കാളയണ്ണന്റെ വീട്‌

ജന്തുസ്ഥാനിൽ മഞ്ഞുകാലം ആരംഭിക്കാറായി. മരം കോച്ചുന്ന തണുപ്പിൽനിന്നു രക്ഷ നേടാൻ സ്വന്തമായി ഒരു കൊച്ചു വീടു വെയ്‌ക്കണമെന്നു മലയോരത്തു പാർക്കുന്ന മണികണ്‌ഠൻ കാളയണ്ണൻ തീരുമാനിച്ചു. വീടുവെയ്‌ക്കാൻ കൂട്ടുകാരേ അന്വേഷിച്ചു മണികണ്‌ഠൻ കാളയണ്ണൻ ഒരു ദിവസം മലയോരത്തുകൂടി മലങ്കാട്ടിലേയ്‌ക്കു യാത്രയായി. കുറച്ചുദൂരം ചെന്നപ്പോൾ ഒരിടത്ത്‌ ഒരു കരിവാലൻ കാട്ടിപ്പോത്ത്‌ പുല്ലുമേഞ്ഞുകൊണ്ടു നിൽക്കുന്നതു മണികണ്‌ഠൻ കാളയണ്ണൻ കണ്ടു. മണികണ്‌ഠൻ കാളയണ്ണൻ സ്‌നേഹപൂർവ്വം കരിവാലൻ കാട്ടിപ്പോത്തിനോടു പറഞ്ഞു;

“കാട്ടിപ്പോത്തേ, കാട്ടിപ്പോത്തേ, മഞ്ഞുകാലം വരാറായി. തണുപ്പിൽനിന്നു രക്ഷനേടാൻ ഞാനൊരു വീടുവെയ്‌ക്കാൻ പോകയാണ്‌. എന്നെ സഹായിക്കുമെങ്കിൽ നിനക്കും ഞാൻ പുതിയ വീട്ടിൽ ഒരിടം തരാം….”

“എനിക്കു നിന്റെ വീടും വേണ്ട, കൂടും വേണ്ട! തണുപ്പിൽനിന്നു രക്ഷനേടാൻ എനിക്കു ശരീരം നിറയേ രോമക്കുപ്പായമുണ്ട്‌. നീ നിന്റെ വഴിക്കുപോ….!” കരിവാലൻ കാട്ടിപ്പോത്ത്‌ അമറിക്കൊണ്ട്‌ തിരിഞ്ഞു നിന്നു.

മണികണ്‌ഠൻ കാളയണ്ണൻ ഒട്ടും നിരാശനാകാതെ പിന്നെയും കൂട്ടുകാരെ അന്വേഷിച്ചുയാത്രയായി.

കുറച്ചുദൂരം ചെന്നപ്പോൾ ഒരിടത്ത്‌ രോമക്കുപ്പായക്കാരൻ ചെമ്മരിയാട്‌ നിൽക്കുന്നതു മണികണ്‌ഠൻ കാളയണ്ണൻ കണ്ടു. മണികണ്‌ഠൻ കാളയണ്ണൻ സ്നേഹപൂർവ്വം രോമക്കുപ്പായക്കാരൻ രാമൻ ചെമ്മരിയാടിനോടു പറഞ്ഞു.

“ചെമ്മരിയാടേ, ചെമ്മരിയാടേ, മഞ്ഞുകാലം വരാറായി. തണുപ്പിൽനിന്നു രക്ഷനേടാൻ ഞാനൊരു വീടുവെയ്‌ക്കാൻ പോകയാണ്‌ എന്നെ സഹായിക്കുമെങ്കിൽ നിനക്കും ഞാൻ പുതിയ വീട്ടിൽ ഒരിടം തരാം….!”

“എനിക്കു നിന്റെ വീടും വേണ്ട, കൂടും വേണ്ട! തണുപ്പിൽനിന്നു രക്ഷനേടാൻ എനിക്കു ശരീരം നിറയെ രോമക്കമ്പിളിയുണ്ട്‌. നീ നിന്റെ വഴിക്കു പോ….” രാമൻചെമ്മരിയാട്‌ കൊമ്പു കുലുക്കിക്കൊണ്ട്‌ കടന്നുപോയി. മണികണ്‌ഠൻ കാളയണ്ണൻ ഒട്ടും നിരാശനാകാതെ പിന്നെയും കൂട്ടുകാരെയും അന്വേഷിച്ചു യാത്രയായി. കുറച്ചു ദൂരം ചെന്നപ്പോൾ ഒരിടത്ത്‌ അങ്കക്കാരൻ തങ്കൻ പൂങ്കോഴി ഒരു പിടയോടു കിന്നാരം പറഞ്ഞുകൊണ്ടു നിൽക്കുന്നതു മണികണ്‌ഠൻ കാളയണ്ണൻ കണ്ടു. മണികണ്‌ഠൻ കാളയണ്ണൻ സ്നേഹപൂർവ്വം അങ്കക്കാരൻ തങ്കൻ പൂങ്കോഴിയോടു പറഞ്ഞു.

“തങ്കൻ പൂങ്കോഴി, തങ്കൻ പൂങ്കോഴി, മഞ്ഞുകാലം വരാറായി. തണുപ്പിൽനിന്നു രക്ഷനേടാൻ ഞാനൊരു വീടുവെയ്‌ക്കാൻ പോകയാണ്‌. എന്നെ സഹായിക്കുമെങ്കിൽ നിനക്കും പുതിയ വീട്ടിൽ ഒരിടം തരാം!”

“എനിക്കു നിന്റെ വീടും വേണ്ട, കൂടും വേണ്ട. തണുപ്പിൽനിന്നു രക്ഷനേടാൻ എന്റെ ശരീരം നിറയെ പട്ടുപോലത്തെ പഞ്ഞിത്തൂവലുണ്ട്‌! നീ നിന്റെ വഴിക്കുപോ….!” തങ്കൻ പൂങ്കോഴി കൊക്കരോക്കോയെന്നു നീട്ടിക്കൂവിയിട്ടു നടന്നകന്നു. മണികണ്‌ഠൻ കാളയണ്ണൻ ഒട്ടും നിരാശനാകാതെ പിന്നെയും ചെന്നപ്പോൾ ഒരു കരിങ്കുപ്പായക്കാരൻ കരിങ്കുരങ്ങ്‌ ഒരു മരക്കൊമ്പിൽ കിടന്നു ഊഞ്ഞാലാടുന്നതു മണികണ്‌ഠൻ കാളയണ്ണൻ കണ്ടു. മണകണ്‌ഠൻ കാളയണ്ണൻ സ്നേഹപൂർവ്വം കരിങ്കുപ്പായക്കാരൻ കരിങ്കുരങ്ങിനോട്‌ പറഞ്ഞു.

“കരിങ്കുരങ്ങേ, കരിങ്കുരങ്ങേ, മഞ്ഞുകാലം വരാറായി. തണുപ്പിൽനിന്നു രക്ഷനേടാൻ ഞാനൊരു വീടുവെയ്‌ക്കാൻ പോകയാണ്‌. എന്നെ സഹായിക്കാമെങ്കിൽ നിനക്കും ഞാൻ പുതിയ വീട്ടിൽ ഒരിടം തരാം…..!

”എനിക്കു നിന്റെ വീടും വേണ്ട കൂടും വേണ്ട. തണുപ്പിൽനിന്നു രക്ഷനേടാൻ എനിക്കു കറുകറുത്ത രോമക്കുപ്പായമുണ്ട്‌. നീ നിന്റെ വഴിക്കുപോ….“ കരിങ്കുപ്പായക്കാരൻ കോക്കിരികാട്ടിക്കൊണ്ടു ഊഞ്ഞാലാട്ടം തുടർന്നു.

മണികണ്‌ഠൻ കാളയണ്ണൻ ഒട്ടും നിരാശനാകാതെ പിന്നെയും കൂട്ടുകാരെ അന്വേഷിച്ചു യാത്രയായി. കുറച്ചുദൂരം ചെന്നപ്പോൾ ഒരു വരയനുടുപ്പുകാരൻ കുതിര ഒരിടത്തുനിന്നു പച്ചില തിന്നുന്നതു മണികണ്‌ഠൻ കാളയണ്ണൻ കണ്ടു. മണികണ്‌ഠൻ കാളയണ്ണൻ സ്നേഹപൂർവ്വം വരയനുടുപ്പുകാരൻ വരയൻ കുതിരയോടു പറഞ്ഞുഃ

”വരയൻ കുതിരേ, വരയൻ കുതിരേ, മഞ്ഞുകാലം വരാറായി. തണുപ്പിൽനിന്നു രക്ഷനേടാൻ ഞാനൊരു വീടുവെയ്‌ക്കാൻ പോകയാണ്‌. എന്നെ സഹായിക്കുമെങ്കിൽ നിനക്കും ഞാൻ പുതിയ വീട്ടിൽ ഒരിടം തരാം“.

”എനിക്കു നിന്റെ വീടും വേണ്ട, കൂടും വേണ്ട. തണുപ്പിൽനിന്നു രക്ഷനേടാൻ എന്റെ ശരീരത്തിൽ കട്ടിയുളള വരയൻ കുപ്പായമുണ്ട്‌. നീ നിന്റെ പാട്ടിനു പോ…..!“ വരയൻ കുതിര ചൂലുപോലെ വാലുമാട്ടിനിന്നു പച്ചില തിന്നാൻ തുടങ്ങി. എല്ലാവരും ഉപേക്ഷ പറഞ്ഞപ്പോൾ മണികണ്‌ഠൻ കാളയണ്ണനു വാശിയായി. എത്ര പണിപ്പെട്ടാലും ഒറ്റയ്‌ക്കുതന്നെ ഒരു വീടുണ്ടാക്കണമെന്നു കാളയണ്ണൻ തീരുമാനിച്ചു.

കാട്ടുചൂരൽ കൊണ്ടു തൂണിട്ടു. ഈന്തൽത്തളിരും വൈയ്‌ക്കോലും കൊണ്ടു ചുമരുണ്ടാക്കി. പനയോലകൊണ്ടു പുരമേഞ്ഞു. കാട്ടുപുല്ലും കരിയിലയും നിരത്തിയിട്ടു മെത്തയുണ്ടാക്കി. എല്ലാം പൂർത്തിയായപ്പോൾ നാലു അയൽക്കാരെയും നാട്ടിൽ കൊളളാവുന്നവരേയും ക്ഷണിച്ചുവരുത്തി മണികണ്‌ഠൻ കാളയണ്ണൻ ഗൃഹപ്രവേശം നടത്തി. കുറച്ചുനാളുകഴിഞ്ഞപ്പോൾ മഞ്ഞുകാലം വന്നു. കാട്ടുമരങ്ങളുടെയെല്ലാം ഇല പൊഴിഞ്ഞു. മരംകോച്ചുന്ന മഞ്ഞ്‌ സഹിക്കാനാവാതെ ജന്തുക്കൾ നെട്ടോട്ടമോടാൻ തുടങ്ങി. മണികണ്‌ഠൻ കാളയണ്ണൻ തണുപ്പിന്റെ യാതൊരു ശല്ല്യവുമില്ലാത്ത തന്റെ പുതിയ വീട്ടിൽ സുഖമായി താമസിച്ചു. ഒരുദിവസം രാവിലെ പുറത്ത്‌ ഒരു കരച്ചിൽ കേട്ട്‌ മണികണ്‌ഠൻ കാളയണ്ണൻ വാതിൽ തുറന്നു നോക്കി. അപ്പോൾ കരിവാലൻ കാട്ടിപ്പോത്ത്‌ കുളിർന്നു വിറച്ചുകൊണ്ടു പുറത്തുനിൽക്കുന്നതാണു മണികണ്‌ഠൻ കാളയണ്ണൻ കണ്ടത്‌. കരിവാലൻ കാട്ടിപ്പോത്ത്‌ കരഞ്ഞുകൊണ്ടു മണികണ്‌ഠൻ കാളയണ്ണനോടു പറഞ്ഞു.

”കാളയണ്ണാ, കാളയണ്ണാ, മഞ്ഞുകൊണ്ടു എന്റെ രോമം മുഴുവൻ കൊഴിഞ്ഞു. തണുപ്പുകൊണ്ടു എനിക്കു ജീവിക്കാൻ വയ്യ. തന്റെ വീട്ടിൽ ഒരിടം തന്നില്ലെങ്കിൽ ഞാൻ ചാകാതെ ചാകും!“

”ചാകട്ടെ…..! നല്ലകാലത്തു പണിചെയ്‌തില്ലെങ്കിൽ ഇങ്ങനെയാണ്‌! ഇപ്പോൾ ഇവിടെ സ്ഥലം തരാൻ എനിക്കു മനസ്സില്ല“ കാളയണ്ണൻ കരിവാലനെ ആട്ടിയോടിച്ചു. എങ്കിലും അവൻ പോകാതെ വാതിൽക്കൽതന്നെ കിടന്നു.

കുറച്ചുകഴിഞ്ഞപ്പോൾ രാമൻ ചെമ്മരിയാട്‌ കുളിർന്നു വിറച്ചുകൊണ്ടു അവിടെ വന്നു. രാമൻ ചെമ്മരിയാടു കരഞ്ഞുകൊണ്ടു കാലയണ്ണനോടു പറഞ്ഞു.

”കാളയണ്ണാ, കാളയണ്ണ, എന്റെ നല്ല രോമമെല്ലാം കമ്പിളിനെയ്‌ത്തുകാരൻ മാത്തനാശാൻ മുറിച്ചെടുത്തു. തണുപ്പുകൊണ്ടു എനിക്കു ജീവിക്കാൻ വയ്യ! തന്റെ വീട്ടിൽ ഒരിടം തന്നില്ലെങ്കിൽ ഞാൻ ചാകാതെ ചാകും!“

”ചാകട്ടെ…..! നല്ല കാലത്തു പണിക്കു വിളിച്ചപ്പോൾ നീയെന്നെ ആട്ടിയോടിച്ചതല്ലേ? ഇപ്പോൾ ഇവിടെ സ്ഥലം തരാൻ എനിക്കു മനസ്സില്ല“ കാളയണ്ണൻ ദേഷ്യത്തോടെ തിരിച്ചടിച്ചു. എങ്കിലും ചെമ്മരിയാടും പോകാതെ വെളിയിൽ ചടഞ്ഞുകൂടി. അല്‌പസമയം കഴിഞ്ഞപ്പോൾ അങ്കക്കാരൻ പൂങ്കോഴി കുളിർന്നു വിറച്ചുകൊണ്ടു അവിടെ വന്നു. തങ്കൻപൂങ്കോഴി കരഞ്ഞുകൊണ്ടു കാളയണ്ണനോടു പറഞ്ഞു.

”കാളയണ്ണാ, കാളയണ്ണാ, ഞാൻ പാർത്തിരുന്ന കോഴിക്കൂട്‌ മറിയാമ്മച്ചേടത്തി ഇന്നലെ പൊളിച്ചു കളഞ്ഞു. തണുപ്പുകൊണ്ട്‌ എനിക്കു ജീവിക്കാൻ വയ്യ! തന്റെ വീട്ടിൽ ഒരിടം തന്നില്ലെങ്കിൽ ഞാൻ ചാകാതെ ചാകും“.

”ചാകട്ടെ….! നല്ല കാലത്തു പണിക്കു വിളിച്ചപ്പോൾ നീയെന്നെ ആട്ടിയോടിച്ചതല്ലേ? ഇപ്പോൾ ഇവിടെ സ്ഥലം തരാൻ എനിക്കു മനസ്സില്ല“ കാളയണ്ണൻ ദേഷ്യത്തോടെ കൊമ്പുകുലുക്കി. എങ്കിലും തങ്കൻ പൂങ്കോഴിയും തിരിച്ചുപോകാതെ അവിടെത്തന്നെ

കരഞ്ഞുകൊണ്ടു നിന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ കരിങ്കുപ്പായക്കാരൻ കരിങ്കുരങ്ങ്‌ കുളിർന്നു വിറച്ചുകൊണ്ടു അവിടെ വന്നു. കരിങ്കുരങ്ങ്‌ കരഞ്ഞുകൊണ്ടു കാളയണ്ണനോടു പറഞ്ഞു.

”കാളയണ്ണാ, കാളയണ്ണാ, എന്റെ കരിങ്കുപ്പായം മുഴുവൻ കരിങ്കുരങ്ങു രസായനക്കാരൻ ശങ്കുണ്ണിവൈദ്യൻ കവർന്നെടുത്തു. തണുപ്പുകൊണ്ട്‌ എനിക്കു ജീവിക്കാൻ വയ്യ. തന്റെ വീട്ടിൽ ഒരിടം തന്നില്ലെങ്കിൽ ഞാൻ ചാകാതെ ചാകും!“

”ചാകട്ടെ…! നല്ലകാലത്തു പണിക്കു വിളിച്ചപ്പോൾ നീ എന്നെ ആട്ടിയോടിച്ചതല്ലേ? ഇപ്പോൾ ഇവിടെ സ്ഥലം തരാൻ എനിക്കു മനസ്സില്ല.“ കാളയണ്ണൻ ഉറക്കെ ഒന്നമറി. എങ്കിലും കരിങ്കുരങ്ങു പോകാതെ അവിടെത്തന്നെ വാലുമാട്ടി നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ വരയൻ ഉടുപ്പുകാരൻ വരയൻ കുതിരയും കുളിർന്നു വിറച്ചുകൊണ്ട്‌ അവിടെ വന്നു. വരയൻ കുതിര കരഞ്ഞുകൊണ്ടു കാളയണ്ണനോടു പറഞ്ഞു.

”കാളയണ്ണാ, കാളയണ്ണാ, എന്റെ വരയനുടുപ്പ്‌ മുഴുവൻ മഞ്ഞുകൊണ്ടു പിന്നിപ്പോയി. തണുപ്പുകൊണ്ടു എനിക്കു ജീവിക്കാൻ വയ്യ, തന്റെ വീട്ടിൽ ഒരിടം തന്നില്ലെങ്കിൽ ഞാൻ ചാകാതെ ചാകും!“

”ചാകട്ടെ……! നല്ല കാലത്തു പണിക്കു വിളിച്ചപ്പോൾ നീയെന്നെ ആക്ഷേപിച്ചു വിട്ടതല്ലേ? ഇപ്പോൾ ഇവിടെ സ്ഥലം തരാൻ എനിക്കു മനസ്സില്ല.“-കാളയണ്ണൻ തിരിഞ്ഞുനിന്നു.

എങ്കിലും വരയൻ കുതിരയും പോകാതെ വാതിൽക്കൽതന്നെ കിടന്നു. മഞ്ഞിന്റെ ശക്തി വീണ്ടും കൂടി. തണുപ്പു സഹിക്കാനാവാതെ കരിവാലൻ കാട്ടിപ്പോത്തും രാമൻ ചെമ്മരിയാടും തങ്കൻപൂങ്കോഴിയും കരിങ്കുപ്പായക്കാരൻ കരിങ്കുരങ്ങും വരയൻ ഉടുപ്പുകാരൻവരയൻ കുതിരയുമെല്ലാം ഉറക്കെ കരയാൻ തുടങ്ങി. അവർ എല്ലാവരും ഒന്നിച്ചു മണികണ്‌ഠൻ

കാളയണ്ണന്റെ വീട്ടുവാതിൽക്കൽ നിരാഹാര സത്യാഗ്രഹം തുടങ്ങി.

പട്ടിണികൊണ്ടും തണുപ്പുകൊണ്ടും മടിയന്മാരായ തന്റെ കൂട്ടുകാർ ചാകുമെന്നായപ്പോൾ മണികണ്‌ഠൻ കാളയണ്ണനു വല്ലാത്ത സഹതാപം തോന്നി. ഒരു ദിവസം സന്ധ്യയ്‌ക്കു എല്ലാവരെയും വിളിച്ചിട്ടു കാളയണ്ണൻ പറഞ്ഞു.

”മഞ്ഞുകാലം കഴിഞ്ഞാൽ മടിയന്മാരായിരിക്കാതെ സ്വന്തമായി വീടു പണിയാമെന്നേറ്റാൽ ഞാൻ നിങ്ങളെ തൽക്കാലം ഇവിടെ പാർപ്പിക്കാം. അതിനു സമ്മതമാണോ?“

”സമ്മതമാണ്‌. ഇനി ഞങ്ങൾ മടിയന്മാരാകില്ല. കാളയണ്ണനെപ്പോലെ പണിയെടുത്തു ജീവിച്ചുകൊളളാം…..! എല്ലാവരും മണികണ്‌ഠൻ കാളയണ്ണന്റെ കാൽക്കൽ വീണു കരഞ്ഞു. മണികണ്‌ഠൻ കാളയണ്ണൻ വേഗം വാതിൽ തുറന്നു എല്ലാവരെയും തന്റെ വീടിനുളളിൽ പ്രവേശിപ്പിച്ചു. മഞ്ഞുകാലം കഴിയുന്നതുവരെ മണികണ്‌ഠൻ കാളയണ്ണനും കരിവാലൻ കാട്ടിപ്പോത്തും രാമൻ ചെമ്മരിയാടും തങ്കൻ പൂങ്കോഴിയും കരിങ്കുപ്പായക്കാരൻ കരിങ്കുരങ്ങും വരയനുടുപ്പുകാരൻ വരയൻ കുതിരയുമെല്ലാം ഒന്നിച്ചു ആ കൊച്ചു വീട്ടിൽ കഴിഞ്ഞുകൂടി.

Generated from archived content: kattile_kalayannan.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആലിൻകൊമ്പത്തെ യക്ഷി
Next articleജന്തുസ്ഥാനിൽ ഒരു പോരാട്ടം
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English