ജന്തുസ്ഥാനിൽ ഒരു സൗന്ദര്യമത്‌സരം നടന്നു. സൗന്ദര്യമത്‌സരത്തിൽ പങ്കെടുക്കാൻ സുന്ദരികളായ പല മൃഗങ്ങളും എത്തിച്ചേർന്നിരുന്നു.
മണിയമ്മക്കുതിരയും സിങ്കാരിക്കഴുതയും ആനച്ചപ്പൊന്നമ്മയും നങ്ങേലിയെരുമയും മറ്റും മത്സരത്തിന്റെ അവസാനഘട്ടം എത്തിയതാണ്. എങ്കിലും സുന്ദരിക്കുട്ടി എന്നുപേരുളള ഒരു സീബ്രാപെണ്ണിനെയാണ് ‘മിസ് ജന്തുസ്ഥാനായി’ തെരഞ്ഞെടുത്തത്.
സുന്ദരിക്കുട്ടിയുടെ സൗന്ദര്യം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.
തടിച്ചു കൊഴുത്ത ശരീരം.
ശരീരത്തിൽ കറുപ്പും വെളുപ്പുമായ വരകൾ
പൂങ്കുലപോലെ ഭംഗിയുളള വാൽ
തിളക്കമുളള കണ്ണുകൾ…….!
‘മിസ് ജന്തുസ്ഥാനായി’ തെരഞ്ഞെടുക്കപ്പെട്ടതോടെ അവളുടെ മട്ടും ഭാവവുമൊക്കെ അങ്ങ് മാറി. മൃഗലോകത്തിലെ ഏറ്റവും വലിയ സുന്ദരി താനാണെന്ന് അവൾ അഹങ്കരിച്ചു. അന്നു മുതൽ അവൾ മറ്റുളള മൃഗങ്ങളെ വെറുക്കാനും പുച്ഛിക്കാനും തുടങ്ങി.
ഒരു ദിവസം സുന്ദരിക്കുട്ടി വഴിവക്കിൽ വച്ച് കണ്ണമ്മപുളളിമാനെ കണ്ടുമുട്ടി. അവൾ പുളളിമാനോടു ചോദിച്ചു.
“എടീ, നിന്റെ ഈ വിലകുറഞ്ഞ പുളളിയുടുപ്പ് എന്തിനുകൊളളാം? അതിനേക്കാൾ എത്ര മനോഹരമാണ് എന്റെയീ വരയനുടുപ്പ്….”
കണ്ണമ്മപ്പുളളിമാൻ തിരിച്ചടിച്ചു. “എന്റെ സുന്ദരീ, ഞാൻ പാവപ്പെട്ടവളാണ്. ഈ വിലകുറഞ്ഞ പുളളിയുടുപ്പ് തന്നെ എനിക്കധികമാണ്…..നീ നിന്റെ വഴിയ്‌ക്ക് പൊയ്‌ക്കോ.”
കണ്ണമ്മ പുളളിമാൻ ഒട്ടും കൂസലില്ലാതെ നടന്നുപോയി. സുന്ദരിക്കുട്ടി അവളെ കോക്കിരി കാണിച്ചു ചിരിച്ചു.
മറ്റൊരു ദിവസം സുന്ദരിക്കുട്ടി ഷോപ്പിംഗിന് പോവുകയായിരുന്നു. ചന്തക്കവലയിൽവെച്ച് ശ്രീമതി ജിറാഫമ്മ എതിരെ വരുന്നതു കണ്ടു. സുന്ദരിക്കുട്ടി തന്റെ പൊങ്ങച്ചം ജിറാഫമ്മയേയും അറിയിച്ചു.
“എടോ ജിറാഫമ്മേ, തന്റെ ഈ കളളിക്കുപ്പായം കണ്ടുമടുത്തു. ഇതൊന്നു മാറ്റാൻ നോക്കൂ. ഫാഷന്റെ കാലമല്ലേ ഇത്”.
ഇത് കേട്ട് ജിറാഫമ്മയ്‌ക്ക് ചിരി വന്നു. ജിറാഫമ്മ വളരെ ശാന്തമായ സ്വരത്തിൽ സുന്ദരിക്കുട്ടിയെ ഉപദേശിച്ചു.
“എടീ സുന്ദരിക്കുട്ടീ, നീ ചെറുപ്പമാണ്. നിനക്കിപ്പോൾ ഇങ്ങനെ പലതും തോന്നും. പക്ഷേ നമ്മുടെ ഈ ഉടുപ്പൊന്നും മനുഷ്യരുടെ വസ്‌ത്രംപോലെ എപ്പോഴും മാറ്റാൻ പറ്റില്ല.”
“ങും അതെന്താ? നാം അത്ര മോശക്കാരാണോ?”
സുന്ദരിക്കുട്ടി തിരിച്ചു ചോദിച്ചു.
ജിറാഫമ്മ അതിന്റെ കാരണം വിശദീകരിച്ചു.
“എടീ മോളേ, നമ്മൾ ഓരോരുത്തരും ജനിക്കുന്നതുതന്നെ ഓരോതരം ഉടുപ്പുമായിട്ടാണ്. കളളിയോ പുളളിയോ ചെമ്പനോ വരയനോ ഏതെങ്കിലുമൊന്നുണ്ടാകും….. പിന്നെ ഏതു ഫാഷൻ മാറിവന്നാലും നമുക്കീ വേഷം തന്നെയായിരിക്കും. ഇതു ദൈവത്തിന്റെ ദാനമാണ്…!”
“ഓഹോ അങ്ങിനെയാണോ? എങ്കിൽ ഏറ്റവും നല്ലത് എന്റെ ഉടുപ്പുതന്നെ.‘ സുന്ദരിക്കുട്ടി സ്വയം ഞെളിഞ്ഞു.
”അതു ഞാൻ സമ്മതിക്കാം. കാരണം നീ ഒരു സീബ്രാക്കുട്ടിയല്ലേ?… നിന്റെ വരയനുടുപ്പ് നല്ല ഭംഗിയുളളതാണ്. എന്നു വിചാരിച്ച് മറ്റുളളവരുടെ ഉടുപ്പൊക്കെ മോശമാണെന്ന് നീ വിചാരിക്കരുത്!“ ജിറാഫമ്മ ഒരു താക്കീതിന്റെ മട്ടിൽ പറഞ്ഞു.
അപ്പോഴേയ്‌ക്കും ജിറാഫമ്മയെ അന്വേഷിച്ച് അവരുടെ മഹിളാസമാജത്തിന്റെ സെക്രട്ടറി മിസ്സിസ് പോത്തമ്മ അവിടെ വന്നു. തർക്കമവസാനിപ്പിച്ച് ജിറാഫമ്മ അവരുടെ കൂടെ പോവുകയും ചെയ്‌തു.
ദിവസങ്ങൾ കുറേ കടന്നുപോയി. സുന്ദരിക്കുട്ടി പതിവുപോലെ തീറ്റയെല്ലാം കഴിഞ്ഞ് കറുകക്കാട്ടിൽ നിന്നു കാറ്റുകൊളളുകയായിരുന്നു.
ആ സമയത്ത്, ആയിടെ കല്ല്യാണം കഴിഞ്ഞ ഒരു മണവാട്ടി കണ്ടാമൃഗം അതിലെ വരാനിടയായി.
മണവാട്ടി കണ്ടാമൃഗത്തിന്റെ നടത്തവും നോട്ടവുമൊന്നും സുന്ദരിക്കുട്ടിയ്‌ക്ക് പിടിച്ചില്ല. അവൾ മുഖം കോട്ടിക്കൊണ്ട് പറഞ്ഞുഃ
”എന്തെടീ അസത്തേ നോക്കുന്നത്?….നിന്റെ മോന്ത കണ്ടാൽതന്നെ കുളിക്കണമല്ലോ?…“
”വഴിയെ പോകുന്നവരെ ആക്ഷേപിക്കാൻ നീയാരാ? വല്ല തമ്പുരാട്ടിയോ തലക്കുളത്തമ്മയോ മറ്റൊ ആണോ?“ മണവാട്ടിക്കണ്ടാമൃഗം ദേഷ്യത്തോടെ ചോദിച്ചു.
”അതെ ഞാനാണ് മിസ് ജന്തുസ്ഥാൻ!…..മൃഗലോകത്തിലെ ഏറ്റവും വലിയ സുന്ദരി!!..“ അവൾ ഗമയിൽ ഞെളിഞ്ഞു നിന്നു.
”സുന്ദരിയാണെങ്കിൽ അടങ്ങി ഒതുങ്ങി നിന്നോളണം!…വഴിയേ പോകുന്നവരെ ചീത്ത പറയരുത്“ കണ്ടാമൃഗം അറിയിച്ചു.
Generated from archived content: kattile_april4.html Author: sippi_pallipuram