അഹങ്കാരം നന്നല്ല!

പണ്ടു പണ്ടു നീലക്കടലിൽ ഒരു മാലാഖമത്സ്യം താമസിച്ചിരുന്നു. സ്വർണച്ചിറകുകളും വർണ്ണച്ചെതുമ്പലുമുളള മാലാഖമത്സ്യം കടലിലൂടെ നൃത്തംവെച്ചു നടക്കുക പതിവായിരുന്നു. കുസൃതിക്കുരുന്നായ മാലാഖമത്സ്യത്തെ എല്ലാ മീനുകൾക്കും വലിയ ഇഷ്‌ടവുമായിരുന്നു.

ഒരു ദിവസം, കൂർത്ത മുളളുകളും കൂർത്ത ചുണ്ടുകളുമുളള ഒരു കൂരിച്ചേട്ടൻ അതുവഴി വന്നു. സ്വർണ്ണച്ചിറകുകൾ വീശി മന്ദം മന്ദം വരുന്ന മാലാഖമത്സ്യത്തെക്കണ്ട്‌ കൂരിച്ചേട്ടന്റെ വായിൽ വെളളം നിറഞ്ഞു. കൂരിച്ചേട്ടൻ മീശ വിറപ്പിച്ചുകൊണ്ടു പറഞ്ഞുഃ

“ചേലേറുന്നൊരു ചെറുമീനേ

പൊൻ നിറമുളെളാരു പൂമീനേ

നിന്നെത്തിന്നും ഞാനിപ്പോൾ

എന്നിര പൊന്നിര നീയല്ലോ?”

കൂരിച്ചേട്ടന്റെ പറച്ചിൽ കേട്ടു മാലാഖ മത്സ്യം പേടിച്ചു വിറച്ചു. വിറയ്‌ക്കുന്ന ചുണ്ടുകളോടെ മാലാഖ മത്സ്യം അപേക്ഷിച്ചുഃ

“കൂരിച്ചേട്ടാ, കനിയേണം

കരുണയൊരിത്തിരി കാട്ടേണം

ഇരയായെന്നെ കരുതരുതേ

പാവം ഞാനൊരു ചെറുമൽസ്യം.”

പക്ഷേ, മാലാഖമൽസ്യത്തിന്റെ അപേക്ഷയൊന്നും കൂരിച്ചേട്ടൻ വകവച്ചില്ല. കൂരിച്ചേട്ടൻ വാ തുറന്ന്‌ മാലാഖമത്സ്യത്തെ ‘ഗ്‌ളും’ എന്നു വിഴുങ്ങിക്കളഞ്ഞു.

വിശപ്പു തീർന്ന സന്തോഷത്തോടെ കൂരിച്ചേട്ടൻ തലയും നീട്ടിപ്പിടിച്ചു വലിയ ഗമയിൽ നീന്തുകയായിരുന്നു. അപ്പോഴുണ്ട്‌ അതാ, ഒരു തിരുതമീൻ വരുന്നു! കൂരിച്ചേട്ടനെക്കണ്ടപ്പോൾ തിരുതമീനിനു വലിയ സന്തോഷമായി. തിരുതമീൻ പറഞ്ഞുഃ

“കൂരി കൂരീ ചെറുകൂരീ

നിന്നെക്കണ്ടതു നന്നായീ

എന്നുടെ വയറിന്നിരയാവാൻ

നിനക്കു ഭാഗ്യം വന്നല്ലോ!”

അതുകേട്ട്‌ കൂരിച്ചേട്ടന്റെ നെഞ്ചു പടപടായെന്നിടിച്ചു. കൂരിച്ചേട്ടൻ പറഞ്ഞുഃ

“അരുതേ അരുതേ കൊല്ലരുതേ

തിരുതേ എന്നെക്കൊല്ലരുതേ

നിന്നെക്കാളും ചെറിയവനാം

യെന്നെത്തിന്നു മുടിക്കരുതേ.”

പക്ഷേ, കൂരിച്ചേട്ടന്റെ ആവലാതിയൊന്നും തിരുതമീൻ വകവച്ചില്ല. തിരുതമീൻ വായ്‌ തുറന്ന്‌ കൂരിച്ചേട്ടനെ ‘ടപ്പെ’ന്നു വായിലാക്കി.

വെളളത്തിൽ വാലിട്ടടിച്ചു രസിച്ചുകൊണ്ടു തിരുത മുന്നോട്ടു നീങ്ങി.

അപ്പോഴുണ്ട്‌, മുങ്ങിക്കപ്പലുപോലെ മുങ്ങിയും പൊങ്ങിയും ഒരു കടൽപ്പന്നി വരുന്നു! തിരുതമീനിന്റെ മെഴുമെഴുപ്പുകണ്ടു കടൽപ്പന്നിക്കു വല്ലാത്ത കൊതി തോന്നി. കടൽപ്പന്നി പറഞ്ഞുഃ

“മിനുമിനെ മിന്നും വെൺ തിരുതേ

ചന്തമെഴുന്നൊരു വൻതിരുതേ

നിന്നെ വിഴുങ്ങും ഞാനിപ്പോൾ

പളള നിറയ്‌ക്കും ഞാനിപ്പോൾ.”

കടൽപ്പന്നിയുടെ മട്ടും ഭാവവും കണ്ട്‌ തിരുതമീനിന്റെ ഉളളിൽ തീയാളി. തിരുത വിനയത്തോടെ അപേക്ഷിച്ചുഃ

“പൊന്നേ എന്നെ വിഴുങ്ങരുതേ

എന്നെക്കണ്ടു കൊതിക്കരുതേ

നിന്നിൽച്ചെറിയവനാണേ ഞാൻ

എന്നോടൽപ്പം കനിയണമേ.”

പക്ഷേ, തിരുതമീനിന്റെ കരച്ചിലും പിഴിച്ചിലും കണ്ടിട്ടും കടൽപ്പന്നിക്ക്‌ ഒരലിവും തോന്നിയില്ല. കടൽപ്പന്നി ഒറ്റക്കുതിപ്പിനു പാഞ്ഞു ചെന്നു തിരുതയെ വായിലാക്കി.

തീറ്റ കിട്ടിയ സന്തോഷത്തോടെ കടൽപ്പന്നി കടലിലൂടെ തിരിഞ്ഞും മറിഞ്ഞും മുന്നോട്ടു നീങ്ങി. അപ്പോൾ അതാ വരുന്നു വായും പിളർന്നുകൊണ്ട്‌ ഒരു പടുകൂറ്റൻ സ്രാവ്‌! അടുത്തെത്തിയ സ്രാവിന്റെ വായിൽ കുടുകുടാ വെളളം നിറഞ്ഞു. സ്രാവു പറഞ്ഞുഃ

“സർക്കസ്‌ വേലകൾ കാട്ടിവരും

കൊഴുത്തുരുണ്ടൊരു ചങ്ങാതീ

വായിൽ വെളളം കുമിയുന്നു

അയ്യാ, നിന്നെ വിഴുങ്ങട്ടെ!”

സ്രാവിന്റെ വലിയ വായും കൂർത്ത പല്ലും കണ്ടു കടൽപ്പന്നിയുടെ ഉളെളാന്നു പിടഞ്ഞു. കടൽപ്പന്നി പറഞ്ഞുഃ

“തോണി കണക്കെ പാഞ്ഞു വരും

കൂറ്റൻ സ്രാവേ കേട്ടാലും,

നിന്നിൽ ചെറിയവനാണേ ഞാൻ

അയ്യോ എന്നെ വിഴുങ്ങരുതേ!”

പക്ഷേ, സ്രാവുണ്ടോ ഇതു വല്ലതും കേൾക്കുന്നു! അവൻ ഒറ്റക്കുതിക്കു പാഞ്ഞു വന്നു കടൽപ്പന്നിയെ വിഴുങ്ങിക്കളഞ്ഞു.

താനാണു കേമൻ എന്ന ഭാവത്തിൽ സ്രാവ്‌ ഊളിയിട്ടു മുന്നോട്ടു നീങ്ങി. അപ്പോഴാണു നീലൻതിമിംഗലത്തിന്റെ വരവ്‌. സ്രാവിനെ കണ്ടയുടനെ നീലൻതിമിംഗലം പാഞ്ഞുവന്ന്‌ ഒറ്റയടിക്ക്‌ അവനെ വായിലാക്കി.

നല്ലൊരു സദ്യ കിട്ടിയ സന്തോഷത്തോടെ നീലൻതിമിംഗലം ഗമയിൽ മുന്നോട്ടു നീങ്ങി.

“കടലിലെ രാജാവാണേ ഞാൻ

വമ്പൻ വീരൻ അതിഭീമൻ

മുന്നിൽവന്നു പെടുന്നോരെ

വയറ്റിലാക്കും പെരുവയറൻ.”

നീലൻ പാട്ടും പാടിയങ്ങനെ ഗമയിൽ പോകുമ്പോഴാണു ദൂരെ നിന്ന്‌ ഒരു തോണി വരുന്നതു കണ്ടത്‌. തിമിംഗലങ്ങളെ പിടികൂടാൻ നടക്കുന്ന തിമ്മയ്യനും കൂട്ടരുമായിരുന്നു ആ തോണിയിൽ. തിമ്മയ്യനെ കണ്ടപ്പോൾ നീലൻ ഗമയിൽ പറഞ്ഞുഃ

“ചാട്ടുളിയേന്തിയ തിമ്മയ്യാ

വേട്ടക്കാരൻ തിമ്മയ്യാ

കടലിലെ രാജാവാണേ ഞാൻ

എന്നെത്തൊട്ടു കളിക്കരുതേ!”

പക്ഷേ തിമ്മയ്യനുണ്ടോ അതു കേട്ടു ഞെട്ടുന്നു! അയാൾ വേഗം ചാട്ടുളിയെടുത്തു നീലന്റെ നേർക്കു പായിച്ചു. ഉളിയേറ്റു പുളഞ്ഞ നീലനെയും പിടികൂടി തിമ്മയ്യൻ കരയിലേക്കു കുതിച്ചു.

ഇതെല്ലാം കണ്ടുകൊണ്ട്‌ ഒരു കടലാമ നിൽപ്പുണ്ടായിരുന്നു. പാഞ്ഞുപോകുന്ന പാവം നീലനെ നോക്കി കടലാമ പറഞ്ഞുഃ

“ആർക്കുമഹങ്കാരം നല്ലതല്ല

താനെന്ന ഭാവവും നല്ലതല്ല

ശക്തി കുറഞ്ഞോരെയാക്രമിച്ചാൽ

ആർക്കുമിതുതന്നെയാണു ശിക്ഷ!”

Generated from archived content: unnikatha_dec31.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here