ഒരിടത്ത് ദയാലുവായ ഒരു സംഗീതജ്ഞനുണ്ടായിരുന്നു. ശ്യാമശാസ്‌ത്രികൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
ഒരിക്കൽ ശ്യാമശാസ്‌ത്രികൾ എവിടെയോ പാട്ടുകച്ചേരിക്കു പോയി മടങ്ങുകയായിരുന്നു. ഒരു റിക്ഷാവണ്ടിയിലായിരുന്നു യാത്ര. വണ്ടി പൂക്കാരത്തെരുവിലെത്തിയപ്പോൾ അതാ, അതിമനോഹരമായ ഒരു ഗാനം ഒഴുകി വരുന്നു!
ശ്യാമശാസ്‌ത്രികൾ വണ്ടി നിറുത്താനാവശ്യപ്പെട്ടു. അവിടെ ഒരു കടത്തിണ്ണയിലിരുന്ന് ഏതോ തെരുവുബാലൻ പാടുകയാണ്! ആളുകൾ നാണയത്തുട്ടുകളെറിഞ്ഞ് അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വണ്ടിക്കുളളിലിരുന്ന് ആ ബാലന്റെ ഗാനം മുഴുവൻ ശാസ്‌ത്രികൾ കേട്ടു. ഗാനം തീർന്നപ്പോൾ അദ്ദേഹം താഴെയിറങ്ങി അവന്റെ അടുക്കലേക്ക് ചെന്നു.
“എന്താ നിന്റെ പേര്?”
“ശുഭദാസനെന്നാ.”
“എവിടെയാ വീട്?”
“എനിക്ക് വീടും കൂടും ഒന്നൂല്യാ. അച്ഛനുമമ്മേം മരിച്ചുപോയി! ഞാനൊറ്റയാ.” – അവന്റെ കണ്ണുകൾ നിറയുന്നത് ശ്യാമശാസ്‌ത്രികൾ കണ്ടു.
“സാരമില്ല. നീ എന്റെ കൂടെ പോന്നോളൂ. ഇന്നുമുതൽ നീ എന്റെ മകനാണ്!” അദ്ദേഹം അവനെ ചേർത്തുപിടിച്ച് കാളവണ്ടിയിലേക്കു കയറ്റി വീട്ടിലേക്കു കൊണ്ടുപോയി.
ശ്യാമശാസ്‌ത്രികളോടൊപ്പം താമസമാക്കിയ ശുഭദാസൻ അധികം വൈകാതെ തന്നെ വളരെ പ്രസിദ്ധനായി. അവന്റെ സംഗീതകച്ചേരി കേൾക്കാൻ ആളുകൾ എവിടെയും തിങ്ങിക്കൂടി. അവന്റെ കൈയിൽ പണം കുമിഞ്ഞുകൂടി. എന്തിനു പറയുന്നു; അവൻ ശ്യാമശാസ്‌ത്രികളെപ്പോലും വെല്ലുന്ന പാട്ടുകാരനായി!
പക്ഷെ, പണവും പ്രശസ്‌തിയും വന്നതോടെ ശുഭദാസൻ അഹംഭാവിയും ധൂർത്തനുമായി മാറി. കൂട്ടുകാരുമൊത്ത് കുടിച്ചും കൂത്താടിയും നടക്കാൻ തുടങ്ങിയ അവൻ ശ്യാമശാസ്‌ത്രികളെപ്പോലും വകവയ്്ക്കാതായി. അവന്റെ മോശമായ പെരുമാറ്റവും തെറ്റായ പോക്കും കണ്ട് അദ്ദേഹം വല്ലാതെ വേദനിച്ചു.
ഒരുദിവസം ശ്യാമശാസ്‌ത്രികൾ പറഞ്ഞു. “ശുഭദാസാ, തെരുവിൽ കിടന്ന നിന്നെ ഇത്രത്തോളം വളർത്തി വലുതാക്കിയത് ഞാനാ-അതുകൊണ്ട് നിന്റെ വരുമാനത്തിൽ പകുതി എനിക്കു തന്നേ തീരൂ.”
ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവിൽ പകുതി വരുമാനം കൊടുക്കാമെന്ന് അവൻ സമ്മതിച്ചു. ശാസ്‌ത്രികളെ കൈവിട്ട് അവൻ വേറെ താമസമാക്കുകയും ചെയ്‌തു.
കാലം കടന്നുപോയി. ശുഭദാസന് തൊണ്ടയ്‌ക്കുളളിൽ മാരകമായ ഒരു രോഗം പിടിപെട്ടു. അവന് പാടാൻ കഴിയാതായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ചികിൽസയ്‌ക്ക് വൻ തുക വരുമെന്ന് ഡോക്‌ടർമാർ അറിയിച്ചു.
ശാസ്‌ത്രികൾ ശുഭദാസനെ തന്റെ വീട്ടിലെ ഒരിടുങ്ങിയ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു മേശമേൽ കുറെ ഭരണികൾ നിരത്തിവച്ചിരിക്കുന്നത് അവൻ കണ്ടു. അവയിൽ നിറയെ സ്വർണ്ണനാണയങ്ങളായിരുന്നു.
“ഇതാ, ഇതുമുഴുവൻ നിന്റെ സമ്പാദ്യമാണ്. ഇതു നിന്റെ ചികിൽസയ്‌ക്കായി എടുത്തോളൂ.”- ശ്യാമശാസ്‌ത്രികൾ പിതൃവാൽസല്യത്തോടെ അറിയിച്ചു.
ഇതുകേട്ടതോടെ ശുഭദാസന്റെ മുഖം വിളറിവെളുത്തു. അയാൾ ശ്യാമശാസ്‌ത്രികളുടെ കാല്‌ക്കൽ വീണ് പൊട്ടിക്കരഞ്ഞു.
“ഗുരോ, അങ്ങെന്നോട് പൊറുക്കണം. പണവും പ്രശസ്‌തിയും കയ്യിൽ വന്നപ്പോൾ ഞാൻ കലയെ മറന്നു; ഗുരുവിനെ മറന്നു! ധൂർത്തും അഹങ്കാരവും ചീത്ത കൂട്ടുകെട്ടും എന്നെ നശിപ്പിച്ചു. അന്നും ഇന്നും അങ്ങുതന്നെയാണ് എന്റെ വഴികാട്ടി!” ശുഭദാസൻ കണ്ണീരുകൊണ്ട് അദ്ദേഹത്തിന്റെ പാദം കഴുകി.
താമസിയാതെ അവൻ ആശുപത്രിയിലെത്തി. ആവശ്യത്തിന് പണം കയ്യിൽ വന്നപ്പോൾ വിദഗ്‌ദ്ധമായ ചികിത്സയും കിട്ടി. അധികം വൈകാതെ അവന്റെ രോഗം മാറി. പഴയതുപോലെ മധുരമായി പാടാനുളള കഴിവു തിരിച്ചുകിട്ടി. അവന്റെ പാട്ടുകച്ചേരികൾ വീണ്ടും അരങ്ങു തകർത്തു. നഷ്‌ടപ്പെട്ട പണവും പ്രതാപവും വീണ്ടും കൈവന്നു. അവൻ തന്റെ വളർത്തച്ഛനും ഗുരുവുമായ ശ്യാമശാസ്‌ത്രികളോടൊപ്പം ഒരു പുതിയ ജീവിതം കെട്ടിപ്പടുത്തു.
Generated from archived content: unnikatha_may16_06.html Author: sippi-pallippuram