ഏകലവ്യന്റെ പെരുവിരൽ

ഒരിക്കൽ പാണ്‌ഡവർ നായാട്ടിനായി ഇറങ്ങിത്തിരിച്ചു. ഒരു കൊടുംകാട്ടിലൂടെയായിരുന്നു അവരുടെ സഞ്ചാരം. കാടിളക്കി മറിച്ചുകൊണ്ട്‌ അവർ മുന്നോട്ടുനീങ്ങി. മാനും മയിലും മരഞ്ചാടികളുമെല്ലാം പലവഴിയേ പേടിച്ചോടി. പെട്ടെന്നാണ്‌ മുന്നിൽ നിന്നിരുന്ന അവരുടെ വേട്ടപ്പട്ടി അതിദയനീയമായി മോങ്ങിക്കൊണ്ട്‌ തിരിച്ചുവന്നത്‌.

“എന്താകാര്യം? എന്തുപറ്റി?” എല്ലാവരും വേട്ടപ്പട്ടിയെ ശ്രദ്ധിച്ചു.

അപ്പോഴതാ, അതിന്റെ വായിൽ ഏഴു ശരങ്ങൾ ഒന്നിച്ചുതറച്ചിരിക്കുന്നു! കടവായിലൂടെ ചോര ചീറിയൊഴുകുന്നു! നൊമ്പരം കൊണ്ട്‌ ആ മിണ്ടാപ്രാണി വല്ലാതെ പിടയുകയാണ്‌! ഹൗ വല്ലാത്ത രംഗം!

ഇത്ര സമർത്ഥമായി അമ്പെയ്‌ത്‌ തങ്ങളുടെ വേട്ടപ്പട്ടിയുടെ വായ്‌ ബന്ധിക്കാൻ ധൈര്യം കാണിച്ചവൻ ആരാണ്‌? വില്ലാളി വീരനായ അർജ്ജുനൻ അല്‌പം അമ്പരപ്പോടെ ചുറ്റിലും കണ്ണോടിച്ചു.

അങ്ങകലെ കുറ്റിച്ചെടികൾക്കിടയിൽ അമ്പും വില്ലും ധരിച്ച ഒരു കാട്ടാളകുമാരൻ നിർഭയനായി നിൽക്കുന്നു! “കുമാരാ, നീ?…… നീയാണോ ഞങ്ങളുടെ വേട്ടപ്പട്ടിയെ അമ്പെയ്‌തത്‌?” അർജ്ജുനൻ ആരാഞ്ഞു.

“അതെ, ഞാൻ തന്നെ!” കാട്ടാളകുമാരൻ സധീരം അറിയിച്ചു.

“നിന്നെ മനസ്സിലായില്ല. ആരാണ്‌ നീ?”

“ഞാൻ കാട്ടാളരാജാവായ ഹിരണ്യ ധനുസ്സിന്റെ മകൻ! മഹാഗുരുവായ ദ്രോണാചാര്യരുടെ ശിഷ്യൻ! എന്റെ പേര്‌ ഏകലവ്യൻ!” അവൻ മന്ദസ്‌മിതത്തോടെ അർജ്ജുനനെ നോക്കി.

അർജ്ജുനൻ നിന്നനില്‌പിൽ ഒരു നിമിഷം നടുങ്ങി. എന്ത്‌? മഹാഗുരുവായ ദ്രോണരുടെ ശിഷ്യനോ? ഇങ്ങനെ ഒരു ശിഷ്യനെപ്പറ്റി ആചാര്യൻ ഒരിക്കൽപോലും തന്നോട്‌ പറഞ്ഞിട്ടില്ലല്ലോ. ഏറ്റവും മിടുക്കനായ വില്ലാളി താനാണെന്നാണല്ലോ ഗുരു എപ്പോഴും പറയാറുളളത്‌? എന്നിട്ടിപ്പോൾ തന്നെക്കാൾ വലിയ വീരനോ? ഇതെന്തു കഥ?

അർജ്ജുനന്റെ മനസ്സ്‌ കടൽത്തരികൾപോലെ ഇളകിമറിഞ്ഞു. അവൻ ഗുരു സന്നിധിയിലേക്കോടി. ദ്രോണാചാര്യരുടെ കാല്‌ക്കൽ വീണിട്ട്‌ കുമാരൻ സങ്കടത്തോടെ ചോദിച്ചു. “ഗുരോ, അങ്ങേയ്‌ക്ക്‌ എന്നെക്കാൾ മിടുക്കനായ ഒരു ശിഷ്യനോ? ഇക്കാര്യം മറച്ചുവച്ച്‌ അങ്ങെന്നെ തെറ്റിദ്ധരിപ്പിക്കയായിരുന്നോ?”

“അർജ്ജുനാ, നീ കാര്യമെന്താണെന്നു പറയൂ?” ദ്രോണാചാര്യർ അവനെ ശാന്തനാക്കാൻ ശ്രമിച്ചു. കാട്ടിൽ വച്ചു നടന്ന സംഭവങ്ങളെല്ലാം അർജ്ജുനൻ വിശദമായിത്തന്നെ ഗുരുനാഥനെ അറിയിച്ചു.

അതുകേട്ട്‌ ദ്രോണാചാര്യരുടെ മുഖം കോപത്താൽ ചുവന്നു തുടുത്തു. എന്ത്‌? തനിക്ക്‌ താനറിയാതെ ഒരു ശിഷ്യനോ? എങ്കിൽ അവനെ കണ്ടുപിടിച്ചിട്ടു കാര്യം! അദ്ദേഹം ആ കാട്ടാളകുമാരനെത്തേടി കാട്ടിലേക്കു പുറപ്പെട്ടു.

ദ്രോണാചാര്യർ വരുന്നത്‌ മയിലാടുംകുന്നിൽ കിളിവേട്ടയ്‌ക്കിറങ്ങിയ ഏകലവ്യൻ കണ്ടു. അവൻ നിറഞ്ഞ ആദരവോടെ തന്റെ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ നമസ്‌ക്കരിച്ചു.

“എന്ത്‌!…. നീ നമ്മുടെ ശിഷ്യനോ?” – തീപാറുന്ന കണ്ണുകളോടെ അദ്ദേഹം ഏകലവ്യനെ നോക്കി.

“അതെ ഗുരോ, അതെ! ഞാൻ അങ്ങയുടെ ശിഷ്യനാണ്‌.”

“അതെങ്ങനെ?”-ഗുരുവിന്‌ ഒരെത്തും പിടിയും കിട്ടിയില്ല.

“ഗുരോ, ഒരിക്കൽ ഞാൻ അസ്‌ത്രവിദ്യ പഠിക്കാനായി അങ്ങയുടെ പക്കൽ വന്നു.”

“എന്നിട്ട്‌?”

“ശൂദ്ര ബാലനായ എന്നെ പഠിപ്പിക്കാൻ അങ്ങ്‌ തയ്യാറായില്ല.”

“പിന്നെ നീ എങ്ങനെ ധനുർവിദ്യ പഠിച്ചു?” ആചാര്യൻ ആരാഞ്ഞു.

“പറയാം. അങ്ങയെ മാത്രമെ ഗുരുവായി സ്വീകരിക്കൂ എന്ന്‌ ഞാൻ പ്രതിജ്ഞ ചെയ്‌തിരുന്നു. വനാന്തരത്തിൽ ഞാൻ അങ്ങയുടെ ഒരു കളിമൺ പ്രതിമ ഉണ്ടാക്കി വച്ചു. ആ തിരുസന്നിധിയിൽ നിന്നുകൊണ്ടാണ്‌ ഞാൻ അസ്‌ത്രവിദ്യ പൂർത്തിയാക്കിയത്‌. അങ്ങയുടെ ഗുരുത്വം എനിക്കു പൂർണ്ണമായും കിട്ടി.” – ഏകലവ്യൻ ഗുരുവിനോട്‌ എല്ലാം തുറന്നുപറഞ്ഞു.

“ഓഹോ, അങ്ങനെയാണല്ലെ.”

“അതെ ഗുരോ; അതെ. അങ്ങെന്നെ അനുഗ്രഹിച്ചാലും.” – ഏകലവ്യൻ കൂപ്പുകൈയോടെ നിന്നു.

“ശരി; അനുഗ്രഹിക്കാം. അതിനു മുമ്പായി നമുക്കുളള ഗുരുദക്ഷിണ സമർപ്പിക്കൂ.” – ദ്രോണാചാര്യർ ആവശ്യപ്പെട്ടു.

“ഗുരുദക്ഷിണയായി അങ്ങ്‌ ആവശ്യപ്പെടുന്ന എന്തും നൽകാൻ ഞാൻ ഒരുക്കമാണ്‌.” ഏകലവ്യൻ സന്നദ്ധത പ്രകടിപ്പിച്ചു.

“എങ്കിൽ നിന്റെ വലതു കൈയുടെ വിരൽ നാം ഗുരുദക്ഷിണയായി ആവശ്യപ്പെടുന്നു!” – ഗുരു ഗൗരവപൂർവ്വം അറിയിച്ചു.

ഇതു കേൾക്കേണ്ട താമസം, ഗുരുഭക്തനായ ആ വില്ലാളിവീരൻ തന്റെ വലതുകൈയുടെ വിരൽ മുറിച്ച്‌ ദ്രോണാചാര്യരുടെ തൃപ്പാദങ്ങളിൽ ദക്ഷിണവച്ചു. ഗുരുവിനുവേണ്ടി തളളവിരലല്ല; സ്വന്തം ജീവൻപോലും സമർപ്പിക്കാൻ അവൻ ഒരുക്കമായിരുന്നു.

വലതുകൈയുടെ പെരുവിരൽ നഷ്‌ടമായതോടെ ഏകലവ്യന്റെ ചിറകൊടിഞ്ഞു. അസ്‌ത്രവിദ്യയിൽ അവൻ അർജ്ജുനനെക്കാൾ വളരെ പിന്നിലായി. എങ്കിലും ഗുരുഭക്തിയുടെ അനശ്വരപ്രതീകമായി ആ നിഷാദകുമാരൻ എല്ലാവരുടെയും മനസ്സിൽ നിന്നു.

Generated from archived content: unnikatha_apr21_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here