സോമദത്തന്റെ വീരപരീക്ഷ

പണ്ട്‌ പണ്ട്‌ പാടലീപുത്രത്തിൽ വളരെ പ്രസിദ്ധമായ ഒരു ഗുരുകുലം ഉണ്ടായിരുന്നു. സോമദത്തൻ എന്നുപേരുളള ഒരു മുനിയായിരുന്നു അവിടത്തെ പ്രധാന ആചാര്യൻ. നാടിന്റെ നാനാഭാഗത്തുനിന്നും മിടുമിടുക്കന്മാരായ നിരവധി ശിഷ്യന്മാർ അവിടെ പഠിക്കാനെത്തിയിരുന്നു. അക്കൂട്ടത്തിൽ രാജകുമാരന്മാരും മന്ത്രികുമാരന്മാരുമെല്ലാം ഉൾപ്പെട്ടിരുന്നു.

സോമദത്തൻ വളരെ ശ്രദ്ധാപൂർവ്വമാണ്‌ അവരെയെല്ലാം വിദ്യ അഭ്യസിപ്പിച്ചിരുന്നത്‌. ശിഷ്യന്മാർ നാടിനും വീടിനും കൊളളാവുന്നവരായി വളരണമെന്ന്‌ അദ്ദേഹത്തിന്‌ വലിയ നിർബന്ധമുളള കാര്യമായിരുന്നു.

ഗുരുകുലത്തിൽ ശിഷ്യന്മാരോടൊപ്പം ഗുരുവിന്റെ മകൾ പ്രിയദത്തയും പഠിക്കുന്നുണ്ടായിരുന്നു. അവൾ വളർന്ന്‌ കൗമാരപ്രായത്തിലെത്തി.

സൗന്ദര്യത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരത്ഭുതകുമാരി തന്നെയായിരുന്നു പ്രിയദത്ത! ഗുരുകുലത്തിലെ ശിഷ്യന്മാരോടെല്ലാം സമഭാവനയോടും നിഷ്‌കളങ്കതയോടും കൂടിയാണ്‌ അവൾ പെരുമാറിയിരുന്നത്‌.

ഗുരുകുലത്തിലെ ഏറ്റവും മിടുക്കനായ ഒരു ശിഷ്യന്‌ തന്റെ മകളെ വിവാഹം ചെയ്‌തു കൊടുക്കണമെന്നായിരുന്നു സോമദത്തന്റെ ആഗ്രഹം. അവസാനവർഷ പരീക്ഷ കഴിഞ്ഞപ്പോൾ തനിക്കേറ്റവും പ്രിയങ്കരരായ മൂന്നു ശിഷ്യന്മാരെ അദ്ദേഹം തെരഞ്ഞെടുത്തു. സുജയൻ, സുമേശൻ, സുപാലകൻ എന്നിവരായിരുന്നു ആ മിടുക്കന്മാർ.

“ഉണ്ണികളേ, നമ്മുടെ പുത്രിയെ നിങ്ങളിൽ ഒരാൾക്ക്‌ വിവാഹം ചെയ്‌തുതരണമെന്നാണ്‌ നാം ആഗ്രഹിക്കുന്നത്‌. അതിനായി ഒരു പരീക്ഷ ഏർപ്പെടുത്തണമെന്ന്‌ വിചാരിക്കുന്നു”-സോമദത്തൻ അറിയിച്ചു.

“ഓഹോ, അതിനെന്താ? അങ്ങയുടെ ഏതു പരീക്ഷയെ നേരിടാനും ഞങ്ങൾ ഒരുക്കമാണ്‌” – ശിഷ്യന്മാർ സമ്മതമറിയിച്ചു.

“എങ്കിൽ നിങ്ങൾ ഇപ്പോൾ വീട്ടിലേക്കു പൊയ്‌ക്കോളൂ. പരീക്ഷാ സമയത്ത്‌ തമ്മിൽ കാണാം.”

ഗുരുവിന്റെ ആജ്ഞ പ്രകാരം സുജയനും സുമേശനും സുപാലനും അപ്പോൾത്തന്നെ അവരവരുടെ കെട്ടുകളും ഭാണ്‌ഡങ്ങളുമായി തങ്ങളുടെ വീടുകളിലേക്ക്‌ യാത്രതിരിച്ചു. ഒരു വലിയ കാട്ടുവഴിയിലൂടെയാണ്‌ മൂവർക്കും യാത്ര ചെയ്യേണ്ടിയിരുന്നത്‌.

കുറച്ചു ദൂരം നടന്നപ്പോൾ സുജയൻ പറഞ്ഞു.

“കൂട്ടരേ, നമുക്കു കുറേക്കൂടി വേഗത്തിൽ നടക്കാം. അല്ലെങ്കിൽ ഇരുട്ടിൽ തപ്പേണ്ടതായി വരും.”

സുജയൻ പറഞ്ഞതനുസരിച്ച്‌ അവരുടെ നടപ്പിന്‌ വേഗത കൂടി. “ഹയ്യോ!” അപ്പോഴാണ്‌ അവർ ആ കാഴ്‌ച കണ്ടത്‌. നടപ്പാതയിൽ നിറയെ കൂർത്ത മുളളുകൾ!

“എന്തു ചെയ്യും?” മൂവരും മുഖത്തോടു മുഖം നോക്കി ശങ്കിച്ചുനിന്നു.

“ഹൊ! വല്ലാത്ത ശല്യം തന്നെ!” സുജയൻ ഈർഷ്യയോടെ വലിയൊരു ചാട്ടംചാടി മുളളുകൾക്കപ്പുറത്തെത്തി. സുമേശൻ മറ്റൊരു കുറുക്കുവഴിയിലൂടെ നൂണുകടന്ന്‌ സുജയന്‌ ഒപ്പമെത്തി. എന്നാൽ ഇങ്ങനെയുളള സൂത്രവിദ്യകളൊന്നും സുപാലന്റെ ബുദ്ധിയിൽ ഉദിച്ചില്ല.

സുപാലൻ തന്റെ കെട്ടും ഭാണ്‌ഡങ്ങളും താഴെ വച്ച്‌ വഴിയുടെ നടുവിൽ കുന്നുകൂടിക്കിടന്ന മുളളുകൾ ഓരോന്നായി പെറുക്കിയെടുത്ത്‌ തൊട്ടപ്പുറത്തുളള ഒരു കുഴിയിലേക്കിടാൻ തുടങ്ങി.

ഇതുകണ്ട്‌ സുജയനും സുമേശനും അപ്പുറത്തുനിന്ന്‌ സുപാലനെ പരിഹസിച്ചു.

“എടോ ചങ്ങാതീ, താനെന്താ ഈ കാട്ടുന്നത്‌? ഇതിങ്ങനെ പെറുക്കിക്കളയാൻ നിന്നാൽ നാളെ നേരം വെളുത്താലും വീട്ടിലെത്തില്ലല്ലോ.”

“ഗ്രാമത്തിലേക്കു പോകാനുളള ഒരേയൊരു വഴി ഇതാണ്‌. രാത്രിയും പകലുമായി നൂറുക്കണക്കിന്‌ വഴിപോക്കർ ഇതിലെ സഞ്ചരിക്കാറുണ്ട്‌. ഇതിപ്പോൾ എടുത്തുമാറ്റിയില്ലെങ്കിൽ നിരവധി പേർ കഷ്‌ടത്തിലാവും.” -സുപാലൻ വിശദമാക്കി.

“എങ്കിൽ ഞങ്ങൾ ഞങ്ങളുടെ വഴിക്കു പോകയാണ്‌. നീ ഇരുട്ടിൽ തപ്പിക്കോ!” അവർ പോകാനൊരുങ്ങി.

ഈ സമയത്താണ്‌ ജരാനരകൾ ബാധിച്ച ഒരു വൃദ്ധൻ വടിയും കുത്തി കൂനിക്കൂടി അതുവഴിയേ വന്നത്‌. അയാൾ പറഞ്ഞു.

“ഉണ്ണികളേ നില്‌ക്കൂ. ഈ വഴിയിൽ മുളളുകൾ കുന്നുകൂട്ടിയിട്ട്‌ തടസ്സമുണ്ടാക്കിയത്‌ നാമാണ്‌!”

ആ ശബ്‌ദം കേട്ട്‌ അവർ നടുങ്ങി.

സാക്ഷാൽ ഗുരുവായ സോമദത്തൻ തന്നെയാണ്‌ വേഷം മാറി തങ്ങളുടെ മുന്നിൽ നില്‌ക്കുന്നതെന്ന്‌ അവർക്ക്‌ ബോധ്യമായി. മൂന്നുപേരും കണ്ണെടുക്കാതെ ഗുരുവിനെത്തന്നെ നോക്കിനിന്നു.

“ഉണ്ണികളേ, ഇതു നമ്മുടെ വലിയൊരു പരീക്ഷയായിരുന്നു. അന്യന്‌ ഉപകാരം ചെയ്യുന്നതാണ്‌ ജീവിതത്തിലെ ഏറ്റവും മഹത്തായ പ്രവൃത്തിയെന്ന്‌ നാം നിങ്ങളെ എത്രയോ വട്ടം പഠിപ്പിച്ചു. പക്ഷെ, സുജയനും സുമേശനും അതൊക്കെ മറന്നു! സുപാലൻ മാത്രം അത്‌ ജീവിതത്തിൽ പകർത്തി! എന്താ ശരിയല്ലേ?”-സോമദത്തൻ ചോദിച്ചു.

“അതെ ഗുരോ, അതെ; ഞങ്ങളത്‌ ജീവിതത്തിൽ പകർത്തിയില്ല.” സുജയനും സുമേശനും തെറ്റു മനസ്സിലായി.

“എല്ലാം നന്നായി പഠിച്ചെന്ന്‌ നടിച്ചാൽ പോരാ. അതു ജീവിതത്തിൽ പ്രയോഗിക്കുമ്പോഴാണ്‌ പഠനത്തിന്റെ ഫലം ലഭിക്കുന്നത്‌.” ഗുരു അവരെ ഉപദേശിച്ചു.

“ശരിയാണ്‌ ഗുരോ; ശരിയാണ്‌” -സുജയൻ ഏറ്റുപറഞ്ഞു.

“നാം നടത്തിയ പരീക്ഷയിൽ സുപാലൻ മികച്ച വിജയമാണ്‌ നേടിയിരിക്കുന്നത്‌. നമ്മുടെ മകൾ പ്രിയദത്തയെ സസന്തോഷം നാമവനെ ഏല്‌പിക്കും!”- സോമദത്തൻ തികഞ്ഞ ആനന്ദത്തോടെ സുപാലനെ കെട്ടിപ്പുണർന്നു.

ഇതെല്ലാം കണ്ടുനിന്ന സുജയന്റെയും സുമേശന്റെയും മനസ്സ്‌ അഭിമാനപുളകിതമായി.

Generated from archived content: unnikatha_sept23_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English