പണ്ട് പണ്ട് പ്രയാഗയിൽ പേരുകേട്ട ഒരു ഗുരുകുലമുണ്ടായിരുന്നു. ജീവാനന്ദനായിരുന്നു അവിടത്തെ ആചാര്യൻ. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും മിടുമിടുക്കന്മാരായ നിരവധി കുട്ടികൾ അവിടെ പഠിച്ചിരുന്നു.
ജീവാനന്ദന് അതിസുന്ദരിയായ ഒരു മകളുണ്ടായിരുന്നു. ചാരുലത എന്നായിരുന്നു അവളുടെ പേര്. സർവ്വഗുണങ്ങളുടെയും വിളനിലമായിരുന്നു അവൾ.
തന്റെ ഗുരുകുലത്തിലെ ഏറ്റവും ബുദ്ധിമാനും വിനയശീലനുമായ ഒരു ശിഷ്യന് മകളെ വിവാഹം ചെയ്‌തു കൊടുക്കണമെന്നായിരുന്നു ജീവാനന്ദന്റെ ആഗ്രഹം.
പക്ഷെ, എങ്ങനെയാണ് ഏറ്റവും വലിയ ബുദ്ധിമാനെ കണ്ടുപിടിക്കുക? മഹർഷി ആലോചനയിലായി. ഒടുവിൽ അതിനായി ഒരു പരീക്ഷണം തന്നെ നടത്താമെന്ന് അദ്ദേഹം തീരുമാനിച്ചു.
ഒരുദിവസം ജീവാനന്ദൻ തന്റെ ശിഷ്യന്മാരെയെല്ലാം ഗുരുകുലത്തിന്റെ മുന്നിൽ വിളിച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു.
“ഞാനിപ്പോൾ ഒരു പ്രത്യേക വിവരമറിയിക്കാനാണ് നിങ്ങളെ വിളിച്ചു കൂട്ടിയിരിക്കുന്നത്.”
“അതെന്താ? കേൾക്കട്ടെ ഗുരോ?” ശിഷ്യന്മാർ ആവശ്യപ്പെട്ടു.
“എന്റെ മകൾ ചാരുലതയ്‌ക്ക് വിവാഹപ്രായമായിരിക്കുന്നു. അവളെ മാന്യമായി വിവാഹം ചെയ്തയക്കാനുളള പട്ടുവസ്‌ത്രങ്ങളോ സ്വർണ്ണമാലകളോ രത്നമോതിരങ്ങളോ ഒന്നും തന്നെ എന്റെ പക്കലില്ല”- ജീവാനന്ദൻ ഒന്നു നിർത്തി. അദ്ദേഹം തന്റെ ശിഷ്യൻമാരുടെ മുഖത്തേക്കു നോക്കി.
“അതിന് ഞങ്ങളെന്തു ചെയ്യണം ഗുരോ?” ശിഷ്യന്മാർ ജീവാനന്ദനോടു ചോദിച്ചു.
“നിങ്ങൾ പോയി വിലപിടിപ്പുളള ഓരോരോ സാധനങ്ങൾ മോഷ്‌ടിച്ചുകൊണ്ടുവന്ന് എന്നെ സഹായിക്കണം. പക്ഷെ, മോഷ്‌ടിക്കുന്നത് ഒരാളും കാണരുത്. ആരെങ്കിലും കണ്ടാൽപ്പിന്നെ അതു ഞാൻ സ്വീകരിക്കില്ല.” -ഗുരുനാഥൻ തീർത്ത പറഞ്ഞു.
ഇതു കേട്ടതോടെ ശിഷ്യന്മാർക്ക് ഉൽസാഹമായി. ഗുരുവിനുവേണ്ടി എത്ര വലിയ മോഷണവും നടത്താൻ അവർ തയ്യാറായിരുന്നു.
പിറ്റേന്നു മുതൽ ശിഷ്യൻമാർ മോഷണം തുടങ്ങി. പ്രഭുമന്ദിരങ്ങളുടെ പൂട്ടുപൊളിച്ചും കടകൾ കുത്തിത്തുറന്നും അവർ വിലയേറിയ സാധനങ്ങൾ കവർച്ച ചെയ്‌തു. സ്വർണ്ണമാലകൾ, കല്ലുവച്ച വളകൾ, കനകച്ചിലങ്കകൾ, രത്‌നമോതിരങ്ങൾ, പട്ടുപുടവകൾ എന്നിങ്ങനെ പലതും.
മോഷ്‌ടിച്ച സാധനങ്ങൾ ശിഷ്യന്മാർ അപ്പപ്പോൾത്തന്നെ ഗുരുവിനെ ഏല്പിച്ചു. ഗുരു അതെല്ലാം പ്രത്യേകം പ്രത്യേകം തിരിച്ചറിയത്തക്കവിധം ഭദ്രമായി സൂക്ഷിച്ചുവച്ചു. ഗുരുവിനെ സംപ്രീതനാക്കാൻ ഓരോരുത്തരും ഏറ്റവും വിലയേറിയ വസ്‌തുക്കൾ തന്നെ മോഷ്‌ടിക്കാൻ ശ്രദ്ധിച്ചു. എന്തിനു പറയുന്നു; ഒരു മോഷണമേള തന്നെയായിരുന്നു അവിടെ അരങ്ങേറിയത്. ദിവസങ്ങൾ കടന്നുപോയി. ഗുരുകുലത്തിന്റെ മുക്കും മൂലയുമെല്ലാം മോഷണവസ്‌തുക്കൾ കൊണ്ടു നിറഞ്ഞു. എന്നാൽ ഒരേ ഒരു ശിഷ്യൻ മാത്രം ഒന്നും മോഷ്‌ടിച്ചുകൊണ്ടുവന്നില്ല; സത്യകാമൻ എന്നായിരുന്നു അവന്റെ പേര്.
“ഈ സത്യകാമന് ഗുരുവിനോട് ഒട്ടും സ്‌നേഹമില്ല. ഒരു ചെറിയ മോതിരമെങ്കിലും അവന് മോഷ്‌ടിച്ചുകൂടായിരുന്നോ?”- കൂട്ടുകാർ അവനെ കുറ്റപ്പെടുത്തി. അവരുടെ കുത്തുവാക്കുകളും കുറ്റം പറച്ചിലുകളും കേട്ടുകൊണ്ട് സത്യകാമൻ വാടിയ മുഖത്തോടെ ഗുരുകുലത്തിൽ കഴിഞ്ഞു. ഗുരു അവനെ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“ഇവൻ ഗുരുശാപം ഏറ്റുവാങ്ങും” -മറ്റുളളവർ കണക്കുകൂട്ടി.
ഒരു പ്രഭാതത്തിൽ ജീവാനന്ദൻ അവനെ വിളിപ്പിച്ചു.
“സത്യകാമാ, ഇവിടത്തെ ഓരോ അന്തേവാസിയും എനിക്കു വേണ്ടി വലിയ വലിയ മോഷണങ്ങൾ നടത്തി വിജയിച്ചു. എത്ര വലിയ സ്‌നേഹമാണ് അവർ എന്നോട് കാണിച്ചത്. എന്നാൽ നീ മാത്രം എന്റെ വാക്കുകേട്ടില്ല. ഒരു കമ്മലെങ്കിലും നിനക്കു മോഷ്‌ടിച്ചുകൂടായിരുന്നോ?” ഗുരുനാഥൻ ഗൗരവത്തോടെ സത്യകാമനെ നോക്കി.
“എനിക്കതിനു സാധിച്ചില്ല ഗുരോ; സാധിച്ചില്ല.”
“ങും അതെന്താ?”
“ആരുതന്നെ പ്രേരിപ്പിച്ചാലും എന്തുതന്നെ വന്നാലും മോഷ്‌ടിക്കരുതെന്നല്ലേ അങ്ങ് ഞങ്ങളെ പഠിപ്പിച്ചത്?” അവൻ പറഞ്ഞു.
“ശരിയാണ് സത്യകാമാ; ശരിയാണ്; ഞാൻ പഠിപ്പിച്ച ആ മഹത്തായ പാഠം എല്ലാവരും മറന്നു. നീ മാത്രം അത് ജീവിതത്തിന്റെ ഭാഗമാക്കി.” ജീവാനന്ദൻ സന്തോഷാശ്രുക്കളോടെ അവനെ കെട്ടിപ്പുണർന്നു.
അദ്ദേഹം തന്റെ ശിഷ്യന്മാരെയെല്ലാം വിളിച്ചുവരുത്തി; എന്നിട്ടു പറഞ്ഞു.
“പ്രിയ ശിഷ്യരേ, ഞാൻ വലിയൊരു പരീക്ഷണം നടത്തുകയായിരുന്നു. മോഷണം വലിയ പാപമാണെന്ന് ഞാൻ നിങ്ങളെ ഉരുവിട്ടു പഠിപ്പിച്ചു. പക്ഷെ, നിങ്ങളതു മറന്നു. എന്നാൽ സത്യകാമൻ മാത്രം ഇതൊന്നും മറന്നില്ല; ഇവനാണെന്റെ ഉത്തമശിഷ്യൻ.”
പിറ്റേന്നു തന്നെ മഹർഷി ജീവാനന്ദൻ ചാരുലതയെ തന്റെ ഏറ്റവും ഉത്തമനായ ശിഷ്യന്റെ കൈകളിൽ ഏല്പിച്ചു. ഗുരുകുലത്തിലെ അന്തേവാസികളും ശിഷ്യന്മാരും കൺകുളിർക്കെ ആ കാഴ്‌ച കണ്ടുനിന്നു.
Generated from archived content: unnikatha_june26_06.html Author: sippi-pallippuram