കൊമ്പന്റെ വമ്പ്‌

ആലങ്ങാട്‌ ആലങ്ങാട്‌ എന്നൊരു ദേശത്ത്‌ അരയാല്‌ അരയാല്‌ എന്നൊരു മരത്തിന്മേൽ ആലോലംപൈങ്കിളി എന്നൊരു കുഞ്ഞിക്കിളി കൂടുകെട്ടി പാർത്തിരുന്നു.

ആലോലം പൈങ്കിളി ആറ്റുനോറ്റിരുന്ന്‌ ആരോരും കാണാതെ കൂട്ടിനകത്ത്‌ ഒരു കുഞ്ഞുമുട്ടയിട്ടു.

കുഞ്ഞുമുട്ടയിട്ട ആനന്ദത്തോടെ ആലോലംപൈങ്കിളി ആടിപ്പാടി നടന്നു.

ആലോലംപൈങ്കിളിയുടെ ആട്ടവും പാട്ടും കണ്ട്‌ അസൂയ മൂത്ത ആലങ്ങാട്ടമ്പലത്തിലെ ആനക്കൊമ്പൻ അലറിപ്പാഞ്ഞു വന്ന്‌ അരയാലിൻ കൊമ്പ്‌ മുറിച്ചു താഴെയിട്ടു.

അരയാലിൻ കൊമ്പ്‌ മുറിഞ്ഞപ്പോൾ ആലോലംപൈങ്കിളിയുടെ കൂടും പൊളിഞ്ഞു. കുഞ്ഞുമുട്ടയും തകർന്നു.

കൂടും കുഞ്ഞുമുട്ടയും തകർന്നു കിടക്കുന്നത്‌ കണ്ട്‌ ആലോലംപൈങ്കിളി ആലിൻചോട്ടിലിരുന്ന്‌ ആർത്തലച്ചു കരഞ്ഞു.

കരച്ചിൽ കേട്ട്‌ മരത്താക്കരയിലെ മരംകൊത്തിക്കാരണവർ അവിടെ പറന്നെത്തി.

മരംകൊത്തിക്കാരണവർ ആലോലംപൈങ്കിളിയോട്‌ ചോദിച്ചുഃ

“ആലോലംപൈങ്കിളീ, ആലോലംപൈങ്കിളീ, നീയെന്താ ആരോടും മിണ്ടാതെ ഇങ്ങനെ ആർത്തലച്ചു കരയുന്നത്‌?”

ആലോലംപൈങ്കിളി പറഞ്ഞുഃ

“ആലങ്ങാട്ടമ്പലത്തിലെ അസൂയക്കാരൻ ആനക്കൊമ്പൻ അലറിപ്പാഞ്ഞു വന്ന്‌ കൂടും കുഞ്ഞുമുട്ടയും തകർത്തു. അതുകൊണ്ടാണ്‌ ഞാനിങ്ങനെ ആർത്തലച്ചു കരയുന്നത്‌.”

“ഇങ്ങനെ ആർത്തലച്ചു കരഞ്ഞിട്ടു കാര്യമില്ല. ആപത്തു വന്നാൽ ആലോചിച്ച്‌ അതിനു പരിഹാരം കാണണം.” മരംകൊത്തിക്കാരണവർ ഉപദേശിച്ചു.

“എങ്കിൽ അസൂയക്കാരൻ ആനക്കൊമ്പനെ കൊമ്പുകുത്തിക്കാനുളള ഒരു കൊച്ചുവിദ്യ എനിക്കു പറഞ്ഞുതരാമോ കാരണവരേ?” ആലോലംപൈങ്കിളി ചോദിച്ചു.

ഇത്തിരിനേരം ആലോചിച്ചിട്ട്‌ മരംകൊത്തിക്കാരണവർ ആലോലംപൈങ്കിളിയോട്‌ പറഞ്ഞുഃ

“ആലോലംപൈങ്കിളീ, ആലോലംപൈങ്കിളീ, നീ ഒട്ടും വിഷമിക്കേണ്ട. അസൂയക്കാരൻ ആനകൊമ്പനെ നമുക്ക്‌ കൊമ്പുകുത്തിക്കാം. വരൂ, നമുക്ക്‌ വേഗം പോയി കൊച്ചുവിദ്യക്കാരൻ കൊച്ചുവണ്ടിനോട്‌ ആലോചിക്കാം.”

ആലോലംപൈങ്കിളിയും മരംകൊത്തിക്കാരണവരും കൂടി വേഗം കൊച്ചുവിദ്യക്കാരൻ കൊച്ചുവണ്ടിന്റെ വീട്ടിലേയ്‌ക്കു യാത്രയായി.

ചങ്ങാതിമാരെ കണ്ടപ്പോൾ കൊച്ചുവണ്ട്‌ ചോദിച്ചുഃ

“എന്താണാവോ രണ്ടുപേരും കൂടി ഇത്ര തിടുക്കത്തിൽ വരുന്നത്‌?”

മരംകൊത്തിക്കാരണവർ ഉമ്മറത്തൂണിൽ രണ്ടു കൊത്തു കൊത്തിയിട്ടു കൊച്ചുവിദ്യക്കാരൻ കൊച്ചുവണ്ടിനോട്‌ പറഞ്ഞുഃ

“കൊച്ചുവണ്ടേ, കൊച്ചുവണ്ടേ, ആലോലംപൈങ്കിളിയുടെ കൂടും കുഞ്ഞുമുട്ടയും ആലങ്ങാട്ടമ്പലത്തിലെ അസൂയക്കാരൻ ആനക്കൊമ്പൻ അലറിപ്പാഞ്ഞു വന്ന്‌ തകർത്തു കളഞ്ഞു. ആ കൊമ്പനെ ഒന്നു കൊമ്പുകുത്തിക്കാൻ ഒരു കൊച്ചുവിദ്യ പറഞ്ഞു തരാമോ?”

കൊച്ചുവണ്ട്‌ ഒന്നുറക്കെ മൂളിയിട്ട്‌ പറഞ്ഞുഃ

“മരംകൊത്തീ, മരംകൊത്തീ, ”ആലങ്ങാട്ടമ്പലത്തിലെ അസൂയക്കാരൻ ആനക്കൊമ്പനെ കൊമ്പുകുത്തിക്കാൻ കൊച്ചു വിദ്യ പോരാ, വലിയ വിദ്യതന്നെ വേണം. അതുകൊണ്ട്‌ നമുക്ക്‌ കോച്ചങ്ങാടിയിലെ മെച്ചവിദ്യക്കാരൻ പാച്ചൻതവളയോട്‌ ആലോചിക്കാം.“

ആലോലം പൈങ്കിളിയും മരംകൊത്തിക്കാരണവരും കൊച്ചുവിദ്യക്കാരൻ കൊച്ചുവണ്ടും കൂടി വേഗം കൊച്ചങ്ങാടിയിലെ മെച്ചവിദ്യക്കാരൻ പാച്ചൻതവളയുടെ വീട്ടിലേയ്‌ക്കു യാത്രയായി.

ചങ്ങാതിമാരെ കണ്ടപ്പോൾ പാച്ചൻതവള ചോദിച്ചുഃ

”എന്താണാവോ മൂന്നുപേരും കൂടി ഇത്ര തിടുക്കത്തിൽ വരുന്നത്‌?“

കൊച്ചുവിദ്യക്കാരൻ കൊച്ചുവണ്ട്‌ നല്ല ഒരു പാട്ടുപാടിയിട്ട്‌ മെച്ചവിദ്യക്കാരൻ പാച്ചൻ തവളയോട്‌ പറഞ്ഞുഃ

”പാച്ചൻതവളേ, പാച്ചൻതവളേ, ആലോലംപൈങ്കിളിയുടെ കൂടും കുഞ്ഞുമുട്ടയും ആലങ്ങാട്ടമ്പലത്തിലെ അസൂയക്കാരൻ ആനക്കൊമ്പൻ അലറിപ്പാഞ്ഞു വന്ന്‌ തകർത്തു കളഞ്ഞു. ആ കൊമ്പനെ ഒന്നു കൊമ്പുകുത്തിക്കാൻ നല്ലൊരു മെച്ചവിദ്യ പറഞ്ഞു തരാമോ?“

പാച്ചൻതവള ‘പോക്രോം പോക്രോം’ എന്നു ചിരിച്ചു കൊണ്ട്‌ പറഞ്ഞുഃ

”കൊച്ചുവണ്ടേ, കൊച്ചുവണ്ടേ, നല്ലൊരു മെച്ചവിദ്യ ഞാനിപ്പോൾതന്നെ പറഞ്ഞുതരാം.“

”എന്താണാവോ വിദ്യ?“ ആലോലം പൈങ്കിളിയും മരംകൊത്തിക്കാരണവരും കൊച്ചുവിദ്യക്കാരൻ കൊച്ചുവണ്ടും പാച്ചൻ തവളയെ ഉറ്റുനോക്കി.

മെച്ചവിദ്യക്കാരൻ പാച്ചൻതവള പറഞ്ഞുഃ

”കൊച്ചുവണ്ട്‌ പറന്നുചെന്ന്‌ ആനക്കൊമ്പന്റെ ചെവിയ്‌ക്കടുത്തിരുന്ന്‌ നല്ല ഒരു താരാട്ട്‌പാട്ടു പാടണം. പാട്ടുകേട്ട്‌ ആനന്ദിച്ചു നില്‌ക്കുമ്പോൾ മരംകൊത്തിക്കാരണവർ പാഞ്ഞുചെന്ന്‌ ആനക്കൊമ്പന്റെ കണ്ണു രണ്ടും കൊത്തിപ്പൊട്ടിയ്‌ക്കണം. അപ്പോഴേക്കും ഞാൻ തൊട്ടടുത്തുളള കല്ലുവെട്ടാംകുഴിയിലിരുന്ന്‌ ഉറക്കെ കരയും. കരച്ചിൽ കേട്ട്‌ കുളമാണെന്നു കരുതി ആനക്കൊമ്പൻ വെളളം കുടിക്കാൻ വന്ന്‌ കല്ലുവെട്ടാം കുഴിയിൽ ചാടും. അവിടെ കിടന്ന്‌ വെളളംപോലും കിട്ടാതെ വമ്പനായ കൊമ്പന്റെ കഥ കഴിയും!…..“

”നല്ല വിദ്യ! നല്ല വിദ്യ!“ ആലോലം പൈങ്കിളിയും മരംകൊത്തിക്കാരണവരും കൊച്ചുവിദ്യക്കാരൻ കൊച്ചുവണ്ടും ചിറകടിച്ചു തുള്ളിച്ചാടി.

എല്ലാവരും കൂടി വേഗത്തിൽ ആലങ്ങാട്ടമ്പലത്തിലെ അസൂയക്കാരൻ കൊമ്പനെ അന്വേഷിച്ച്‌ യാത്രയായി.

ആലിൻകൊമ്പൊടിച്ച്‌ ‘കലപില’യെറിഞ്ഞുകൊണ്ട്‌ ആനക്കൊമ്പൻ ആലങ്ങാട്ടമ്പലത്തിന്റെ തെക്കേ മുറ്റത്ത്‌ നില്‌ക്കുകയായിരുന്നു.

ഈ തക്കംനോക്കി കൊച്ചുവണ്ട്‌ നല്ല ഒരു താരാട്ട്‌പാട്ടും പാടി അങ്ങോട്ടു ചെന്നു.

താരാട്ടു പാട്ടുകേട്ട്‌ ആലങ്ങാട്ടമ്പലത്തിലെ അസൂയക്കാരൻ ആനക്കൊമ്പൻ ആനന്ദിച്ച്‌ തലയാട്ടിനിന്നു.

ഇതു കണ്ട്‌ മരംകൊത്തിക്കാരണവർ വേഗം പാഞ്ഞുചെന്ന്‌ ആനക്കൊമ്പന്റെ കണ്ണു രണ്ടും കുത്തിപ്പൊട്ടിച്ചു. കണ്ണുകാണാതായ ആനക്കൊമ്പൻ ദാഹിച്ച്‌ പൊരിഞ്ഞ്‌ വെളളം കുടിക്കാനായി കുളമന്വേഷിച്ച്‌ നെട്ടോട്ടമോടി.

അപ്പോഴാണ്‌ കല്ലുവെട്ടാംകുഴിയിൽനിന്ന്‌ മെച്ചവിദ്യക്കാരൻ പാച്ചൻ തവള ഉറക്കെ ‘പോക്രോം പോക്രോം’ എന്ന്‌ കരയാൻ തുടങ്ങിയത്‌.

തവളയുടെ കരച്ചിൽ കേട്ട്‌ കുളമാണെന്നു കരുതി ആനക്കൊമ്പൻ അങ്ങോട്ടു നടന്നു.

നടന്നുചെന്ന ആനക്കൊമ്പൻ പെട്ടെന്ന്‌ കാലുതെറ്റി കല്ലുവെട്ടാംകുഴിയിൽ വീണു.

കുഴിയിൽ നിന്നു കരകയറാൻ കഴിയാതെ ദാഹിച്ചു പൊരിഞ്ഞ്‌ അസൂയക്കാരനായ ആ വമ്പൻ കൊമ്പുകുത്തി.

കൊമ്പുകുത്തിയ വമ്പനെ നോക്കി ആലോലം പൈങ്കിളിയും മരംകൊത്തിക്കാരണവരും കൊച്ചുവിദ്യക്കാരൻ കൊച്ചുവണ്ടും മെച്ചവിദ്യക്കാരൻ പാച്ചൻ തവളയും കൂടി കൈകൊട്ടി ഇങ്ങനെ പാടിഃ

”കൊമ്പുകുലുക്കിയ വമ്പച്ചാരുടെ

വമ്പും തീർന്നല്ലോ! -അമ്പോ

കഥയും തീർന്നല്ലോ!

വമ്പു നടിച്ചാൽ നാശംതന്നേ

നമ്മളുമോർത്തോളൂ! – അയ്യോ-

നന്നായോർത്തോളൂ!“

Generated from archived content: kattu_aug14.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകേട്ടപാതി കേൾക്കാത്ത പാതി
Next articleകൂനനുണ്ണിയും കൂട്ടുകാരും
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here