പണ്ടു പണ്ടു മലനാട് വാണിരുന്നത് മഹാബലി എന്നൊരു രാജാവായിരുന്നു. എല്ലാവരും രാജാവിനെ മാവേലിത്തമ്പുരാൻ എന്നാണു വിളിച്ചിരുന്നത്. അദ്ദേഹം സത്യസന്ധനും നീതിമാനും ദയാലുവുമായിരുന്നു. മാവേലിത്തമ്പുരാൻ വാണിരുന്ന കാലത്തു നാട്ടിലെങ്ങും ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. എല്ലാവർക്കും തിന്നാനും കുടിക്കാനും ഉടുക്കാനുമൊക്കെ വേണ്ടുവോളം. നാട്ടിൽ തട്ടിപ്പുകാരോ വെട്ടിപ്പുകാരോ ഇല്ലായിരുന്നു. എല്ലാവരും മാവേലിത്തമ്പുരാനെ ദൈവത്തെപ്പോലെ ആരാധിക്കാൻ തുടങ്ങി. ഇതു കണ്ടപ്പോൾ സ്വർഗത്തിലെ ദേവന്മാർക്ക് അസൂയ മൂത്തു. അവർ കൂട്ടം ചേർന്ന് മഹാവിഷ്‌ണുവിന്റെ തിരുമുന്നിലെത്തി സങ്കടത്തോടെ പറഞ്ഞുഃ
“മാബലിയെന്നൊരു രാജാവ്
ഭൂമിയിൽ വാഴുന്നുണ്ടത്രേ.
നമ്മളെക്കാളും നന്നായി
നാടുഭരിക്കുന്നുണ്ടത്രേ!”
‘ങ്‌ഹേ…! എന്ത്? സ്വർഗത്തേക്കാൾ നന്നായി ഭൂമിയിൽ ഭരണം നടക്കുന്നുണ്ടെന്നോ?’ അതുകേട്ടപ്പോൾ മഹാവിഷ്‌ണു ദേവൻമാരോടു പറഞ്ഞുഃ
“ദേവന്മാരേ ദേവകളെ
പേടിക്കാതെയിരുന്നോളൂ
സങ്കടമെല്ലാം മാറ്റീടാൻ
നാമൊരു പോംവഴി കണ്ടെത്താം”.
ദേവന്മാർ മഹാവിഷ്‌ണുവിനു നന്ദി പറഞ്ഞ് സന്തോഷത്തോടെ മടങ്ങി. ആ നിമിഷം മുതൽ മഹാവിഷ്‌ണു ആലോചന തുടങ്ങി എങ്ങനെയാണ് മാവേലിയെ ഭൂമിയിൽ നിന്നു കെട്ടുകെട്ടിക്കുക? ഒടുവിൽ ഒരുപായം കണ്ടുപിടിച്ചു. വളരെ പൊക്കം കുറഞ്ഞ ഒരു മുനികുമാരന്റെ വേഷത്തിൽ അദ്ദേഹം ഭൂമിയിൽ മാവേലിത്തമ്പുരാന്റെ അരികിലെത്തി. വാമനൻ എന്നായിരുന്നു മുനികുമാരന്റെ പേര്. അപ്പോൾ മാവേലിത്തമ്പുരാൻ ഒരു യാഗം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വാമനകുമാരനെ മാവേലിത്തമ്പുരാന് നന്നേ ഇഷ്‌ടമായി. അദ്ദേഹം വളരെ ആദരവോടും സന്തോഷത്തോടും കൂടി ആ ബാലനോടു ചോദിച്ചുഃ
“എന്തിനുവന്നെൻ പൊന്നുണ്ണീ
ചന്തമെഴുന്നൊരു പൊന്നുണ്ണീ
പൊന്നും പണവും കിട്ടാനോ
പട്ടും വളയും നേടാനോ?…
ഇതുകേട്ടു വാമനകുമാരൻ പറഞ്ഞുഃ
”പൊന്നും പണവും വേണ്ടല്ലോ
പട്ടും വളയും വേണ്ടല്ലോ
തപസിരിക്കാൻ തന്നാലും
മൂന്നടി മണ്ണ്; വെറും മണ്ണ്!“
തപസിരിക്കാൻ മൂന്നടി മണ്ണ് യാചിക്കുന്ന വാമനകുമാരനോട് മാവേലിത്തമ്പുരാന് എന്തെന്നില്ലാത്ത അലിവു തോന്നി. എന്നാൽ വാമനകുമാരന്റെ ഈ സംസാരവും പെരുമാറ്റവും ശ്രദ്ധിച്ചുകൊണ്ട് ഒരാൾ അവിടെ നില്‌ക്കുന്നുണ്ടായിരുന്നു. രാജഗുരുവായ ശുക്രാചാര്യനായിരുന്നു അത്. ഈ ചെറുപയ്യൻ ഒരു തട്ടിപ്പുകാരനാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഇയാൾക്ക് ഭൂമി കൊടുത്താൽ തമ്പുരാൻ എന്തെങ്കിലും ആപത്തിൽ കുടുങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. പക്ഷേ, അതൊന്നും മാവേലിതമ്പുരാൻ വകവച്ചില്ല. അദ്ദേഹം വാമനകുമാരനോടു പറഞ്ഞുഃ
”വെറുതേ മൂന്നടി മണ്ണല്ലേ
അളന്നെടുക്കൂ പൊന്നുണ്ണീ!
ശങ്കിച്ചിനിയും നിൽക്കാതെ
വേഗമളക്കൂ പൊന്നുണ്ണീ!“
ഇതു കേൾക്കേണ്ട താമസം വാമനകുമാരൻ ഭൂമി അളന്നെടുക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭൂമി ദാനം ചെയ്യുന്നതിന്റെ മുന്നോടിയായി മാവേലിത്തമ്പുരാൻ ഒരു കുടത്തിൽ വെള്ളമെടുത്തു ജലദാനം നടത്താനൊരുങ്ങി. അപ്പോൾ ശുക്രാചാര്യൻ ഒരു കരടിന്റെ രൂപത്തിൽ കുടത്തിന്റെ വക്കിൽ ചെന്നിരുന്ന് അതിനു തടസ്സമുണ്ടാക്കാൻ ശ്രമിച്ചു. വാമനകുമാരൻ ഒരു കൂർത്ത പുല്ലെടുത്തു കരടിനിട്ടു കുത്തി. പുല്ലിന്റെ മുന ശുക്രാചാര്യരുടെ കണ്ണിലാണു കൊണ്ടത്. അതോടെ കണ്ണുപൊട്ടി അദ്ദേഹം ഒറ്റക്കണ്ണനായി മാറി. ഇതൊന്നും അറിഞ്ഞതായി ഭാവിക്കാതെ വാമനകുമാരൻ ഭൂമി അളക്കാൻ ആരംഭിച്ചു. അത്ഭുതം! കുമാരൻ പെട്ടെന്നു വളർന്നു വലുതാകാൻ തുടങ്ങി. നിമിഷങ്ങൾ കൊണ്ട് ആ രൂപം ആകാശംമുട്ടെ വളർന്നു. ഒന്നാമത്തെ അടി അളന്നപ്പോൾ ഭൂമി മുഴുവനും തീർന്നു. രണ്ടാമത്തെ അടി അളന്നപ്പോൾ സ്വർഗവും തീർന്നു. മൂന്നാമത്തെ അടി അളക്കാൻ സ്ഥലമെവിടെ? അപ്പോൾ വാമനകുമാരൻ ചോദിച്ചുഃ
”എവിടെയളക്കും മാവേലി
മൂന്നാമത്തടി കേൾക്കട്ടെ?
ഭൂമീം സ്വർഗോം തീർന്നല്ലോ
ഇനിയുമളക്കാൻ സ്ഥലമെവിടെ?“
ഇനി സ്ഥലമില്ലെന്നു മനസിലാക്കിയിട്ടും മാവേലിത്തമ്പുരാൻ പറഞ്ഞ വാക്കിൽ നിന്നു പിന്മാറാൻ തയാറായില്ല. അദ്ദേഹം കുമാരന്റെ മുന്നിൽ ശിരസു കുനിച്ചുനിന്നിട്ടു പറഞ്ഞുഃ
”ശങ്കിക്കേണ്ട കുമാര നീ
മൂന്നാമടിയും നൽകാം നാം!
നമ്മുടെ കൊച്ചു ശിരസിൽ നീ
വേഗം പാദം വച്ചോളൂ“.
ഇതുകേട്ടതോടെ വാമനകുമാരൻ സന്തോഷാധിക്യത്താൽ തുള്ളിച്ചാടി. മൂന്നാമത്തെ അടി അളക്കാനായി കുമാരൻ തന്റെ പാദം മാവേലിത്തമ്പുരാന്റെ തലയിൽ വച്ചു. പിന്നെ മെല്ലെ മെല്ലെ പാതാളത്തിലേക്കു ചവിട്ടുത്താഴ്‌ത്താൻ തുടങ്ങി. താണുപോകുന്നതിനിടയിൽ മാവേലിത്തമ്പുരാൻ കൈകൾ കൂപ്പി ഇങ്ങനെ അപേക്ഷിച്ചുഃ
”ആണ്ടിലൊരിക്കൽ വന്നിട്ടെൻ
മക്കളെയെല്ലാം കണ്ടീടാൻ,
അനുവാദം നീ നൽകേണം
അതിനായെന്നിൽ കനിയേണം!“
മാവേലിത്തമ്പുരാന്റെ ഈ അപേക്ഷ വാമനകുമാരൻ സ്വീകരിച്ചു. അതനുസരിച്ച് ആണ്ടിലൊരിക്കൽ അദ്ദേഹം തന്റെ പ്രജകളെ കാണാൻ മലയാളക്കരയിൽ വരാറുണ്ട്. ആ ദിവസമാണ് നാം തിരുവോണമായി കൊണ്ടാടി വരുന്നത്.
Generated from archived content: unnikatha_sept1_06.html Author: sippi-pallippuram