പീലിക്കണ്ണൻ പൂമയിലും നീലച്ചുണ്ടൻ പൂങ്കോഴിയും ചങ്ങാതിമാരായിരുന്നു.
പീലിക്കണ്ണൻ പൂമയിലും നീലച്ചുണ്ടൻ പൂങ്കോഴിയുംകൂടി ഒരു ദിവസം ചേലക്കരയിൽ പോയി നാലഞ്ചേക്കർ പുഞ്ചപ്പാടം വിലയ്‌ക്കു വാങ്ങി.
രണ്ടുപേരും കൂടി പുഞ്ചപ്പാടത്ത് നെൽകൃഷിയിറക്കി വിളവെടുക്കാൻ തീരുമാനിച്ചു.
പിറ്റേന്ന് ഏഴരവെളിപ്പിനുതന്നെ നീലച്ചുണ്ടൻ പൂങ്കോഴി ഉറക്കമുണർന്ന് പീലിക്കണ്ണൻ പൂമയിലിനെ വിളിച്ചുഃ
“പീലിക്കണ്ണൻ പൂമയിലേ
ചേലേറുന്നൊരു പൊൻമയിലേ
വയലു കിളച്ചു മറിച്ചീടാൻ
പോരിക നിയെൻ ചങ്ങാതീ.”
ഇതുകേട്ട് പീലിക്കണ്ണൻ പൂമയിൽ പറഞ്ഞുഃ
“നീലച്ചുണ്ടാ നീ വേഗം
പാടത്തേക്കു നടന്നോളൂ
ഞാനെൻ പീലി വിരുത്തട്ടെ;
നൃത്തം ചെയ്‌തു രസിക്കട്ടെ.”
പീലിക്കണ്ണൻ പൂമയിൽ വരുന്നില്ലെന്നു കണ്ട് നീലച്ചുണ്ടൻ പൂങ്കോഴി വേഗം തന്റെ കലപ്പയുമെടുത്ത് ചേലക്കരയിലെ പുഞ്ചപ്പാടത്തേക്കു നടന്നു.
നീലച്ചുണ്ടൻ പൂങ്കോഴി വളരെ പാടുപെട്ട് പുഞ്ചപ്പാടമെല്ലാം ഉഴുതുമറിച്ചു. പണിയെടുക്കാതെ വീട്ടുമുറ്റത്തുനിന്ന് പീലിവിരുത്തിയാടുന്ന പീലിക്കണ്ണൻ പൂമയിലിനെ കണ്ട് നീലച്ചുണ്ടൻ പൂങ്കോഴിക്ക് വല്ലാത്ത ദേഷ്യം വന്നു.
അടുത്ത ദിവസവും നീലച്ചുണ്ടൻ പൂങ്കോഴി അതിരാവിലെ ഉറക്കമുണർന്ന് പീലിക്കണ്ണൻ പൂമയിലിനെ പണിക്കു വിളിച്ചുഃ
“നൃത്തം ചെയ്തു കഴിഞ്ഞെങ്കിൽ
കൂത്തുകളെല്ലാം തീർന്നെങ്കിൽ
ഉഴുതുമറിച്ചൊരു പാടത്ത്
വിത്തു വിതയ്‌ക്കാൻ വന്നാട്ടെ.”
ഇതുകേട്ട് പീലിക്കണ്ണൻ പൂമയിൽ പറഞ്ഞുഃ
“നീലച്ചുണ്ടാ നീ വേഗം
പാടത്തേക്കു നടന്നോളൂ
പുതിയൊരു പാട്ടു പഠിച്ചിട്ട്
പിന്നാലെ ഞാൻ വന്നേക്കാം.”
നീലച്ചുണ്ടൻ പൂങ്കോഴി വിത്തു നിറച്ച വല്ലവും പൊക്കി ഒറ്റയ്‌ക്ക് ചേലക്കരയിലെ പുഞ്ചപ്പാടത്തേക്കു നടന്നു.
ഉഴുതു മറിച്ച പാടത്ത് പൂങ്കോഴി ഭംഗിയായി വിത്തു വിതച്ചു. പണിയെടുക്കാതെ വീട്ടുമുറ്റത്ത് പാട്ടുംപാടിയിരിക്കുന്ന പീലിക്കണ്ണൻ പൂമയിലിനെ കണ്ട് നീലച്ചുണ്ടന് വല്ലാത്ത ദേഷ്യം വന്നു.
കുറെദിവസം കഴിഞ്ഞപ്പോൾ വിത്തുകളെല്ലാം മുളച്ചുപൊങ്ങി ഞാറുകളായി.
തിരുവാതിരനാളിൽ അതിരാവിലെ ഉറക്കമുണർന്ന് നീലച്ചുണ്ടൻ പൂങ്കോഴി സന്തോഷത്തോടെ പീലിക്കണ്ണൻ പൂമയിലിനെ വിളിച്ചു.
“പാട്ടു പഠിച്ചു കഴിഞ്ഞെങ്കിൽ
കൂടെ വരൂ നീ പൂമയിലേ
ഞാറു മുളച്ചതു കണ്ടീടാം
വെളളം തേവി നനച്ചീടാം!”
ഇതുകേട്ട് പീലിക്കണ്ണൻ പൂമയിൽ പറഞ്ഞുഃ
“നീലച്ചുണ്ടാ പൊയ്‌ക്കോളൂ
വെളളം തേവാൻ ഞാനില്ല.
പന്തുകളിച്ചു രസിച്ചീടാൻ
പന്തളനാട്ടിൽ പോണൂ ഞാൻ!”
നീലച്ചുണ്ടൻ പൂങ്കോഴി വേഗം തേക്കുകൊട്ടയും തോളത്തു തൂക്കി ചേലക്കരയിലെ പുഞ്ചപ്പാടത്തേക്കു നടന്നു.
നീലച്ചുണ്ടൻ പൂങ്കോഴി ആനക്കുളത്തിൽ നിന്ന് തേക്കുകൊട്ടകൊണ്ട് വെളളം തേവി ഞാറുകളെല്ലാം നന്നായി നനച്ചു. പണിയെടുക്കാതെ പന്തളത്ത് പന്തുകളിക്കാൻ പോയ പീലിക്കണ്ണൻ പൂമയിലിന്റെ നേരേ നീലച്ചുണ്ടനു വല്ലാത്ത ദേഷ്യം തോന്നി.
കുറെ ദിവസം കഴിഞ്ഞപ്പോൾ ഞാറുകളെല്ലാം വളർന്നു പൊങ്ങി.
ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് നീലച്ചുണ്ടൻ പൂങ്കോഴി പതിവുപോലെ പീലിക്കണ്ണൻ പൂമയിലിനെ ക്ഷണിച്ചുഃ
“പന്തുകളിച്ചു കഴിഞ്ഞെങ്കിൽ
കൂടെവരൂ നീ ചങ്ങാതീ
ഞാറു വളർന്നതു കണ്ടീടാം
ചാണകമിട്ടുകൊടുത്തീടാം.”
ഇതുകേട്ട് പീലിക്കണ്ണൻ പൂമയിൽ പറഞ്ഞുഃ
“ചാണകമിട്ടുകൊടുക്കാനോ
ചാരംചേർത്തു കിളയ്‌ക്കാനോ
നേരമശേഷമെനിക്കില്ലാ
പൂരം കാണാൻ പോണൂ ഞാൻ.”
നീലച്ചുണ്ടൻ പൂങ്കോഴി വേഗം ഒരു കൊട്ട ചാണകവും തലയിലേറ്റി പുഞ്ചപ്പാടത്തേക്കു നടന്നു.
നീലച്ചുണ്ടൻ പൂങ്കോഴി കൊട്ടയിൽ നിന്നു ചാണകം വാരി ഒട്ടും അറപ്പു തോന്നാതെ ഞാറുകളുടെ കടയ്‌ക്കലിട്ടു കൊടുത്തു. പണിയെടുക്കാതെ പൂരം കണ്ടു നടക്കുന്ന പീലിക്കണ്ണൻ മയിലിന്റെ തെമ്മാടിത്തം കണ്ട് നീലച്ചുണ്ടന് വല്ലാത്ത ദേഷ്യം തോന്നി.
മകരമാസം വന്നപ്പോൾ ഞാറുകളെല്ലാം കതിരണിഞ്ഞു. സ്വർണനിറമുളള നെൽക്കതിരുകൾ കാറ്റത്ത് ചാഞ്ചാടിക്കളിച്ചു.
ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് നീലച്ചുണ്ടൻ പൂങ്കോഴി പതിവുപോലെ പീലിക്കണ്ണൻ പൂമയിലിനെ ക്ഷണിച്ചു.
“അയ്യാ! നമ്മുടെ പാടത്ത്
സ്വർണക്കതിരു നിരന്നല്ലോ!
അരിവാളും കൊണ്ടതിവേഗം
കതിരുകൾ കൊയ്യാൻ വന്നാലും!”
ഇതുകേട്ട് പീലിക്കണ്ണൻ പൂമയിൽ പറഞ്ഞുഃ
“കൊയ്‌ത്തിനു പോരാൻ ഞാനില്ല!
ചേറ്റിലിറങ്ങാൻ ഞാനില്ല.
പട്ടം കെട്ടിപ്പാറിക്കാൻ
കോട്ടപ്പടിയിൽ പോണൂ ഞാൻ.”
നീലച്ചുണ്ടൻ പൂങ്കോഴി വേഗം മൂർച്ചയുളള ഒരു അരിവാളുമായി ചേലക്കരയിലെ പുഞ്ചപ്പാടത്തേക്കു നടന്നു.
നീലച്ചുണ്ടൻ പൂങ്കോഴി അരിവാളുമായി പാടത്തെ ചേറ്റിലിറങ്ങി നിന്ന് കതിരുകൾ ഒന്നൊന്നായി കൊയ്യാൻ തുടങ്ങി. വെയിലുകൊണ്ട് പൂങ്കോഴി വിയർത്തു കുളിച്ചു.
കതിരുകൊയ്യേണ്ട സമയത്തുപോലും സഹായത്തിനു വരാതെ പട്ടമുണ്ടാക്കി പറപ്പിക്കാൻ പോയ പീലിക്കണ്ണൻ മയിലിന്റെ വേലത്തരം കണ്ട് നീലച്ചുണ്ടന് ദേഷ്യം തോന്നി.
കൊയ്‌ത്തു കഴിഞ്ഞ് നീലച്ചുണ്ടൻ പൂങ്കോഴി കറ്റകളെല്ലാം കെട്ടിയെടുത്ത് പുഞ്ചപ്പാടത്തിന്റെ സമീപത്തുളള കളപ്പുരയുടെ മുറ്റത്തുകൊണ്ടുപോയിട്ടു.
ഇനിയെങ്കിലും തന്റെ പങ്കുകാരൻ വരുമെന്നുളള ആശയോടെ നീലച്ചുണ്ടൻ പൂങ്കോഴി ചെന്ന് പീലിക്കണ്ണൻ പൂമയിലിനെ ക്ഷണിച്ചുഃ
“കതിരുകളെല്ലാം കൊയ്തു ഞാൻ
കറ്റകൾകെട്ടിയടുക്കീ ഞാൻ
കതിരു ചവുട്ടി മെതിച്ചീടാൻ
പീലിക്കണ്ണാ വന്നാലും!….”
ഇതുകേട്ട് പീലിക്കണ്ണൻ പൂമയിൽ പറഞ്ഞുഃ
“കതിരുമെതിക്കാൻ പോന്നെന്നാൽ
കാലുകൾ കീറി മുറിഞ്ഞേക്കും!
നീലച്ചുണ്ടൻ പൊയ്‌ക്കോളൂ
കതിരുകളൊക്കെ മെതിച്ചോളൂ.”
നീലച്ചുണ്ടൻ പൂങ്കോഴി കറ്റകളെടുത്ത് ഒറ്റയ്‌ക്കുതന്നെ മെതിക്കാൻ തുടങ്ങി. പുലർന്നപ്പോൾ മുതൽ അന്തിയാവുന്നതുവരെ നീലച്ചുണ്ടൻ പാടുപെട്ട് പണിയെടുത്തു.
മെതി കഴിഞ്ഞപ്പോൾ നെല്ലും വൈക്കോലുമെല്ലാം വേറെവേറെയായി. നീലച്ചുണ്ടൻ പൂങ്കോഴി നെന്മണിയെല്ലാം ഒരിടത്തു കൂട്ടി. വൈക്കോൽ മറ്റൊരിടത്തും കൂട്ടി. ഒരു വലിയ കുന്ന് വൈക്കോലും ചെറിയ കൂന നെല്ലും ഉണ്ടായിരുന്നു.
എല്ലാ പണിയും കഴിഞ്ഞെന്നറിഞ്ഞപ്പോൾ പങ്കുകാരനായ പീലിക്കണ്ണൻ പൂമയിലിന് പങ്കുകിട്ടാൻ കൊതിയായി.
പിറ്റെ ദിവസം അതിരാവിലെ പീലിക്കണ്ണൻ പൂമയിൽ സന്തോഷം നടിച്ചുകൊണ്ട് കളപ്പുരയുടെ സമീപത്തു വന്നു. പീലിക്കണ്ണൻ പൂമയിൽ വലിയ ഗമയിൽ നീലച്ചുണ്ടൻ പൂങ്കോഴിയോട് തന്റെ അവകാശം ചോദിച്ചു.
“നീലച്ചുണ്ടാ കൊതിയാ നീ
എന്നുടെ പങ്കു തരുന്നില്ലേ?
കൊയ്‌ത്തും മെതിയും തീർന്നിട്ടും
എന്നുടെ പങ്കു തരുന്നില്ലേ?”
ഇതു കേട്ടപ്പോൾ നീലച്ചുണ്ടൻ പൂങ്കോഴിക്ക് വലിയ തമാശയാണ് തോന്നിയത്. ഒരു ദിവസംപോലും പണിയെടുക്കാൻ തയ്യാറാകാതെ പങ്കു ചോദിച്ചു വന്നിരിക്കുന്ന തന്റെ കുഴിമടിയനായ കൂട്ടുകാരനെ ഒന്നു കണക്കിനു പറ്റിക്കണമെന്ന് നീലച്ചുണ്ടൻ പൂങ്കോഴി മനസ്സിൽ കരുതി.
നീലച്ചുണ്ടൻ പൂങ്കോഴി ചിരിച്ചു കൊണ്ടു പറഞ്ഞുഃ
“പീലിക്കണ്ണാ ചങ്ങാതീ
കോപിക്കരുതേ നീ വെറുതേ;
വലിയൊരു പങ്കു നിനക്കു തരാം
ചോദിച്ചോളൂ മടിയാതെ!”
ഇതുകേട്ടപ്പോൾ പീലിക്കണ്ണൻ പൂമയിൽ സന്തോഷംകൊണ്ട് തുളളിച്ചാടി. അവിടെ കൂട്ടിയിട്ടിരിക്കുന്ന ചെറിയ നെൽക്കൂനയിലേക്കും വലിയ വൈക്കോൽത്തുറുവിലേക്കും അവൻ മാറിമാറി നോക്കി. നെല്ലിന്റെയും വൈക്കോലിന്റെയും വ്യത്യാസം അത്യാഗ്രഹിയായ അവന് അറിഞ്ഞുകൂടായിരുന്നു.
പീലിക്കണ്ണൻ ആർത്തിയോടെ വൈക്കോൽത്തുറുവിന്റെ മുകളിൽ ചാടിക്കയറിയിരുന്നിട്ടു പറഞ്ഞുഃ
“അഴകേറുന്നോൻ ഞാനല്ലോ
മേനി മുഴുത്തോൻ ഞാനല്ലോ
എനിക്കുകിട്ടണമീപ്പങ്ക്;
നീലച്ചുണ്ടനു ചെറുപങ്ക്!”
നീലച്ചുണ്ടൻ പൂങ്കോഴി അതു സമ്മതിച്ചു. പണിയെടുത്തവന് ശരിക്കും കിട്ടേണ്ടതുതന്നെ കിട്ടി.
നീലച്ചുണ്ടൻ പൂങ്കോഴി അന്നുതന്നെ തന്റെ നെല്ല് കുറേശ്ശേയായി വിൽക്കാൻ തുടങ്ങി. അണ്ണാപ്പൊത്തിലെ അണ്ണാറക്കണ്ണനും ആലുംമൂട്ടിലെ എലിയമ്മാവനും കൊട്ടാരവളപ്പിലെ കുട്ടത്തി പ്രാവും ആശാരിപ്പറമ്പിലെ മീശാൻമുയലുമൊക്കെ സഞ്ചിയുമായി വന്ന് നെല്ല് വാങ്ങിക്കൊണ്ടുപോയി.
നീലച്ചുണ്ടൻ പൂങ്കോഴിക്ക് ധാരാളം പണം കിട്ടി. അവൻ വലിയ പണക്കാരനായി.
എന്നാൽ പീലിക്കണ്ണൻ പൂമയിലിന്റെ വൈക്കോൽ വാങ്ങാൻ പൂപ്പറമ്പിലെ പൂവാലിപ്പശു മാത്രമേ വന്നുളളൂ.
പീലിക്കണ്ണന് പത്തുരൂപാപോലും ഒത്തില്ല. വൈക്കോൽ തുറുവിന്റെ മുകളിൽ തപസ്സിരിക്കുന്ന പീലിക്കണ്ണൻ പൂമയിലിനെ മറ്റു ജന്തുക്കൾ വട്ടം കൂടിനിന്ന് കളിയാക്കിഃ
“പണിചെയ്യാതെ പണം നേടാൻ
കഴിയില്ലല്ലോ കുഴിമടിയാ!….
അലസതയെല്ലാം നീക്കീട്ട്
വേഗം പോയിപ്പണിചെയ്യൂ.”
Generated from archived content: unnikatha_mar19.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English