൂടുതാഴെ വീഴ്‌ത്താത്ത, ചെന്തെങ്ങിനെ വെട്ടി മുറിക്കാത്ത, മാരിമുത്തുവിന്റെ കോടാലിക്കൈ കരളാത്ത, കേളൻ ചുണ്ടെലിയെ പിടിക്കാത്ത കൊച്ചീക്കാരൻ കൊച്ചുപൂച്ചയുടെ വാലു നീ കടിച്ചു മുറിക്കാമോ!”
“ഓഹോ, അതിനാണോ വിഷമം! വന്നാട്ടെ, വന്നാട്ടെ; ഞാനിപ്പോൾത്തന്നെ കൊച്ചുപൂച്ചയുടെ വാലു കടിച്ചു മുറിക്കാമല്ലോ.”
കണ്ണൻപട്ടി ഉടനെ ഓടിച്ചെന്നു കൊച്ചീക്കാരൻ കൊച്ചുപൂച്ചയുടെ വാലിൽ കടികൂടി! ഇതുകണ്ടു പേടിച്ചു കൊച്ചുപൂച്ച പറന്നുചെന്നു കേളൻ ചുണ്ടെലിയെ വിഴുങ്ങാൻ നോക്കി. കേളൻ ചുണ്ടെലി ഓടിച്ചെന്നു മരം വെട്ടുകാരൻ മാരിമുത്തുവിന്റെ കോടാലിക്കൈ കരളാൻ തുടങ്ങി. മാരിമുത്തു ഓടിച്ചെന്നു ചെന്തെങ്ങിനെ വെട്ടിമുറിക്കാൻ തുടങ്ങി. ചെന്തെങ്ങു വിറച്ചു തുളളി കാക്കക്കൂടു കുലുക്കി താഴെയിടാൻ ശ്രമിച്ചു. ഇതുകണ്ട ചിണ്ടൻകാക്ക വല്ലാതെ അമ്പരന്നു. തന്റെ കൂട്ടിനകത്ത് ഒളിച്ചു വച്ചിരുന്ന അരിയുണ്ട കൊണ്ടുവന്നു പാച്ചിയമ്മൂമ്മയുടെ കൈയിൽ കൊടുത്തു.
അവൻ പാച്ചിയമ്മൂമ്മയുടെ കാല്‌ക്കൽ വീണിട്ടു പറഞ്ഞുഃ
“പാച്ചിത്തളേള, പാച്ചിത്തളേള, എന്നോടു ക്ഷമിക്കണം. ഞാനിനി ആരുടെയും സാധനങ്ങൾ തട്ടിയെടുക്കില്ല; തട്ടിപ്പും കൊണ്ടു നടന്നാൽ ഒടുവിൽ വെട്ടിൽ വീഴുമെന്നു തീർച്ച!”
പാച്ചിയമ്മൂമ്മയ്‌ക്കു വലിയ സന്തോഷമായി. പാച്ചിയമ്മൂമ്മ അരിയുണ്ടയും കൊണ്ടു മൂളിപ്പാട്ടും പാടി വടിയും കുത്തിപ്പിടിച്ചു പ്രാഞ്ചിപ്രാഞ്ചി തന്റെ കൊച്ചുകുടിലിലേക്കു നടന്നു.
Generated from archived content: kattu_july10.html Author: sippi_pallipuram