വയലിനു വരമ്പായിക്കിടന്ന ആരുണി

അയോധധൗമ്യൻ പേരുകെട്ട ഒരു മഹർഷിയായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമപാഠശാലയിൽ മിടുമിടുക്കന്മാരായ പല കുട്ടികളും പഠിച്ചിരുന്നു. അവരിൽ പ്രധാനികളായിരുന്നു ആരുണിയും ഉപമന്യൂവും വേദനും. ഗുരുവിനൊടൊപ്പം ആശ്രമപാഠശാലയിൽത്തന്നെ താമസിച്ചാണ്‌ അവർ പഠനം നടത്തിവന്നത്‌.

ആശ്രമത്തിന്റെ കീഴിൽ ഗോശാലകളും, വയലേലകളും, പച്ചക്കറിത്തോട്ടങ്ങളും മറ്റുമുണ്ടായിരുന്നു. ഗുരുവും ശിഷ്യന്മാരും ചേർന്നാണ്‌ അവിടത്തെ ജോലികളെല്ലാം ചെയ്‌തുവന്നത്‌.

ഇതിനിടയിൽ ഹേമന്തകാലം വന്നു. എങ്ങും മരംകോച്ചുന്ന തണുപ്പ്‌! മുളന്തത്തകളുടെയും കാട്ടുമൈനകളുടെയും പാട്ടുകേട്ടുകൊണ്ട്‌ ആരുണി കാട്ടിലേക്കു നടന്നു. ആശ്രമത്തിലേയ്‌ക്ക്‌ ആവശ്യമായ വിറകു ശേഖരിക്കാനാണ്‌ അവൻ പോയത്‌.

സന്ധ്യയ്‌ക്കു മുമ്പായി ആരുണി ഒരു വലിയ കെട്ട്‌ വിറകു ശേഖരിച്ചു. അതും ചുമന്നുകൊണ്ട്‌ അവൻ ആശ്രമത്തിലേക്ക്‌ നടക്കുകയായിരുന്നു.

പെട്ടെന്നാണ്‌ അവൻ ആ കാഴ്‌ച കണ്ടത്‌. ഗുരുവിന്റെ കൃഷിപ്പാടത്തിന്റെ വരമ്പു മുറിഞ്ഞ്‌ വെളളം ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. ഇനിയും വെളളമൊഴുകിപ്പോയാൽ കൃഷിയാകെ നശിക്കും. ആശ്രമം മുഴുവൻ പട്ടിണിയിലാവും. വിറകു താഴെയിട്ടിട്ട്‌ വരമ്പ്‌ ശരിയാക്കിയാലോ? അവൻ ചിന്തിച്ചു.

അപ്പോഴാണ്‌ ആശ്രമത്തിൽ അന്നു കത്തിക്കാൻ വിറകില്ലെന്ന കാര്യം അവന്‌ ഓർമ്മ വന്നത്‌. അവൻ വിറകുകെട്ടുമായി ആശ്രമത്തിലേക്കോടി.

സന്ധ്യ കഴിഞ്ഞിട്ടും ആരുണിയെ കാണാത്തതുകൊണ്ട്‌ ധൗമ്യമഹർഷി ആശ്രമപാഠശാലയുടെ മുറ്റത്തുതന്നെ കാത്തുനിൽക്കുകയായിരുന്നു. അപ്പോഴാണ്‌ ആരുണി ഓടിക്കിതച്ചെത്തിയത്‌.

“എന്താ? എന്തുപറ്റി? നേരം വളരെ വൈകിയല്ലോ. നീ എന്താണിങ്ങനെ കിതയ്‌ക്കുന്നത്‌?” ഗുരു അന്വേഷിച്ചു.

“ഗുരോ, നമ്മുടെ പാടത്തിന്റെ വരമ്പ്‌ മുറിഞ്ഞു. വെളളമെല്ലാം ഒഴുകിപ്പോയ്‌ക്കൊണ്ടിരിക്കയാണ്‌.” ആരുണി വെപ്രാളത്തോടെ പറഞ്ഞു.

“എന്ത്‌? വരമ്പു മുറിഞ്ഞെന്നോ? എന്നിട്ട്‌ നീ അതും കണ്ടുകൊണ്ട്‌ തിരിച്ചുപോന്നോ?” ഗുരു ചോദിച്ചു.

“വിറകുകെട്ട്‌ അവിടെ ഇറക്കിവെച്ച്‌ വരമ്പു ശരിയാക്കാമെന്ന്‌ ഞാൻ വിചാരിച്ചതാണ്‌. എങ്കിലും ഇവിടെ ഇന്നത്തേക്ക്‌ വിറകില്ലാത്തതുകൊണ്ട്‌ വന്നിട്ട്‌ വേഗം പോകാമെന്നു കരുതി.” ആരുണി വിനയപൂർവ്വം അറിയിച്ചു.

“ശരി, എങ്കിൽ വിറകിറക്കിവെച്ചിട്ട്‌ നീ ഉടനെ അങ്ങോട്ടു പൊയ്‌ക്കോളൂ.” ഗുരു ആവശ്യപ്പെട്ടു.

വിറക്‌ താഴെയിട്ടിട്ട്‌ ആരുണി അപ്പോൾത്തന്നെ വയലിലേയ്‌ക്കോടി. വരമ്പിലെ വിടവിലൂടെ വെളളം ശക്തിയായി ഒഴുകിക്കൊണ്ടിരിക്കുന്നത്‌ അവന്റെ ശ്രദ്ധയിൽപ്പെട്ടു.

ആരുണി കുറേ തടിക്കഷണങ്ങളും പുല്ലും മണ്ണും ചെളിയുമൊക്കെയിട്ട്‌ വരമ്പ്‌ ശരിയാക്കാൻ തുടങ്ങി. വളരെനേരം പാടുപെട്ട്‌ അവൻ അവിടെ ഒരു ചിറകെട്ടി. ഭേഷ്‌!

വെളളത്തിന്റെ വരവ്‌ പെട്ടെന്നു നിന്നു. അവന്റെ മനസ്സ്‌ സന്തോഷം കൊണ്ട്‌ കുളിർത്തു. ഗുരു ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യാൻ കഴിഞ്ഞതിൽ അവൻ അങ്ങേയറ്റം അഭിമാനിച്ചു.

ആരുണി താമസിയാതെ അവിടെനിന്നു മടങ്ങി. അല്‌പദൂരം ചെന്നതേയുളളൂ. അപ്പോഴതാ ‘ബ്ലും’ എന്നൊരു വലിയ ശബ്‌ദം!

ആരുണി തിരിഞ്ഞുനിന്നു. എന്താണത്‌? അവൻ ശ്രദ്ധിച്ചു. അയ്യോ!… താനുണ്ടാക്കിയ ചിറ പൊട്ടിപ്പോയിരിക്കുന്നു. വെളളം വീണ്ടും ശക്തിയായി ഒഴുകിപ്പോകുന്നു!

അവൻ അങ്ങോട്ടോടിച്ചെന്നു. എന്താണിനി ചെയ്യുക? സഹായത്തിന്‌ ഒരാൾ പോലും അടുത്തെങ്ങുമില്ല. പിന്നെന്തുചെയ്യാൻ? അവൻ ഒന്നും കൂടുതലായി ചിന്തിച്ചില്ല. വെളളം ഒഴുകിപ്പോകുന്ന സ്ഥാനത്ത്‌ ചിറയ്‌ക്കു പകരമായി അവൻ തന്നെ വിലങ്ങനെ കിടന്നു.

വെളളത്തിന്റെ ഒഴുക്ക്‌ വീണ്ടും നിലച്ചു. തണുത്തു വിറയ്‌ക്കുന്ന ശരീരത്തോടെ ആരുണി ചേറും ചെളിയും നിറഞ്ഞ ആ പാടവരമ്പിൽ വളരെ നേരം കിടന്നു.

അല്‌പസമയം കഴിഞ്ഞപ്പോൾ ശക്തിയായ ഇടിയും മഴയും ആരംഭിച്ചു. ജലനിരപ്പ്‌ കുറേക്കൂടി ഉയർന്നു. വെളളം കുതിച്ചൊഴുകാൻ വെമ്പൽകൊണ്ടു നിൽക്കുകയാണ്‌. പക്ഷെ ആരുണി അവിടെനിന്നും അനങ്ങിയില്ല. അനങ്ങിയാൽ വെളളം മുഴുവൻ ഒഴുകിപ്പോകുമെന്ന്‌ അവനു നന്നായി അറിയാമായിരുന്നു.

നേരം വളരെ ഇരുട്ടി. വയലിലേക്കു പോയ ആരുണി തിരിച്ചെത്തിയിട്ടില്ല. എന്താണവൻ ഇനിയും വരാത്തത്‌?

ധൗമ്യമഹർഷി ഒരു പന്തം കത്തിച്ചെടുത്തു. തന്റെ ശിഷ്യന്മാരെയെല്ലാം വിളിച്ചുകൂട്ടി. പിന്നെ ആരുണിയെത്തേടി പാടവരമ്പത്തേയ്‌ക്ക്‌ യാത്രയായി. അവിടെ എത്തിയിട്ടും ആരുണിയെ കാണുന്നില്ല. ഗുരുവിനു പരിഭ്രമമായി.

ഗുരു ഉറക്കെ വിളിച്ചു ചോദിച്ചു. “ആരുണീ?… ആരുണീ?…..ഈ ഇരുട്ടിൽ നീ എവിടെയാണ്‌?”

അപ്പോൾ ഒരു നേർത്ത മറുപടി ഒഴുകിവന്നുഃ “ഗുരോ! ഞാനിതാ ഈ വയൽവരമ്പിലുണ്ട്‌.”

ഗുരുവും ശിഷ്യന്മാരും ശബ്‌ദം കേട്ട ദിക്കിലേക്ക്‌ ഓടി. അതാ, ആരുണി നനഞ്ഞുവിറച്ചു വയൽവരമ്പിൽ വാഴത്തടിപോലെ കിടക്കുന്നു!

“ആരുണീ, കുഞ്ഞേ നിനക്കെന്തു പറ്റി?”

ഗുരു അമ്പരപ്പോടെ ചോദിച്ചു.

“ഗുരോ, ഞാൻ കെട്ടിയ ചിറ ഒലിച്ചുപോയി. പിന്നെ വെളളത്തിന്റെ ഒഴുക്കു തടയാൻ ഞാൻ തന്നെ വരമ്പിൽ കിടന്നു!” ആരുണി ഒരുവിധം പറഞ്ഞൊപ്പിച്ചു.

“ഹൊ!.. നീ ഇത്രയ്‌ക്ക്‌ വലിയ ത്യാഗം ചെയ്യണമായിരുന്നോ കുഞ്ഞേ..” ഗുരു അവനെ പാടവരമ്പത്തു നിന്ന്‌ താങ്ങിയെഴുന്നേൽപ്പിച്ചു.

“ഗുരോ വെളളം മുഴുവൻ ഒഴുകിപ്പോയാൽ നമ്മുടെ കൃഷിയാകെ നശിക്കില്ലേ? ആ ഒഴുക്ക്‌ തടയാനല്ലേ അങ്ങ്‌ എന്നെ ഇങ്ങോട്ടയച്ചത്‌. അങ്ങയുടെ വാക്ക്‌ അതേപടി അനുസരിക്കാതെ തിരികെപ്പോരുന്നതു ശരിയല്ലെന്ന്‌ എനിക്കു തോന്നി.” ആരുണി ഗുരുവിനോട്‌ വിശദമായി പറഞ്ഞു.

ശിഷ്യന്റെ പ്രവൃത്തിൽ ധൗമ്യമുനി അങ്ങേയറ്റം സന്തോഷിച്ചു. ഗുരുവിനുവേണ്ടി സ്വന്തം ജീവൻ പോലും നൽകാൻ അവൻ മടി കാണിച്ചില്ലല്ലോ! അദ്ദേഹം അവനെ തഴുകിക്കൊണ്ട്‌ പറഞ്ഞു. “ആരുണീ, നിന്റെ കർത്തവ്യബോധവും ഗുരുഭക്തിയും എന്നെ പുളകം കൊളളിക്കുന്നു. വരൂ നമുക്കിപ്പോൾ ആശ്രമത്തിലേക്കു പോകാം.”

“അപ്പോൾ വരമ്പ്‌ ശരിയാക്കണ്ടേ ഗുരോ?”

അതിനിടയിലും ആരുണി അക്കാര്യം മറന്നില്ല.

“അതൊക്കെ ഞാൻ ശരിയാക്കിക്കൊളളാം.”

ധൗമ്യമഹർഷി അവനെ താങ്ങിയെടുത്ത്‌ ആശ്രമത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം അവന്റെ ശിരസ്സിൽ കൈവെച്ച്‌ അനുഗ്രഹിച്ചു.

“മകനേ ആരുണീ, വരമ്പ്‌ പിളർന്ന്‌ പുറത്തേക്കുവന്ന നീ ഇനിമേൽ ‘ഉദ്ദാലകൻ’ എന്ന പേരിൽ അറിയപ്പെടും. നിന്റെ പ്രവൃത്തികൾ ഇവിടെയുളള നിന്റെ സതീർത്ഥ്യരിലും വെളിച്ചം വിതറും! ഈശ്വരൻ നിനക്കു നന്മ വരുത്തട്ടെ.”

ആരുണി നമ്രശിരസ്‌കനായി ഗുരുവിന്റെ തിരുമുന്നിൽ കൈകൂപ്പി നിന്നു.

Generated from archived content: unnikatha_july21_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here