കേട്ടപാതി കേൾക്കാത്ത പാതി

പണ്ടുപണ്ടൊരു നെല്ലിക്കാട്ടിൽ ഒരു വലിയ നെല്ലിമരം പൂത്തുനിന്നിരുന്നു. ആ നെല്ലിമരത്തിന്റെ ചുവട്ടിലുളള മാളത്തിലാണു കേളൻ മുയൽ പാർത്തിരുന്നത്‌.

കേളൻമുയലിന്‌ ഏതുനേരവും വല്ലാത്ത പേടിയായിരുന്നു. ഒരു മിന്നലു കണ്ടാൽ അവന്റെ നെഞ്ചു ‘പടാപടാ’ന്ന്‌ അടിക്കും. ഒരു കുഞ്ഞില അനങ്ങിയാൽ അവൻ മാളത്തിൽ കയറി ഒളിക്കും. ഒരു മഴത്തുളളി നിലത്തുവീണാൽ അവനാകെ അമ്പരക്കും! ആകാശം പൊട്ടി താഴെ വീഴുമോ എന്നും അവനു സംശയമുണ്ടായിരുന്നു. ആകാശം പൊട്ടി താഴെ വീണാൽ അതിനടിയിൽപ്പെട്ടു താൻ ചതഞ്ഞരഞ്ഞു ചാവുമല്ലോ!

ഒരു ദിവസം കേളൻമുയൽ മാളത്തിന്റെ പുറത്തു പേടിച്ചു പേടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണു ‘ടും’ എന്ന ശബ്‌ദത്തോടെ എന്തോ അവന്റെ അരികത്തു വന്നു വീണത്‌.

ശബ്‌ദം കേട്ടപാടെ അവൻ തിരിഞ്ഞു നോക്കാതെ കരഞ്ഞുകൊണ്ട്‌ ഒരോട്ടം! കേളൻമുളൽ ശരം വിട്ടപോലെ ഓടുന്നത്‌ ആറാട്ടുപുഴയിലെ ആനക്കുട്ടൻ കണ്ടു. ആനക്കുട്ടൻ ചോദിച്ചുഃ

“കേളൻമുയലേ കേളൻമുയലേ

പേടിച്ചോടുവതെന്തേ നീ?”

കേളൻമുയൽ ഒരു നിമിഷം നിന്നിട്ടു പറഞ്ഞു.

“മാനമിടിഞ്ഞു നിലത്തുപതിച്ചേ

ജീവൻ വേണേലോടിക്കോ!…..”

ഇതുകേട്ടു ഭയം തോന്നിയ ആനക്കുട്ടനും അവന്റെ പിന്നാലെ ഓടാൻ തുടങ്ങി.

കേളൻ മുയലും ആനക്കുട്ടനും കൂടി അമ്പരന്നോടുന്നതു മുതിരപ്പാടത്തെ കുതിരയണ്ണൻ കണ്ടു. കുതിരയണ്ണൻ ആനക്കുട്ടനോടു ചോദിച്ചുഃ

“ആനക്കുട്ടാ അരുമക്കുട്ടാ

പേടിച്ചോടുവതെന്തേ നീ?”

ആനക്കുട്ടൻ ഒരുനിമിഷം നിന്നിട്ടു പറഞ്ഞുഃ

“മാനമിടിഞ്ഞു നിലത്തുപതിച്ചേ

ജീവൻ വേണേലോടിക്കോ!….”

ഇതുകേട്ടു ഭയം തോന്നിയ കുതിരയണ്ണനും അവരുടെ പിന്നാലെ ഓടാൻ തുടങ്ങി. കേളൻമുയലും ആനക്കുട്ടനും കുതിയണ്ണനും കൂടി വിരണ്ടോടുന്നതു കൈതമുക്കിലെ കഴുതയമ്മാവൻ കണ്ടു. കഴുതയമ്മാവൻ കുതിരയണ്ണനോടു ചോദിച്ചുഃ

“ഓടും കുതിരേ ചാടും കുതിരേ

പേടിച്ചോടുവതെന്തിനു നീ?”

കുതിരയണ്ണൻ ഒരു നിമിഷം നിന്നിട്ടു പറഞ്ഞുഃ

“മാനമിടിഞ്ഞു നിലത്തു പതിച്ചേ

ജീവൻ വേണേലോടിക്കോ!…..”

ഇതുകേട്ട്‌ ഉളളുനടുങ്ങിയ കഴുതയമ്മാവനും അവരുടെ പിന്നാലെ ഓടാൻ തുടങ്ങി. കേളൻമുയലും ആനക്കുട്ടനും കുതിരയണ്ണനും കഴുതയമ്മാവനുമെല്ലാം കുതിച്ചുപായുന്നതു കോട്ടപ്പടിക്കലെ കുട്ടപ്പനൊട്ടകം കണ്ടു.. കുട്ടപ്പനൊട്ടകം കഴുതയമ്മാവനോടു ചോദിച്ചുഃ

“കഴുതച്ചാരേ കഴുതച്ചാരേ

പേടിച്ചോടുവതെന്തേ നീ?”

കഴുതയമ്മാവൻ ഒരു നിമിഷം നിന്നിട്ടു പറഞ്ഞുഃ

“മാനമിടിഞ്ഞു നിലത്തു പതിച്ചേ

ജീവൻ വേണേലോടിക്കോ!…..”

ഇതുകേട്ടു പേടിച്ചുവശായ കുട്ടപ്പനൊട്ടകവും അവരുടെ പിന്നാലെ ഓടാൻ തുടങ്ങി.

കേളൻമുയലും ആനക്കുട്ടനും കുതിരയണ്ണനും കഴുതയമ്മാവനും കുട്ടപ്പനൊട്ടകവുമെല്ലാം ‘ധടുപടാ’ന്ന്‌ ഓടിവരുന്നതു സ്ഥലത്തെ പ്രധാനദിവ്യനായ ശിരോമണിക്കുറുക്കൻ കണ്ടു. ശിരോമണിക്കുറുക്കൻ കുട്ടപ്പനൊട്ടകത്തോടു ചോദിച്ചുഃ

“പേടിച്ചോടുവതെന്തിനു നിങ്ങൾ

ചങ്ങാതികളെ ചൊന്നാട്ടേ?”

കുട്ടപ്പനൊട്ടകം ഒരു നിമിഷം നിന്നിട്ടു പറഞ്ഞുഃ

“മാനമിടിഞ്ഞു നിലത്തുപതിച്ചേ

ജീവൻ വേണേലോടിക്കോ!…”

ഇതുകേട്ടു ശിരോമണിക്കുറുക്കനു ചിരിവന്നു. ശിരോമണിക്കുറുക്കൻ കൈകൊട്ടി എല്ലാവരെയും തിരികെ വിളിച്ചു. കേളൻമുയലും ആനക്കുട്ടനും കുതിരയണ്ണനും കഴുതയമ്മാവനും കുട്ടപ്പനൊട്ടകവും കിതച്ചുകൊണ്ടു ശിരോമണിക്കുറുക്കന്റെ മുന്നിൽ നിന്നു. ശിരോമണിക്കുറുക്കൻ കുട്ടപ്പനൊട്ടകത്തോടു ചോദിച്ചുഃ

“മോനേ കുട്ടപ്പാ, മാനമിടിഞ്ഞു നിലത്തുവീണതു നീ കണ്ടോ?”

“ഇല്ല. എന്നോടു കഴുതയമ്മാവനാണ്‌ ഇക്കാര്യം പറഞ്ഞത്‌.” ഒട്ടകം അറിയിച്ചു.

“എടോ കഴുതയമ്മാവാ, മാനമിടിഞ്ഞു താഴെ വീണതു താൻ കണ്ടോ?”

“ഇല്ല. ഈ നില്‌ക്കുന്ന കുതിരയണ്ണനാണ്‌ എന്നോടു പറഞ്ഞത്‌.” കഴുതയമ്മാവൻ ചൂണ്ടിക്കാട്ടി.

“എന്റെ പൊന്നു കുതിരയണ്ണാ, മാനമിടിഞ്ഞു നിലത്തുവീണതു താൻ കണ്ടോ?”

“ഇല്ല. ഈ നില്‌ക്കുന്ന ആനക്കുട്ടനാണ്‌ എന്നോടു വിവരം പറഞ്ഞത്‌.” കുതിരയണ്ണൻ കൈയൊഴിഞ്ഞു.

“ആനക്കുട്ടാ, മാനമിടിഞ്ഞു വീഴുന്നതു താങ്കൾ നേരിൽ കണ്ടോ?”

“ഇല്ലില്ല. ഈ നില്‌ക്കുന്ന കേളൻമുയലാണ്‌ എന്നോടു പറഞ്ഞത്‌.” ആനക്കുട്ടൻ ഒഴിഞ്ഞുമാറി.

“എടോ കേളൻമുയലേ, മാനമിടിഞ്ഞു വീണതു താൻ കണ്ടോ?”

“കണ്ടു കുറുക്കച്ചാ കണ്ടു.” കേളൻമുയൽ അമ്പരപ്പോടെ അറിയിച്ചു.

“എവിടെയാണു മാനമിടിഞ്ഞു വീണത്‌?” ശിരോമണിക്കുറുക്കൻ അന്വേഷിച്ചു.

“മാനമിടിഞ്ഞ്‌, അതിന്റെ ഒരു കഷണം എന്റെ അരികത്തു വന്നു വീണു! അതുകൊണ്ടാണു ഞാൻ പേടിച്ചോടിയത്‌.” കേളൻമുയൽ മണിമണിപോലെ പറഞ്ഞുഃ

“എങ്കിൽ ആ ഇടിഞ്ഞുവീണ മാനത്തിന്റെ കഷണം എന്നെയൊന്നു കാണിച്ചുതരാമോ?” ശിരോമണിക്കുറുക്കൻ ആവശ്യപ്പെട്ടു.

“ഓഹോ! കാണിച്ചുതരാം. എല്ലാരും എന്റെകൂടെ വന്നാട്ടെ.” കേളൻമുയൽ ക്ഷണിച്ചു.

കേളൻമുയൽ മുന്നിലും ആനക്കുട്ടൻ, കുതിരയണ്ണൻ, കഴുതയമ്മാവൻ, കുട്ടപ്പനൊട്ടകം, ശിരോമണിക്കുറുക്കൻ എന്നിവർ പിന്നിലുമായി അവർ യാത്ര തുടങ്ങി. കുറച്ചുദൂരം നടന്ന്‌ അവർ കേളൻമുയൽ താമസിക്കുന്ന നെല്ലിമരത്തിന്റെ ചുവട്ടിലെത്തി. അവിടെ ചെന്നപ്പോൾ കേളൻമുയൽ പറഞ്ഞുഃ

“ദാ കിടക്കുന്നു പൊട്ടിവീണ മാനത്തിന്റെ കഷണം.!”

എല്ലാവരും പേടിയോടെ അങ്ങോട്ടു നോക്കി. കേളൻമുയൽ കാണിച്ചുകൊടുത്ത മാനത്തിന്റെ കഷണം ശിരോമണിക്കുറുക്കൻ കൈയിലെടുത്തു. എന്നിട്ട്‌ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞുഃ

“മണ്ടച്ചാരേ, ഇതു മാനം പൊട്ടിവീണ കഷണമൊന്നുമല്ല. ഇതാണ്‌ നെല്ലിക്ക! ഇത്‌ ഈ മരത്തിന്റെ കൊമ്പിൽ നിന്നു മൂത്തുവിളഞ്ഞു താഴെ വീണതാണ്‌!…..

ഇതുകേട്ട്‌ എല്ലാ മണ്ടൻമാരും ഒന്നിച്ചു തലതാഴ്‌ത്തി നിന്നു. ശിരോമണിക്കുറുക്കൻ പറഞ്ഞുഃ

”കാര്യമെന്തെന്നു നേരിട്ടു കാണാതെ ഇങ്ങനെ വിഡ്‌ഢിത്തം കാട്ടരുത്‌. കാള പെറ്റെന്നു കേട്ട്‌ ആരും കയറെടുക്കരുത്‌ എന്നു കേട്ടിട്ടില്ലേ? പൊയ്‌ക്കൊളളു.“

അഞ്ചു മണ്ടൂസന്മാരും നാണക്കേടുകൊണ്ടു തലയും താഴ്‌ത്തി ആ വഴി ഈ വഴി ഓടിമറഞ്ഞു. നോക്കണേ, കേട്ടപാതി കേൾക്കാത്ത പാതി ഓടിയാൽ ഇതാണു ഫലം!

Generated from archived content: kattu-sept7.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബുദ്ധിയുളള കരടി
Next articleകൊമ്പന്റെ വമ്പ്‌
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here