വാലുപോയ മണവാളൻ

‘ജന്തുസ്ഥാൻ സർക്കസി’ന്റെ മാനേജരായ ചെല്ലൻ കുരങ്ങന്റേ മൂത്ത മകൻ മുത്തുക്കുരങ്ങൻ ‘ഫോറിനി’ൽ നിന്നും ലീവിൽ വന്നു. മുത്തുക്കുരങ്ങന്‌ മൂന്നു മാസത്തെ ലീവ്‌ മാത്രമേ ഉണ്ടായിരുന്നുളളൂ.

ഇതിനിടയിൽ ഒരു കല്യാണം കഴിച്ചാൽ കൊളളാമെന്ന്‌ മുത്തുക്കുരങ്ങന്‌ ആഗ്രഹമുണ്ടായി.

മുത്തുക്കുരങ്ങൻ തന്റെ ഒരു പഴയ സുഹൃത്തായ കുറുക്കൻ കുഞ്ചുവിനെയും കൂട്ടി ‘മങ്കീസ്‌ കോളനിയിൽ’ പെണ്ണുകാണാൻ പോയി.

മങ്കീസ്‌ കോളനിയിലെ പേരുകേട്ട വൈദ്യനായ വൈദ്യരത്‌നം കുരങ്ങുണ്ണിയാശാന്റെ മകളായിരുന്നു പെണ്ണ്‌!…. മാത്രമോ അവൾക്ക്‌ പല പല വിദ്യകളും അറിയാമായിരുന്നു. കാട്ടുമരത്തിന്റെ മേലേ കയറിനിന്ന്‌ നൃത്തം ചെയ്യാനും വളളിയിലിരുന്ന്‌ ഊഞ്ഞാലാടാനും അതിസമർത്ഥയായിരുന്നു അവൾ. ചെറുക്കന്റെ മുന്നിൽവെച്ച്‌ തന്നെ അവൾ പലവട്ടം തലകീഴായി മറിഞ്ഞു.

മുത്തുക്കുരങ്ങന്‌ പെണ്ണിനെ നന്നായി ഇഷ്‌ടപ്പെട്ടു.

കുറെ ദിവസം കഴിഞ്ഞപ്പോൾ മുത്തുക്കുരങ്ങന്റെ അച്ഛൻ വന്ന്‌ കല്യാണം ഉറപ്പിച്ചു.

ജന്തുസ്ഥാനിലെങ്ങും കല്യാണ വാർത്ത പരന്നു. കല്യാണത്തിന്റെ വട്ടങ്ങൾ ആരംഭിച്ചു. നാട്ടുകാരും വീട്ടുകാരുമായ പല മൃഗങ്ങളേയും ക്ഷണിച്ചു. കുരങ്ങൻമാർ, ചെന്നായ്‌ക്കൾ, കുറുക്കൻമാർ, കരടികൾ, മുയലുകൾ, മാനുകൾ, എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. ചുരുക്കം ചില പക്ഷികൾക്കും ക്ഷണക്കത്തു കൊടുത്തു. മൂങ്ങ, തച്ചൻകോഴി, കാവതിക്കാക്ക, വണ്ണാത്തിപ്പുളള്‌, മരംകൊത്തി തുടങ്ങിയവരൊക്കെ അക്കൂട്ടത്തിൽ ഉൾപ്പെടും. കല്യാണ ദിവസമടുത്തു. ഈന്തൽത്തളിരും ചൂരലും കൊണ്ട്‌ പന്തലുകെട്ടി പന്തലിനുളളിൽ പൂവളളികളും പൂക്കളും കൊണ്ട്‌ തോരണം തൂക്കി. സദ്യയ്‌ക്ക്‌ വിളമ്പേണ്ട വിഭവങ്ങളും ഒരുക്കാൻ തുടങ്ങി. അത്തിപ്പഴം, ഇത്തിപ്പഴം, കാരയ്‌ക്ക, പേരയ്‌ക്ക, മാമ്പഴം, തേമ്പഴം, തുടങ്ങിയ പഴങ്ങളായിരുന്നു അധികവും. ചിലതരം കാട്ടുകിഴങ്ങുകളും കൊണ്ടുവന്നു. കുടിക്കാൻ ഒന്നാംതരം കാട്ടുതേൻ!

പഴങ്ങളുടെ കൂട്ടത്തിൽ പച്ചമുന്തിരി കൂടി വേണമെന്ന്‌ അച്ഛൻ കുരങ്ങന്‌ വലിയ നിർബ്ബന്ധം. പക്ഷേ എവിടെയാണ്‌ മുന്തിരി കിട്ടുക? എല്ലാവരും ആലോചന തുടങ്ങി. അപ്പോൾ കുറുക്കൻ കുഞ്ചു പറഞ്ഞു.

“പാറക്കാട്ടിലെ കദളീവനത്തിൽ ഇഷ്‌ടംപോലെ മുന്തിരിയുണ്ട്‌”

“അവിടെ പോകാനുളള വഴി ആർക്കറിയാം?” മുത്തുക്കുരങ്ങൻ അന്വേഷിച്ചു.

“വഴി എനിക്കറിയാം. എന്റെ കൂടെ ആരെങ്കിലും പോന്നാൽ മതി.” കുഞ്ചുക്കുറുക്കൻ അറിയിച്ചു.

“എങ്കിൽ ഞാൻ തന്നേ വരാം” അച്ഛനായ ചെല്ലൻ കുരങ്ങൻ തയ്യാറായി.

ചെല്ലൻ കുരങ്ങനും കുറുക്കൻ കുഞ്ചുവും കൂടി അപ്പോൾത്തന്നെ കദളീവനത്തിലേയ്‌ക്കു പറപ്പെട്ടു.

മല ചാടിക്കടന്നും കാടുകേറി മറിഞ്ഞും അവർ അല്‌പസമയത്തിനുളളിൽ കദളീവനത്തിലെത്തിച്ചേർന്നു.

കുറുക്കൻ കുഞ്ചു പറഞ്ഞുഃ

“ചെല്ലൻ ചേട്ടൻ മേലെ കയറി മുന്തിരിക്കുലകൾ പറിച്ച്‌ താഴേക്കിട്ടോളൂ. ഞാൻ എല്ലാം പെറുക്കി കൂട്ടിവെയ്‌ക്കാം.”

ചെല്ലൻ കുരങ്ങൻ അതു സമ്മതിച്ചു. വയസ്സനാണെങ്കിലും ചെല്ലൻ കുരങ്ങൻ ഇപ്പോഴും ചുണയുളളവനാണ്‌. പക്ഷേ കണ്ണിന്‌ അല്‌പം കാഴ്‌ചക്കുറവുണ്ട് മാത്രം.

അതൊന്നും വകവെയ്‌ക്കാതെ ചെല്ലൻ കുരങ്ങൻ കൊമ്പുകളിൽ ചാടിക്കയറിയും വളളികളിൽ തൂങ്ങിയാടിയും ഒരു സർക്കസ്സുകാരനെപ്പോലെ മുന്തിരിപ്പടർപ്പിന്റെ മുകളിലെത്തി.

ആദ്യം കണ്ണിൽപ്പെട്ടത്‌ പഴുത്തു തൂങ്ങുന്ന ഒരു വലിയ മുന്തിരിക്കുലയാണ്‌. അതങ്ങിനെ ഇളങ്കാറ്റിൽ തൂങ്ങിക്കിടന്നാടുന്നു.

ചെല്ലൻ കുരങ്ങന്റെ വായിൽ വെളളമൂറി. മൂപ്പീന്ന്‌ കൈനീട്ടി ഒരൊറ്റപ്പിടുത്തം! അയ്യോ……“ അപ്പോഴാണ്‌ കാര്യം കുഴപ്പത്തിലായത്‌. അത്‌ മുന്തിരിക്കുലയായിരുന്നില്ല. കാട്ടുകടന്നലിന്റെ ഒരു വലിയ കൂടായിരുന്നു.

കടന്നലുകൾ ഇറകിപ്പറന്നു. അവ ചെല്ലൻ കുരങ്ങന്റെ കണ്ണിലും മൂക്കിലും വായിലുമൊക്കെ പൊതിഞ്ഞു. പാവം ചെല്ലൻ കുരങ്ങൻ ‘ധടുപടു’വെന്ന്‌ ഒരു വീഴ്‌ച! വീണതോ? താഴെ കാവൽനിന്ന കുറുക്കൻ കുഞ്ചുവിന്റെ മുതുകത്ത്‌!..

ആകെ കുഴപ്പമായി. കുറുക്കൻ കുഞ്ചുവിന്റെ നടുവും മുതുകും ഒടിഞ്ഞു. ചെല്ലൻ കുരങ്ങന്റെ കണ്ണും മൂക്കും മുഖവുമെല്ലാം കടന്നൽക്കുത്തേറ്റ്‌ നീരുവന്നതുപോലെ വീർത്തു. രണ്ടുപേരും കൂടി കരഞ്ഞും പിഴിഞ്ഞും ഒരുവിധം വീട്ടിലെത്തി.

ഈ സംഭവം കേട്ടവരൊക്കെ പറഞ്ഞുഃ ”കല്യാണക്കാര്യത്തിൽ എന്തോ പന്തികേടുണ്ട്‌.“

ദിവസങ്ങൾ വീണ്ടും കടന്നുപോയി. എല്ലാവരും കാത്തിരുന്ന കല്യാണദിവസം വന്നുചേർന്നു.

നേരം പുലർന്നപ്പോഴാണ്‌ പെണ്ണിനെ അണിയിക്കാനുളള മാലയുടെ കാര്യം ഓർമ്മ വന്നത്‌. മാലയ്‌ക്ക്‌ എന്താണു വഴി? കാട്ടരുവിയിൽ താമരയുണ്ട്‌. തുമരപ്പൂകൊണ്ട്‌ എളുപ്പത്തിൽ മാലയുണ്ടാക്കാം. കുറുക്കൻ കുഞ്ചു നിർദ്ദേശിച്ചു.

”താമരപ്പൂ കൊണ്ടുവരാൻ ആരു പോകും?“ മുത്തുക്കുരങ്ങൻ അന്വേഷിച്ചു. പക്ഷേ ആരും മുന്നോട്ടു വന്നില്ല.

”ആരും തയ്യാറില്ല്നെങ്കിൽ ഞാൻ തന്നെ പോയി വരാം.“ മണവാളനായ മുത്തുക്കുരങ്ങൻ പുറപ്പെടാനൊരുങ്ങി.

”നീ വേഗം വരുമോ! ചെല്ലൻ കുരങ്ങൻ ചോദിച്ചു.

“ഇതാ വന്നു കഴിഞ്ഞു” എന്നു പറഞ്ഞിട്ട്‌ ഒരു പാച്ചിൽ!….

നേരം ഏറെക്കഴിഞ്ഞു. കല്യാണത്തിന്റെ തിരക്കും ബഹളവും കൂടി. ഉച്ചയ്‌ക്കുമുമ്പായി പെണ്ണും കൂട്ടുകാരും വന്നെത്തി. എന്നിട്ടും പൂ പറിക്കാൻ പോയ മണവാളൻ ചെറുക്കൻ തിരിച്ചെത്തിയില്ല!!

“ചെറുക്കനെവിടെ? ചെറുക്കനെവിടെ? ” എന്ന്‌ വന്നവരൊക്കെ തിരക്കി.

ചെല്ലൻക്കുരങ്ങനും ചങ്ങാതിമാരും കാരണമറിയാതെ മിഴിച്ചു നിന്നു. കുറുക്കൻ കുഞ്ചു ചെറുക്കനെ അന്വേഷിച്ച്‌ മിന്നൽവേഗത്തില പാഞ്ഞു.

കല്യാണത്തിനുളള മുഹൂർത്തമടുത്തു. ഇനിയും മണവാളൻ എത്തിച്ചേർന്നിട്ടില്ല. എല്ലാ കണ്ണുകളും അവനെത്തന്നെ തിരയുകയാണ്‌. അപ്പോഴതാ കയ്യിൽ ഒരു ചെന്താമരപ്പൂവുമായി മുത്തുക്കുരങ്ങൻ ഓടിവരുന്നു.

എല്ലാവരും സന്തോഷം കൊണ്ട്‌ തുളളിച്ചാടി. ആർപ്പുവിളികളും വായ്‌ക്കുരവകളും പൊങ്ങി. പക്ഷേ മുത്തുക്കുരങ്ങൻ നിന്ന്‌ വല്ലാതെ കിതച്ചു. അവന്റെ കണ്ണിൽ നിന്ന്‌ കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.

പെണ്ണിനെ മാലയണിയിക്കേണ്ട സമയമായി. മുത്തുക്കുരങ്ങൻ പന്തലിലേക്കു മന്ദംമന്ദം നടന്നുകയറി. അപ്പോൾ പെണ്ണിന്റെ അച്ഛനായ വൈദ്യരത്‌നം കുരങ്ങുണ്ണിയാശാൻ ചോദിച്ചു.

“അയ്യോ ഇതെന്തുപ്പറ്റി ചെറുക്കന്റെ വാലെവിടെ?”

എല്ലാവരും അങ്ങോട്ടു നോക്കി. കുരങ്ങുണ്ണിയാശാൻ പറഞ്ഞത്‌ ശരിയായിരുന്നു. മുത്തുക്കുരങ്ങന്റെ വാൽ എങ്ങിനെയോ മുറിഞ്ഞുപോയിരുന്നു. ആ ഭാഗത്തുനിന്ന്‌ ‘കുടാകുടാ’യെന്ന്‌ ചോര ഒലിക്കുന്നത്‌ അവരുടെ കണ്ണിൽപ്പെട്ടു.

“വാലില്ലാത്ത ചെറുക്കനെ ഞങ്ങൾക്കു വേണ്ട!” പെണ്ണിന്റെ ആൾക്കാർ ദേഷ്യത്തോടെ എഴുന്നേറ്റു. കല്യാണപ്പന്തലാകെ ബഹളമായി. ചെറുക്കന്റെ ബന്ധുക്കളും പെണ്ണിന്റെ ഭാഗക്കാരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഓരികളും കുരകളും തുടർന്ന്‌ കൂക്കുവിളികളും മുറയ്‌ക്ക്‌ നടന്നു.

വിരുന്നുകാരെല്ലാം പിണങ്ങിപ്പോയി. പെണ്ണും കൂട്ടരും വന്നവഴിയേതിരിച്ചു. കല്യാണം മുടങ്ങി. മണവാളച്ചെറുക്കൻ കല്യാണ പന്തലിൽ ബോധംകെട്ടു വീണു.

ഒടുവിൽ വീട്ടുകാരും ചില ഉറ്റമിത്രങ്ങളും മാത്രം അവിടെ ശേഷിച്ചു. മുത്തുക്കുരങ്ങന്റെ വാൽ എങ്ങിനെ നഷ്‌ടപ്പെട്ടുവെന്ന്‌ അവർക്കാർക്കും പിടികിട്ടിയില്ല. ആ പാവങ്ങൾ ഇളിഭ്യരായി തലയും താഴ്‌ത്തിയിരുന്നു.

അപ്പോഴേയ്‌ക്കും കാട്ടരുവിയുടെ തീരത്തു താമസിക്കുന്ന പൂച്ചക്കുറിഞ്ഞ്യാര്‌ അവിടെ വന്നെത്തി. അവൾ നടന്ന സംഭവമൊക്കെ വിവരിച്ചു.

സംഭവം ഇതാണ്‌ഃ മുത്തുക്കുരങ്ങൻ പൂ പറിക്കാൻ അരുവിയിലേക്ക്‌ ചാടി. വിടർന്ന ഒരു വലിയ താമരപ്പൂവ്‌ കയ്യിലാക്കി. പെട്ടെന്ന്‌ തിരിഞ്ഞപ്പോഴാണ്‌ വാലിലാരോ പിടിച്ചുവലിക്കുന്നതുപോലെ തോന്നിയത്‌. നോക്കിയപ്പോഴോ? ഒരു കൂറ്റൻ മുതലയമ്മാവൻ!…..മുത്തുക്കുരങ്ങൻ പേടിച്ചു വിറച്ചുപോയി. മുതലയമ്മാവൻ അവന്റെ വാലിൽ കടിച്ചുവലിച്ചു.

മരണവെപ്രാളത്തോടെ മുത്തുക്കുരങ്ങൻ ഒന്നു പിടഞ്ഞു. ആ പിടച്ചിലിൽ അവന്റെ വാൽമുറിഞ്ഞ്‌ മുതലയുടെ വായിലായി. മുറിഞ്ഞവാലുമായി മുത്തുക്കുരങ്ങൻ ഓടി രക്ഷപ്പെടുകയാണ്‌ ചെയ്‌തത്‌.

പൂച്ചക്കുറിഞ്ഞ്യാര്‌ വിവരിച്ച ഈ സംഭവം അതിശയത്തോടെ അവരെല്ലാം കേട്ടു. മരകൊമ്പിൽ തൂങ്ങിക്കിടന്ന്‌ ഇതെല്ലും ശ്രദ്ധിച്ചിരുന്ന വവ്വാലമ്മ പറഞ്ഞുഃ

“വരാനുളളത്‌ വഴിയിൽ തങ്ങില്ല.”

———

Generated from archived content: valupoya.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here