ബഥാനിയ എന്ന ഗ്രാമത്തിൽ ലാസർ എന്ന പേരോടു കൂടി ഒരാൾ ജീവിച്ചിരുന്നു. മാർത്തായുടെയും മറിയയുടെയും സഹോദരനായ അയാൾ യേശുവിന്റെ ഒരു വിനീതദാസനായിരുന്നു.
രോഗം കൂടുതലായപ്പോൾ മാർത്തയും മറിയവും ചേർന്ന് ഈ വിവരമറിയിക്കാനായി ഒരാളെ യേശുവിന്റെ പക്കലേക്ക് പറഞ്ഞയച്ചു. എന്നാൽ ലാസറിനു സുഖമില്ലെന്നു കേട്ടിട്ടും യേശു അവിടെനിന്നും അനങ്ങിയില്ല. അവനെ കാണാൻ അപ്പോൾ പുറപ്പെടണമെന്ന് അദ്ദേഹത്തിനു തോന്നിയതുമില്ല.
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ യേശു ശിഷ്യന്മാരെ വിളിച്ചിട്ടു പറഞ്ഞുഃ
“നമുക്ക് ഒട്ടും വൈകാതെ ബഥാനിയായിലേക്ക് പുറപ്പെടണം.”
അപ്പോൾ ശിഷ്യന്മാർ ഒരു മുന്നറിയിപ്പെന്നവണ്ണം പറഞ്ഞു.
“ഗുരോ, ബഥാനിയ യഹൂദരുടെ നാടാണ്. യഹൂദന്മാർ അങ്ങയെ കല്ലെറിയാൻ തക്കം പാർത്തിരിക്കയാണ്. അതുകൊണ്ട് അങ്ങോട്ടുളള യാത്ര ഒഴിവാക്കുന്നതാണു നല്ലത്.”
“ശിഷ്യന്മാരെ, ഒട്ടും പതറാതിരിക്കൂ. വെളിച്ചത്തിൽ സഞ്ചരിക്കുന്നവന്റെ പാദം ഒരിക്കലും ഇടറുകയില്ല. നമ്മുടെ ഉറ്റതോഴനായ ലാസൻ ഇപ്പോൾ ഉറക്കത്തിലായിരിക്കുന്നു. ഞാൻ ചെന്നാലേ അവൻ ഉണരുകയുളളൂ” ഗുരു അറിയിച്ചു.
“ഗുരോ, ഉറങ്ങുകയാണെങ്കിൽ അവൻ താനേ ഉണർന്നുകൊളളുമല്ലോ. പിന്നെ അങ്ങെന്തിന് അസ്വസ്ഥനാകുന്നു?” ശിഷ്യന്മാർ ആരാഞ്ഞു.
“ഞാൻ പറഞ്ഞതിന്റെ പൊരുൾ നിങ്ങൾക്കു മനസ്സിലായില്ല. പ്രിയരേ, ലാസർ മരിച്ചുകഴിഞ്ഞിരിക്കുന്നു! ഇനി ഒട്ടും വൈകാതെ നമുക്കങ്ങോട്ടു പോകാം” യേശു തറപ്പിച്ചു പറഞ്ഞു.
അപ്പോൾ ‘ദിദിമൂസ്’ എന്ന പേരിലറിയപ്പെടുന്ന തോമസ് എന്ന ശിഷ്യൻ മറ്റുളളവരോടു പറഞ്ഞു.
“സ്‌നേഹിതരെ, നമുക്കും ഗുരുവിനോടൊപ്പം പോകാം. മരിക്കുകയാണെങ്കിൽ നമുക്കും അതോടൊപ്പം മരിക്കാം.”
താമസിയാതെ, ഗുരുവും ശിഷ്യൻമാരും ബഥാനിയായിലേക്കു പുറപ്പെട്ടു.
യേശുനാഥനെ കണ്ടപാടെ ലാസറിന്റെ സഹോദരി മറിയം അദ്ദേഹത്തിന്റെ കാല്‌ക്കൽ കെട്ടിവീണു തേങ്ങി.
“നാഥാ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ലാസർ മരിക്കില്ലായിരുന്നു.”
അവിടെ കൂടിയിരുന്ന സർവ്വരും അതുകേട്ട് ദീനദീനം വിലപിക്കുന്നത് യേശു കണ്ടു. അദ്ദേഹം ദുഃഖത്തോടെ അന്വേഷിച്ചു.
“എവിടെയാണ് ലാസറിനെ അടക്കം ചെയ്‌തിരിക്കുന്നത്?”
“ഗുരോ എന്നെ അനുഗമിക്കുക” മറിയം യേശുവിനു വഴി കാണിച്ചു.
യേശുവും ശിഷ്യന്മാരും അവിടെ കൂടിയിരുന്ന നാട്ടുകാരും ലാസറിനെ അടക്കം ചെയ്‌ത സ്ഥലത്തേക്കു പുറപ്പെട്ടു. കല്ലറയ്‌ക്കരികിലെത്തിയപ്പോൾ മാർത്തയും മറിയവും ഉറക്കെ പൊട്ടിക്കരഞ്ഞു.
ദുഃഖാർത്തനായ യേശു കല്ലറയ്‌ക്കരികിലേക്കു ചെന്നു. അതു വെറുമൊരു ഗുഹയായിരുന്നു. അതിന്റെ വാതിൽക്കൽ ഒരു വലിയ കല്ല് ചാരിവെച്ചിരുന്നു.
യേശു പറഞ്ഞുഃ “ആ കല്ലെടുത്തു മാറ്റുക.” അപ്പോൾ മാർത്താ വിതുമ്പിക്കരഞ്ഞുകൊണ്ട് അറിയിച്ചു.
“ഗുരോ, ലാസർ മരിച്ചിട്ട് ഇന്നേയ്‌ക്ക് നാലു ദിവസമായല്ലോ. ഇപ്പോൾ ശവം അഴുകാൻ തുടങ്ങിയിരിക്കും.”
യേശു അവളെ സാന്ത്വനപ്പെടുത്തി.
“നീ വിശ്വസിക്കുന്നപക്ഷം ദൈവത്തിന്റെ മഹത്ത്വം ഇപ്പോൾ നിനക്കു കാണാം.”
അവർ ആ വലിയ കല്ല് അവിടെ നിന്നും എടുത്തുമാറ്റി. യേശു ആകാശത്തേക്കു നോക്കി ഇങ്ങനെ പ്രാർത്ഥിച്ചു.
“കാരുണ്യവാനായ ജഗൽപ്പിതാവേ, എന്റെ പ്രാർത്ഥനകൾ കേൾക്കുന്ന അങ്ങേയ്‌ക്കു ഞാൻ നന്ദി അർപ്പിക്കുന്നു. എന്നാൽ അങ്ങാണ് ഈ ഭൂമിയിലേക്കു എന്നെ അയച്ചതെന്ന് ഈ ജനം വിശ്വസിക്കേണ്ടതിലേക്കാണ് ഞാനിതു പറയുന്നത്‌ഃ ലാസറെ, നീ പുറത്തു വരിക!…”
അത്ഭുതം! ആ നിമിഷത്തിൽ കല്ലറയുടെ വാതിൽ തുറക്കപ്പെട്ടു. ലാസർ പുറത്തുവന്നു!
ആളുകൾ ഇമവെട്ടാതെ ലാസറെത്തന്നെ നോക്കി നിന്നു. അവന്റെ കൈകാലുകൾ കെട്ടപ്പെട്ടിരുന്നു. മുഖം തുണികൊണ്ട് മറയ്‌ക്കപ്പെട്ടിരുന്നു.
“അവന്റെ കൈകാലുകളിലെ കെട്ടുകൾ അഴിക്കുക. അവൻ പോകട്ടെ” യേശുനാഥൻ കല്പിച്ചു. അവർ അപ്രകാരം ചെയ്തു. ലാസർ ഉന്മേഷവാനായി നടന്നുനീങ്ങി.
“ഗുരോ, അങ്ങ് ദൈവപുത്രനാണെന്ന സത്യം ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു!… അങ്ങയുടെ പാദമുദ്രകൾ പിന്തുടരാൻ കഴിഞ്ഞ ഞങ്ങൾ എത്ര ഭാഗ്യവാന്മാർ!….” ശിഷ്യന്മാർ വർദ്ധിച്ച സ്‌നേഹത്തോടും ആദരവോടും കൂടി ഗുരുവിനെ വണങ്ങി.
Generated from archived content: unnikatha_july8_06.html Author: sippi-pallippuram